Image

കുടുംബമെന്ന ദേവാലയത്തിലെ ശുശ്രുഷകരായി വര്‍ത്തിച്ചാല്‍ ഭദ്രതയും സ്വര്‍ഗവും തീര്‍ക്കാം: പനക്കലച്ചന്‍

Published on 25 October, 2019
കുടുംബമെന്ന ദേവാലയത്തിലെ ശുശ്രുഷകരായി വര്‍ത്തിച്ചാല്‍ ഭദ്രതയും സ്വര്‍ഗവും തീര്‍ക്കാം: പനക്കലച്ചന്‍


ലണ്ടന്‍: കുടുംബമെന്ന ദേവാലയത്തിലെ ശുശ്രുഷകരായി ദമ്പതികള്‍ വര്‍ത്തിച്ചാല്‍ ഭവനങ്ങളില്‍ ഭദ്രതയും സ്വര്‍ഗവും തീര്‍ക്കാമെന്നു ജോര്‍ജ് പനക്കലച്ചന്‍. ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ മുഖ്യ തിരുവചന ശുശ്രുഷ നയിച്ചു കുടുംബത്തെ ആസ്പദമാക്കി സന്ദേശം നല്‍കുകയായിരുന്നു പനക്കലച്ചന്‍. വിവാഹമെന്ന കൂദാശ സ്വീകരിച്ചവര്‍ ദൈവ സമക്ഷം കുടുംബത്തിലെ കാര്‍മിക ശുശ്രുഷകരാവാനുള്ള ഉടമ്പടി ഏറ്റു പറഞ്ഞാണ് കുടുംബജീവിതത്തിനു തുടക്കം കുറിക്കുന്നത്.കുടുംബം ദേവാലയമാണെന്നും, മാതാപിതാക്കള്‍ പുരോഹിതരാണെന്നും, അവരുടെ ഉത്തരവാദിത്വം സമര്‍പ്പണ ശുശ്രുഷയാണെന്നും മനസ്സിലാക്കി ഉടമ്പടി പാലിച്ചു കുടുംബം നയിക്കുന്നവര്‍ സ്വര്‍ഗീയാനന്ദം നുകരും. അങ്ങിനെ ദൈവത്തില്‍ സമര്‍പ്പിച്ച ഒരു കുടുംബവും തകരില്ല എന്നും പനക്കലച്ചന്‍ ഉദ്‌ബോധിപ്പിച്ചു.

'ദൈവത്തെ കേന്ദ്രീകരിച്ചുള്ള പ്രാര്‍ത്ഥനകള്‍ക്കെ പ്രതിഫലം കിട്ടൂ.വ്യക്തികളില്‍ കേന്ദ്രീകരിച്ചുള്ള പ്രാര്‍ത്ഥനകള്‍ അത് ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും ലാഭേച്ഛയുടെയും നിരര്‍ത്ഥകമായ പ്രാര്‍ത്ഥനകള്‍ ആവുമെന്നും,ദൈവ സന്നിധിയില്‍ അത് സ്വീകാര്യമാവില്ല' എന്നും കണ്‍വെന്‍ഷനില്‍ വചന സന്ദേശം പങ്കിട്ട ഫാ.ജോസഫ് എടാട്ട് സൂചിപ്പിച്ചു. 'ദൈവത്തിനെ ആരാധിക്കുവാനും, സ്തുതിക്കുവാനും നന്ദി പറയുവാനും മറക്കാത്തവര്‍ ആല്മീയ സന്തോഷവും അനുഗ്രഹങ്ങളും നേടും. ഓരോ വിജയങ്ങള്‍ക്കും, നേട്ടങ്ങള്‍ക്കും തങ്ങളുടെ കഴിവുകളില്‍ ആശ്രയിക്കുന്നവര്‍ പരാജയങ്ങളുടെയും നാശത്തിന്റെയും പടുകുഴിയില്‍ തന്നെ പതിക്കും.' എന്നും ജോസഫച്ചന്‍ ഓര്‍മ്മപ്പിച്ചു.

പരിശുദ്ധ അമ്മയുടെ മാതൃവണക്കമായി ജപമാല സമര്‍പ്പിച്ചു കൊണ്ട് ആരംഭിച്ച കണ്‍വെന്‍ഷന്‍ തിരുക്കര്‍മ്മങ്ങള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.

ബൈബിള്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടത്തിയ ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയില്‍ മാര്‍ ജോസഫ്സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. നിരവധി വൈദികര്‍ സഹകാര്‍മികരായിരുന്നു. കുര്‍ബ്ബാന മധ്യേ സന്ദേശം നല്‍കിയ പിതാവ് ' മാമോദീസ സ്വീകരിച്ചാല്‍ ക്രിസ്ത്യാനി ആയെന്ന മിഥ്യാ ബോദ്ധ്യം മാറ്റണമെന്നും, ക്രിസ്തുവിന്റെ അനുയായി ആയി ദൈവത്തിന്റെ ശിഷ്യഗണത്തിലെ അംഗങ്ങളാണെന്നും മിഷനറികളാണെന്നുമുള്ള ബോദ്ധ്യത്തില്‍ നാം ജീവിക്കണം. ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് നമ്മില്‍ ക്രിസ്തുവിനെ ദര്‍ശിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ അത് പാപമാണ്. െ്രെകസ്തവ ജീവിതത്തിന്റെ അകലം തലച്ചോര്‍ മുതല്‍ മനസ്സുവരെയാണ്. തലച്ചോര്‍ ഉപയോഗിച്ച് സമാധാനം തേടുന്നവര്‍ യഥാര്‍ത്ഥ സമാധാനവും സന്തോഷവും നേടുകയില്ല. അത് അഹന്തയും വ്യക്തിഭ്രമവുമാവും' എന്നും പിതാവ് കൂട്ടിക്കിച്ചേര്‍ത്തു.

ബൈബിള്‍ കണ്‍വെന്‍ഷനില്‍ തിരുവചനം പങ്കുവെച്ച ഫാ. ആന്റണി പറങ്കിമാലില്‍ ജീവിതത്തിലെ ഓരോ പരാജയങ്ങള്‍ക്കും മറ്റുള്ളവരില്‍ ഉത്തരവാദിത്വം കാണുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരിക്കലും അനുഗ്രഹത്തിന്റെ തുറവയും, സമാധാനവും ലഭിക്കുകയില്ല എന്ന് പറഞ്ഞു. വിദ്വേഷമോ,വെറുപ്പോ മനസ്സില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്കും വിജയമോ ആല്മീയ സന്തോഷം നുകരുവാനോ ആവില്ല, മറിച്ച് മനസ്സിനെയും ശരീരത്തെയും അതു ക്യാന്‍സര്‍ പോലെ കാര്‍ന്നു തിന്നും. കഠിനമായ പ്രിതിസന്ധികളില്‍ ദൈവത്തില്‍ ആനന്ദിക്കുവാന്‍ കഴിയുന്നവര്‍ ജീവിതത്തില്‍ ഉന്നതമായ വിജയം കൊയ്യും എന്നും പറങ്കിമാലില്‍ അച്ചന്‍ കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഡിവൈന്‍ ടീം നയിച്ച പ്രത്യേക ശുശ്രുഷകള്‍ ആല്മീയോര്‍ജ്ജം പകരുന്നതും അനുഗ്രഹദായകവുമായി. ഗാന ശുശ്രുഷകള്‍ക്കു ആന്റണി ഫെര്‍ണാണ്ടസ്,ഷിജു ടീം നേതൃത്വം നല്‍കി.

ഫാ.സോജി ഓലിക്കല്‍, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ഹാന്‍സ് പുതുകുളങ്ങര, ഫാ.ജോസ് അന്ത്യാംകുളം, ഫാ.സാജു പിണക്കാട്ട് ഡീക്കന്‍ ജോയ്‌സ് പള്ളിക്കമ്യാലില്‍ എന്നിവര്‍ ശുശ്രുഷകളില്‍ പങ്കു ചേര്‍ന്നു. ഫാ.ടോമി എടാട്ട് ഏവര്‍ക്കും ഹൃദ്യമായ കൃതജ്ഞത രേഖപ്പെടുത്തി.

ഫാ.ജോസ് അന്ത്യാംകുളം, ജോസ് ഉലഹന്നാന്‍, മാര്‍ട്ടിന്‍ ആന്റണി, അനില്‍ ആന്റണി, ബാസ്‌ററ്യന്‍, ജോമോന്‍, ജീസണ്‍, നീന ജോസി, ആന്റണി, ഡെന്‍സി, മാത്തച്ചന്‍, കെവിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണന്‍ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക