Image

ലോക കുടിയേറ്റത്തില്‍ മിടുക്കര്‍ ഇന്ത്യക്കാര്‍, യു.എസിലും മോശമല്ല (എ.എസ്)

എ.എസ് Published on 01 November, 2019
ലോക കുടിയേറ്റത്തില്‍ മിടുക്കര്‍ ഇന്ത്യക്കാര്‍, യു.എസിലും മോശമല്ല (എ.എസ്)
ചന്ദ്രനില്‍ ചെന്നാലും അവിടെ ഒരു മലയാളിയുടെ ചായക്കട കാണും എന്ന് പറയുന്നത് ഭാവിയില്‍ അതിശയോക്തിയല്ലാതായേക്കാം. എന്നാല്‍ ചൊവ്വയുടെ കാര്യത്തില്‍ അത് സത്യമാവുകയാണ്. മൂന്ന് മലയാളികളാണ് ചൊവ്വാ യാത്രക്ക് തയ്യാറായിരിക്കുന്നത്. അതില്‍ രണ്ട് പേര്‍ സ്ത്രീകളാണെന്നതാണ് ശ്രദ്ധേയം. തിരിച്ചുവരാത്ത ഒരു കുടിയേറ്റമായി വിശേഷിപ്പിക്കുന്ന ചൊവ്വ യാത്രയ്ക്കുള്ള ലക്ഷക്കണക്കിന് പേരില്‍ നിന്ന് തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ 705 പേര്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതില്‍ പെടുന്നവരാണ് ഈ മലയാളികള്‍. ലേഖ മേനോന്‍, ശ്രദ്ധ പ്രസാദ്, രാകേഷ്, ഇവരാണ് ആ മൂന്ന് പേര്‍. ഇതില്‍ ലേഖയും ശ്രദ്ധയും പാലക്കാട്ടുകാരാണ്. രാകേഷ് തിരുവനന്തപുരം സ്വദേശിയും. പട്ടികയില്‍ 44  ഇന്ത്യക്കാരുമുണ്ട്. 2023ല്‍ ആണ് ആദ്യ ചൊവ്വ കുടിയേറ്റത്തിന് പദ്ധതിയിട്ടിരിക്കുന്നത്. 'മാര്‍സ് വണ്‍' എന്ന പദ്ധതിക്ക് കീഴിലാണിത്.
 
തല്‍ക്കാലം ചന്ദ്രനും ചൊവ്വയും അവിടെ നില്‍ക്കട്ടെ. ലോകത്തെ ഏറ്റവും ശക്തമായ പ്രവാസി സമൂഹം ഇന്ത്യാക്കാരുടേതാണെന്ന് ഐക്യരാഷ്ട്ര സംഘടന ഈയിടെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പത്ത് രാജ്യങ്ങളാണ് ലോകത്തെ പ്രവാസി സമൂഹങ്ങളില്‍ മൂന്നിലൊന്നും. ഇതില്‍ ഒന്നാമത് ഇന്ത്യയാണ്. 1.75 കോടി ഇന്ത്യാക്കാരാണ് വിവിധ രാജ്യങ്ങളില്‍ പ്രവാസികളായുള്ളത്. മെക്‌സിക്കോയാണ് രണ്ടാംസ്ഥാനത്ത്. 1.18 കോടിയാണ് മെക്‌സികോയുടെ പ്രവാസി ജനസംഖ്യ. 1.07 കോടി പ്രവാസികളുമായി ചൈന മൂന്നാം സ്ഥാനാത്താണ്. റഷ്യ (1.05 കോടി), സിറിയ (82 ലക്ഷം), ബംഗ്ലാദേശ് (78 ലക്ഷം), പാകിസ്ഥാന്‍ (63 ലക്ഷം), യുക്രൈന്‍ (59ലക്ഷം), ഫിലിപ്പീന്‍സ് (54 ലക്ഷം) , അഫ്ഗാനിസ്ഥാന്‍ (51 ലക്ഷം) എന്നിവയാണ് പ്രവാസികളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മറ്റ് രാജ്യങ്ങള്‍. 

ലോകമെമ്പാടും 27.2 കോടി പ്രവാസികളാണുള്ളത്.  ഇതില്‍ പകുതിയോളം പേര്‍ പത്ത് രാജ്യങ്ങളിലായാണ് കുടിയേറിയിട്ടുള്ളത്. ലോകത്തേറ്റവും കൂടുതല്‍ പ്രവാസികളുള്ള രാജ്യം യു.എസ്.എ തന്നെ. 5.1 കോടി പ്രവാസികളാണിവിടെയുള്ളത്. ഇത് മൊത്തം പ്രവാസികളുടെ 19 ശതമാനം വരും. ജര്‍മനിയും സൗദി അറേബ്യയുമാണ് പ്രവാസികളെ സ്വീകരിക്കുന്നതില്‍ രണ്ടാം സ്ഥാനത്ത്. ഈ രണ്ട് രാജ്യങ്ങളിലും 1.3 കോടി വീതം പ്രവാസികളാണുള്ളത്. 1.2 കോടി പ്രവാസികളുള്ള റഷ്യ മൂന്നാം സ്ഥാനത്തും ഒരു കോടി പ്രവാസികളുള്ള യു.കെ നാലാം സ്ഥാനത്തുമാണ്. യു.എ.ഇയില്‍ 90 ലക്ഷം പ്രവാസികളാണുള്ളത്. ഫാന്‍സ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ 80 ലക്ഷം പ്രവാസികളും ഇറ്റലിയില്‍ 60 ലക്ഷം പ്രവാസികളുമാണുള്ളത്. 

ഇക്കൊല്ലം അന്താരാഷ്ട്ര തലത്തില്‍ യൂറോപ്പാണ് ഏറ്റവും കൂടുതല്‍ പ്രവാസികളെ സ്വീകരിച്ചത് 8.2 കോടി പ്രവാസികളാണ് 2019ല്‍ ഇതുവരെ യൂറോപ്പിലെത്തിയത്. 5.9 കോടി പ്രവാസികളെത്തിയ നോര്‍ത്ത് അമേരിക്ക രണ്ടാം സ്ഥാനത്തും 4.9 കോടി പ്രവാസികള്‍ വീതം എത്തി ചേര്‍ന്ന വടക്കേ ആഫ്രിക്കയും പശ്ചിമേഷ്യയുമാണ് മൂന്നാം സ്ഥാനത്തുമുള്ളത്. ഇക്കൊല്ലത്തെ കണക്കനുസരിച്ച് 51 ലക്ഷം രാജ്യാന്തര പ്രവാസികള്‍ ഇന്ത്യയിലുണ്ട്. 2015ല്‍ ഇത് 52 ലക്ഷമായിരുന്നു. 2010 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 0.4 ശതമാനമാണ് ഇന്ത്യയിലുള്ള പ്രവാസികള്‍. 2,07,000 അഭയാര്‍ത്ഥികളാണ് ഇന്ത്യയിലുള്ളത്. ഇത് രാജ്യാന്തര തലത്തില്‍ അഭയാര്‍ത്ഥികളുടെ നാല് ശതമാനമാണ്. ഇന്ത്യയിലുള്ള പ്രവാസികളില്‍  48.8 ശതമാനം സ്ത്രീകളാണ്.  ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലുള്ള പ്രവാസികളില്‍ ഭൂരിപക്ഷവും.  

അതേസമയം യു.എസ് പ്രവാസികളില്‍ നാലില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട്. 2016ല്‍ തൊഴിലാളികളും വിദ്യാര്‍ത്ഥികളുമുള്‍പ്പടെ ഏകദേശം 23 ലക്ഷം ആളുകളാണ് അമേരിക്കയില്‍ ഉണ്ടായിരുന്നത്. 2015ല്‍ ഉണ്ടായിരുന്ന ഇരുപത് ലക്ഷം 15 ശതമാനം വര്‍ധിച്ചാണ് 2.3 മില്യണിലെത്തിയത്. യു.എസിലുള്ള റസിഡന്റ് നോണ്‍ ഇമിഗ്രന്റ്‌സില്‍ 60 ശതമാനത്തോളം ഏഷ്യന്‍ രാജ്യങ്ങളിലെ പൗരന്മാരാണ്. ഇതില്‍ത്തന്നെ 15 ശതമാനം ചൈനയില്‍ നിന്നാണ്. താല്‍കാലിക ആവശ്യങ്ങള്‍ക്കായി അമേരിക്കയില്‍ എത്തിയവരും ഇതില്‍ ഉള്‍പ്പെടുന്നു. ജോലിക്കായോ പഠനത്തിനായിട്ടോ എക്‌സ്‌ചേഞ്ച് പരിപാടിയില്‍ പങ്കെടുക്കാനോ വിദേശ സര്‍ക്കാരിനെയോ സംഘടനയോ പ്രതിനിധീകരിക്കാനോ അമേരിക്കയില്‍ എത്തിയവരും കണക്കില്‍ ഉള്‍പ്പെടുന്നുണ്ട്.

റസിഡന്റ,് നോണ്‍ ഇമിഗ്രന്റ് എന്നീ വിഭാഗങ്ങളിലായി 5,80,000 ഇന്ത്യക്കാരാണ് 2016ല്‍ യു.എസില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 4,40,000 പേര്‍ താല്‍ക്കാലിക ജീവനക്കാരാണ്. ഇതില്‍ എച്ച് 1 ബി വിസയിലുള്ളവരും 1,40,000 വിദ്യാര്‍ത്ഥികളും ഉള്‍പെടും. 3,40,000 പേരുമായി ചൈനയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇതില്‍ 40,000 താല്‍ക്കാലിക ജീവനക്കാരും 2,60,000 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. മെക്‌സിക്കോ, കാനഡ, ദക്ഷിണ കൊറിയ, ജപ്പാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് യു.എസില്‍ പ്രവാസികളായുള്ള മറ്റ് പ്രധാന രാജ്യക്കാര്‍ . ഇന്ത്യയുടെ അതേ  ട്രെന്‍ഡാണ്  മെക്‌സിക്കന്‍ പ്രവാസികളുടേത്. 85 ശതമാനം പേര്‍ താല്‍ക്കാലിക തൊഴിലാളികളും 10 ശതമാനം വിദ്യാര്‍ത്ഥികളും.

ഇന്ത്യയിലെ അസഹിഷ്ണുതയും തൊഴിലില്ലായ്മയും മൂലം 2014 മുതല്‍ 22,000ത്തിലേറെ ഇന്ത്യക്കാര്‍ യു.എസില്‍ അഭയം തേടിയെത്തിയെന്നും ചില കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ഏഴായിരത്തോളം സ്ത്രീകള്‍ ഉണ്ടത്രേ. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 മുതലുള്ള കണക്കാണിതെന്നതാണ് സുപ്രധാനമായ കാര്യം. ഇപ്പോള്‍ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കുകയും ചെയ്യുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014 മുതല്‍ ഇന്ത്യയിലെ അസഹിഷ്ണുത, ആള്‍ക്കൂട്ട ആക്രമണങ്ങള്‍, പ്രമുഖ എഴുത്തുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും  കൊലപാതകങ്ങല്‍ തുടങ്ങിയവ ലോകമെമ്പാടും ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ്  ഇന്ത്യക്കാരുടെ യു.എസിലേയ്ക്കുള്ള അഭയാര്‍ത്ഥി പ്രവാഹമെന്ന് പറയപ്പെടുന്നു. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം ലഭിച്ച കണക്കനുസരിച്ച 22,371 ഇന്ത്യാക്കാരാണ് അഭയം തേടി അമേരിക്കയെ സമീപിച്ചത്. യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് മൈഗ്രേഷന്‍ സര്‍വീസ്സ് നാഷണല്‍ റെക്കോഡ്‌സ് സെന്ററില്‍ നിന്നുള്ള രേഖകള്‍ പ്രകാരമാണിത്. 

നിയമവിരുദ്ധമായി ഇങ്ങനെ അമേരിക്കയില്‍ അഭയം തേടി  എത്തുന്ന പലരും പ്രൈവറ്റ് അറ്റോണികളുടെ സഹായം തേടുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് നല്‍കേണ്ടി വരുന്ന ഫീസ് താങ്ങാനാവുന്നതിലുമേറെയാണ്. അഭയം തേടിയെത്തുന്നതില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ കൗണ്‍സലിനെ കണ്ടെത്താന്‍ സാധിക്കുന്നുള്ളൂ. അതിനാല്‍ തന്നെ അവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് കിട്ടാന്‍ മാസങ്ങളോളം പ്രതിസന്ധികള്‍ നിറഞ്ഞ സാഹചര്യത്തില്‍ കാത്തിരിക്കേണ്ടി വരും. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ആദ്യം ഒരു സ്ത്രീയടക്കം 311 ഇന്ത്യാക്കാരെ മെക്‌സിക്കോ തിരികെ ഇന്ത്യയിലേക്ക് അയച്ചിരുന്നു. അവര്‍ യു.എസിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചവരായിരുന്നുവെന്നാണ് വാര്‍ത്തകള്‍. ദ നാഷണല്‍  മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആണ് ഇക്കാര്യം അറിയിച്ചത്. ചരിത്രത്തിലാദ്യമായാണ് മെക്‌സിക്കോ ഇത്രയധികം ഇന്ത്യാക്കാരെ തിരിച്ചയക്കുന്നത്. യു.എസിലേക്ക് കുടിയേറാന്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന രാജ്യമാണ് മെക്‌സിക്കോ. ഇതുവഴിയുള്ള അമേരിക്കന്‍ കുടിയേറ്റം തടയാന്‍ നടപടികള്‍ കര്‍ശനമാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ നടപടി.

ലോക കുടിയേറ്റത്തില്‍ മിടുക്കര്‍ ഇന്ത്യക്കാര്‍, യു.എസിലും മോശമല്ല (എ.എസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക