Image

ബര്‍ലിന്‍ മതില്‍ പൊളിച്ചതിന്റെ മുപ്പതാം സ്മരണപുതുക്കി ജര്‍മനി; മതിലിന്റെ വീഴ്ച അനുസ്മരിച്ച് മെര്‍ക്കല്‍

Published on 09 November, 2019
ബര്‍ലിന്‍ മതില്‍ പൊളിച്ചതിന്റെ മുപ്പതാം സ്മരണപുതുക്കി ജര്‍മനി; മതിലിന്റെ വീഴ്ച അനുസ്മരിച്ച് മെര്‍ക്കല്‍
ബര്‍ലിന്‍: രണ്ടാം ലോകമഹയുദ്ധത്തിനൊടുവില്‍ ജര്‍മനിയെ രണ്ടായി വിഭജിച്ചിരുന്ന ബര്‍ലിന്‍ മതില്‍ പൊളിച്ചതിന്റെ 30ാം വാര്‍ഷികം പൊടിപൂരമായി ആഘോഷിക്കുകയാണ് നവംബര്‍ ഒന്‍പതിന് ജര്‍മനി.

മുഖ്യമായും തലസ്ഥാന നഗരിയായ ബര്‍ലിനിലാണ് ആഘോഷം നടക്കുന്നത്. ജര്‍മന്‍ പ്രസിഡന്റ് വാള്‍ട്ടര്‍ സ്‌റ്റൈന്‍മയര്‍, ചാന്‍സലര്‍ മെര്‍ക്കല്‍, മറ്റു മന്ത്രിമാര്‍ ഉള്‍പ്പടെ ജര്‍മനിയിലെ സമുന്നത നേതാക്കള്‍ക്കൊപ്പം യുറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കള്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയും പങ്കെടുക്കുന്ന പൊതുപരിപാടി നവംബര്‍ ഒന്‍പതിന് വൈകുന്നേരം നടന്നു. ബര്‍ലിനിലെ ബ്രാന്‍ഡന്‍ബുര്‍ഗ് കവാടത്തിലാണ് പ്രധാന ആഘോഷ പരിപാടി. ലോകമെന്പാടും നിന്നും വിവിധ തുറകളില്‍ നിന്നുള്ള കലാകാരന്മാരും സംഗീതഞ്ജരും അണിനിരക്കുന്ന ആഘോഷപരിപാടിക്ക് സാക്ഷ്യമേകാന്‍ ഒട്ടനവധിയാളുകളാണ് ബര്‍ലിനിലെത്തിയത്.

ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്‌റ്റെയന്‍മയര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മുഖ്യാതിഥിയിരുന്നു. മതില്‍പൊളിക്കാന്‍ മുന്‍കൈ എടുത്ത മുന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോളിനെ നേതാക്കള്‍ പ്രത്യേകം അനുസ്മരിച്ചു.

പ്രശസ്ത ബര്‍ലിന്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ സംഗീതസന്ധ്യ ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റില്‍ തടിച്ചുകൂടിയ ജനതതിയെ ആവേശം കൊള്ളിച്ചു.

പടിഞ്ഞാറന്‍ ജര്‍മനിയിലേക്ക് ജനങ്ങള്‍ കടക്കാതിരിക്കാനാണ് 1961 ല്‍ കിഴക്കന്‍ ജര്‍മനി ബര്‍ലിന്‍ മതില്‍ നിര്‍മിച്ചത്. കടുത്ത ദാരിദ്യ്രവും അസ്വാതന്ത്ര്യവും കാരണം മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച ആയിരത്തിലധികം ആളുകള്‍ വെടിയേറ്റ് മരിച്ചതായിട്ടാണ് കണക്ക്.

മതില്‍ തകര്‍ക്കപ്പെട്ട ദിവസം മൂന്നു ലക്ഷത്തോളം കിഴക്കന്‍ ജര്‍മന്‍കാര്‍ പടിഞ്ഞാറന്‍ ജര്‍മനിയിലേക്ക് ഓടിക്കയറിയതായിട്ടാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.

വിഭജനശേഷം കിഴക്കന്‍ ജര്‍മനി കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലും റഷ്യയുടെ നിയന്ത്രണത്തിലുമായിരുന്നു. സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവിന്റെ പുനര്‍വിചിന്തനമാണ് ബര്‍ലിന്‍ മതിലിന്റെ പതനത്തിനു വഴി തെളിച്ചത്.

1989 നവംബര്‍ 9 നാണ് ജര്‍മനിയെ കിഴക്കും പടിഞ്ഞാറുമായി വിഭജിച്ചിരുന്ന മതില്‍ ഇരുരാജ്യങ്ങളുടെയും സമ്മതപ്രകാരം പൊളിച്ചതും ഏകീകൃത ജര്‍മനിയായി വീണ്ടും പ്രഖ്യാപിച്ചതും.

മതില്‍ വീണതിന്റെ മുപ്പതാം വാര്‍ഷികത്തിന് മുന്‍ യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റെയ്ഗന്റെ പൂര്‍ണ്ണകായ വെങ്കല പ്രതിമ ബര്‍ലിന്‍ നഗരത്തിലെ ബ്രാന്‍ഡന്‍ ബുര്‍ഗ് കവാടത്തിന് സമീപം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അനാച്ചാദനം ചെയ്തു.

ബര്‍ലിന്‍ മതിലിന്റെ വീഴ്ച അനുസ്മരിച്ച് മെര്‍ക്കല്‍

ബര്‍ലിന്‍ മതില്‍ പൊളിച്ചതിന്റെ മുപ്പതാം വാര്‍ഷികത്തില്‍ അന്നത്തെ സംഭവങ്ങള്‍ അനുസ്മരിച്ച് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.

മതില്‍ പൊളിക്കലിലേക്കു നയിച്ച വ്യാഴാഴ്ച രാത്രി താനൊരു സോനയിലായിരുന്നു എന്നു മെര്‍ക്കല്‍ പറയുന്നു. അന്ന് അതായിരുന്നു വ്യാഴാഴ്ചകളിലെ പതിവ്. ആ സമയത്ത് ഈസ്റ്റ് ബര്‍ലിന്‍ അക്കാഡമി ഓഫ് സയന്‍സസില്‍ ഫിസിസിസ്റ്റായിരുന്നു അവര്‍. സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയിരുന്നില്ല.

ഹംബര്‍ഗിലാണ് ജനിച്ചതെങ്കിലും പൂര്‍വ ജര്‍മനിയിലാണ് മെര്‍ക്കല്‍ വളര്‍ന്നത്. മതില്‍ പൊളിക്കുന്ന കാലത്തിനു മുന്‍പു തന്നെ ആദ്യ ഭര്‍ത്താവില്‍ നിന്നു വേര്‍പിരിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പേരാണ് ഇപ്പോഴും തന്റെ പേരിനൊപ്പം ഉപയോഗിച്ചു വരുന്നത്.

മതില്‍ പൊളിക്കുന്ന ദിവസം 80 അകലെ താമസിക്കുന്ന അമ്മയ്ക്ക് ഫോണ്‍ ചെയ്തിരുന്നു. പൂര്‍വ ജര്‍മനിക്കാര്‍ക്ക് പശ്ചിമ ജര്‍മനിയിലേക്കു കടക്കാന്‍ അനുമതിയായതായും അറിഞ്ഞിരുന്നു. എന്നാല്‍, അതു യഥാര്‍ഥത്തില്‍ സംഭവിക്കുമെന്ന് അധികമാരും വിശ്വസിച്ചിരുന്നില്ല. പക്ഷേ, പൂര്‍വ ജര്‍മനിക്കാര്‍ വെറുതേ അതിര്‍ത്തി കടക്കുക മാത്രമല്ല, മതില്‍ പൊളിച്ചു തന്നെയാണ് അതു സാധ്യമാക്കിയത്.സോണയിലെ നീരാവിയേറ്റു താനിരിക്കുന്ന സമയത്തായിരുന്നു അതു സംഭവിച്ചതെന്നും മെര്‍ക്കല്‍ അനുസ്മരിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക