Image

കുവൈത്തില്‍ സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് വീസാമാറ്റം അനുവദിച്ചു

Published on 23 October, 2019
കുവൈത്തില്‍ സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് വീസാമാറ്റം അനുവദിച്ചു
കുവൈത്ത് സിറ്റി : രാജ്യത്ത് സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് നിബന്ധനയോടെ മറ്റു വീസയിലേക്ക് മാറാന്‍ അനുമതി നല്കി കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.

പുതിയ നിയമ പ്രകാരം സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് ഗാര്‍ഹിക വീസയിലേക്കൊ ആശ്രിത വീസയിലേക്കൊ മാനദണ്ധങ്ങള്‍ക്ക് വിധേയമായി അനുവദിക്കുന്നതാണ്. അതോടൊപ്പം തൊഴില്‍ വീസയില്‍ രാജ്യത്ത് പ്രവേശിക്കുകയും വീസ സ്റ്റാമ്പിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ രാജ്യത്ത് നിന്നും തിരിച്ചു പോകാന്‍ നിര്‍ബന്ധിതരായവര്‍ക്കു ഒരു മാസത്തിനകം സന്ദര്‍ശക വീസയില്‍ തിരിച്ചെത്തിയാല്‍ തൊഴില്‍ വീസയിലേക്ക് മാറ്റം അനുവദിക്കും.

രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലോ , സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ആശുപത്രികളിലോ ചികില്‍സ തേടി എത്തുന്നവര്‍ക്കും കൂടെയുള്ളവര്‍ക്കും പ്രവേശന വീസ അനുവദിക്കുന്നതാണു പുതിയ നിയമത്തിലെ മറ്റൊരു പ്രധാന തീരുമാനം. ഇതിനായി അപേക്ഷകന്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നോ സര്‍ക്കാര്‍ അംഗീകരിച്ച ആശുപത്രികളില്‍ നിന്നോ ഉള്ള സാക്ഷ്യ പത്രം ഹാജരാക്കേണ്ടതാണ്. വിദേശത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ സര്‍ക്കാര്‍ , സ്വകാര്യ സര്‍വകലാശാലകളില്‍ പഠന വീസ അനുവദിക്കുക എന്നതും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതിനായി സര്‍ക്കാര്‍ സര്‍വകലാശാലയില്‍ നിന്നോ അല്ലെങ്കില്‍ സ്വകാര്യ സര്‍വകലാ ശാലയില്‍ നിന്നോ നല്‍കുന്ന പഠന യോഗ്യത സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം.

ഒരു മാസത്തേക്കുള്ള മള്‍ട്ടി എന്‍ട്രി വീസ ഒരു വര്‍ഷം വരെ നീട്ടി നല്‍കും. വീസ കാലാവധി കഴിഞ്ഞവര്‍ക്കുള്ള താല്‍ക്കാലിക വീസയുടെ കാലാവധി ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒഴികെ പരമാവധി മൂന്നു മാസമായി പരിമിതപ്പെടുത്തി. പ്രത്യേക കേസുകളില്‍ പരമാവധി ഒരു വര്‍ഷം വരെ താല്‍ക്കാലിക വീസ അനുവദിക്കും. ഈ കാലയളവില്‍ താമസ രേഖ പുതുക്കുവാനോ മറ്റൊരു സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റുവാനോ സാധിക്കാതെ വന്നാല്‍ രാജ്യം വിടേണ്ടി വരുമെന്നും അറിയിപ്പില്‍ പറയുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക