Image

കൊല്ലാം,,,പക്ഷെ തോല്‍പ്പിക്കാനാവില്ല

Published on 09 May, 2012
കൊല്ലാം,,,പക്ഷെ തോല്‍പ്പിക്കാനാവില്ല
കൊല്ലാനല്ലേ കഴിഞ്ഞുള്ളു തോല്‍പ്പിക്കാനായില്ലല്ലോ. രമയുടെ വാക്കുകളില്‍ അഗ്നി നിറഞ്ഞപ്പോള്‍ കേരളീയ ജനത ദിവസങ്ങള്‍ക്ക്‌ ശേഷം ഭയത്തില്‍ നിന്ന്‌ ഒന്ന്‌ മുക്തമായി. ചിന്തകളില്‍ ഏതൊരു മലയാളിയിലും രോഷമോ വിപ്ലവമോ നിറഞ്ഞിരിക്കണം. അതേ രമ പറഞ്ഞത്‌ സത്യമാണ്‌. കൊന്നത്‌ ആരാണെങ്കിലും അവര്‍ക്ക്‌ കൊല്ലാനല്ലേ കഴിഞ്ഞുള്ളു. പക്ഷെ തോല്‍പ്പിക്കാനാവില്ല.

കേരളം കണ്ട രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ നിന്നെല്ലാം എത്രയോ വ്യത്യസ്‌തമായി തോന്നുന്നു ടി.പി ചന്ദ്രശേഖരന്റെ മരണം. കാരണം കൊലപ്പെട്ടിട്ട്‌ ദിവസങ്ങള്‍ കഴിയുന്തോറം ടി.പി ചന്ദ്രശേഖരന്‍ വീണ്ടും ജീവന്‍ വെച്ച്‌ സഞ്ചരിക്കുന്നത്‌ പോലെയാണ്‌ തോന്നുന്നത്‌. ജീവിച്ചിരുന്നതിന്റെ പത്തിരട്ടി ആവേശവും വിപ്ലവവുമാണ്‌ ടി.പി ഇപ്പോഴും കേരളത്തില്‍ പടര്‍ത്തുന്നത്‌. മുമ്പ്‌ അത്‌ ഒഞ്ചിയത്തും മലബാറിലും മാത്രമായി നിന്നിരുന്നെങ്കില്‍ ഇന്ന്‌ ടി.പിയെ മലയാളി മുഴുവന്‍ നെഞ്ചിലേറ്റുന്നു.

ധീരനായ കമ്മ്യൂണിസ്റ്റുകാരനെന്ന്‌ വി.എസ്‌ പറഞ്ഞത്‌ എന്ത്‌ ലാഭത്തിനു വേണ്ടിയായിരുന്നെങ്കിലും പറഞ്ഞത്‌ സത്യം തന്നെ. യാഥാര്‍ഥ വിപ്ലവകാരി തന്നെയായിരുന്നു ടി.പി എന്ന്‌ കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഏറ്റവും പ്രത്യക്ഷ ഉദാഹരണമാണ്‌ ഒഞ്ചിയം രാഷ്‌ട്രീയത്തിലേക്ക്‌ രമയുടെ രംഗപ്രവേശനം. ഭര്‍ത്താവിന്റെ മരണത്തിനു ശേഷം ആദ്യമായി ചാനലുകള്‍ക്ക്‌ മുമ്പിലെത്തിയപ്പോള്‍ രമ പറഞ്ഞ വാക്കുകള്‍, കൊല്ലാനല്ലേ കഴിഞ്ഞുള്ളു, തോല്‍പ്പിക്കാനായില്ലല്ലോ എന്നായിരുന്നു. 56 തുണ്ടുകളായി വെട്ടിനുറിക്കിയ ഭര്‍ത്താവിന്റെ ശരീരം കണ്ടിട്ടും തളരാതെ നിന്ന്‌ സംസാരിക്കാന്‍ രമയെ പ്രാപ്‌തയാക്കിയത്‌ ടി.പി ചന്ദ്രശേഖരന്‍ എന്ന വിപ്ലവകാരി ബാക്കിയാക്കി നേരിന്റെ രാഷ്‌ട്രീയം തന്നെയെന്ന്‌ വ്യക്തം.

റെവല്യൂഷണറി മാക്‌സിസ്റ്റ്‌ പാര്‍ട്ടി ഒഞ്ചിയം പാര്‍ട്ടിയെന്നാണ്‌ പൊതുവില്‍ അറിയപ്പെട്ടത്‌. വടകര മേഖലയില്‍ മാത്രം വേരോട്ടമുണ്ടായിരുന്ന പാര്‍ട്ടി ഇടതുപക്ഷ ഏകോപന സമതിയിലെ സജീവ സാന്നിധ്യമായിരുന്നുവെങ്കിലും മലബാറിനപ്പുറത്തേക്ക്‌ ചര്‍ച്ചയായി മാറിയിരുന്നില്ല. അതുകൊണ്ടു തന്നെ ടി.പി ചന്ദ്രശേഖരനും വലിയ വാര്‍ത്തയായി മാറിയിരുന്നില്ല.

എന്നാല്‍ മരണ ശേഷമാണ്‌ ചന്ദ്രശേഖരന്‍ ഉയര്‍ത്തിയ രാഷ്‌ട്രീയ നിലപാടുകളെ കേരളം തിരിച്ചറിയുന്നത്‌. ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ള പുതിയ രാഷ്‌ട്രീയ സംസ്‌കാരം തന്നെയായിരുന്നു ചന്ദ്രശേഖരന്റേത്‌ എന്ന്‌ വ്യക്തം. സിപിഎമ്മില്‍ നിന്നും വിട്ടുപോയവര്‍ പലരും പിന്നെ യുഡിഎഫിലേക്കോ, കോണ്‍ഗ്രസിലേക്കോ കടന്നു പോയപ്പോള്‍ ടി.പി ചന്ദ്രശേഖരന്‍ അതിന്‌ ശ്രമിച്ചതേയില്ല. മാര്‍ക്‌സിസം തന്നെയാണ്‌ തന്റെ വഴിയെന്ന്‌ ടി.പിക്ക്‌ ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെയാണ്‌ വേണ്ടി വന്നാല്‍ എല്‍.ഡി.എഫിനെ പിന്തുണച്ചാലും യുഡിഎഫിനെ പിന്തുണയ്‌ക്കില്ല എന്ന്‌ ടി.പി ഉറപ്പിച്ചു പറഞ്ഞത്‌.

ടി.പിയെ തങ്ങളുടെ ഭാഗത്തേക്ക്‌ കൊണ്ടുവരാന്‍ കോണ്‍ഗ്രസും യുഡിഎഫും പലതവണ ശ്രമിച്ചു. പക്ഷെ പാര്‍ലമെന്ററി മോഹങ്ങളില്ലാത്ത ടി.പി ഒരിക്കലും അതിന്‌ തയാറായിരുന്നുമില്ല. ഇടതുപക്ഷ ഏകോപന സമതി നേതാവ്‌ എം.ആര്‍ മുരളിയുമായി ടിപിക്കുണ്ടായ അഭിപ്രായ വിത്യാസത്തിനു കാരണവും ഇതു തന്നെയായിരുന്നു. വലതുപക്ഷ രാഷ്‌ട്രീയത്തിലേക്കുള്ള നടത്തത്തെ ടി.പി ശക്തമായി എതിര്‍ത്തിരുന്നു. അദ്ദേഹം സിപിഎം ഉപേക്ഷിച്ചതും വെറും രാഷ്‌ട്രീയ വിഭാഗീയതയുടെ പേരിലായിരുന്നില്ല മറിച്ച്‌ സിപിഎമ്മിന്റെ വലതുപക്ഷ ചായ്‌വിനെ തുടര്‍ന്നുണ്ടായ ആശയഭിന്നതയുടെ പേരിലായിരുന്നു.

സിപിഎമ്മില്‍ നിന്നും പിണങ്ങിപ്പിരിഞ്ഞ ഗൗരിയമ്മയുടെയോ, എം.വി രാഘവന്റെയോ തുടങ്ങി സിന്ധുജോയിയുടെയും സെല്‍വരാഘവന്റെയും വരെയുള്ള രാഷ്‌ട്രീയമായിരുന്നില്ല ടി.പി ചന്ദ്രശേഖരന്റേത്‌. അയാള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തു വന്നപ്പോള്‍ എന്നാല്‍ ഇനി മറ്റേതെങ്കിലും പാര്‍ട്ടിയെന്ന നിലപാടുമായി രാഷ്‌ട്രീയ തൊഴില്‍ ചെയ്യാന്‍ പോയില്ല. മറിച്ച്‌ യഥാര്‍ഥ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കെട്ടിപ്പെടുക്കാന്‍ ശ്രമിച്ചു. ഗൗരിയമ്മക്കും എം.വി രാഘവനും കഴിയാതെ പോയത്‌ ടി.പി ചെയ്‌തു കാണിച്ചു. റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ഡിവൈഎഫ്‌ഐ റെവല്യൂഷണറി എന്ന യുവജനവിഭാഗമുണ്ടായി. തൊഴിലാളി വിഭാഗമുണ്ടായി. മഹിളാ വിഭാഗമുണ്ടായി. എന്തിന്‌ റെഡ്‌ വോളന്റിയേഴ്‌സിനെ വരെ സംഘടിപ്പിച്ചു. കേഡര്‍ സ്വഭാവത്തില്‍ സി.പി.എമ്മിന്‌ ബദല്‍ തന്നെയായിരുന്നു ആര്‍.എം.പി.

കേരളത്തില്‍ ശക്തി പ്രാപിച്ചു വന്ന ഇടതുപക്ഷ ഏകോപന സമതിക്കുമപ്പുറം ഒരു ഇടതുപക്ഷ രാഷ്‌ട്രീയ ഐക്യം ഇന്ത്യയിലെങ്ങും കെട്ടിപ്പെടുക്കണമെന്ന വലിയ ആശയമായിരുന്നു ടി.പിയുടെ മനസില്‍. അതിനായി അയാള്‍ ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. അങ്ങനെ വിവിധ തലങ്ങളില്‍ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി കേരളത്തിലെ തന്നെ മികച്ച ആശയ അടിത്തറയുള്ള രാഷ്‌ട്രീയ സംവിധാനമായി മാറിയിരുന്നു. ഏറ്റവും പ്രധാനമായിട്ടുള്ളത്‌ ഒരു ചെറിയ മേഖലയില്‍ മാത്രമായിരുന്നുവെങ്കിലും സാമ്പത്തിക പിന്‍ബലവും രാഷ്‌ട്രീയ ലാഭവുമില്ലാത ഒരു പാര്‍ട്ടി രൂപപ്പെട്ടു വന്നു എന്നതാണ്‌. കാര്യമായ ഫണ്ടില്ലാതെ ഒരു പാര്‍ട്ടി എല്ലാ സംവിധാനങ്ങളോടെയും പ്രവര്‍ത്തിച്ചു, ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നത്‌ നമ്മുടെ മുഖ്യധാര രാഷ്‌ട്രീയ രീതികള്‍ കാണുന്നവര്‍ക്ക്‌ വിശ്വസിക്കാന്‍ പ്രയാസമാവും.

റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി രൂപപ്പെട്ടതിനെക്കുറിച്ച്‌ ടി.പി തന്നെ മുന്നോട്ടു വെച്ച കാഴ്‌ചപ്പാട്‌ ഇത്‌ നേതാക്കളില്ലാത്ത പാര്‍ട്ടി എന്നായിരുന്നു. കാരണം ഒരു നേതാവിന്റെ പിന്‍ബലത്തിലായിരുന്നില്ല ആര്‍.എം.പി രൂപംകൊണ്ടത്‌. സിപിഎമ്മില്‍ നിന്ന്‌ ആശയഭിന്നതയുള്ള അണികള്‍ സ്വയം ഇറങ്ങിവന്ന്‌ രൂപം നല്‍കിയ പാര്‍ട്ടി. അതിന്‌ നേതാക്കള്‍ ആവിശ്യമായിരുന്നില്ല. നേതാവാകാന്‍ ആരും ശ്രമിച്ചിരുന്നുമില്ല. പക്ഷെ ഒരു നേതാവിന്റെയും പിന്‍ബലമില്ലാതെ ഒഞ്ചിയത്ത്‌ പ്രധാന ശക്തിയാവാനും പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനും ആര്‍.എം.പിക്ക്‌ കഴിഞ്ഞു.

ലോകമെങ്ങും നേതാക്കന്‍മാരില്ലാതെ വിപ്ലവം നടക്കുമ്പോള്‍, അതിനെ മുല്ലപ്പു വിപ്ലവമായി വിശേഷിപ്പിക്കുമ്പോള്‍, ഈ വിപ്ലവം ഭരണകൂടങ്ങളെ അട്ടിമറിക്കുമ്പോള്‍ കേരളത്തിന്റെ ഒരു കോണില്‍ രാഷ്‌ട്രീയ ദൂര്‍നടപ്പുകള്‍ക്കെതിരെ നടന്ന മുല്ലപ്പൂ വിപ്ലവം തന്നെയായിരുന്നു റെവല്യൂഷണറി മാക്‌സിസ്റ്റ്‌ പാര്‍ട്ടി.

ടി.പി ചന്ദ്രശേഖരന്‍ എന്ന ധീരനായ കമ്മ്യൂണിസ്റ്റുകാരന്‍ മരണ ശേഷവും ഇവിടെ സ്വയം പ്രത്യയശാസ്‌ത്രമായി മാറുന്നു. ചിതറിതെറിച്ചു പോയിട്ടും അയാള്‍ ഉയര്‍ത്തിയ വിപ്ലവം കേരളമൊട്ടാകെ ഇന്ന്‌ ജ്വലിച്ചു പടരുന്നു. ടിപിയുടെ മരണം ആര്‍.എം.പിയെ ഒരു തരത്തിലും ഇല്ലാതാക്കുന്നില്ല എന്നു തന്നെ മനസിലാക്കണം. ജനപക്ഷ രാഷ്‌ട്രീയത്തിന്റെ ചിന്തകളുമായി അവര്‍ കൂടുതല്‍ ശക്തിയോടെ കേരളത്തില്‍ വളര്‍ന്നു വന്നേക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക