Image

കാന്‍സര്‍ രോഗിയായ യുവാവിന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച പണം മോഷ്ടിച്ചു; വീട് തീയിട്ടു നശിപ്പിച്ചു; അയല്‍വാസി പിടിയില്‍

Published on 23 October, 2019
കാന്‍സര്‍ രോഗിയായ യുവാവിന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച പണം മോഷ്ടിച്ചു; വീട് തീയിട്ടു നശിപ്പിച്ചു; അയല്‍വാസി പിടിയില്‍

കാസര്‍കോട്: കാന്‍സര്‍ രോഗിയായ യുവാവിന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ സ്വരൂപിച്ച്‌ നല്‍കിയ പണം മോഷ്ടിക്കുകയും വീട് തീയിട്ട് നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. മുട്ടത്തൊടി തെക്കോമൂലയില്‍ അബ്ദുള്‍ ലത്തീഫി(36)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.


കാന്‍സര്‍ രോഗിയായ നായന്മാര്‍മൂല റഹ്മാനിയ നഗറിലെ പാലോത്ത് ശിഹാബി(35)ന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് ലത്തീഫ് മോഷ്ടിച്ചത്. ശിഹാബും കുടുംബവും കീമോതെറാപ്പിക്കായി മംഗലാപുരത്തെ ആശുപത്രിയിലേയ്ക്ക് പോയ സമയത്തായിരുന്നു മോഷണവും വീടിനകത്ത് കയറിയുള്ള അതിക്രമവും. മണിക്കൂറുകള്‍ക്ക് ഉള്ളില്‍ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനായത് പോലീസിന് നേട്ടവുമായി.


ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച തിരികെ എത്തിയപ്പോഴാണ് ശിഹാബിന്റെ കുടുംബം വീട് കത്തി നശിച്ചത് കണ്ടത്. കട്ടില്‍, കിടക്ക, വസ്ത്രം, രേഖകള്‍ തുടങ്ങിയവ കത്തി നശിച്ചു. കിടപ്പുമുറിയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. അലമാരയില്‍ സൂക്ഷിച്ച ഒന്നേമുക്കാല്‍ ലക്ഷം രൂപയും നഷ്ടമായി. വീടിന്റെ മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും വാതിലുകള്‍ അടച്ചിരുന്നു. വീടിന്റെ വാതില്‍ തകര്‍ക്കാതെയാണ് മുറിക്കുള്ളില്‍ കടന്ന് കവര്‍ച്ച നടത്തിയത്. ഇതോടെ താക്കോലുപയോഗിച്ചാണ് വീട് തുറന്നതെന്ന് വ്യക്തമായി.


അന്വേഷണത്തില്‍ അയല്‍വാസി അബ്ദുള്‍ ലത്തീഫ് നല്‍കിയ താഴുപയോഗിച്ചാണ് വീട് പൂട്ടിയതെന്ന് തിരിച്ചറിഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. വീട്ടില്‍ പണം സൂക്ഷിക്കുന്നതിനാല്‍ ചെറിയ പൂട്ട് ഒഴിവാക്കി ഗുണമേന്മയുള്ള വലിയ താഴ് ലത്തീഫ് വാങ്ങി നല്‍കുകയായിരുന്നു. ഒരാഴ്ച മുമ്ബാണ് താഴ് നല്‍കിയത്. രണ്ട് താക്കോലുകളും നല്‍കി. താഴിന്റെ മൂന്ന് താക്കോലുകളില്‍ ഒന്ന് ലത്തീഫ് കൈവശം വെച്ച്‌ രണ്ടെണ്ണമാണ് നല്‍കിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.


കടലാസില്‍ തീ കത്തിച്ചാണ് മോഷണത്തിന് കയറിയത്. മോഷണത്തിന് ശേഷം തീ കെടുത്താതെയാണ് തിരികെ പോന്നതെന്നാണ് പ്രതിയുടെ മൊഴി.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് വരുത്തി തീര്‍ക്കാനും പ്രതി ശ്രമിച്ചിരുന്നു.

വിദ്യാനഗര്‍ സിഐ വിവി മനോജിന്റെ തന്ത്രപരമായ നീക്കത്തിലാണ് ലത്തീഫ് പിടിയിലായത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ ലത്തീഫിനെ അറസ്റ്റു ചെയ്തു. കവര്‍ച്ച നടത്തിയ തുകയില്‍ 1,30,000 രൂപ സമീപത്തെ സഹകരണബാങ്കിന്റെ ശാഖയില്‍ ശനിയാഴ്ച നിക്ഷേപിച്ചെന്ന് വ്യക്തമായതായും സിഐ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക