Image

ഒരു പ്രളയ കാലത്തിന്റെ ഓര്‍മ്മക്ക്: ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍, ഫോമാ ജോ. ട്രഷറര്‍

Published on 08 November, 2019
ഒരു പ്രളയ കാലത്തിന്റെ ഓര്‍മ്മക്ക്: ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍, ഫോമാ ജോ. ട്രഷറര്‍
ഡാളസ്: ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു 2018 ലെ കേരളത്തിലെ മഹാപ്രളയം. പ്രകൃതിയുടെ വികൃതിക്ക് മുമ്പില്‍ നിസ്സഹായനായി നില്‍ക്കുന്ന മനുഷ്യന്‍. ജാതി, മത, രാഷ്ട്രിയ, വര്‍ണ്ണ, വര്‍ഗ്ഗ വിവേചനങ്ങള്‍ക്കതീതമായി മനുഷ്യന്‍ ഒരുമിച്ച് ഒറ്റക്കെട്ടായി ഈ ദുരന്തത്തില്‍ നിന്നും കരകയറി. കേരളക്കരയിലെ മാനവ മൈത്രിയുടെയും കൂട്ടായ്മയുടെയും മുമ്പില്‍ ലോകമെമ്പാടുമുള്ള സംഘടനകളും വ്യക്തികളും സഹായങ്ങളുമായി ഓടിയെത്തി. അങ്ങനെ കേരളം ഈ മഹാപ്രളയത്തില്‍ നിന്നും കരകയറി.

ഈ പ്രളയ കാലഘട്ടത്തില്‍, കേരളത്തില്‍ ഉണ്ടായിരുന്ന പ്രവാസിയായ എനിക്ക് ഈ ദുരിതങ്ങളുടെ കഠിന്യവും ആഴവും നേരിട്ട് കാണുന്നതിന് സാധിച്ചു. ഫോമായുടെ നേതൃത്വത്തില്‍, വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെയും സഹകരണത്തോടെയും കേരളത്തില്‍ ഉടനീളം വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും, വസ്ത്രവും, മരുന്നുകളും മറ്റ് ആവശ്യമായ എല്ലാ സാമഗ്രികളും എത്തിച്ചു കൊടുക്കുന്നതില്‍ പങ്കാളിയാകുവാന്‍ കഴിഞ്ഞു. വിവിധ ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തകരോടൊപ്പം യാത്ര ചെയ്യുവാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും സാധിച്ചു എന്നത് ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

പ്രളയക്കെടുതിയുടെ അനന്തര ഘട്ടങ്ങളില്‍ നിന്നും കരകയറാന്‍ നന്മുടെ സഹോദരങ്ങള്‍ ഏറെ ബുദ്ധിമുട്ടി. സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠ പുസ്തകങ്ങളും, വസ്ത്രങ്ങളും വാങ്ങി നല്‍കി അവരെ സ്‌കൂളുകളില്‍ മടക്കി എത്തിച്ചു. പ്രളയത്തെ തുടര്‍ന്നുണ്ടായ പകര്‍ച്ച വ്യാധികളെക്കുറിച്ച് വിവിധ പഞ്ചായത്തുകളില്‍ ബോധവല്‍ക്കരണം സംഘടിപ്പിച്ചു. വിവിധ ജില്ലകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. വീടുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടുകള്‍ പണിതു നല്‍കി. ഭാഗികമായി കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് അറ്റകുറ്റപണികള്‍ നടത്തി പാര്‍പ്പിട യോഗ്യമാക്കി.

ഈ വിനീതനായ എന്നില്‍ വിശ്വാസം അര്‍പ്പിച്ച് എന്നെ വിവിധ സംഘടനകളും വ്യക്തികളും ഏല്‍പ്പിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അതിനു വേണ്ടിയുള്ള ഫണ്ടുകള്‍ എല്ലാം നൂറു ശതമാനം മനസ്സാക്ഷിയോടെ നിര്‍വ്വഹിച്ചു എന്നതില്‍ സന്തോഷമുണ്ട്. എന്നില്‍ പരിപ്പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ച വ്യക്തികള്‍, സംഘടനകള്‍ ഏവരോടും മനസ്സു നിറഞ്ഞ നന്ദി. കേരളത്തിലുള്ള ക്യാമ്പ് കോ-ഓര്‍ഡിനേറ്റേഴ്‌സ്, വോളന്റിയേഴ്‌സ്, നല്ലവരായ നാട്ടുകാര്‍, ഇവരോടൊപ്പം ഒരു മെയ്യായ് കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷിക്കുന്നു. ഇവരോടുള്ള നന്ദിയും സ്‌നേഹവും നിസ്സീമമാണ്. ഇനിയൊരു ദുരന്തം നമ്മെ വേട്ടയാടാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ഒപ്പം പ്രകൃതിയോട് മത്സരിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യാം.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപനത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഒരു ലഘുവീഡിയോ കാണുന്നതിന് വേണ്ടി ഈ ലിങ്കില്‍ നോക്കുക.

"ലോകാ സമസ്താ സുഖിനോ ഭവന്തു"
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക