Image

കല്യാണം കേമം, കോഴിക്കോട്ടെ കുറ്റിയാടി കല്യാണം ബഹുകേമം (ശ്രീനി)

Published on 05 November, 2019
കല്യാണം കേമം, കോഴിക്കോട്ടെ കുറ്റിയാടി കല്യാണം ബഹുകേമം (ശ്രീനി)
മലയാളികളുടെ കല്യാണം ശരിക്കും പറഞ്ഞാല്‍ ഒരുല്‍വമാണ്. തനി മലയാളി സദ്യയും, ബിരിയാനി വട്ടവും ബുഫെയുമോക്കെയായി നമ്മള്‍ തകര്‍ക്കുന്ന വേള. കല്യാണം ഒരു വലിയ തയ്യാറെടുപ്പിന്റെ മേളപ്പെരുമയാണ്. പുതിയ കുടുംബത്തിന്റെ കതിരുകള്‍ വിരിയുന്ന മുഹൂര്‍ത്തം. ബ്രോക്കര്‍മാരും കാറ്ററിങ്ങുകാരും പൂജാരികളും വൈദികരും ബന്ധമിത്രാദികളും "സ്‌മേള്‍' സ്‌കെയിലുകാരും എല്ലാം ഒരേ അളവില്‍ ഒരു ദിവസം ആനന്ദിക്കുന്ന ദിനം.

ഇതാ ബ്രോക്കര്‍ ഫീസ് ഇല്ലാതത്തല ഒരു കല്യാണ ആലോചന. പെണ്ണ്-ചെറുക്കല്‍ തപ്പലിന് മുമ്പ് എന്താണ് വിവാഹം എന്നറിയാം. വിവാഹം എന്ന സ്ഥാപനം പ്രധാനമായും ഒരു നിയമപരമായ ബന്ധമാണ്. ഒരുമിച്ചു താമസിക്കുന്ന വ്യക്തികളുടെ സ്വത്തിനും അവകാശങ്ങള്‍ക്കും വിവാഹം നിയമാനുസൃതമായ സംരക്ഷണം നല്‍കുന്നു. പരമ്പരാഗത സമൂഹങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍ സമൂഹത്തിന്റെയും ജാതിമതങ്ങളുടെയും മിക്കപ്പോഴും അവരുടെ ബന്ധു ജനങ്ങളുടേയും അംഗീകാരത്തോടെ ഒന്നിച്ചു ജീവിക്കാന്‍ ആരംഭിക്കുന്നതിന്റെ ചടങ്ങ് കൂടിയാണ് വിവാഹം. മിക്ക വിവാഹങ്ങളും മതപരവും ഗോത്രപരവുമായ ചടങ്ങുകളോടെയാണ് നടക്കുന്നതെങ്കിലും ചില വിവാഹങ്ങള്‍ അല്ലാതെയും നടത്താറുണ്ട്.

ഇന്ത്യയില്‍ "സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ്' പ്രകാരം മതാചാരങ്ങളോ മറ്റു ചിലവുകളോ ഒന്നുമില്ലാതെ പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനുവേണ്ടി നിശ്ചിത ദിവസങ്ങള്‍ക്ക് മുന്‍പ് വ്യക്തികള്‍ക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാവുന്നതാണ്. യാഥാസ്ഥിക സമൂഹങ്ങളില്‍ ഒന്നിച്ചു ജീവിക്കാനും, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും അതുവഴി അടുത്ത തലമുറയെ സൃഷ്ടിച്ച് വളര്‍ത്താനും പങ്കാളികള്‍ക്ക് മതപരമായും ഗോത്രപരമായും വിവാഹത്തോടെ അംഗീകാരം ലഭിക്കുന്നു എന്ന് പറയാം. മിക്ക രാജ്യങ്ങളിലും മതപരമായ, ഗോത്രപരമായ ആചാരങ്ങളിലൂടെ നടക്കുന്ന വിവാഹങ്ങളും എല്ലാ സര്‍ക്കാരുകളും അംഗീകരിക്കുന്നുണ്ട്. കേരളത്തില്‍ പള്ളികളിലും ക്ഷേത്രങ്ങളിലും വച്ചു നടക്കുന്ന വിവാഹങ്ങളും ഇത്തരത്തിലുള്ളതാണ്.

വ്യക്തികള്‍ പരസ്പരം ഇഷ്ട്ടപ്പെട്ടു നടത്തുന്ന വിവാഹങ്ങളെ പ്രണയവിവാഹം എന്നറിയപ്പെടുന്നു. എന്നാല്‍ പലപ്പോഴും ജാതി, മതം, സാമ്പത്തികം, തൊലിയുടെ നിറം തുടങ്ങിയവ പ്രണയ വിവാഹങ്ങള്‍ക്ക് തടസമാകാറുണ്ട്. എന്നാല്‍ പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു ജീവിക്കുവാനും ഇന്ത്യയില്‍ നിയമം അനുവദിക്കുന്നുണ്ട്. അതാണ് "ലിവിങ് റ്റുഗെതര്‍'. പല രാജ്യങ്ങളിലും സ്വവര്‍ഗാനുരാഗികളും ട്രാന്‍സ്‌ജെന്‍ഡറുകളും നിയമപരമായി വിവാഹം ചെയ്യാറുണ്ട്. ഇതിനെ വിവാഹ സമത്വം എന്നറിയപ്പെടുന്നു. അത്തരം രാജ്യങ്ങളില്‍ ലിംഗലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് എതിര്‍ലിംഗാനുരാഗികളെ പോലെ കുഞ്ഞുങ്ങളെ ദത്തെടുക്കാനും വാടക ഗര്‍ഭപാത്രം വഴി പുതുതലമുറയ്ക്ക് ജന്മം കൊടുക്കാനും തുടങ്ങിയ എല്ലാവിധ അവകാശങ്ങളും ലഭ്യമാണ്. നാട്ടിലെ ലൗ ജിഹാദ് വിവാദമായിട്ടുണ്ട്.

വിവാഹജീവിതം എന്ന സ്ഥാപനം സങ്കീര്‍ണ്ണമായ സാമ്പത്തിക ബന്ധങ്ങളിലൂടെ വികസിച്ചുവന്ന ഒന്നാണ്. അത് അതിലേര്‍പ്പെടുന്ന വ്യക്തികളുടെ സ്വകാര്യസ്വത്തിന്റെ അവകാശക്രമങ്ങളേയും ദായക്രമങ്ങളേയും അത് വ്യക്തമാക്കുന്നുണ്ട്. സ്ത്രീധനം, മഹര്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. സ്വകാര്യ സ്വത്ത് എന്ന ആശയം വികസിച്ചിട്ടില്ലാത്ത സമൂഹങ്ങളില്‍ ആധുനിക കാലത്തെന്ന പോലുള്ള ബാന്ധവരീതികളല്ല ഉണ്ടായിരുന്നത്. ജാതിയും മതവും ഗോത്രവും ഇതില്‍ വ്യക്തമായ പങ്കുവഹിക്കുന്നുണ്ട്. സംബന്ധം, പുടവകൊട തുടങ്ങിയ ചടങ്ങുകള്‍ക്കായിരുന്നു പഴയ കാലത്ത് കേരളത്തില്‍ പ്രാധാന്യം. ചില രാജ്യങ്ങളില്‍ ഇതൊരു ഉടമ്പടിയായും അംഗീകരിച്ചിരിക്കുന്നു.

അതേസമയം ആധുനിക സമൂഹങ്ങളില്‍, പ്രത്യേകിച്ച് വികസിത രാഷ്ട്രങ്ങളില്‍, വ്യക്തികള്‍ ഒരുമിച്ച് താമസിക്കാന്‍ തീരുമാനമെടുക്കുകയും വിവാഹം എന്ന ഉടമ്പടിയില്‍ നിന്നകന്നു നില്‍ക്കുകയും ചെയ്യുന്നു. ഇതിനെ സഹജീവനം (ലിവിങ് റ്റുഗെതര്‍) എന്ന് പറയുന്നു. ഇന്ത്യയിലും ധാരാളം മനുഷ്യര്‍ ലിവിങ് റ്റുഗെതര്‍ തുടങ്ങിയ രീതികള്‍ അവലംബിക്കാറുണ്ട്. വിവാഹമെന്ന വ്യവസ്ഥിതിയുടെ സങ്കീര്‍ണതകളും ന്യൂനതകളും ബാധ്യതകളും, മതത്തിനും ജാതിക്കും കൊടുക്കുന്ന അമിത പ്രാധാന്യം, വ്യക്തിയുടെ അവകാശങ്ങള്‍ക്ക് മേല്‍ ഉള്ള കടന്നുകയറ്റം, സാമ്പത്തിക ചിലവുകള്‍, സ്ത്രീധനവും മഹറും, ലിംഗസമത്വമില്ലായ്മ തുടങ്ങിയവയും മറ്റുമാണ് പരമ്പരാഗത വിവാഹം ഒഴിവാക്കുവാനായി അവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒരേസമയം ഒന്നിലധികം ഭാര്യമാരെയും ഭര്‍ത്താക്കന്മാരേയും അംഗീകരിക്കുന്ന ഗോത്രങ്ങളും മതങ്ങളും നിലവിലുണ്ട്. ഉദാഹരണത്തിന് ഇസ്ലാം മതത്തില്‍ പുരുഷന് ഒരേസമയം നാല് സ്ത്രീകളെ വരെ വിവാഹം ചെയ്യാവുന്നതാണ്. പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതാണ് ശൈശവ വിവാഹം. ബാലവിവാഹവും, നിര്‍ബന്ധിത വിവാഹവും ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ശൈശവവിവാഹം നടത്തുന്നതും അതില്‍ പങ്കെടുക്കുന്നതും ഇന്ത്യയില്‍ ക്രിമിനല്‍ കുറ്റമാണ്. ശൈശവ വിവാഹത്തിന് ഇരയായ കുട്ടിയുമായി പങ്കാളി നടത്തുന്ന ലൈംഗിക ബന്ധം ബലാത്സംഗം അല്ലെങ്കില്‍ ബാല പീഡനത്തിന്റെ വകുപ്പിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള അവകാശം വിവാഹജീവിതത്തിന് പുറമെ അനുവദിക്കാത്ത രാഷ്ട്രങ്ങളും നിലവിലുണ്ട്. അത്തരം സമൂഹങ്ങളില്‍ വിവാഹപൂര്‍വബന്ധം വലിയ പാപവും നിഷിദ്ധവുമാണ്.

ഇനി കുറ്റിയാടി കല്യാണ വിശേഷം. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കിഴക്കന്‍ പ്രദേശത്തുള്ള ഒരു ചെറിയ പട്ടണമാണ് കുറ്റിയാടി. വടക-രവയനാട് റോഡിലാണ് കുറ്റിയാടി. കുറ്റിയാടി പഞ്ചായത്തിന്റെ ആസ്ഥാനമാണ് ഈ പട്ടണം. കാവിലുംപാറ, മരുതോങ്കര തുടങ്ങി പല പഞ്ചായത്തുകളിലെയും ജനങ്ങള്‍ വടകര, കോഴിക്കോട് പട്ടണങ്ങളിലേക്ക് പോകുന്നത് കുറ്റിയാടിയിലൂടെയാണ്. കുറ്റിയാടിയുടെ പഴയ പേര് "തൊണ്ടിപ്പോയില്‍' എന്നായിരുന്നു. പഴശിരാജ കോട്ടയ്ക്ക് കുറ്റിയടിച്ചതുമായി ബന്ധപ്പെട്ടാണ് തൊണ്ടിപ്പോയില്‍ അങ്ങാടിക്കു കുറ്റിയാടി എന്ന പേര്‍ വന്നു ചേര്‍ന്നതെന്നു കരുതപ്പെടുന്നു. കുറ്റിയാടിപ്പുഴ ഈ പട്ടണത്തിന്റെ ഓരങ്ങളിലൂടെ ഒഴുകുന്നതിനാലാണ് പിന്നീട് കുറ്റിയാടി എന്ന പേരുകിട്ടിയത്.

അയല്‍ജില്ലകളിലെ പെണ്ണുകിട്ടാത്ത യുവാക്കള്‍ വധുവിനെ തേടി വയനാട്ടിലെ ആദിവാസി കോളനികളിലേക്ക് പോകുന്നതായാണ് വാര്‍ത്ത. നാലുവര്‍ഷത്തിനിടെ വയനാട് ജില്ലയിലെ വിവിധ കോളനികളില്‍ നിന്ന് എണ്‍പതോളം പെണ്‍കുട്ടികളാണ് കോഴിക്കോട്, കുറ്റിയാടി, വടകര, കണ്ണൂര്‍ ഭാഗങ്ങളിലേക്ക് വിവാഹിതരായി പോയത്. മാനന്തവാടി, തിരുനെല്ലി ഭാഗങ്ങളിലുള്ളവരാണ് ഇവരിലേറെയും. ഏറ്റവുമധികം വിവാഹങ്ങള്‍ നടക്കുന്നത് കുറ്റിയാടി ഭാഗത്തേക്കായതിനാല്‍ പൊതുവേ "കുറ്റിയാടി കല്യാണ'മെന്നാണ് കോളനി നിവാസികള്‍ ഇത്തരം വിവാഹങ്ങളെ വിളിക്കുന്നത്.

ഇവിടെ പെണ്ണുകിട്ടാത്ത ചെറുപ്പക്കാരും അവരുടെ വീട്ടുകാരും ജാതകം, ജാതി എന്നിവ നോക്കാതെ അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ സ്വീകരിക്കാന്‍ തയ്യാറാണ്. 90 ശതമാനം വിവാഹങ്ങളിലും സ്വര്‍ണം മുതല്‍ വണ്ടി വാടകയടക്കം ചെലവു നോക്കുന്നത് വരന്മാരാണ്. പിന്നാക്കാവസ്ഥ, കോളനിയിലെ പുരുഷന്മാരുടെ മദ്യാപനം, പുറംലോകമെന്ന സ്വപ്നം, മെച്ചപ്പെട്ട ജീവിതസാഹചര്യം, മുമ്പ് വിവാഹിതരായവരുടെ നല്ല കഥകള്‍ തുടങ്ങിയവ "കുറ്റിയാടി കല്യാണ'ത്തിന് പെണ്‍വീട്ടുകാരെ പ്രേരിപ്പിക്കുന്ന കാരണങ്ങളാണ്. ""മക്കളുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസമായി, ഇപ്പോഴും വിരുന്നിന്റെ തിരക്കാണെന്ന് അവള്‍ വിളിച്ചാല്‍ പറയും. അവള്‍ക്കവിടെ നല്ല സുഖമാണ്...'' ഈയിടെ വിവാഹിതയായ മാനന്തവാടിക്കാരി ശാലിനിയുടെ അമ്മ കൂരി പറയുന്നു.

ചില അപവാദങ്ങളുമുണ്ട്. കേസില്‍പ്പെട്ടവരും മറ്റും സ്വന്തം നാട്ടില്‍  പെണ്ണുകിട്ടാതെ വയനാട്ടിലേക്ക് വരുന്നുണ്ടെന്ന് ചില കോളനിനിവാസികള്‍ പറയുന്നു. ചില വീടുകളിലെങ്കിലും ജാതീയമായ അധിക്ഷേപങ്ങളുണ്ടാകുന്നുണ്ട്. വിവാഹശേഷം ഭാര്യാവീട്ടിലേക്ക് പോവാത്ത ഭര്‍ത്താക്കന്മാരുമുണ്ട്. മാറിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മടങ്ങിവരുന്ന പെണ്‍കുട്ടികളുമുണ്ട്. അവധി ദിവസങ്ങളില്‍ മിക്ക കോളനികളിലും പെണ്ണന്വേഷിച്ച് വരുന്നവരുടെ തിരക്കാണ്. ഒരു ദിവസം കൊണ്ട് ഇവര്‍ ബ്രോക്കര്‍മാരുടെ കൂടെ മൂന്നോ നാലോ കോളനികളിലെത്തി പെണ്ണുകാണും.

അഞ്ചു പവനില്‍ കുറയാതെ സ്വര്‍ണം തരാമെന്നാണ് പുറമേ നിന്ന് വരുന്നവര്‍ പറയുന്നത്. അതുകൊണ്ട് ഇവിടത്തെ ചെറുപ്പക്കാര്‍ക്ക് പെണ്ണുകിട്ടാത്ത സ്ഥിതിയായി. വിവാഹം നടക്കുന്നത് വരന്റെ നാട്ടിലാണ്. പെണ്‍കുട്ടിയുള്ള ഒരു കോളനി കാണിച്ചുകൊടുത്താല്‍ 20,000 രൂപ കമ്മീഷന്‍ തരാമെന്ന് പറഞ്ഞവരുണ്ടെന്ന് ഒരു ട്രൈബല്‍ പ്രൊമോട്ടര്‍ പറഞ്ഞു. ബ്രോക്കര്‍മാരുടെ കമ്മീഷന്‍ ഇതിലും കൂടുതലാണ്.

അവിവാഹിതരേ...ഇതിലേ...ഇതിലേ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക