Image

ഇരുട്ടിനെ പ്രണയിയ്ക്കുന്നവള്‍ (കഥ: സുനീതി ദിവാകരന്‍)

സുനീതി ദിവാകരന്‍ Published on 26 October, 2019
 ഇരുട്ടിനെ പ്രണയിയ്ക്കുന്നവള്‍ (കഥ: സുനീതി ദിവാകരന്‍)
രാത്രി ഏറെ വൈകിയിരിയ്ക്കുന്നു മുറിയില്‍ നല്ല ഇരുട്ടാണ്. കര്‍ട്ടന്‍ ഒന്നു നീക്കിയാല്‍ ബില്‍ഡിംഗിന്റെ പുറത്തിട്ടിരിയ്ക്കുന്ന വലിയ ലൈറ്റിന്റെ വെളിച്ചം ഉള്ളിലേയ്ക്കു വരും. കൈയ്യില്‍ ചെറിയൊരു നോട്ടുബുക്കും പെന്നുമുണ്ട്. എന്തോ എഴുതാനുള്ള ഇരിപ്പാണ്. കുറച്ചു ദിവസമായി രാത്രി ഇരുന്ന് എന്തൊക്കെയോ കുത്തികുറിയ്ക്കാറുണ്ട്. ഈ കര്‍ട്ടന്‍ നീക്കിയ വെളിച്ചത്തിലാണ്- അതായത് പാതി ഇരുട്ടിലാണ് എഴുത്തൊക്കെ.
കോസറിയില്‍ അടുത്ത് ഫോണ്‍ കിടപ്പുണ്ട്. ഒന്നു വിളിച്ചുനോക്കിയാലോ? കോണ്‍ട്രാക്ടിലൂടെ പ്രിയ കൂട്ടുകാരിയുടെ നമ്പര്‍ തിരഞ്ഞു വേണ്ട, രാത്രി ഒരുപാട് നേരമായില്ലേ? ഉറങ്ങിയിട്ടുണ്ടാവും. അല്ലെങ്കിലും എന്താണ് പറയാനുള്ളത്? മനസ്സില്‍ ഉറങ്ങിയിട്ടുണ്ടാവും അല്ലെങ്കിലും എന്താണ് പറയാനുള്ളത്? മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്ന എഴുത്ത് തുടരാന്‍ പ്രോത്സാഹിപ്പിച്ചതിന്റെ നന്ദിയല്ലേ? പിന്നെയാവാം.

ഫോണില്‍ സമയം നോക്കി. പന്ത്രണ്ടുമണി. ഈശ്വരാ! അഞ്ചുമണിയ്‌ക്കെങ്കിലും എണീക്കണം. എന്നാലേ ആറയ്ക്ക് ജോലിയ്ക്ക് പോവേണ്ട ഭര്‍ത്താവിന് കഴിയ്ക്കാനും, കൊണ്ടുപോവാനുമുള്ള ഭക്ഷണം റഡിയാവൂ. പിന്നെ കുട്ടികളെ സ്‌ക്കൂളില്‍ പറഞ്ഞയയ്ക്കണം. തീരെ കിടപ്പായ അമ്മയെ പിടിച്ചെഴുന്നേല്‍പ്പിച്ച്, കുളിപ്പിച്ച്, ഭക്ഷണമൊക്കെ കൊടുക്കണം. എന്നിട്ടുവേണം ജോലിയ്ക്കായുള്ള പോക്ക്. ഒരു വലിയ നെടുവീര്‍പ്പോടെ കണ്ണുകളടച്ച് ഇരുട്ടില്‍ നിന്ന് കൂരിരുട്ടിലേയ്ക്ക് വഴുതി വീണു.
ഇറങ്ങാന്‍ പത്തുമിനുട്ട് വൈകി. വാതില്‍ തുറന്നപ്പോള്‍ കണ്ണുകളിലേയ്ക്ക് കത്തുന്ന വെളിച്ചം ഇടയ്‌ക്കൊക്കെ മഴ പെയ്യുന്നുണ്ടല്ലോ. പിന്നെന്താ ഇന്ന് ഇത്ര തെളിച്ചം? വെറുതെ മനസ്സില്‍ ആലോചിച്ചു. എന്നും പിടിയ്ക്കാറുള്ള  ട്രെയിന്‍ അതിന്റെ പാട്ടിനുപോയി. അടുത്ത ട്രെയിന്‍ ഏതു പ്ലാറ്റ്‌ഫോമിലാണെന്ന് വലിയ ഇന്‍ഡിക്കേറ്ററില്‍ നോക്കി അങ്ങോട്ട് നടന്നു. ഇരമ്പിയെത്തിയ ട്രെയിനില്‍ കുത്തിത്തിരക്കി കയറി. നേരെ എതിര്‍വശത്തുള്ള വാതിലിന്റെ കമ്പിപിടിച്ചു നിന്നു. തിരക്കുകൂടുകയാണ് കമ്പി മുറുകെ പിടിച്ചു. ട്രെയിന്‍ ഫഌറ്റ്‌ഫോമില്‍ നിന്നും നീങ്ങിയതോടെ കണ്ണുകളിലേയ്ക്ക് വെളിച്ചം ഇരച്ചുകയറാന്‍ തുടങ്ങി. കണ്ണുകള്‍ മുറുക്കിയടച്ച് ഇരുട്ടാക്കി. ട്രെയിന്‍ കുതിച്ചു പായാന്‍ തുടങ്ങി. ട്രെയിനിന്റെ വേഗമാണിപ്പോള്‍ മനസ്സിനും നാളെയും, മറ്റന്നാളും, അതിനപ്പുറത്തേയ്ക്കുമൊക്കെ മനസ്സോടിത്തുടങ്ങി കുട്ടികള്‍ക്ക് യൂണിറ്റ് ടെസ്റ്റ് നടക്കുകയാണ്. ശരിയ്‌ക്കൊക്കെ എഴുതുന്നുണ്ടാവില്ല്യേ ആവോ? വലിയ ആള്‍ പത്താം ക്ലാസ്സിലാണ്. നേരെ പഠിയ്ക്കുന്നുണ്ടാവില്ലേ ആവോ? നാട്ടിലൊക്കെ പ്രളയമാണ് ലഞ്ച് ടൈമില്‍ അച്ഛനെ വിളിയ്ക്കണം. കണ്ണടച്ച് ഇരുട്ടിലാണ് നില്‍പ്പെങ്കിലും, ട്രെയിനിലെ തിരക്ക് സ്റ്റേഷനെത്തിയതറിയിച്ചു. ഇറങ്ങി നടക്കുമ്പോള്‍ വെളിച്ചത്തിന് തീക്ഷ്ണത കൂടിയതുപോലെ തോന്നി. വെറുതെ സൂര്യനെ ശപിച്ചു. മഴയായിരുന്നു ഭേദമെന്ന് മനസ്സില്‍ പറഞ്ഞു.

ഓഫീസിലേയ്ക്ക് കയറിപ്പോള്‍ തന്നെ പാണ്ഡെഭായി നാട്ടിലെ മഴവിവരം അന്വേഷിച്ചു. 'മാഡം, ഖര്‍വാലെ സബ് ഠീക്ക് ഹെ നാ?' വീട്ടില്‍ പ്രശ്‌നമൊന്നുമില്ലെന്നു പറഞ്ഞു സീറ്റിലിരുന്നു. വാട്ട്‌സ് ആപ്പ് സ്റ്റാറ്റസൊക്കെ രാത്രിയാണല്ലേ ഇടുന്നത്? ഉറക്കമൊന്നുമില്ലേ? പിന്നില്‍നിന്ന് അടുത്ത ചോദ്യം. ഉത്തരം വെറും ചിരിയിലൊതുക്കി. 'ഫോട്ടൊയൊക്കെ ഇരുട്ടത്താണോ എടുക്കുന്നത് ? ഇമേജൊന്നും ക്ലിയറല്ലല്ലോ?' ചോദ്യങ്ങള്‍ കഴിയുന്നില്ല. അതുപിന്നെ എല്ലാവരും ഉറങ്ങുകയല്ലേ, അതുകൊണ്ട് ലൈറ്റിടാതെ ഇമേജെടുത്തു. 'ഇംഗ്ലീഷിലോ, ഹിന്ദിയിലോ എഴുതിയാല്‍ ഞങ്ങള്‍ക്കും വായിയ്ക്കാമായിരുന്നു.' പിന്നെയും വന്നു കമന്റ്‌സ്. ഫോണില്‍ മലയാളത്തില്‍ എഴുതാന്‍ തന്നെ അറിയില്ല, പിന്നെയല്ലേ ഹിന്ദി!!

കുറച്ചുദിവസമായി വീട്ടിലെത്തുമ്പോള്‍ മകനും പറയുന്നുണ്ട്. ഫ്രണ്ട്‌സൊക്കെ പറയുന്നു, മമ്മീ കൊ ബോലോ സ്റ്റാറ്റസ് ഇംഗ്ലീഷ് മെ അപ്‌ഡേറ്റ് കര്‍നെക്കൊ?' ഓ...സ്റ്റാറ്റസിലിടുന്നത് പലരും ശ്രദ്ധിയ്ക്കുന്നുണ്ട്. ചിലര്‍ക്ക് മലയാളത്തിലെഴുതിയതൊക്കെ ഹിന്ദിയില്‍ പറഞ്ഞുകേള്‍പ്പിയ്‌ക്കേണ്ടി വന്നു.

ഉച്ചയായി, ഫോണിലേയ്ക്ക് കണ്ണുകള്‍ നീണ്ടു. ഇപ്പോളൊന്ന് വിളിച്ചുനോക്കിയാലോ വേണോ? ഫോണടിയ്ക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും ചങ്കിടിപ്പ് കൂടും. ശബ്ദം, ശബ്ദവുമായി കൂട്ടിമുട്ടുമ്പോഴേയ്ക്കും കണ്ണുകള്‍ നിറയും, പിന്നെ ആകെ സീനാവും സൈഡിലുള്ള ഗ്ലാസിലൂടെ പിറകിലിരിയ്ക്കുന്ന ഗുജറാത്തിയെ നോക്കി കണ്ണുകള്‍ കമ്പ്യൂട്ടര്‍ സക്രീനില്‍ തന്നെയാണ്. പക്ഷെ ശബ്ദത്തിലും, ഭാവത്തിലുമുള്ള മാറ്റമൊക്കെ തിരച്ചറിയാന്‍ ഏതു ഗുജറാത്തിയ്ക്കും പറ്റും വേണ്ട, ഇനിയൊരിയ്ക്കല്‍ വിളിയ്ക്കാം. കൂട്ടുകാരി കാത്തിരിയ്ക്കട്ടെ.

വീട്ടില്‍ തിരിച്ചെത്തി. പിന്നെല്ലാം പതിവു പോലെ കുട്ടികളുടെ സ്‌ക്കൂള്‍ കഥകളൊക്കെ കേട്ടു ഭക്ഷണമൊക്കെ റെഡിയാക്കി അമ്മയെ എണീപ്പിച്ച് വൃത്തിയാക്കി, ഉടുപ്പൊക്കെ മാറ്റി കുട്ടികള്‍ മിറ്റത്തു കളിയ്ക്കുകയാണ്.

ബാഗില്‍ നിന്ന് ഫോണ്‍ പുറത്തെടുത്തു. ഇപ്പോളൊന്നു വിളിച്ചാലോ? മനസ്സിലെ വടംവലി വീണ്ടും തുടങ്ങി. ഫോണെടുത്താല്‍ പറയേണ്ടതൊക്കെ മനസ്സില്‍ ഒന്നു തീര്‍ച്ചപ്പെടുത്തി അല്ലെങ്കില്‍ വേണ്ട, വാട്ട്‌സാപ്പിലെ കമന്റ്‌സിനൊക്കെ വാട്ട്‌സാപ്പില്‍ മറുപടി കൊടുത്തിട്ടുണ്ടല്ലോ പിന്നെന്താ? മനസ്സിലെ വെളിച്ചം മുഴുവന്‍ തല്ലിക്കെടുത്തി കൂരിരുട്ടാക്കി. ബില്‍ഡിംഗിന്റെ പുറത്തെ ലൈറ്റുകള്‍ തുറന്നിട്ട കര്‍ട്ടനിലൂടെ വീടിനുള്ളിലേയ്‌ക്കെത്തി വീട്ടിനുള്ളില്‍ ഇപ്പോഴും ഇരുട്ടാണ്.

പതുക്കെ ബെഡ്‌റൂമിലേയ്ക്കു നടന്നു. രാത്രി വൈകിലുള്ള ഇരിപ്പും, രാവിലെ നേരത്തെ എണീയ്ക്കലും വീക്കെന്റ് ആവുമ്പോഴേയ്ക്കും തീരെ വയ്യാതാവുന്നുണ്ട്. കണ്ണുകടച്ചു ഇരുട്ടിലേയ്ക്ക് അഗാധമായ ഇരുട്ടിലേയ്ക്ക് ഊളിയിട്ടിറങ്ങി.
വാതില്‍ക്കല്‍ ബെല്ലടി കേട്ടപ്പോഴാണ് കണ്ണു തുറന്നത് കളികഴിഞ്ഞ് കുട്ടികളുടെ വരവാണ്. വാതില്‍ തുറന്ന ഉടനെവന്നു ചോദ്യം.

'അമ്മ എന്താ ലൈറ്റിടാത്തത്?' ഉത്തരം പറയാന്‍ കുറെ താമസിച്ചു. 'അമ്മാ....' മകന്റെ ഉറക്കെയുള്ള വിളി വീണ്ടും  കേട്ടപ്പോള്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു. 'വെളിച്ചം ദുഃഖമാണുണ്ണൂ, തമസ്സല്ലോ സുഖപ്രദം.'
'എന്ത് ?' ഏതോ പുതിയ ഭാഷ കേട്ടതുപോലെയായിരുന്നു അവര്‍ക്ക്.
മറുപടിയൊന്നും പറയാതെ, കുട്ടികളുടെ ബഹളത്തെ പിന്നിലാക്കി; ലൈറ്റിടാത്ത അടുത്ത മുറിയിലേയ്ക്ക് നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക