Image

വൃന്ദാവനിലെ വിധവകള്‍ക്ക് തുണയായി സുപ്രീം കോടതി

Published on 10 May, 2012
വൃന്ദാവനിലെ വിധവകള്‍ക്ക് തുണയായി സുപ്രീം കോടതി
ന്യൂഡല്‍ഹി: മഥുരയിലെ വൃന്ദാവനിലെ വിധവകളുടെ സാമൂഹികസാമ്പത്തിക സാഹചര്യങ്ങള്‍ പഠിക്കാന്‍ ഏഴംഗ സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കി. വിധവകളുടെ ജീവിത ചുറ്റുപാടുകളെക്കുറിച്ച് എട്ടാഴ്ചയ്ക്കകം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് ഡി. കെ. ജയിന്‍, അനില്‍. ആര്‍. ദവെ എന്നിവരടങ്ങുന്ന ബെഞ്ച് മഥുര ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സമിതിക്ക് നിര്‍ദേശം നല്‍കി. 

ദേശീയ വനിതാ കമ്മിഷന്‍, മഥുര ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, സീനിയര്‍ പോലീസ് സൂപ്രണ്ട്, ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സമിതി ജൂലായ് 25ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വിധവകളുടെ പേരുകള്‍, വയസ്സ്, മേല്‍വിലാസം, ജനിച്ച സ്ഥലം, വൃന്ദാവനിലെത്തിപ്പെട്ടത് എങ്ങനെ, ജന്മനാട്ടില്‍ സ്വന്തമായോ ഭര്‍ത്താവിന്റെയോ പേരിലുള്ള സ്വത്തുക്കള്‍ തുടങ്ങിയ വിവരങ്ങളും ചേര്‍ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

കുടുംബം കൈയൊഴിഞ്ഞ് നരകതുല്യമായ ജീവിതം നയിക്കുന്ന വൃന്ദാവനിലെ വിധവകള്‍ക്ക് താമസമടക്കമുള്ള സൗകര്യങ്ങള്‍ നല്‍കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ദേശീയ ലീഗല്‍ സര്‍വീസസ് സൊസൈറ്റിക്ക് വേണ്ടി അഭിഭാഷകയായ ഇന്ദിരാ ഷാനി സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി പഠനത്തിന് നിര്‍ദേശം നല്‍കിയത്. 

വിധവകളുടെ പുനഃരധിവാസത്തിന് നടപടി തേടിയുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും നേരത്തേ സുപ്രീം കോടതി നോട്ടീസയച്ചിരുന്നു. മഥുരയിലെ ക്ഷേത്രങ്ങളില്‍ ഭിക്ഷയെടുത്തും രാത്രി ലായങ്ങളില്‍ കിടന്നുറങ്ങിയും നരകജീവിതം നയിക്കുന്ന വിധവകളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുള്ളതായിരുന്നു പൊതുതാത്പര്യ ഹര്‍ജി. 

എട്ടു മണിക്കൂര്‍ ഭജന പാടിയാല്‍ ആകെ ലഭിക്കുന്നത് 18 രൂപയാണ്. വൃന്ദാവനില്‍ ജീവിക്കുന്ന വിധവകള്‍ക്ക് മക്കളുണ്ടെങ്കിലും അവര്‍ തിരിഞ്ഞു നോക്കാറില്ലെന്ന് ആയിരത്തോളം വിധവകളുമായി ദേശീയ വനിതാ കമ്മീഷന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കണ്ടെത്തിയിരുന്നു. മുതിര്‍ന്നവരെ സംരക്ഷിക്കല്‍ നിയമമനുസരിച്ച് മക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മഥുരയിലും വൃന്ദാവനിലുമുള്ള ആശ്രമങ്ങളില്‍ പതിനായിരത്തോളം വിധവകള്‍ ഭിക്ഷക്കാരെപ്പോലെയാണ് ജീവിക്കുന്നത്. ഇവര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്നും 81 ശതമാനം പേര്‍ നിരക്ഷരരാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക