Image

കുലംകുത്തികളുടെ പേരിലും സിപിഎമ്മില്‍ തൊഴുത്തില്‍ക്കുത്ത്‌

ജി.കെ. Published on 10 May, 2012
കുലംകുത്തികളുടെ പേരിലും സിപിഎമ്മില്‍ തൊഴുത്തില്‍ക്കുത്ത്‌
ഒന്നും നഷ്‌ടപ്പെടാനില്ലാത്തവനോട്‌ പോരാടാനിറങ്ങുമ്പോള്‍ ബുദ്ധിയുള്ളവര്‍ രണ്‌ടുവട്ടം ചിന്തിക്കും. കാരണം പരാജയപ്പെട്ടാല്‍ അവന്‌ ഒന്നും നഷ്‌ടമാകാനിടയില്ലെന്നതു തന്നെ. ഒഞ്ചിയത്തെ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തെച്ചൊല്ലി സിപിഎമ്മില്‍ ഉയരുന്ന ഭിന്നസ്വരങ്ങളില്‍ വി.എസ്‌.സ്വീകരിക്കുന്ന നിലപാടാണ്‌ ഇപ്പോള്‍ ഇത്‌ പറയാന്‍ കാരണം ലാവലിന്‍ വിഷയത്തില്‍ പരസ്‌പരം പോരടിച്ചതിനുശേഷം ഇതാദ്യമായാണ്‌ പാര്‍ട്ടി സെക്രട്ടറിയുമായി വി.എസ്‌. തുറന്ന പോരിനിറങ്ങുന്നത്‌.

അന്ന്‌ വി.എസിന്‌ നഷ്‌ടപ്പെടാന്‍ പോളിറ്റ്‌ ബ്യൂറോ അംഗത്വവും മുഖ്യമന്ത്രിക്കസേരയുമെല്ലാം ഉണ്‌ടായിരുന്നെങ്കില്‍ ഇന്ന്‌ വി.എസിന്‌ നഷ്‌ടപ്പെടാന്‍ പ്രതിപക്ഷ നേതൃസ്ഥാനവും കേന്ദ്ര കമ്മിറ്റി അംഗത്വവും മാത്രമെയുള്ളൂ. പാര്‍ട്ടിസമ്മേളനങ്ങളില്‍ കുറ്റവിചാരണയ്‌ക്ക്‌ വിധേയനായി ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ്‌ വരെ ഏറ്റുവാങ്ങിയ വി.എസിന്‌ ഇനി മുന്‍ പിന്‍ നോക്കാനില്ല. അതുകൊണ്‌ടുതന്നെ തുറന്നപോരില്‍ നഷ്‌ടങ്ങളുണ്‌ടാവുന്നുവെങ്കില്‍ അത്‌ പിണറായിക്ക്‌ മാത്രമാകും. ഈ തിരിച്ചറിവുകൊണ്‌ടുതന്നെയാണ്‌ ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട്‌ വി.എസ്‌.പിണറിയിക്കെതിരെ പരസ്യമായി രംഗത്തുവന്നത്‌.

ടി.പി.ചന്ദ്രശേഖരന്‍ പ്രശ്‌നത്തില്‍ വി.എസിന്റെ ഓരോ നീക്കങ്ങളും ആലോചിച്ച്‌ ഉറപ്പിച്ചു തന്നെയായിരുന്നു. ചന്ദ്രശേഖരന്‌ അന്തിമോപചാരം അര്‍പ്പിക്കാന്‍ വി.എസ്‌.പോയാല്‍ അത്‌ പാര്‍ട്ടിക്ക്‌ ക്ഷീണം ചെയ്യുമെന്ന്‌ അറിയിച്ചിട്ടും പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള സൗജന്യത്തിന്റെ പേരിലാണ്‌ താന്‍ പോവുന്നതെന്ന്‌ വി.എസ്‌.വാദിച്ചപ്പോള്‍ പാര്‍ട്ടിക്ക്‌ മനസില്ലാ മനസോടെയാണെങ്കിലും അതിന്‌ വഴങ്ങേണ്‌ടിവന്നു. ഒപ്പം പിണറായിക്ക്‌ വി.എസ്‌ പോയതിനെ വാര്‍ത്താസമ്മേളനത്തില്‍ ന്യായീകരിക്കേണ്‌ടിയും വന്നു. ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ട്ടിക്ക്‌ പങ്കില്ലെന്ന്‌ തെളിച്ചു പറയാനും വി.എസ്‌. ഇതുവരെ തയാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്‌. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ഒരിക്കലും ഇത്തരമൊരു അരുംകൊല ചെയ്യില്ലെന്ന്‌ പകരം ഒരുകുത്തു കൊടുക്കുകയും ചെയ്‌തു. പാര്‍ട്ടി ജില്ലാ സെക്രട്ടറി നല്‍കിയ വിവരമനുസരിച്ചാണ്‌ താന്‍ സിപിഎമ്മിന്‌ പങ്കില്ലെന്ന്‌ ആദ്യം പറഞ്ഞെതന്ന്‌ കൂടി വി.എസ്‌.പറഞ്ഞുവെച്ചു.

പാര്‍ട്ടി സെക്രട്ടറി കുലംകുത്തിയെന്ന്‌ വിശേഷിപ്പിച്ച ടി.പി. ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റാണെന്ന്‌ ഉറക്കെ വിളിച്ചുപറഞ്ഞായിരുന്നു വി.എസ്‌.പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയത്‌. എന്നാല്‍ അത്‌ വി.എസിന്റെ അഭിപ്രായമാണെന്ന്‌ പറഞ്ഞ്‌ ഭിന്നത മറയ്‌ക്കാന്‍ പിണറായി ശ്രമിച്ചെങ്കിലും അതിന്‌ അതേ നാണയത്തില്‍ പരസ്യമായി മറുപടി നല്‍കി വി.എസ്‌ രംഗത്തുവന്നതോടെ ഇരുട്ടുകൊണ്‌ട്‌ ഓട്ട അടയ്‌ക്കാനുള്ള ശ്രമം പാഴ്‌ശ്രമമായി. രാഷ്‌ട്രീയ എതിരാളികളെ കായികമായി നേരിടാറില്ലെന്ന്‌ പാര്‍ട്ടി സെക്രട്ടറി ആണയിടുമ്പോഴും പാര്‍ട്ടിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ വി.എസിന്റെ നിലപാടുകള്‍ കാരണമായിട്ടുണ്‌ടെന്ന്‌ പറഞ്ഞാല്‍ അത്‌ അതിശോക്തിയാവില്ല. മലയാളി മനസിന്റെ പൊതുസ്വഭാവമനുസരിച്ച്‌ രണ്‌ടു നാള്‍ ചര്‍ച്ച ചെയ്‌ത്‌ മറവിയിലേക്ക്‌ തള്ളിയിടേണ്‌ടിയിരുന്ന ഒരുവിഷയം പാര്‍ട്ടിയുടെ രണ്‌ടു തലമുതിര്‍ന്ന നേതാക്കളുടെ പരസ്യ വിഴുപ്പലക്കലിനെത്തുടര്‍ന്ന്‌ സജീവമായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്നതും സിപിമ്മിനെ സംബന്ധിച്ചിടത്തോളം ശുഭവാര്‍ത്തയല്ല.

അഞ്ചാം മന്ത്രിയും പിള്ള-ഗണേഷ്‌ തര്‍ക്കവും സാമുദായിക സന്തുലനവുമെല്ലാം ഉയര്‍ത്തിയ വിവാദപ്പെരുമഴയില്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പാട്ടുംപാടി ജയിച്ചുകയറാമെന്ന സിപിഎം സ്വപ്‌നങ്ങള്‍ക്ക്‌ കൂടിയാണ്‌ പാര്‍ട്ടിയിലെ ഈ സമുന്നത നേതാക്കള്‍ നടത്തുന്ന പരസ്യമായ വിഴുപ്പലക്കല്‍ വിഘാതമാവുന്നത്‌. ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികള്‍ പിടിക്കപ്പെടുകയും കൊലപാതവുമായി പാര്‍ട്ടിക്ക്‌ യാതൊരു ബന്ധവുമില്ലെന്ന്‌ തെളിഞ്ഞാലും ഈ പരസ്യവിഴുപ്പലക്കല്‍ കൊണ്‌ടുണ്‌ടായ നാണക്കേട്‌ മാറയ്‌ക്കാന്‍ ഉടനൊന്നും സിപിഎമ്മിനാവില്ല.

മുന്നണിയ്‌ക്കകത്ത്‌ സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ സിപിഎമ്മിനെ സംശയനിഴലില്‍ നിര്‍ത്തി പ്രസ്‌താവനയിറക്കിയതിന്‌ പിന്നാലെയാണ്‌ വി.എസ്‌-പിണറായി പ്രസ്‌താവന യുദ്ധമെന്നതും ശ്രദ്ധേയമാണ്‌. അതുകൊണ്‌ട്‌ തന്നെ സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികളുടെ പിന്തുണ തനിക്കുണ്‌ടെന്ന്‌ വി.എസ്‌.ഉറപ്പുവരുത്തിയിട്ടുണ്‌ട്‌. ടി.പിചന്ദ്രശേഖരന്‍ തന്റെ അടുപ്പക്കാരനായിരുന്നുവെന്നതു മാത്രമല്ല വി.എസിനെക്കൊണ്‌ട്‌ ഇത്തരമൊരു പരസ്യനിലപാടെടുക്കാന്‍ പ്രേരിപ്പിച്ച ഘടകം.

പാര്‍ട്ടിയുടെ കണ്ണൂര്‍ ലോബിയെ നിര്‍ത്തിപപൊരിക്കാന്‍ ലഭിക്കുന്ന സുവര്‍ണവാസരമാണിതെന്ന്‌ വി.എസ്‌.തിരിച്ചറിഞ്ഞിട്ടുണ്‌ട്‌. കണ്ണൂര്‍ ലോബിയുടെ അധീശത്വത്തില്‍ അമര്‍ഷമുള്ള പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ തനിക്ക്‌ ലഭിക്കുമെന്നും വി.എസ്‌.തിരിച്ചറിയുന്നുണ്‌ട്‌. ഒപ്പം ഇത്രയും ജനശ്രദ്ധ നേടിയൊരു വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍ തനിക്കെതിരെ എന്തെങ്കിലും പരസ്യ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക്‌ രണ്‌ടുവട്ടം ആലോചിക്കേണ്‌ടിവരുമെന്നും വി.എസിന്‌ നല്ലപോലെ അറിയാം.

അതുകൊണ്‌ടുതന്നെ പാര്‍ട്ടി സമ്മേളനങ്ങളില്‍ തന്നെ നിര്‍ത്തിപ്പൊരിച്ചവരോട്‌ കണക്കുതീര്‍ക്കാല്‍ ലഭിക്കുന്ന അവസരം അദ്ദേഹം മുതലെടുക്കുന്നുവെന്ന്‌ മാത്രം. വി.എസിന്റെ അഭിപ്രായത്തെ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയ ആയുധമാക്കിയപ്പോള്‍ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം പരസ്‌പരം പോരടിക്കുന്ന നേതാക്കളെക്കണ്‌ട്‌ കണ്ണുതള്ളി നില്‍ക്കുകയാണ്‌. എന്തായാലും ജീവിച്ചിരുന്ന ചന്ദ്രശേഖരനെക്കാള്‍ മരിച്ച ചന്ദ്രശേഖരന്‍ പാര്‍ട്ടിയ്‌ക്ക്‌ മുന്നില്‍ വലിയ പ്രതിസന്ധിയായി വളരുകയാണ്‌. അത്‌ മറികടക്കാന്‍ സിപിഎമ്മിന്‌ കഴിയുമോ എന്ന്‌ നെയ്യാറ്റിന്‍കരയില്‍ അറിയാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക