Image

കാശ്മീര്‍: ഇന്ത്യയുടെ ഉദ്ദേശ്യം അംഗീകരിക്കുന്നു, നിയന്ത്രണങ്ങളില്‍ ആശങ്കയെന്ന് യു.എസ്

Published on 22 October, 2019
കാശ്മീര്‍: ഇന്ത്യയുടെ ഉദ്ദേശ്യം അംഗീകരിക്കുന്നു, നിയന്ത്രണങ്ങളില്‍ ആശങ്കയെന്ന് യു.എസ്
വാഷിങ്ടണ്‍: ജമ്മുകാശ്മീരിന്‍െറ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ ഇന്ത്യയുടെ ഉദ്ദേശ്യം അംഗീകരിക്കുന്നുവെങ്കിലും മേഖലയില്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും നിയന്ത്രണങ്ങളിലും കടുത്ത ആശങ്കയെന്ന് അമേരിക്ക. മേഖലയിലെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നു പറഞ്ഞ അമേരിക്കന്‍ ഭരണകൂടം, താഴ്‌വരയിലെ ഇന്ത്യയുടെ വികസന അജണ്ടയെ അനുകൂലിക്കുന്നുവെന്നും വ്യക്തമാക്കി. ഏഷ്യാ പസഫിക് കാര്യങ്ങള്‍ സംബന്ധിച്ച ഉപസമിതി മുമ്പാകെ സമര്‍പ്പിച്ച പ്രസ്താവനയില്‍ ദക്ഷിണമധ്യ ഏഷ്യകാര്യ ഉപ സെക്രട്ടറി ആലീസ് ജി വെല്‍സ് ആണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. കശ്മീരില്‍ സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടാനും അഴിമതി കുറക്കാനും എല്ലാ ദേശീയ നിയമങ്ങളും ജമ്മുകശ്മീരിനും കൂടി ബാധകമാക്കാനുമാണ് 370ാം വകുപ്പ് റദ്ദാക്കിയതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഇന്ത്യന്‍ സര്‍ക്കാറിന്‍െറ അവകാശവാദമെന്നും ആലീസ് വ്യക്തമാക്കി.

 ‘‘ഈ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനൊപ്പം തന്നെ, സര്‍ക്കാര്‍ നടപടി 80 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ദൈനംദിന ജീവിതത്തെ തകിടം മറിച്ചിരിക്കുന്നു എന്ന യഥാര്‍ഥ്യം കാണിതിരുന്നുകൂടാ. ജമ്മുവിലും ലഡാക്കിലും കാര്യങ്ങള്‍ സാധാരണനിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെങ്കിലും താഴ്‌വരയില്‍ സ്ഥിതിഗതികള്‍ വഷളായി തുടരുകയാണ്. മൂന്നു മുന്‍ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമടക്കമുള്ള തദ്ദേശീയരെ തടവിലാക്കിയതു സംബന്ധിച്ച് യു.എസ് സര്‍ക്കാറിനുള്ള ആശങ്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങള്‍ മാനിക്കാനും തടയപ്പെട്ട ഇന്‍റര്‍നെറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ നിയന്ത്രണം കാരണം താഴ്‌വരയിലെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വിദേശപ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയാത്ത അവസ്ഥയുണ്ട്. യഥാര്‍ഥ സംഖ്യ ലഭ്യമല്ലെങ്കിലും ആയിരക്കണക്കിനാളുകള്‍ രണ്ടു മാസമായി തടവില്‍ കഴിഞ്ഞിരുന്നുവെന്നും ഇതില്‍ ചിലരൊക്കെ മോചിതരായെന്നും അറിഞ്ഞിട്ടുണ്ട്. എങ്കിലും ഒരു കുറ്റവും ചുമത്താതെ ഇപ്പോഴും അനേകംപേര്‍ തടവില്‍ കഴിയുകയാണ്. രണ്ടുവര്‍ഷം വരെ തടവിലിടാവുന്ന, പൊതുസുരക്ഷ നിയമത്തിന്‍െറ ബലത്തിലാണ് ഈ നടപടി.’’ ആലീസ് വിശദീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക