Image

ഇന്ത്യയുടെ പാരമ്പര്യ സമൂഹത്തില്‍ മാത്രമാണോ പ്രശ്‌നങ്ങള്‍ ഉള്ളത്? (വെള്ളാശേരി ജോസഫ്)

Published on 09 November, 2019
ഇന്ത്യയുടെ പാരമ്പര്യ സമൂഹത്തില്‍ മാത്രമാണോ പ്രശ്‌നങ്ങള്‍ ഉള്ളത്? (വെള്ളാശേരി ജോസഫ്)
പ്രശ്‌നങ്ങളില്ലാത്ത സമൂഹങ്ങള്‍ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ? ഇല്ലെന്ന് വേണം പറയാന്‍. ഇന്ത്യയില്‍ ആധുനിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം തയാറല്ല എന്നതാണ് ഒരു വലിയ പ്രശ്‌നം. അതാണ് ജാതിയില്‍ മാത്രമല്ലാ; സ്ത്രീകളുടെ ജോലികളോടുള്ള നമ്മുടെ 'ആറ്റിറ്റിയൂഡും' കാണിക്കുന്നത്. സ്ട്രക്ച്ചറലായ സാമൂഹിക മാറ്റമൊക്ക യൂറോപ്പിലും അമേരിക്കയിലും നടന്നിട്ടുണ്ട്. ഇന്ത്യയില്‍ ആ 'കള്‍ച്ചറല്‍ ചെയിഞ്ജ്' എന്താണ് വിദ്യാഭ്യാസമുള്ളവര്‍ക്കിടയില്‍ പോലും നടക്കാത്തത്? നമ്മുടെ 'ആറ്റിറ്റിയൂഡ്' ആണ് ഇവിടെ യഥാര്‍ത്ഥ വില്ലന്‍. അതാരും അംഗീകരിക്കാനും തയാറല്ല. സ്ത്രീകളും കുടുംബിനികളും ചെയ്യുന്ന പണികള്‍ നമ്മുടെ പാരമ്പര്യ സമൂഹത്തില്‍ ഒട്ടും പരിഗണിക്കപ്പെടാത്തതിന് കാരണവും ഒരുപക്ഷെ അതാവാം. പാചകം മുഴുവന്‍ ചെയ്തിട്ട് പണ്ട് അവരെ എച്ചില്‍ പാത്രത്തില്‍ കഴിപ്പിച്ച കഥയൊക്ക കേരളത്തില്‍ ഒത്തിരി ഉണ്ടല്ലോ. പണ്ടത്തെ രീതിയില്‍ നിന്ന് കാര്യങ്ങള്‍ ഇന്ന് ഏറെ വ്യത്യസ്തമാണെങ്കിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഉണ്ടായ ഒരു 'റോള്‍ ചെയിഞ്ജ്' ഇന്ത്യയില്‍ നടക്കുന്നില്ല.

ഇന്ത്യയില്‍ സ്ത്രീകളുടെ തൊഴിലിനോടുള്ള മനോഭാവം പോലെ തന്നെയാണ് ജാതി സൃഷ്ടിക്കുന്ന സുപ്പീരിയോറിറ്റി കോംപ്ലക്‌സുകളും. പണ്ട് ബ്രാഹ്മണ മേല്‍ക്കോയ്മ നിലനിന്നിരുന്ന കാലത്ത് സ്ത്രീകളെ പോലെ തന്നെ പിന്നോക്ക ജാതിക്കാരേയും എച്ചിലിലയില്‍ തീറ്റിച്ച ഒരു ചരിത്രമുണ്ട്. ദേവകി നിലയങ്ങോട് ഒരു കൃതിയില്‍ പറയുന്നത് അവരുടെ ഇല്ലത്തെ ഊട്ടുപുരയില്‍ നമ്പൂതിരിമാര്‍ കഴിച്ചതിനു ശേഷം അവരുടെ എച്ചിലിലയില്‍ ആയിരുന്നു മറ്റുള്ളവരുടെ ഊണ് എന്നാണ്. അവര്‍ക്കതില്‍ വിഷമവും ഉണ്ടായിരുന്നു. പക്ഷെ "എന്‍റ്റെ എച്ചിലിലയും അകത്തു കിടക്കുകയാണല്ലോ" എന്നാണ് ആ സംഭവത്തെ ഓര്‍ത്തുകൊണ്ട് ദേവകി നിലയങ്ങോട് പരിതപിക്കുന്നത്. ഇങ്ങനെയുള്ള 'സുപ്പീരിയോറിറ്റി കോംപ്ലക്‌സില്‍' അധിഷ്ഠിതമായ ജാതി വ്യവസ്ഥ ഒറ്റ രാത്രി കൊണ്ടൊന്നും ഇല്ലാതാകാന്‍ പോവുന്നുല്ല എന്നതാണ് യാഥാര്‍ഥ്യം. കാരണം അത്രയ്ക്ക് രൂഢമൂലമാണ് ജാതി ചിന്താഗതി. മനസ്സിന്‍റ്റെ ഉള്ളിന്‍റ്റെ ഉള്ളില്‍ എങ്കിലും ജാതി ചിന്ത ഇല്ലാത്ത ഇന്ത്യക്കാരെ കാണുവാന്‍ വളരെ പ്രയാസമാണ്. കേരളത്തില്‍ ജാതീയത ഏറ്റവും കൂടുതല്‍ ഉള്ളത് നായന്മാരിലും, ക്രിസ്ത്യാനികളിലും ആണെന്നാണ് ഇതെഴുതുന്ന ആള്‍ക്ക് തോന്നിയിട്ടുള്ളത്. ഈ രണ്ടു വിഭാഗവും പൊതുവെ കേരളത്തിന്‍റ്റെ മധ്യ വര്‍ഗമായി കരുതാം. മധ്യ വര്‍ഗത്തിന് സാമൂഹ്യമായും, സാമ്പത്തികമായും ഉന്നതി പ്രാപിക്കുമ്പോള്‍ ജാതി സാമൂഹ്യ യാഥാര്‍ഥ്യമായിട്ടുള്ള ഒരു സമൂഹത്തില്‍ ജാതി മേല്‍ക്കോയ്മയും സ്ഥാപിക്കാനുള്ള ആഗ്രഹം വരും. ഇതാണ് കേരളത്തിലെ സുറിയാനി, പരമ്പരാഗത ക്രിസ്ത്യാനികളുടെ കാര്യത്തില്‍ സംഭവിച്ചത്. സാമ്പത്തികമായും, സാമൂഹ്യമായും അഭിവൃദ്ധി പ്രാപിച്ചപ്പോള്‍ അവര്‍ ജാതി മേല്‍ക്കോയ്മയും ഉണ്ടാക്കാന്‍ നോക്കി. അത് കൊണ്ടാണ് അവര്‍ ഇല്ലാത്ത 'നമ്പൂതിരി ബന്ധത്തിന്‍റ്റെ' അല്ലെങ്കില്‍  'ബ്രാഹ്മണിക്കല്‍ ജീനിന്‍റ്റെ' കഥ പറയുന്നത്. നായന്മാരും ഇത്തരത്തില്‍ ജാതി മേല്‍ക്കോയ്മയില്‍ അധിഷ്ഠിതമായ ഫള്ളു പറയുന്നതിലും, കാണിക്കുന്നതിലും ഒട്ടും മോശക്കാരല്ല. പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിയുടെ (ആറാം തമ്പുരാന്‍) ഒരു പണിക്കാരന്‍ തന്‍റ്റെ മകന് കലാമണ്ഡലത്തില്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് പരാതി പറയാന്‍ ചെന്നപ്പോള്‍ പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരി ചോദിക്കുന്നുണ്ട് " നമ്പൂതിരിക്കില്ലാത്ത അയിത്തം നായര്‍ക്കോ" എന്ന്. ആറാം തമ്പുരാനെ കുറിച്ചുള്ള ശ്രീരാമന്‍റ്റെ പുസ്തകത്തില്‍ ഇത് കൃത്യമായി പറയുന്നുണ്ട്. ഉത്തരേന്ത്യയിലും ഇതാണ് സ്ഥിതി. ബ്രാഹ്മണന്‍ ഒരു പക്ഷെ ദളിതനുമായി കൂട്ട് കൂടും. പക്ഷെ ഠാക്കൂറും, യാദവനും കൂട്ട് കൂടില്ല. ഉത്തര്‍ പ്രദേശില്‍ ബി.എസ.പി. ബ്രാഹ്മണരുമായി പല തവണ കൂട്ട് കൂടിയതാണല്ലോ. ഇപ്പോഴും കൂട്ടുണ്ട്. പക്ഷെ മറ്റു സമുദായങ്ങള്‍ക്ക് ഇത് അഭിമാനത്തിന്‍റ്റെ പ്രശ്‌നമാണ്. ആ മിഥ്യാഭിമാനം ഉത്തരേന്ത്യയില്‍ വളരെ അധികം കാണാം. "ഇസ്സത്ത് കാ സവാല്‍ ഹേ"  എന്നാണല്ലോ ഉത്തരേന്ത്യയില്‍ പറയപ്പെടാറുള്ളത്. അഭിമാനത്തെ തൊട്ടു കളിക്കുന്ന ഒന്നിനോടും കോമ്പ്രമൈസ് ഇല്ലെന്ന് സാരം.

സ്ഥിരം നാലുകെട്ടുകളും, കൊട്ടാരങ്ങളും, കോവിലകങ്ങളും കാണിക്കുന്ന നമ്മുടെ മലയാള സിനിമകള്‍ മൂലമാണ് ആ പഴയ ഫ്യുഡല്‍ സംസ്കാരത്തിന്‍റ്റെ  ചിഹ്നങ്ങള്‍ മലയാളിയിലേക്ക് വീണ്ടും എത്തുന്നത് എന്നാണ് തോന്നുന്നത്. സിനിമയുടെ മായാജാലത്തില്‍ വീണ ചില മലയാളികളെങ്കിലും മിഥ്യാഭിമാനത്തില്‍ അഹങ്കരിക്കുന്നു. പഴയ ഫ്യുഡല്‍ സംസ്കാരത്തിന്‍റ്റെ  ചിഹ്നങ്ങളിലൊന്നായ  മുറ്റത്തു പനമ്പട്ട തിന്നുകൊണ്ടിരിക്കുന്ന ആനയെ നമ്മുടെ സിനിമകളില്‍ പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട് വൈക്കം മുഹമ്മദ് ബഷീറിന്‍റ്റെ നോവലിലെ പോലെ 'ന്‍റ്റുപ്പാപ്പെക്കൊരാനയുണ്‍ഡായിര്‍ന്നു' എന്ന രീതിയില്‍ പലരും അഹങ്കരിക്കുന്നു. പക്ഷെ ഇങ്ങനെ മിഥ്യാഭിമാനത്തില്‍ അഭിരമിക്കുന്ന ചിലരുടെ യഥാര്‍ത്ഥ കുടുംബ ചരിത്രം തേടി പോയാല്‍ ചിലപ്പോള്‍ അവസാനം ആ ആന കുഴിയാന ആയി തീരാന്‍ സാധ്യതയുണ്ട്.

പണ്ട് നായന്മാരും നമ്പൂതിരിമാരും ഭൂ പ്രഭുക്കന്മാരായിരുന്നു എന്നുള്ളത് അങ്ങേയറ്റം വികലമായ ചരിത്ര ബോധമാണ്. ഭൂ പരിഷ്കരണ നിയമം കൊണ്ട് വരുന്നതിനു മുന്‍പ് കേരളത്തിലെ നമ്പൂതിരിമാരെല്ലാം ജന്മികള്‍ ആയിരുന്നെന്നാണ് ചിലരുടെയെങ്കിലും വിചാരം. എന്നാല്‍ ജാതിയെ ആധികാരികമായ പഠനം നടത്തിയിട്ടുള്ള പി. കെ. ബാലകൃഷ്ണന്‍ 'ജാതി വ്യവസ്ഥിതിയും കേരളം ചരിത്രവും' എന്ന പുസ്തകത്തില്‍ പറയുന്നത് നാലിലൊന്നു നമ്പൂതിരിമാരോ, അതില്‍ താഴെയോ മാത്രമേ ജന്മിമാര്‍ ആയിരിന്നുട്ടുള്ളൂ എന്നാണ്. എന്ന് വെച്ചാല്‍ മഹാ ഭൂരിപക്ഷം നമ്പൂതിരിമാരും ദരിദ്ര നാരായണന്മാര്‍ ആയിരുന്നെന്നു സാരം. കുടുംബ ക്ഷേത്രങ്ങളില്‍ നിന്നുള്ള ഭക്ഷണം കൊണ്ട് ജീവിച്ച നമ്പൂതിരിമാരായിരുന്നു ഭൂരിപക്ഷവും എന്ന് വേണം കരുതാന്‍. എം.ടി. കഥയിലെ കട്ടി കഞ്ഞിവെള്ളം കുടിച്ചിട്ട് കിടക്കുന്ന അപ്പുണ്ണിയും, ഊണിന്‍റ്റെ വിളിയോര്‍ത്ത് തറവാട് മുറ്റത്തു കുത്തിയിരിക്കുന്നവരും കേരളത്തിലെ ഒരു കാലത്തെ സാമൂഹ്യ ചിത്രം തന്നെയായിരുന്നു. നരേന്ദ്ര പ്രസാദ് ഒരിക്കല്‍ പറഞ്ഞത് അപ്പുണ്ണിയുടെ കഥ തന്‍റ്റെ തന്നെ കഥയായിരുന്നു എന്നാണ്. എം.ടി.  തന്നെ താന്‍ പട്ടിണി കിടന്ന കഥ പറഞ്ഞിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധ കാലത്തും, രണ്ടാം ലോക മഹായുദ്ധ കാലത്തും കേരളത്തിലെ തറവാടുകളില്‍ നിന്ന് അനേകം പേര്‍ ബ്രട്ടീഷ് കൂലി പട്ടാളത്തില്‍ ചേര്‍ന്നത് രാജ്യ സ്‌നേഹം കൊണ്ടല്ലായിരുന്നു; മറിച്ച് തറവാടുകളിലെ ദാരിദ്ര്യം തന്നെയായിരുന്നു അതിനു കാരണം. കേരളം ഒരിക്കലും വലിയ പടയോട്ടങ്ങളെയോ, വലിയ സാമ്രാജ്യങ്ങളെയോ സൃഷ്ടിച്ചിട്ടില്ല. സിന്ധുയമുനഗംഗാ സമതലങ്ങളില്‍ ഉടലെടുത്തത് പോലെ ഒരു സാമ്രാജ്യം പോലും കേരള ചരിത്രത്തിലില്ല. മര്‍വാഡികളെ പോലെയോ, ചെട്ടിയാര്‍മാരെ പോലെയോ ഉള്ള ഒരു വ്യാപാര സമൂഹവും കേരളത്തില്‍ ഇല്ലായിരുന്നു. കേരളം തന്നെ ദരിദ്ര സംസ്ഥാനമായിരുന്നു. കാര്‍ഷിക നികുതി ഇല്ലായിരുന്നതിനാല്‍ പോര്‍ച്ചുഗീസുകാര്‍ വന്നു കുരുമുളക് കച്ചവടം തുടങ്ങിയതിനു ശേഷമാണ് കേരളത്തിന്‍റ്റെ അഭിവൃദ്ധിയുടെ കഥ നാം അല്‍പ്പമെങ്കിലും കേള്‍ക്കുന്നത്. ഇതൊക്കെ ഇന്നും ജാതി മാഹാത്മ്യത്തിലും, തറവാട്ടു മാഹാത്മ്യത്തിലും ഊറ്റം കൊള്ളുന്നവര്‍ ഓര്‍ത്തിരിക്കുന്നതു നല്ലതാണ്.

ചരിത്രത്തില്‍ ഊറ്റം കൊള്ളാതെ സമൂഹത്തെ സ്ട്രക്ച്ചറലായി മാറ്റാനാണ് സുബോധമുള്ളവര്‍ യത്‌നിക്കേണ്ടത്. ലിബറല്‍ കോസ്‌മോപോളീറ്റന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറാക്കുമ്പോള്‍ മാത്രമേ നമ്മുടെ സമൂഹത്തില്‍ ഒരു പുനര്‍ സൃഷ്ടി നടക്കുകയുള്ളൂ. കേരളത്തില്‍ ഇന്നാരും ആന മാഹാത്മ്യവും, തറവാട്ടു മാഹാത്മ്യവും പറയേണ്ട കാര്യമില്ല. കേരളത്തില്‍ ഇന്നെവിടെയാ ആന ഉള്ളത്? പഴയ നാലുകെട്ടും, എട്ടു കെട്ടുകളും, കൊട്ടാരങ്ങളും ഒക്കെ പലരും പൊളിച്ചു വിറ്റുകഴിഞ്ഞു. പുരാവസ്തു വകുപ്പ് ഏറ്റെടുത്തില്ലെങ്കില്‍ തടി കൊണ്ട് പണിത പഴയ വീടുകള്‍ സംരക്ഷിക്കുന്നത് ഒട്ടും എളുപ്പമല്ല എന്ന് സുബോധമുള്ളവര്‍ക്കൊക്കെ അറിയാം. പക്ഷെ "കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തു കിടക്കണം" എന്ന മിഥ്യാഭിമാനം ആണ് പലരുടേയും ജാതിവാലിനു പിന്നില്‍. ഇന്ത്യയില്‍ എല്ലായിടത്തും ആ ജാതിവാല്‍ മുറിച്ചാലേ ഒരു ലിബറല്‍ കോസ്‌മോപൊളീറ്റന്‍ ഇന്ത്യ പുനര്‍ജനിക്കൂ. നമ്മുടെ ഭരണ വര്‍ഗത്തിന്‍റ്റെ എലീറ്റസിത്തിനെതിരെ താഴേക്കിടയില്‍ നിന്നുള്ളവരുടെ ഒരു മൂവ്‌മെന്‍റ്റ് വരട്ടെ. അപ്പോള്‍ മാത്രമേ നമ്മുടെ വരേണ്യ വര്‍ഗത്തിലുള്ള പലരും പുനര്‍വിചിന്തനം ചെയ്യാന്‍ തയാറാകൂ. സ്വതന്ത്ര ഇന്ത്യയില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം ഒരിക്കലും ഭരണ വര്‍ഗം ഏറ്റെടുത്തിട്ടില്ല. പകരം സംവരണം പോലുള്ള ഉടായിപ്പുകള്‍ വെച്ചു നീട്ടി ജനത്തെ തമ്മില്‍ തല്ലിക്കയാണ് ഉണ്ടായിട്ടുള്ളത്. ബ്രട്ടീഷുകാരുടെ 'വിഭജിപ്പിച്ചു ഭരിക്കുന്ന' പ്രക്രിയയേക്കാല്‍ മോശം പണിയാണ് നാളിതുവരെ സ്വതന്ത്ര ഇന്ത്യയില്‍ നടന്നിട്ടുള്ളത്.

പക്ഷെ സ്ട്രക്ച്ചറലായ സാമൂഹ്യ മാറ്റത്തിനനുസരിച്ച് യൂറോപ്പിലേയും അമേരിക്കയിലേയും സമൂഹങ്ങള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു എന്നുള്ള കാര്യം കൂടി ആധുനികതയെ കുറിച്ച് പറയുമ്പോള്‍ നാം കാണണം. അവ ഇന്ത്യയിലേതു പോലുള്ളവയല്ല എന്ന് മാത്രമേയുള്ളൂ. ഗണ്‍ കള്‍ച്ചറും, വയലന്‍സും, ഹൈസ്കൂള്‍ പെണ്‍കുട്ടികളില്‍ പോലും ഉണ്ടാകുന്ന ഭീമമായ 'അബോര്‍ഷന്‍ റെയിറ്റും', പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുന്നതും പ്രസവിക്കുന്നതും, മയക്കു മരുന്നിന്‍റ്റെ ഉപഭോഗവും അത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും, പാഷന്‍ െ്രെകംസും ഒക്കെ യൂറോപ്പിലും അമേരിക്കയിലും ഇഷ്ടം പോലെ ഉണ്ട്. മെക്‌സിക്കന്‍ കാര്‍ട്ടലുകള്‍ നിയന്ത്രിക്കുന്ന മയക്കുമരുന്ന് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കയിലേക്ക് കോടികണക്കിന് ഡോളര്‍ ഒഴുകുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

ഇന്ത്യയിലും പ്രക്ഷേപണം ചെയ്ത അമേരിക്കന്‍ ടെലിവിഷന്‍ സീരിയലായ 'ബ്രെയ്ക്കിങ് ബാഡ്' കണ്ടാല്‍ മാത്രം മതി ആ 'ഡ്രഗ് പ്രോബ്ലം' മനസിലാക്കുവാന്‍. 'ബ്രെയ്ക്കിങ് ബാഡ്'ല്‍ വാള്‍ട്ടര്‍ വൈറ്റ് എന്ന കെമിസ്ട്രി അദ്ധ്യാപകന്‍ തന്‍റ്റെ കെമിസ്ട്രിയില്‍ ഉള്ള വിജ്ഞാനം 'മെത്' അല്ലെങ്കില്‍ മെതൈല്‍ഫെനിഡേറ്റ് എന്ന മയക്കു മരുന്ന് നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. അത് വഴി വാള്‍ട്ടര്‍ വൈറ്റിന് കോടികണക്കിന് ഡോളറുകളും കിട്ടുന്നു. തികച്ചും സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുമായിരുന്ന വാള്‍ട്ടര്‍ വൈറ്റാണ് പണത്തിനോടുള്ള അമിതാവേശം മൂലം െ്രെകമിന്‍റ്റെ ലോകത്തേക്ക് കടക്കുന്നത്. മയക്കുമരുന്ന് നിര്‍മാണത്തിലൂടെ കോടികണക്കിന് ഡോളര്‍ ഉണ്ടാകുമ്പോഴും വാള്‍ട്ടര്‍ വൈറ്റിന്  ആ പണം ഉപയോഗിക്കാന്‍ പറ്റുന്നില്ല. അമേരിക്കയില്‍ പൗരന്മാരുടെ സാമ്പത്തിക സ്ഥിതി നിരീക്ഷിക്കുന്ന കിലേൃിമഹ ഞല്‌ലിൗല ടലൃ്ശരല (കഞട) വലിയ സംവിധാനങ്ങള്‍ ഉള്ള സംഘടനയാണ്. അവരുടെ കണ്ണുകള്‍ വെട്ടിച്ച് പണം ദുര്‍വ്യയം ചെയ്യുക അമേരിക്കയില്‍ എളുപ്പമല്ല. അമേരിക്കയിലെ തന്നെ ഉള്ള ചമശേീിമഹ ടലരൗൃശ്യേ അഴലിര്യ (ചടഅ)  ക്ക് ഏക്കര്‍ കണക്കിന് കമ്പ്യൂട്ടര്‍ ശ്രിംഖല   ഉണ്ടെന്നാണ് പറയപ്പെടുന്നത്. 'ഋിലാ്യ ീള വേല ടമേലേ' എന്ന ഹോളിവുഡ് ചിത്രത്തില്‍ അമേരിക്കന്‍ പൗരന്‍മാര്‍ സ്‌റ്റെയിറ്റിനാല്‍ നിരീക്ഷിക്കപ്പെടുന്നത് നന്നായി കാണിക്കുന്നുണ്ട്. ഇങ്ങനെ പൗരന്മാര്‍ അമേരിക്കന്‍ സ്‌റ്റെയിറ്റിനാല്‍ നിരന്തരം നിരീക്ഷിക്കപ്പെട്ടിട്ടും അവിടെ കുറ്റകൃത്യങ്ങള്‍ക്ക് കുറവൊന്നും ഇല്ലാ. ഇത്തരം കുറ്റകൃത്യങ്ങളൊക്കെ ഇന്ത്യയിലേത് പോലെ പരമ്പരാഗത ആറ്റിറ്റിയൂഡിനാലും, മൂല്യങ്ങളാലും സൃഷ്ടിക്കപ്പെടുന്ന പ്രശ്‌നങ്ങളല്ലാ എന്ന് മാത്രം. നമുക്കിവിടെ ദാരിദ്ര്യവും, അസമത്വവും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഇഷ്ടം പോലെ ഉണ്ട്; 'ദുരഭിമാന കൊലകള്‍' പോലെ മിഥ്യാഭിമാനവും, ഈഗോയും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഇഷ്ടം പോലെ ഉണ്ട്. വികസിത യൂറോപ്പ്യന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ മറ്റു പല പ്രശ്‌നങ്ങളും ആണെന്നേ ഉള്ളൂ. ഓരോ സമൂഹവും ഓരോ രീതിയിലാണ് പ്രശ്‌നങ്ങള്‍ നേരിടുന്നത്.

ആധുനിക സമൂഹം എന്ന് പറയുമ്പോള്‍ ഭൂരിഭാഗം പേരും യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആണ് ഉറ്റുനോക്കുന്നത്. അങ്ങനെ അമേരിക്കയേയും യുറോപ്പിനേയും അന്ധമായി അനുകരിക്കാതിരിക്കുന്നതാണ് ഭേദം. അവരുടെയൊക്ക വ്യക്തി കേന്ദ്രീകൃതവും ഉപഭോഗതൃഷ്ണ മുറ്റിനില്‍ക്കുന്നതുമായ സംസ്കാരത്തിലേക്ക് നമ്മള്‍ മാറിയാല്‍ സായിപ്പിന്‍റ്റെ തെറ്റുകള്‍ ഇവിടെ ആവര്‍ത്തിക്കാമെന്ന ഗുണമേ ഉള്ളൂ. ഇന്ത്യന്‍ പാരമ്പര്യവും സംസ്കാരവും അത്ര മോശമൊന്നുമല്ല. ചില പുഴുക്കുത്തുകളും പോരായ്മകളും ഉണ്ടെങ്കിലും ഭൂരിഭാഗം ജനങ്ങളും ഇന്ത്യയില്‍ സമാധാന പ്രിയരും ശാന്ത ജീവിതം നയിക്കുന്നവരുമാണ്. ഭക്തിയിലും ആത്മീയതയിലും അധിഷ്ഠിതമായ ഇന്ത്യ ഗാന്ധിയെ പോലുള്ള അനേകം മഹാത്മാക്കള്‍ക്ക് ജന്‍മം നല്‍കിയിട്ടുമുണ്ട്. ധര്‍മ ബോധം ഇന്നത്തെ കലികാലത്ത് കുറവാണ്; സ്വാര്‍ത്ഥത ആണെങ്കില്‍ വളരെ കൂടുതലും. ഇനി വരാനിരിക്കുന്ന കാലത്തെങ്കിലും ധര്‍മബോധത്തില്‍ ഊന്നി ആരെയും അനുകരിക്കാതെ ഇന്ത്യ സ്വന്തം സ്വത്ത്വം  വീണ്ടെടുക്കുമാറാകട്ടെ എന്ന് പ്രത്യാശിക്കാനേ നമുക്കിപ്പോള്‍ കഴിയൂ.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ്റിലെ അസിസ്റ്റന്‍റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക