Image

കത്തിയെരിയുന്ന പെണ്‍കുട്ടികള്‍ (ഉഷ .എസ്)

Published on 07 November, 2019
കത്തിയെരിയുന്ന പെണ്‍കുട്ടികള്‍ (ഉഷ .എസ്)
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കത്തിയെരിയുന്ന പെണ്‍കുട്ടികള്‍!
സ്ത്രീധനത്തിലും സ്വത്തിലും തട്ടിത്തൂകി ആത്മഹത്യയും കൊലപാതകവുമായിത്തീരുന്ന സുമംഗലികള്‍!
ഗാര്‍ഹികപീഡനങ്ങളാണെന്നു പോലുമറിയാതെ സ്വന്തം ആത്മാഭിമാനവും നോവും വേദനയുമൊന്നും തിരിച്ചറിയാതെ വീടിന്റെ അകത്തളങ്ങളില്‍ വേവുന്ന സ്ത്രീകള്‍!

ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന ആറുമാസമുളള പിഞ്ചുകുഞ്ഞും എണ്‍പതു വയസ്സു കഴിഞ്ഞ മുത്തശ്ശിയും
സൂര്യനെല്ലി, കിളിരൂര്‍, പറവൂര്‍, കോതമംഗലം,പെരുമ്പാവൂര്‍,
തേവര, തുടങ്ങി ഇപ്പോളിതാ വാളയാറും...
സ്ഥലനാമങ്ങള്‍ മനോഹാരിതയാലല്ല ക്രൂരമായ മനുഷ്യദ്രോഹത്തിന്റെ പര്യായമായി മാറിയിരിക്കുന്നു.

ഏറ്റവും സുരക്ഷിതമെന്നു നാം കരുതുന്ന വീടകങ്ങള്‍ തന്നെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുളള പട്ടടയായി മാറുന്നു. പന്ത്രണ്ടു വയസ്സില്‍ താഴെ പീഡനത്തിനിരകളാകുന്നത് 50%ത്തിലേറേ ആണ്‍കുഞ്ഞുങ്ങളാണ്. അതുകൊണ്ടു തന്നെ ഓരോ പീഡകനായ ക്രിമിനലിന്റേയും പിന്നില്‍ അറിയപ്പെടാതെ പോയ പീഡനങ്ങളും അവഗണനയുടേതുമായ ബാല്യമുണ്ടാവാം.

സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. ദൈവത്തിന്റെ സ്വന്തം നാട്! പരിഷ്ക്കൃതരെന്നു നാം വിശ്വസിക്കുന്ന, സംസ്ക്കാരചിത്തരെന്നു ഘോഷിക്കുന്ന നമ്മുടെ നാട്ടില്‍ തന്നെയാണ് ഈ പീഡനപരമ്പരകളെന്നത് ഒരു വിരോധാഭാസം തന്നെ!

ഇപ്പോള്‍ വാളയാര്‍ കുഞ്ഞുങ്ങളുടെ നീതിയ്ക്കായ് നാം മുറവിളി കൂട്ടുന്നു. ക്രൂരമായ പീഡനത്തിനിരയായിയെന്ന് പോസ്റ്റുമാര്‍ട്ടത്തില്‍ വ്യക്തമായി പറയുന്നു. കൊലപാതകമാവാം എന്നു സൂചിപ്പിച്ചിട്ടു കൂടി (അതും പോക്‌സോകേസ്സ്) നേരായ അന്വേഷണം നടന്നില്ലെന്നത് ദു:ഖകരമാണ്. എങ്ങനെ പീഡനകേസ്സുകള്‍ അട്ടിമറിക്കപ്പെടുന്നുവെന്നത് നാം മനസ്സിലാക്കണം. ഈ കേസ്സിന്റെ വിചാരണകാലത്തൊരിക്കലുഓ മാധ്യമങ്ങള്‍ക്കോ രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ക്കോ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞില്ലെന്നതാണ് പ്രധാനം. ഓരോ കേസ്സിന്റേയും വിചാരണകാലത്ത് നമ്മള്‍ എത്ര വിജിലന്റായിരിക്കണമെന്ന് ഈ കേസ്സ് ഒരിക്കല്‍ കൂടി നമ്മെ പഠിപ്പിക്കുന്നു. ഇനിയെങ്കിലും പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍, ഇനിയൊരു കുഞ്ഞു പോലും ദ്രോഹിക്കപ്പെടാതിരിക്കാന്‍ നമുക്ക് എന്തു ചെയ്യാനാവും?

ഓരോ കേസ്സും പുറത്തു വരുമ്പോള്‍ കുറ്റം ചെയ്തവരെയോ കേസ്സുകള്‍ അട്ടിമറിക്കുന്നവരെയോ അല്ല നമ്മള്‍ കല്ലെറിയുന്നത്. പെണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം മുതല്‍ പുറത്തിറങ്ങിയ സമയവും സ്ഥലവും വരെ പറഞ്ഞ പീഡനത്തിനിരയായ കുഞ്ഞുങ്ങളേയും വീട്ടുകാരേയും കൂടുതല്‍ കൂടുതല്‍ പീഡിപ്പിക്കുന്നു. പീഡിപ്പിക്കുന്ന ക്രിമിനലായ വ്യക്തിയ്ക്ക് വസ്ത്രമോ സമയമോ സ്ഥലമോ ഒന്നും പ്രധാനമല്ല. പിഞ്ചുകുഞ്ഞും വൃദ്ധയും പീഡിപ്പിക്കപ്പെടുന്നത് വസ്ത്രത്തിന്റെ പോരായ്മയോ അവയവഭംഗിയോ ഒന്നുമല്ലല്ലോ? ആരെങ്കിലും ഒരു പെണ്ണിന്റെ ഭംഗി നോക്കിനില്‍ക്കുന്നത് നമുക്ക് മനസ്സിലാക്കാം. അല്പവസ്ത്രധാരിയായതിനാല്‍ പ്രലോഭിപ്പിക്കപ്പെട്ടുവെന്ന രീതിയില്‍ അവളെ ആക്രമിക്കുന്ന ഞരമ്പുരോഗിയാവാന്‍ മാത്രം മന:സാന്നിദ്ധ്യമേ നമ്മുടെ ആങ്ങളമാര്‍ക്കും പങ്കാളികള്‍ക്കും മക്കള്‍ക്കുമുളളുവെങ്കില്‍ ലജ്ജാകരം എന്നല്ലാതെന്തു പറയാന്‍....

നമ്മള്‍ ഇരകള്‍ക്കു നേരേ കൈയുയര്‍ത്തുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജവും കരുത്തും നേടുന്നത് ക്രിമിനല്‍ മനസ്ഥിതിയുളളവരാണ്. അവര്‍ക്ക് കുറ്റം ചെയ്യാനുളള പ്രചോദനമാകുന്നു നമ്മുടെ ഓരോ വാക്കും. അതുകൊണ്ട് പീഡിപ്പിക്കുകയും ദ്രോഹിക്കുകയും കൊലചെയ്യുകയും മാത്രമാണ് പ്രധാന കുറ്റവാളികള്‍. പ്രതികള്‍ക്ക് പ്രോത്സാഹനമേകുന്ന വാക്കുകള്‍ പറയുന്നവരും കേസ്സ് അട്ടിമറിക്കുന്ന നമ്മുടെ നിയമവ്യവസ്ഥിതിയും പ്രതികള്‍ക്കു വേണ്ടി രംഗത്തിറങ്ങുന്ന രാഷ്ട്രീയക്കാരുമെല്ലാം കൂട്ടുകുറ്റവാളികള്‍ തന്നെ!

വാളയാര്‍ സംഭവത്തില്‍ അമ്മ മദ്യപാനിയായിരുന്നുവെന്നും അമ്മയും അച്ഛനുമാണ് തെറ്റുകാര്‍ എന്ന വാദവും കണ്ടു. സുഖസമൃദ്ധിയില്‍ ഉണ്ടുറങ്ങി എല്ലാ പ്രിവിലേജുകളും അനുഭവിക്കുന്ന അറിവും വിവരവുമുളള നമുക്ക് എങ്ങനെ വാളയാറിലും വയനാട്ടിലും അട്ടപ്പാടിയിലും നടക്കുന്ന പീഡനങ്ങള്‍ മനസ്സിലാവും? പെണ്‍കുട്ടിയെ ഉപയോഗിക്കാന്‍ അച്ഛനവകാശമുണ്ടെന്നു പറഞ്ഞ അമ്മയെ കുറിച്ച് ഈയിടെ ഒരു സാമൂഹ്യ പ്രവര്‍ത്തക എന്നോട് പറഞ്ഞു. പേടി കൊണ്ടും ബോധമില്ലായ്ക കൊണ്ടും പീഡകനോട് ചേര്‍ന്ന് ചിന്തകളില്‍ പോലും താദാത്മ്യം പ്രാപിച്ച് അയാളുടെ മനസ്സ് അവര്‍ക്ക് ശരിയായി മാറിയെന്നതാണ് സത്യം. അതെങ്ങനെ എന്നു നമുക്കു മനസ്സിലാവില്ല. പക്ഷേ സമൂഹത്തില്‍ വളരെ കുറച്ചു മാത്രമുളള 'ജോളി'യേയും'ഷെറി'നേയും കുറിച്ചുളള 'തമാശകള്‍' കണ്ടു ചിരിക്കുകയും പാസ്സു ചെയ്യുകയും ചെയ്യുമ്പോള്‍ ഞാന്‍ എന്നിലെ 'സ്ത്രീ'യെ തന്നെയാണ് അപമാനിക്കുന്നതെന്ന് നാം മനസ്സിലാക്കുന്നുണ്ടോ? ഈ മനസ്സിലാകായ്കയുടെ മറ്റൊരു രൂപമാണ് അവിടേയും സംഭവിക്കുന്നത്. വിദ്യാഭ്യാസവും വിവരവും കടന്നു ചെല്ലാതെ പാവങ്ങളായി ഏവരേയും പേടിച്ചു കഴിയുന്ന സമൂഹത്തെ 'സദാചാരം' പഠിപ്പിക്കാന്‍ ചെല്ലുന്നത് കുറ്റവാളിക്കൊപ്പം കൈകോര്‍ത്തു നില്‍ക്കുന്ന 'പരിഷ്ക്കൃത' സമൂഹമാണെന്നു മറക്കേണ്ട.ഒരാണും പെണ്ണും സംസാരിച്ചാല്‍ ചാടി വീഴുന്ന., ഒരു പെണ്ണ് ഒറ്റയ്ക്ക് താമസിക്കുന്നിടത്ത് ഒളിഞ്ഞു നോക്കുന്ന,., എന്നാല്‍ ഒരു കുഞ്ഞിനെയോ പെണ്ണിനെയോ ദ്രോഹിക്കുന്നതു കണ്ടാല്‍ കാണാത്ത മട്ടില്‍ പോകുന്ന 'പരിഷ്ക്കൃത' സമൂഹം നമ്മള്‍!

ഇവിടെ നിയമങ്ങളുടെ അപര്യാപ്തതയല്ല മറിച്ച് കൈകാര്യം ചെയ്യുന്നതിലെ പോരായ്മയാണ് പ്രശ്‌നം. സമൂഹം സദാ വിജിലന്റായിരിക്കണം. മാറിമാറി വരുന്ന പത്രവാര്‍ത്തകള്‍ വായിച്ചും അന്തിച്ചാനല്‍ ചര്‍ച്ചകള്‍ കണ്ടും ഇരുപത്തിനാലു മണിക്കൂറു മാത്രം മനസ്സില്‍ സൂക്ഷിക്കുന്ന കേവലം 'കുറ്റപത്രങ്ങ'ളാകരുത് ഓരോ സംഭവവും.

ഭരണപക്ഷവും പ്രതിപക്ഷവും ഒരു കാരണവശാലും പ്രതികളുടെ കൂടെ നില്‍ക്കരുത്. പീഡനകേസ്സുകളിലെ പ്രതികള്‍ക്കു വേണ്ടി ഒരു രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരും പക്ഷം പിടിക്കുകയോ സഹായിക്കുകയോ ചെയ്യരുത്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ടു ചെയ്യില്ലെന്ന് സ്ത്രീകള്‍ തീരുമാനിക്കണം. ഇത് കേവലം ഉപരിപ്ലവമെന്ന് പുച്ഛിക്കുന്നവരോട് ദാ ചെയ്യാന്‍ പറ്റുന്നത് പറയാം.

വനിതാകമ്മീഷന്‍, ബാലാവകാശകമ്മീഷന്‍, ശിശുക്ഷേമ സമിതി ഇവയൊക്കെ രാഷ്ട്രീയ വിമുക്തമാക്കുക.അതാതുകാലത്തെ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വീതം വച്ചെടുക്കുന്ന സ്ഥാനങ്ങളിലിരിക്കുന്നവര്‍ എങ്ങനെ സ്വതന്ത്രമായി പ്രവര്‍ത്തിയ്ക്കും?

ഏട്ടിലെ പശുവും നോക്കുകുത്തിയുമൊക്കെയായിരിക്കുന്ന പഞ്ചായത്ത് നഗരസഭാതല ജാഗ്രതാ സമിതികള്‍ പുന:സംഘടിപ്പിക്കുക. അതാതു സ്ഥലത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, അംഗനവാടിപ്രവര്‍ത്തകര്‍, റസിഡന്റ് അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ ഒക്കെയുളള കൂട്ടായ്മയായി ജാഗ്രതാസമിതികള്‍ മാറട്ടെ. ഓരോ വാര്‍ഡുതല സമിതികളിലും എല്ലാ വീടുകളും വിലയിരുത്തപ്പെടട്ടെ.

ഇപ്പോള്‍ കുറെ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ കൗണ്‍സിലേഴ്‌സുണ്ട്. മറ്റ് സ്ക്കൂളുകളിലും വ്യാപിക്കുക. കുട്ടികളോടടുപ്പമുളള അദ്ധ്യാപകരിലൊരാളെ പ്രത്യേക പരിശീലനം കൊടുത്തു നിയമിക്കുകയുമാവാം. പിറ്റിഎ ശക്തമാക്കുക. പങ്കെടുക്കാന്‍ പറ്റാത്തത്ര ദയനീയ സ്ഥിതിയിലുളളവരുടെ അടുത്തേയ്ക്ക് അദ്ധ്യാപിക നേരിട്ടെത്തണം. കുടുംബശ്രീപ്രവര്‍ത്തകര്‍ക്ക് സഹായിക്കാനാവും. ഗുഡ് ടച്ചും ബാഡ് ടച്ചും കുഞ്ഞുങ്ങള്‍ക്കു പറഞ്ഞു കൊടുക്കണം.

പീഡനവിവരമറിഞ്ഞാല്‍ കുട്ടികളെയോ മാതാപിതാക്കളെയോ കുറ്റപ്പെടുത്താതിരിക്കുക. ഈ കുറ്റപ്പെടുത്തലുകളെ ഭയന്നാണ് മാതാപിതാക്കള്‍ സംഭവം മറച്ചു വയ്ക്കുന്നത്. കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് മാനസ്സിക വൈകല്യമാണെന്ന് തിരിച്ചറിയണം. അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു വാക്കും നമ്മളില്‍ നിന്നുമുണ്ടാവരുത്.

ഓരോ പീഡനത്തിനുമെതിരേ രംഗത്തിറങ്ങുന്നവരെ പുച്ഛത്തോടെ നോക്കുന്നഞാനും എന്റെ കുടുംബവും മാത്രം മതി എന്നു കരുതുന്ന മിടുക്കരോട് ഒരു വാക്ക്. തിന്നും കുടിച്ചും സുഖിച്ചും ജീവിക്കാന്‍ മാത്രമല്ല മനുഷ്യജന്മം. തിന്മയെ എതിര്‍ക്കാനും ജയിച്ചില്ലെങ്കിലും പ്രവര്‍ത്തിക്കാനും കൂടി കഴിയണം. ജാതിയ്ക്കും മതത്തിനും വേണ്ടി മാത്രമാകരുത് കൊടി പിടിക്കുന്നത്. മനുഷ്യത്വത്തിനു വേണ്ടിയും കൊടി പിടിക്കാനാവണം.

അടുത്തത് നീതിപാലകരും ന്യായാധിപകരും.
തങ്ങളുടെ കൈകളിലാണ് ജനത്തിന്റെ ജീവനും ജീവിതവുമെന്നറിയുക. പിഞ്ചുകുഞ്ഞ് ആസ്വദിച്ചു എന്നും മറ്റും വിവരക്കേട് അല്ല ക്രൂരത എഴുതി വയ്ക്കാതിരിക്കുക.

അവസാനമായി......
മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷനേതാവ് എന്നിവരോട്

നിയമസഭയില്‍ വാളയാര്‍ സംഭവംഎത്ര വട്ടം
ചര്‍ച്ച ചെയ്താലും ആവര്‍ത്തനവിരസമാവില്ല. ബഹുമാനപ്പെട്ട നിയമസഭ മറ്റെല്ലാം നിര്‍ത്തി വെച്ച് വാളയാര്‍ സംഭവത്തെ മുന്‍നിര്‍ത്തി കേസ്സുകള്‍ അട്ടിമറിക്കാതിരിക്കാന്‍ എന്തു ചെയ്യണമെന്ന്, ഈമാതിരി സംഭവങ്ങള്‍ ആവര്‍ത്തിരിക്കാതിരിക്കാന്‍ എന്തു ധടപടികള്‍ സ്വീകരിക്കണമെന്ന്., വനിതാകമ്മീഷന്‍, ജാഗ്രതാസമിതികളൊക്കെ എങ്ങനെ പുന:സംഘടിപ്പിക്കണമെന്ന് അടിയന്തിരമായി ചര്‍ച്ച ചെയ്യുക. കാരണം ശബരിമലയും പളളിപ്രശ്‌നവും ജാതിയും മതവും ഒന്നുമല്ല പ്രധാനം. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവനും ജീവിതവുമാണ് വലുത്.

Join WhatsApp News
Johnson 2019-11-08 12:07:35
വാളയാർ സംഭവത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ മുഴുവൻ വാർഡ് സഭകളും വിളിച്ചു കൂട്ടി ഓരോ വാര്ഡും ശിശു, സ്ത്രീ, മുതിർന്ന പൗരന്മാർ ... തുടങ്ങിയവരുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പു വരുത്തുവാനുള്ള സമിതികൾ രൂപീകരിച്ചു പ്രവർത്തനം ആരംഭിക്കുക തെരുവിലല്ല പ്രതിഷേധിക്കേണ്ടത്. വാർഡ് സഭ വിളിച്ചു കൂട്ടാത്ത കൗണ്സിലര്മാരെ ബഹിഷ്കരിക്കുക. മലയാളിയുടെ ലൈംഗികതയും ആഴത്തിലും സമഗ്രമായും ചർച്ച ചെയ്യണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക