Image

അനീതിയ്ക്കും ചൂഷണത്തിനും എതിരെയുള്ള പോരാട്ടമായിരുന്നു ഗുരുദാസ് ദാസ് ഗുപ്തയുടെ ജീവിതം: നവയുഗം.

Published on 01 November, 2019
അനീതിയ്ക്കും ചൂഷണത്തിനും എതിരെയുള്ള പോരാട്ടമായിരുന്നു ഗുരുദാസ് ദാസ് ഗുപ്തയുടെ ജീവിതം: നവയുഗം.
ദമ്മാം: മുതിര്‍ന്ന സിപിഐ നേതാവും, മികച്ച പാര്‍ലമെന്റേറിയനും, എ.ഐ.ടി.യു.സിയുടെ മുന്‍ജനറല്‍ സെക്രട്ടറിയുമായ ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

അഴിമതിയ്ക്കും അനീതിയ്ക്കും ചൂഷണത്തിനും എതിരെയുള്ള നിരന്തരവും വിട്ടുവീഴ്ചയില്ലാത്തതുമായ പോരാട്ടമാണ് ഒരു കമ്മ്യുണിസ്റ്റുകാരന്റെ ജീവിതം എന്ന് തെളിയിച്ച തൊഴിലാളി നേതാവായിരുന്നു ഗുരുദാസ് ദാസ് ഗുപ്ത എന്ന്, നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു..

 ജനപക്ഷ നിലപാടുകളില്‍ ആത്മാര്‍ത്ഥതയും, സത്യസന്ധതയും പുലര്‍ത്തിയ കര്‍മ്മയോഗിയും, പാര്‍ലമെന്റിലെ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു ഗുരുദാസ് ദാസ്ഗുപ്ത. മൂന്നുവട്ടം രാജ്യസഭാംഗമായിരുന്ന അദ്ദേഹം, 2004ല്‍ പശ്ചിമബംഗാളിലെ പാംസ്‌കുരയില്‍നിന്നും, 2009ല്‍ ഘട്ടാലില്‍ നിന്നുമാണ് ലോക്‌സഭാംഗമായത്. സിപിഐ ദേശീയ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും, ദീര്‍ഘകാലം എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹം നിലവില്‍ സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗമാണ്.

എന്നും ജനങ്ങള്‍ക്കായി മാറ്റി വെച്ച ത്യാഗനിര്‍ഭരമായ  രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
കെ ജി ബെയ്‌സിനിലിലെ ഗ്യാസിന്റെ വില ഇരട്ടിയാക്കാനുള്ള അനുമതി റിലയന്‍സിന് നല്‍കാനുള്ള യു പി എ സര്‍ക്കാരിന്റെ നീക്കം  തടഞ്ഞത് അദ്ദേഹത്തിന്റെ ഒറ്റയാള്‍പോരാട്ടമായിരുന്നു. ഹര്‍ഷദ് മേത്ത തട്ടിപ്പിനെക്കുറിച്ചു അന്വേഷിച്ച ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയില്‍ അംഗമായ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ വലിയൊരു കോര്‍പ്പറേറ്റ് അഴിമതിയെയാണ് വെളിച്ചത്ത് കൊണ്ടുവന്നത്.

രാജ്യസഭാ അംഗമായിരുന്ന കാലത്ത് ഒരിയ്ക്കല്‍, ഗുരുദാസ് ദാസ്ഗുപ്ത തനിക്ക് കിട്ടിയ വിവരങ്ങള്‍ ഉപയോഗിച്ച്, വലിയ ഒരു തുകയുടെ ടാക്‌സ് വെട്ടിപ്പ് നിയമത്തിനു മുന്നില്‍ കൊണ്ടു വരികയും, അതിന്റെ സമ്മാനമായി ആദായ നികുതി വകുപ്പ് അതിന്റെ 20% അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി പഞ്ചാബിലെ ഭീകരവാദികള്‍ ക്കെതിരെ അത് ശക്തമായ ചെറുത്തുനില്‍പ്പ് സഖാവ് സത്യപാല്‍ ഡാങ്കിന്റെയും മറ്റും നേതൃത്വത്തില്‍ നടത്തുന്ന കാലമാണ്. ഒരു മടിയും കൂടാതെ, കിട്ടിയ തുക മുഴുവന്‍, പഞ്ചാബിലെ ഭീകരരവാദത്തിന് ഇരയായ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിന് നല്‍കുകയായിരുന്നു അദ്ദേഹം  ചെയ്തത്. 2ജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സംയുക്ത പാര്‍ലമെന്ററി കമ്മറ്റിയിലെ അംഗമായിരുന്ന അദ്ദേഹം, സാധാരണക്കാര്‍ക്കായി സഭയ്ക്കകത്തും പുറത്തും നടത്തിയ പോരാട്ടങ്ങള്‍ അവിസ്മരണീയങ്ങളാണ്..
.
2013ല്‍ റിയാദിലെ ഫൂത്താ പാര്‍ക്കില്‍ നിയമലംഘകരായി കഴിഞ്ഞിരുന്ന 174 ഇന്ത്യാക്കാരുടെ ജീവിതം, ആറു മാസം പിന്നിട്ട് യാതനകളാല്‍ ദു:സ്സഹമായപ്പോള്‍, ഈ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്ര ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാന്‍ എം.പിയായിരുന്ന അദ്ദേഹം സ്വീകരിച്ച നടപടികള്‍ ഏറെ നന്ദിയോടെ മാത്രമേ സൗദി പ്രവാസികള്‍ക്ക് ഓര്‍ക്കുവാന്‍ കഴിയുകയുള്ളൂ.
.
പ്രായവും ആരോഗ്യവും അനുവദിച്ചിരുന്നെങ്കില്‍, ഫാസിസം പിടിമുറുക്കുന്ന ഈ വര്‍ത്തമാനകാല ഇന്ത്യയിലും അദ്ദേഹത്തിന്റെ പോരാട്ടം തുടര്‍ന്നേനെ. സി.പി.ഐയ്ക്കും, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും മാത്രമല്ല, ഭരണഘടനയെ ബഹുമാനിയ്ക്കുന്ന ജനാധിപത്യസ്‌നേഹികള്‍ക്കും, സാധാരണക്കാര്‍ക്കും തീരാനഷ്ടമാണ്  അദ്ദേഹത്തിന്റെ വിയോഗമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനപ്രമേയത്തില്‍ പറഞ്ഞു.

അനീതിയ്ക്കും ചൂഷണത്തിനും എതിരെയുള്ള പോരാട്ടമായിരുന്നു ഗുരുദാസ് ദാസ് ഗുപ്തയുടെ ജീവിതം: നവയുഗം.
അനീതിയ്ക്കും ചൂഷണത്തിനും എതിരെയുള്ള പോരാട്ടമായിരുന്നു ഗുരുദാസ് ദാസ് ഗുപ്തയുടെ ജീവിതം: നവയുഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക