Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഡഗംഭീരമായ കലാമേള

ജോയിച്ചന്‍ പുതുക്കുളം Published on 10 May, 2012
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഡഗംഭീരമായ കലാമേള
ഷിക്കാഗോ: ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രവര്‍ത്തിക്കുന്ന കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ മെയ്‌ അഞ്ചാം തീയതി ശനിയാഴ്‌ച `സീറോ മലബാര്‍ കലാമേള 2012' വിജയകരമായി നടത്തപ്പെട്ടു. ഒരേസമയം മൂന്നു സ്റ്റേജുകളിലായി നടത്തപ്പെട്ട കലാമേളയില്‍ മുന്നൂറിലധികം കലാപ്രതിഭകള്‍ മാറ്റുരച്ചു.

രാവിലെ 9.30-ന്‌ നടന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ അക്കാഡമി ഡയറക്‌ടര്‍ ബിജോ സി. മാണി ആമുഖ പ്രസംഗം നടത്തുകയും ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്‌തു. വികാരി ഫാ. ജോയി ആലപ്പാട്ട്‌ അധ്യക്ഷതവഹിച്ചു. ഫാ. ജോസഫ്‌ ഇടക്കുന്നത്ത്‌ ഭദ്രദീപം തെളിയിച്ച്‌ കലാമേള ഉദ്‌ഘാടനം ചെയ്‌തു. വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, കഴിഞ്ഞവര്‍ഷത്തെ കലാതിലകം ഫെയിത്ത്‌ പുത്തന്‍പുരയ്‌ക്കല്‍, കലാപ്രതിഭ നെവിന്‍ തോബിയോസ്‌, അക്കാഡമി ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, രാജന്‍ കല്ലുങ്കല്‍, പോളി വാത്തിക്കുളം എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

രാവിലെ 9.30-ന്‌ ആരംഭിച്ച മത്സരങ്ങള്‍ വൈകിട്ട്‌ 8.30-ന്‌ സമാപിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനവും അന്നുതന്നെ വിതരണം ചെയ്‌തു.

വളരെ വാശിയേറിയ മത്സരത്തില്‍ മേഘ ചിറയില്‍ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു. ജോമോന്‍- ജാന്‍സി ചിറയിലിന്റെ മകളാണ്‌ നൃത്ത-നൃത്തേതര ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച ഈ കൊച്ചുമിടുക്കി.

കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട നെവിന്‍ തോബിയാസ്‌, യേശുദാസ്‌- കുഞ്ഞുമോള്‍ തോബിയാസ്‌ ദമ്പതികളുടെ മകനാണ്‌. മുന്‍ വര്‍ഷങ്ങളിലും നിരവധി തവണ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട നെവിന്‍ തോബിയാസ്‌ മികച്ച നര്‍ത്തകനും, കലാകാരനുമാണ്‌.

വികാരി ഫാ. ജോയി ആലപ്പാട്ടും, അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയും മുഴുവന്‍ സമയവും നിര്‍ദേശങ്ങളും പ്രോത്സാഹനങ്ങളുമായി വേദിക്കരികിലുണ്ടായിരുന്നത്‌ മറ്റ്‌ സംഘാടകര്‍ക്കും, മത്സരാര്‍ത്ഥികള്‍ക്കും ആവേശം നല്‍കി. ദൈവ ദാനങ്ങളായ കഴിവുകള്‍ വളര്‍ത്തുവാനും തിരിച്ചറിയുവാനും വളരെ നല്ല ഒരു അവസരമായി ഇത്തരം പരിപാടികള്‍ക്കാവുന്നതില്‍ സന്തോഷമുണ്ടെന്ന്‌ ജോയി ആലപ്പാട്ടച്ചന്‍ പറഞ്ഞു.

ഇടവക ട്രസ്റ്റിമാര്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, സിവൈഎം അംഗങ്ങള്‍ എന്നിവരും നിരവധി ഇടവക ജനങ്ങളും സന്നദ്ധ സേവകരായി മുന്നോട്ടുവന്നത്‌ ഈ സംരംഭം ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ സഹായിച്ചു. അക്കാഡമി ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. വാശിയേറിയ മത്സരങ്ങള്‍ക്ക്‌ വിധികര്‍ത്താക്കളായി എത്തിയ ജഡ്‌ജിമാരുടെ സേവനവും പ്രത്യേകം അഭിനന്ദനാര്‍ഹമാണ്‌.

സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റിയുടെ ഭക്ഷണശാല ഏവര്‍ക്കും ഉപകാരപ്രദമായിരുന്നു.
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഡഗംഭീരമായ കലാമേള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക