Image

മരണശേഷം സിലിയുടെ ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചുവെന്ന് ജോളി

Published on 22 October, 2019
മരണശേഷം സിലിയുടെ ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചുവെന്ന് ജോളി
കോഴിക്കോട്: കൂടത്തായിയില്‍ കൊലചെയ്യപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട് കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ നിര്‍ണായക മൊഴി. ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചുവെന്നാണ് ജോളി മൊഴി നല്‍കിയിട്ടുള്ളത്.

എന്നാല്‍, ഷാജു ഇക്കാര്യം നിഷേധിച്ചിരുന്നു. സിലി വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടക്കത്തില്‍ ചോദ്യം ചെയ്യലിനോട് കാര്യമായി സഹകരിക്കാതിരുന്ന ജോളി, ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തുടര്‍ച്ചയായി നടത്തിയ ചോദ്യംചെയ്യലിനോട് പിന്നീട് സഹകരിച്ചു.

ഡന്റല്‍ ക്ലിനിക്കില്‍വച്ച് ബോധരഹിതയായ സിലിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെയത്തിയപ്പോഴേക്കും സിലി മരിച്ചു. സിലി ധരിച്ചിരുന്ന ആഭരങ്ങള്‍ ഇതോടെ കൂടയുണ്ടായിരുന്ന ജോളിയെ ഏല്‍പ്പിച്ചു. ഈ ആഭരണങ്ങളാണ് പിന്നീട് കാണാതായത്. ആഭരണങ്ങള്‍ കാണാതയാതുമായി ബന്ധപ്പെട്ട് സിലിയുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ജോളിയുടെ നിര്‍ണായക മൊഴി.

ആഭരണങ്ങള്‍ കാണാതായതില്‍ ദുരൂഹതയുണ്ടെന്നും  ഷാജുവിനും കുടുംബത്തിനും പങ്കുള്ളതായി സംശയം ഉണ്ടെന്നും സിലിയുടെ ബന്ധുക്കള്‍ നേരത്തെ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. സിലിയുടെ 40 പവനോളം വരുന്ന സ്വര്‍ണം സിലി തന്നെ പള്ളി ഭണ്ഡാരത്തില്‍  ഇട്ടെന്നാണ് ഷാജു കുടുംബാംഗങ്ങളോട് പറഞ്ഞത്. ഇത് വാസ്തവ വിരുദ്ധമാണെന്ന് സിലിയുടെ ബന്ധു സേവ്യര്‍ പറയുന്നു.

വിവാഹ സമയത്ത് വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയ 40 പവനോളം സ്വര്‍ണവും ഇത് കൂടാതെ രണ്ട് മക്കള്‍ക്കായി നല്‍കിയ സ്വര്‍ണവും സിലിയുടെ കൈവശമുണ്ടായിരുന്നു.  ഇവയാണ് കാണാതായത്. ഇവയെല്ലാം സിലി ഉപയോഗിച്ചുകൊണ്ടിരുന്ന സ്വര്‍ണമായിരുന്നുവെന്നും സേവ്യര്‍ പറയുന്നു. സിലി സ്വര്‍ണം വിറ്റിട്ടില്ലെന്നും സാമ്പത്തിക പ്രയാസങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സേവ്യര്‍ പറയുന്നു.

മരിക്കുന്ന ദിവസം പൊന്നാമറ്റം കുടുംബത്തില്‍ ഉണ്ടായ വിവാഹത്തില്‍ പങ്കെടുക്കാന്‍  പോയപ്പോഴും സിലി ആഭരണങ്ങള്‍ ധരിച്ചിരുന്നു. സിലിയുടെ മരണത്തിന് ഒരാഴ്ചയ്ക്ക് ശേഷം ഷാജു സിലിയുടെ അമ്മയെ വിളിച്ച് സിലിയുടെ സ്വര്‍ണം വീട്ടിലില്ലെന്നും അത് അന്വേഷിച്ച് ആരും വരേണ്ടതില്ലെന്നും ആഭരണങ്ങളെല്ലാം സിലി ഭണ്ഡാരത്തില്‍  ഇട്ടുവെന്നുമാണ് പറഞ്ഞത്.  സിലി തന്നെ അറിയിക്കാതെ അങ്ങനെ ചെയ്യില്ലെന്ന് അമ്മ പറഞ്ഞപ്പോള്‍ സിലി സ്വര്‍ണം ഭണ്ഡാരത്തില്‍ ഇട്ടതായി ഷാജു തറപ്പിച്ചു പറഞ്ഞു. 

സിലിയുടെ അനുജത്തിയുടെ ഒരു പവന്റെ വള സിലിയുടെ കൈവശമുണ്ടായിരുന്നു. ഈ വള സിലി ഒരു കാരണവശാലും ഭണ്ഡാരത്തില്‍ ഇടില്ലെന്ന് അമ്മ ഷാജുവിനോട് പറഞ്ഞു. ഇത് പ്രശ്‌നമായതിനെ തുടര്‍ന്ന് കുറച്ച് നാളുകള്‍ക്ക് ശേഷം ഷാജുവും ജോളിയും ഒരു പവന്റെ പുതിയ വള വാങ്ങി സിലിയുടെ സഹോദരനെ ഏല്‍പ്പിച്ചു.

വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം ഷാജുവിനോടും ജോളിയോടും ഒപ്പം ആശുപത്രിയില്‍ എത്തിയപ്പോഴാണ് സിലി മരിക്കുന്നത്. അപ്പോള്‍ ധരിച്ചിരുന്ന സ്വര്‍ണം ജോളിയാണ് സിലിയുടെ സഹോദരനെ ഏല്‍പ്പിക്കുന്നത്. സഹോദരന്‍ ഈ സ്വര്‍ണം സിലിയുടെ അലമാരയില്‍ വെച്ചുപൂട്ടാന്‍ ഷാജുവിനെ ഏല്‍പ്പിച്ചു. ഷാജു സ്വര്‍ണം അലമാരയില്‍ വെച്ച് പൂട്ടുകയും ചെയ്തു. മരിച്ചതിന് ശേഷം അലമാരയില്‍ വെച്ച സ്വര്‍ണം എങ്ങനെയാണ് സിലി വിറ്റുവെന്ന് പറയുന്നതെന്നും ഈ കാര്യം ഷാജുവിനോട് ചോദിച്ചപ്പോള്‍ വിറ്റുവെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തതെന്നും സേവ്യര്‍ പറഞ്ഞു. ഈ സംശയങ്ങളെല്ലാം അന്വേഷണ സംഘത്തെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക