Image

അഴിമതിക്കേസ്; സിപിഎം കേന്ദ്രകമ്മിറ്റി അംഗം ബാദല്‍ ചൗധരി അറസ്റ്റില്‍

Published on 22 October, 2019
അഴിമതിക്കേസ്; സിപിഎം കേന്ദ്രകമ്മിറ്റി അംഗം ബാദല്‍ ചൗധരി അറസ്റ്റില്‍

അഗര്‍ത്തല : ഫ്‌ളൈ ഓവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട 225 കോടി രൂപയുടെ അഴിമതിക്കേസില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ത്രിപുര മുന്‍ പൊതുമരാമത്തു മന്ത്രിയുമായ ബാദല്‍ ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ എംഎല്‍എയായ ബാദല്‍ ചൗധരി ഹൃദ്രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുമ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഴിമതി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. പൊതുമരാമത്തുവകുപ്പ് മുന്‍ ചീഫ് എന്‍ജിനീയര്‍ സുനില്‍ ഭൗമിക്കിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുന്‍ ചീഫ് സെക്രട്ടറി യശ്പാല്‍ സിങ്ങും കേസില്‍ പ്രതിയാണ്.

638 കോടി രൂപയുടെ പദ്ധതിയില്‍ 225 കോടി അധികമായി ചെലവിട്ടു എന്നതാണ് പ്രധാന ആരോപണം. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനുള്ള ആര്‍എസ്എസ്–ബിജെപി പദ്ധതിയുടെ ഭാഗമാണു കേസെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഡല്‍ഹിയില്‍ ആരോപിച്ചു.

2008–09ല്‍, ഫ്‌ലൈ ഓവര്‍ നിര്‍മാണത്തിനു മന്ത്രിസഭയുടെ അനുമതിയില്ലാതെ 225 കോടി ചെലവിട്ടെന്നും മന്ത്രിസഭ പരിഗണിച്ച രേഖയും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തയാറാക്കിയ രേഖയും തമ്മില്‍ പൊരുത്തമില്ലെന്നും മുഖ്യമന്ത്രി ബിപ്ലവ് ദേബ് കഴിഞ്ഞ മാസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

വിജിലന്‍സ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ചയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ബാദലിനു പശ്ചിമ ത്രിപുര സെഷന്‍സ് കോടതി ആദ്യം രണ്ടു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു.

പിന്നീടതു റദ്ദാക്കി. തുടര്‍ന്ന്, പാര്‍ട്ടി ഓഫിസില്‍നിന്ന് അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടത്തിയ ശ്രമം വിജയിച്ചില്ല. അറസ്റ്റ് തടഞ്ഞെന്നാരോപിച്ച് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം നാരായണ്‍ കറിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കോടതി ജാമ്യമനുവദിച്ചു.

ഇതിനിടെ, ബാദലിനെ അറസ്റ്റ് ചെയ്യാത്തതിനു ത്രിപുര വെസ്റ്റ് ജില്ലാ പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 8 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ബാദല്‍ ഒളിവിലാണെന്നും അറസ്റ്റിനുള്ള ശ്രമം തുടരുന്നുവെന്നും പിന്നീടു പൊലീസ് വ്യക്തമാക്കി. ഇതിനിടെ, ബാദലിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചെങ്കിലും ഉത്തരവുണ്ടായിട്ടില്ല. ചികിത്സയ്ക്കായി ബാദലിനെ ഭാര്യയും മകളുമാണ് ആശുപത്രിയിലെത്തിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക