Image

ടണല്‍ വിശേഷവും വിസ്മൃതിയിലാവുന്ന കോട്ടയം തുരങ്കയാത്രയും (ശ്രീനി)

Published on 28 October, 2019
ടണല്‍ വിശേഷവും വിസ്മൃതിയിലാവുന്ന കോട്ടയം തുരങ്കയാത്രയും (ശ്രീനി)
തുരങ്കങ്ങളിലൂടെയുള്ള യാത്ര വിസ്മയകരമാണ്. ഭൂമി തുളച്ച് അതിനുള്ളിലൂടെ റോഡ്-റെയില്‍-ജല പാതയുമൊക്കെ നിര്‍മിക്കുകയെന്നത് ഇന്നും ശ്രമകരമാണ്. അപ്പോള്‍ നൂറ്റാണ്ടിന് മുമ്പുള്ള തുരങ്ക നിര്‍മാണം അതിസാഹസികമായിരുന്നുവെന്ന് പറയേണ്ടല്ലോ. കോട്ടയം-ചങ്ങനാശേരി റെയില്‍ റൂട്ടില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപത്തെ രണ്ട് തുരങ്കങ്ങള്‍ മറക്കാനാവില്ല. ഇനി അതിലൂടെ യാത്രയില്ല. അക്കഥ പറയുംമുമ്പ് അല്‍പം തുരങ്ക ചരിത്രമാവാം.

ഇംഗ്ലണ്ടിലേക്കു കുടിയേറിപ്പാര്‍ത്ത ഫ്രഞ്ച് എന്‍ജിനീയര്‍ മാര്‍ക് ബ്രൂനെല്‍ കണ്ടുപിടിച്ച സുരക്ഷാ കവചം ഉപയോഗത്തില്‍ വന്നതോടെയാണ് ജലഗര്‍ഭ തുരങ്കങ്ങള്‍ നിര്‍മിച്ചു തുടങ്ങിയത്. ലണ്ടനിലെ തെംസ് നദിക്കടിയിലുള്ള അവസാദപടലങ്ങള്‍ തുരന്ന് 1825 ല്‍ നിര്‍മിച്ച വാപ്പിങ് റൊതെര്‍ഹിത് തുരങ്കത്തിലാണ് ഈ സംവിധാനം ബ്രൂനെലും മകന്‍ ഇസംബാര്‍ഡും ചേര്‍ന്നു പരീക്ഷണം നടത്തിയത്. കുതിരലാടത്തിന്റെ ആകൃതിയില്‍ തുരങ്കം പണിത് ഇഷ്ടിക പാകി. ഇടയ്ക്കു വച്ച് ഏഴ് വര്‍ഷത്തേക്ക് പണി നിറുത്തിവയ്‌ക്കേണ്ടി വന്നെങ്കിലും വീണ്ടുമൊരു കവചിത യന്ത്രം ക്രമീകരിച്ച് 1841ല്‍ ലോകത്തിലെ പ്രഥമ ജലഗര്‍ഭ തുരങ്കം പൂര്‍ത്തിയാക്കി. തെംസ് തുരങ്കത്തിന്റെ നീളം 365.76 മീറ്ററാണ്. ഇതിന്റെ പണി പൂര്‍ത്തിയാക്കാന്‍ ഒമ്പത് വര്‍ഷം വേണ്ടി വന്നു.

തുടര്‍ന്ന് 1869 ല്‍ ചക്രീയ സംവിധാനം പ്രയോജനപ്പെടുത്തി പീറ്റര്‍ ഡബ്‌ളിയൂ ബാര്‍ലൊ, ജെയിംസ് ഹെന്റി ഗ്രേറ്റ് ഹെഡ്ഡ് എന്നിവര്‍ 2.43 മീറ്റര്‍ വീതിയുള്ള മറ്റൊരു ജലഗര്‍ഭ തുരങ്കം കൂടി ഒരു വര്‍ഷം കൊണ്ട് തെംസ് നദിക്കു കുറുകെ നിര്‍മിച്ചു. ടവര്‍ ഹില്ലില്‍ നിന്നുള്ള നടപ്പാതയുടെ രൂപത്തിലാണ് ഇതു നിര്‍മിച്ചത്. 1874 ല്‍ ഗ്രേറ്റ് ഹെഡ്ഡ് തന്നെ ബ്രുനെല്‍ ബാര്‍ലൊ കവചിത രീതിയെ പരിഷ്‌കരിച്ചു. പുറമേ നിന്നുള്ള ജല മര്‍ദത്തെ ചെറുത്തു നില്‍ക്കാനായി തുരങ്കത്തിനുള്ളില്‍ സമ്മര്‍ദിത വായു നിറയ്ക്കുന്ന സംവിധാനം സജ്ജീകരിച്ച് കവചിത രീതിയെ തികച്ചും പ്രായോഗികമാക്കി. ഇത്തരത്തില്‍ 1886 ല്‍ നിര്‍മ്മിക്കപ്പെട്ടതാണ് 3.35 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ബസ്വേയില്‍ പൂര്‍ത്തിയായ തുരങ്കം.

പണിക്കിടയില്‍ യാതൊരു അപകട മരണവുമുണ്ടാകാതെ 11.2 കി.മീ നീളത്തില്‍ തുരങ്കം തയ്യാറാക്കി എന്ന അംഗീകാരവും ഇതിന്റെ നിര്‍മിതിക്കു ലഭിച്ചു. അടുത്ത 75 വര്‍ഷക്കാലം ഗ്രേറ്റ് ഹെഡ്ഡ് രീതി ഉപയോഗിക്കപ്പെട്ടിരുന്നു. സബ് വേ-തീവണ്ടിപ്പാത ക്രോസിങ്ങുകളും തുടര്‍ന്ന് ഓട്ടോമൊബൈല്‍ വാഹനങ്ങള്‍ക്കാവശ്യമായ താരതമ്യേന വലിപ്പമുള്ള തുരങ്കങ്ങളും ഈ രീതിയില്‍ നിര്‍മിച്ചു തുടങ്ങി.

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍ തുരങ്കമാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഗോഥാര്‍ഡ് തുരങ്കം. 57 കിലോമീറ്റര്‍ നീളമുള്ള ഈ തുരങ്കത്തിന്റെ നിര്‍മാണം 2,500 ജോലിക്കാര്‍ 15 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 45,000 കോടി ഇന്ത്യന്‍ രൂപയാണ് നിര്‍മ്മാണച്ചെലവ്. ഹൈന്‍സ് എര്‍ബാഹാര്‍ എന്ന എഞ്ചിനീയറാണ് ഈ ലോകാല്‍ഭുതത്തിന്റെ മുഖ്യ ശില്‍പ്പി. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ നിന്നും ഇറ്റലിയിലെ മിലാനിലേയ്ക്കാണ് ഈ പാത. ഇരുവശങ്ങളില്‍ നിന്നും ആരംഭിച്ച തുരങ്ക ഖനനം 2010 ഒക്ടോബര്‍ 15 ന് സെഡ്രണില്‍ കൂട്ടിമുട്ടിച്ചു. 2017ല്‍ ഇതിലൂടെ തീവണ്ടി ഗതാഗതം ആരംഭിച്ചു. ദിനംപ്രതി മുന്നൂറിലേറെ തീവണ്ടികളാണ് സഞ്ചരിക്കുന്നത്. ആല്‍പ്‌സ് പര്‍വതനിരകള്‍ക്കടിയിലൂടെയാണ് ഗോഥാര്‍ഡ് തുരങ്കം കടന്നു പോകുന്നത്. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുമെന്നതു മൂലമാണ് ഇത്തരത്തില്‍ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. കൂടാതെ ഈ പുതിയ തുരങ്കത്തിനു സമീപം 37 കിലോമീറ്റര്‍ നീളമുള്ള മറ്റൊരു തുരങ്കവുമുണ്ട്.

കാശ്മീര്‍ താഴ്‌വരയെ ജമ്മു മേഖലയുമായി ബന്ധിപ്പിക്കുന്ന റെയില്‍പാതയാണ് പിര്‍ പഞ്ചാല്‍ ഭൂഗര്‍ഭ റെയില്‍പാത. ഇന്ത്യയിലെ ഏറ്റവും നീളമുള്ളതും ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയതുമായ റെയില്‍പാതയാണിത്. പാത ഗതാഗത യോഗ്യമായതോടെ നേരത്തെയുണ്ടായിരുന്ന 35 കീലോ മീറ്റര്‍ ദൂരം 18 ആയി കുറയും. 2013 ജൂണ്‍ അഞ്ച്‌ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്തു. ജമ്മുവിലെ ബാനിഹാള്‍ ടൗണ്‍ മുതല്‍ കശ്മീരിലെ ഖാസിഗുണ്ട് ടൗണ്‍ വരെ 11 കി.മീറ്ററാണ് തുരങ്കത്തിന്റെ നീളം. 1,691 കോടി ചെലവ് വന്ന പാതയുടെ നിര്‍മ്മാണം ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍വഹിച്ചത്. ആറു വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ ഈ നിര്‍മ്മിതിക്കായി പാറ പൊട്ടിക്കുന്നതിന് ഓസ്‌ട്രേലിയന്‍ സംവിധാനമാണ് ഉപയോഗിച്ചത്. ഇന്ത്യന്‍ കരസേനയുടെ സഹായവും തുരങ്കനിര്‍മ്മാണത്തില്‍ ലഭിച്ചിരുന്നു.

കോട്ടയം-ചങ്ങനാശേരി റൂട്ടിലെ കഞ്ഞിക്കുഴി ഇരട്ടത്തുരങ്കമാണ് കേരളത്തില്‍ ഈ ഗണത്തിലെ അത്ഭുതം. വരുന്ന നവംബര്‍ അവസാനത്തോടെ കഞ്ഞിക്കുഴി പ്‌ളാന്റേഷന്‍ മേല്‍പ്പാലം തുറന്നുകൊടുക്കുന്നതോടെ ചിങ്ങവനം-കോട്ടയം പാതയിരട്ടിപ്പിക്കലിന്റെ നിര്‍മാണം അടുത്തഘട്ടത്തിലേക്ക് കടക്കും. റബ്ബര്‍ ബോര്‍ഡ് ആസ്ഥാന മന്ദിരത്തിന് സമീപത്തെ രണ്ടാമത്തെ പാലത്തിന്റെ നിര്‍മാണംകൂടി കഴിയുമ്പോള്‍ ഈ ഭാഗത്തെ പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകും. നിലവില്‍ റെയില്‍വേ തുരങ്കത്തിന് സമാന്തരമായി പാളം നിര്‍മിക്കാനുള്ള മണ്ണെടുപ്പ് പുരോഗമിക്കുകയാണ്.

മുട്ടമ്പലം റെയില്‍വേ ഗേറ്റിന് സമീപത്തുനിന്ന് സ്‌റ്റേഷന്‍ വരെ ഒരു കിേലാമീറ്റര്‍ ദൂരത്തില്‍ മണ്ണുനീക്കി പാളവും മേല്‍പ്പാലങ്ങളും പണിയുമ്പോള്‍ യാത്രയുടെ ഓര്‍മയില്‍നിന്ന് വിസ്മൃതിയിലേക്ക് മായുക രണ്ട് തുരങ്കങ്ങളാണ്. അതും കോട്ടയത്തിന്റെ മുദ്ര ചാര്‍ത്തുന്ന രണ്ട് റെയില്‍വേ തുരങ്കങ്ങള്‍. ഇരട്ടപ്പാത പൂര്‍ത്തിയാകുമ്പോള്‍ ഗതാഗതം പുതിയ പാളത്തിലൂടെയായിരിക്കും. ഇതോടെയാണ് തുരങ്കങ്ങള്‍ വഴിയുള്ള ട്രെയിന്‍ യാത്ര ഓര്‍മയാവുന്നത്. ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയിലായിട്ടാണ് ഈ രണ്ട് തുരങ്കങ്ങളുള്ളത്. കോട്ടയം സ്‌റ്റേഷനും റബ്ബര്‍ ബോര്‍ഡ് ഓഫീസിനുമടുത്തുമാണ് ഇവ. യഥാക്രമം 84, 65 മീറ്റര്‍ വീതം നീളമാണ് ഇവയ്ക്കുള്ളത്.

കേരളത്തില്‍ നിലവില്‍ തീവണ്ടി ഗതാഗതമുള്ള ഏക തുരങ്കമാണ് കോട്ടയത്തേത്. ഇവിടത്തെ റെയില്‍വേ ചരിത്രത്തോളം പഴക്കമുണ്ട് കഞ്ഞിക്കുഴിയിലെ ഈ രണ്ട് തുരങ്കങ്ങള്‍ക്ക്. ആ ചരിത്രം തിരിച്ചറിഞ്ഞിട്ടാണ് ഇരട്ടപ്പാതയ്ക്കായി ഇവ പൊളിച്ച് നീക്കാതിരിക്കാനുള്ള ശ്രമം നടത്തിയത്. അതുകൊണ്ട് പുതിയ പാളങ്ങള്‍ തുരങ്കങ്ങളിലൂടെയാക്കാന്‍ സാധ്യതാപഠനം പോലും നടത്തിയിരുന്നു. എന്നാല്‍, തുരങ്കത്തിന് മുകളില്‍ പാറ അധികമില്ലാത്തതിനാല്‍ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പകരമായാണ് മണ്ണുമാറ്റി ഇരട്ടപ്പാതയും മേല്‍പ്പാലങ്ങളും പണിയുന്നതിന് തുടക്കമായത്. പകരം തുരങ്കങ്ങളുള്ള പാളം ഷണ്ടിങ്ങിന് ഉപയോഗിക്കും.

പഴയപാതകള്‍ ഇരട്ടിപ്പിക്കുകയോ ബ്രോഡ്‌ഗേജാക്കുകയോ ചെയ്തപ്പോള്‍ ഇരുട്ടുനിറഞ്ഞ തുരങ്കങ്ങള്‍ പലതും റെയില്‍വേ ഭൂപടത്തില്‍നിന്ന് മാഞ്ഞുപോയെങ്കിലും കോട്ടയത്തെ തുരങ്കങ്ങള്‍ക്ക് 'തുരങ്കം'വച്ചില്ല. 1957 ഒക്ടോബറിലാണ് കെ.കെ റോഡിന് 54 അടി താഴ്ചയില്‍ രണ്ട് തുരങ്കങ്ങള്‍ നിര്‍മിച്ചത്. കുന്നു വെട്ടിത്താഴ്ത്തി പാറ പൊട്ടിച്ചാണ് റെയില്‍പാളം സ്ഥാപിച്ചത്. ഇതിനു മുകളില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചു നിര്‍മിച്ചശേഷം ചുറ്റും മണ്ണിട്ടുനിറയ്ക്കുന്ന രീതിയിലാണ് തുരങ്കം നിര്‍മിച്ചത്. 
ടണല്‍ വിശേഷവും വിസ്മൃതിയിലാവുന്ന കോട്ടയം തുരങ്കയാത്രയും (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക