Image

നമുക്ക് വീണ്ടും വീണ്ടും തിരികള്‍ തെളിച്ചു കൊണ്ടേയിരിക്കേണ്ടി വരും (ജീന രാജേഷ്, കാനഡ)

ജീന രാജേഷ് Published on 29 October, 2019
നമുക്ക് വീണ്ടും വീണ്ടും തിരികള്‍ തെളിച്ചു കൊണ്ടേയിരിക്കേണ്ടി വരും (ജീന രാജേഷ്, കാനഡ)
ഒരു കുഞ്ഞു ജനിച്ചാല്‍ അതിന്റെ പ്രാഥമിക ഉത്തരവാദിത്തം മാതാപിതാക്കള്‍ക്ക് തന്നെയാണ്...!

നമുക്ക് സൂര്യനു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെയൊന്നു സങ്കല്പിക്കാം... ആദ്യ ഓര്‍ബിറ്റില്‍ മാതാപിതാക്കള്‍..! അതിലും കുഞ്ഞെത്രമാത്രം ചെറുതായിരിക്കുന്നുവോ അത്രമേല്‍ അമ്മയാവും പരിപാലനത്തിനും സംരക്ഷണത്തിനും വേണ്ടത്... അങ്ങനെയേ പാടുള്ളൂ എന്നല്ലാ അതൊരു പ്രകൃതി നിയമമാണ്...

(മറുവാദങ്ങളുന്നയിക്കുന്നവര്‍ക്കാവാം...)

സഹോദരങ്ങള്‍ മുത്തശ്ശന്‍ മുത്തശ്ശിമാര്‍ വളരെ അടുത്ത ബന്ധുക്കള്‍ ഒക്കെ മാതാപിതാക്കള്‍ കഴിഞ്ഞുള്ള ലെയറില്‍...
സ്‌ക്കൂളില്‍ പോകുന്നൊരു കുട്ടിയാണെങ്കില്‍ അവരുടെ അദ്ധ്യാപകര്‍ ഈ രണ്ടാമത്തെ വലയത്തില്‍ തന്നെ വരും...

പിന്നെ കുഞ്ഞിന്റെ ചുറ്റുമുള്ള സമൂഹം...!!

നിയമങ്ങള്‍ കൊണ്ടും സാഹചര്യങ്ങള്‍ കൊണ്ടും സംരക്ഷണവും സാധ്യതകളും തീര്‍ത്ത് സ്‌റ്റേറ്റ്, എല്ലാത്തിനും വെളിയിലെ ഉറപ്പുള്ള മതിലാവണം...

ഒരു കുഞ്ഞിന്റെ സംരക്ഷണത്തിലൊരു അപാകത ഈപ്പറഞ്ഞ ഏതു ലേയറില്‍ നിന്നു വന്നാലും അത് കുറ്റകരമായ വസ്തുതയാണ്. എല്ലാ ലെയറുകളില്‍ നിന്നുമുള്ള കുറ്റകരമായ അനാസ്ഥകളെ തരണം ചെയ്യാന്‍ വളരെ പ്രോആക്ടീവായിത്തന്നെ സ്‌റ്റേറ്റിന്റെ ഘടകങ്ങള്‍ പ്രവര്‍ത്തിക്കണം...

ശിശുക്ഷേമ വകുപ്പ്, ആരോഗ്യ വകുപ്പ്, നിയമവും അതിന്റെ വാഴ്ചയും തുടങ്ങിയവയെല്ലാം ഇതിനായി ഒരുമിച്ച് നില്‌ക്കേണ്ടവയാണ്...

പറഞ്ഞു വരുന്നത് കുറ്റകരമായ അനാസ്ഥകള്‍ എവിടെ നിന്നും വരാം... അത് കുഞ്ഞിന്റെ ആദ്യ കോണ്ടാക്റ്റ് പോയന്റായ അമ്മയില്‍ നിന്നോ അച്ഛനില്‍ നിന്നുമോ.. അല്ലെങ്കില്‍ സ്‌റ്റേറ്റിന്റെ ഘടകങ്ങളില്‍ നിന്നുമോ ആവാം..!

അവയെയെല്ലാം തടയാന്‍ കെല്പുള്ളവയാകണം നിയമങ്ങള്‍...

കുഞ്ഞുങ്ങളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ തിരിച്ചറിയണം... തങ്ങള്‍ മാതാപിതാക്കള്‍ മാത്രമാണ് ഉടമകളല്ലെന്ന്...!!

അതു പോലെ സമൂഹത്തിലെ ഓരോ അംഗത്തിനുമുണ്ടാവണം ആ ഉത്തരവാദിത്തം... ഏതെങ്കിലുമൊരു കുഞ്ഞിനോടുള്ള അനാസ്ഥ കണ്ണില്‍പ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത് എന്നോരോ വ്യക്തിയും അറിഞ്ഞിരിക്കണം... ചെയ്യാതെ വന്നാല്‍ അതിന് പ്രത്യാഖ്യാതങ്ങളുണ്ടാവുകയും വേണം..

വളരെ അപലപനീയമായ ഒരു സംഭവം നടന്നതിനു ശേഷം പ്രക്ഷോഭങ്ങളിലൂടെ അതിവൈകാരികമായി നീതി നേടിയെടുക്കേണ്ടി വരിക എന്നതല്ലേ നമ്മുടെ ഏറ്റവും വലിയ അപചയം.

അതി വൈകാരികതയില്ലാതെയും സുതാര്യതയോടെയും അതി കര്‍ക്കശമായും നടപ്പാക്കേണ്ടിയിരിക്കുന്നു സ്‌റ്റേറ്റിന്റെ സംരക്ഷണം...

സാഹചര്യങ്ങള്‍ക്കും സദാചാരങ്ങള്‍ക്കും ഹൃദയവിചാര വികാരങ്ങള്‍ക്കും രണ്ടാം സ്ഥാനമേ അതിനു മുന്നിലുണ്ടാകാവൂ...

(ഇവയെ മറ്റൊരു തലത്തില്‍ പരിഗണിക്കാം.)

പക്ഷേ എന്തൊരു ദുരിതത്തിലാണ് നാം...കണ്ണീര്‍ക്കഥകള്‍ പറഞ്ഞ് തിരികള്‍ തെളിച്ച് വേണം നീതി നേടിയെടുക്കാന്‍... ഹാ കഷ്ടം!!

വാല്‍ക്കഷണം: ഞാന്‍ മുകളിലെഴുതിയത് ഇതിലും നന്നായി പറയാനറിയാവുന്നവരും ചെയ്യാന്‍ കഴിവും അധികാരവുമുള്ളവര്‍ എന്നെ വായിക്കുന്നവരിലുണ്ടാവാം.. അവരോടാണ്...

വാളയാറിലെക്കുട്ടികളുടെ മരണത്തിന് പ്രത്യക്ഷാ ഉത്തരവാദികള്‍ ആരുമില്ലായെന്ന് വരുത്തിത്തീര്‍ത്ത സാഹചര്യത്തില്‍ ഇനി ഇതു പോലെ മറ്റൊരു കുഞ്ഞിനും സംഭവിക്കാതിരിക്കാന്‍ എന്തു ചെയ്യാനാവും നമുക്ക്?

തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടു കൊണ്ട് മുന്നോട്ട് പോകാനായില്ലെങ്കില്‍ നമുക്ക് വീണ്ടും വീണ്ടും തിരികള്‍ തെളിച്ചു കൊണ്ടേയിരിക്കേണ്ടി വരും..!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക