Image

ധരുണ്‍ രവിക്ക് ജയില്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; ഇടത് ഭരണത്തെ പുറത്താക്കിയ മമതയ്ക്ക് ഹിലരിയുടെ പ്രശംസ

Published on 11 May, 2012
ധരുണ്‍ രവിക്ക് ജയില്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍;  ഇടത് ഭരണത്തെ പുറത്താക്കിയ മമതയ്ക്ക് ഹിലരിയുടെ പ്രശംസ
ന്യൂയോര്‍ക്ക്: സ്വവര്‍ഗാനുരാഗിയായ സുഹൃത്ത് ടൈലര്‍ ക്ലെമന്റിയും മറ്റൊരാളും തമ്മിലുള്ള സമാഗമങ്ങള്‍ രഹസ്യമായി വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രചരിപ്പിച്ച കുറ്റത്തിന് ജൂറി കുറ്റക്കാരനാണെന്ന് കണ്‌ടെത്തിയ ഇന്ത്യന്‍ വംശജന്‍ ധരുണ്‍ രവിക്ക് ജയില്‍ ശഇക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരമാവധി ശിക്ഷയായ പത്തു വര്‍ഷം തടവ് നല്‍കണമെന്ന് തന്റെ ഓഫീസോ ക്ലെമന്റിയുടെ ബന്ധുക്കളോ ആവശ്യപ്പെട്ടിട്ടില്ലെന്ന് മിഡില്‍സെക്‌സ് കൗണ്ടി പ്രോസിക്യൂട്ടറുടെ ഫസ്റ്റ് അസിസ്റ്റന്റായ ജൂലിയ എല്‍.മക്‌ലൂര്‍ ജുറിക്കെഴുതിയ കത്തില്‍ പറഞ്ഞു. തെളിവുകളെല്ലാം എതിരായിട്ടും തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ സമ്മതിക്കാനോ ചെയ്ത കുറ്റങ്ങളില്‍ പശ്ചാത്തപിക്കാനോ രവി തയാറായിട്ടില്ലെന്നും മക്‌ലൂര്‍ വ്യക്തമാക്കി. സൈബര്‍ അശ്ലീല പ്രചാരണത്തിനെതിരെ കൗണ്‍സിലിംഗിന് വിധേയനാവുകയോ, 600 മണിക്കൂര്‍ നിര്‍ബന്ധിത സാമൂഹിക സേവനം നടത്തുകയോ ചെയ്താല്‍ വിചാരണയില്‍ നിന്നൊഴിവാക്കാമെന്ന നിര്‍ദേശവും രവി നിരസിക്കുകയായിരുന്നുവെന്നും ജൂറിക്കെഴുതിയ 13 പേജുള്ള കത്തില്‍ മക്‌ലൂര്‍ വ്യക്തമാക്കി. രവിയുടെ ശിക്ഷ മിഡില്‍സെക്‌സ് കൗണ്ടി ജഡ്ജി ഗ്ലെന്‍ ബെര്‍മന്‍ ഈ മാസം 21ന് പ്രഖ്യാപിക്കാനിരിക്കെയാണ് രവിക്ക് ജയില്‍ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കത്തു നല്‍കിയിരിക്കുന്നത്.

തന്റെ മുറിയില്‍ താമസിച്ചിരുന്ന ടൈലര്‍ ക്ലെമന്റി എന്ന സഹപാഠിയും മറ്റൊരാളും തമ്മിലുള്ള സ്വവര്‍ഗ ലൈംഗികബന്ധം കാണുകയും അത് വീഡിയോയിലാക്കുകയും അയാളെക്കുറിച്ച് അപവാദം പറയുകയും ചെയ്തതിലൂടെ ധരുണ്‍ രവി വിദ്വേഷക്കുറ്റമാണ് ചെയ്തതെന്ന് ജൂറി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 2010ലായിരുന്നു വിവാദ സംഭവം. ധരുണ്‍ രവിയുടെ നടപടിയെത്തുടര്‍ന്ന് ജോര്‍ജ് വാഷിങ്ടണ്‍ പാലത്തിനു മുകളില്‍നിന്ന് ചാടി ക്ലെമന്റി ആത്മഹത്യ ചെയ്തു. എന്നാല്‍, ക്ലെമന്റിന്റെ മരണവുമായി രവിക്ക് ബന്ധമുണെ്ടന്ന് കോടതി വിധിച്ചിട്ടില്ല. ഭയപ്പെടുത്തല്‍, സ്വകാര്യതയിലുള്ള കടന്നുകയറ്റം തുടങ്ങി 15 കുറ്റകൃത്യങ്ങളാണ് മുന്‍ റട്ട്‌ഗേഴ്‌സ് സര്‍വകലാശാല വിദ്യാര്‍ഥിയും 20കാരനുമായ രവിയുടെ പേരിലുള്ളത്. സുഹൃത്തിന്റെ സ്വവര്‍ഗാനുരാഗത്തിന്റെ വിവരങ്ങള്‍ രവി ട്വിറ്ററിലൂടെയും മറ്റും പ്രചരിപ്പിച്ചുവെന്ന് കോടതി കണെ്ടത്തിയിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം കാണാന്‍ രവി മറ്റു സുഹൃത്തുക്കളെ റൂമിലേക്ക് വിളിച്ചുവരുത്തിയെന്നും ജൂറി കണ്‌ടെത്തിയിരുന്നു.

ഇടത് ഭരണത്തെ പുറത്താക്കിയ മമതയ്ക്ക് ഹിലരിയുടെ പ്രശംസ

വാഷിംഗ്ടണ്‍: പശ്ചിമബംഗാളില്‍ 34 വര്‍ഷം നീണ്ടുനിന്ന ഇടത് ഭരണത്തിന് അറുതി വരുത്തി അധികാരം പിടിച്ചെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാബാനര്‍ജിയ്ക്ക് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണിന്റെ പ്രശംസ. ഹിലരിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടയില്‍ മമത ബാനര്‍ജിയുമായും ഹിലരി കൂടിക്കാഴ്ച നടത്തിയിരുന്നു. ടൈം മാഗസിന്‍ തയ്യാറാക്കിയ പട്ടികയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ നൂറ് വ്യക്തികളില്‍ ഹിലരിയും മമതയും സ്ഥാനം പിടിച്ചിരുന്നു. ന്യൂയോര്‍ക്ക് വിമണ്‍ അസോസിയേഷന്റെ സെഞ്ചുറി പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹിലരി. പശ്ചിമബംഗാളിലേക്കുള്ള യാത്ര ജീവിതത്തില്‍ മറക്കാനാകാത്ത യാത്രകളിലൊന്നാണെന്നും ഹിലരി പറഞ്ഞു.

34വര്‍ഷം പശ്ചിമബംഗാളില്‍ നീണ്ടുനിന്ന ഇടത് ഭരണം അവസാനിപ്പിക്കാന്‍ സ്ത്രീയെന്ന നിലയില്‍ മമതയ്ക്ക് കഴിഞ്ഞത് പ്രശംസനീയമാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ അവരിപ്പോള്‍ 90 മില്ല്യണ്‍ ജനങ്ങളെ നയിക്കാനുള്ള ശ്രമത്തിലാണെന്നും ഹിലരി ചടങ്ങില്‍ പറഞ്ഞു. മൂന്ന് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഹിലരി മെയ് 10നാണ് മടങ്ങിയത്.

സചിന്‍ ടൈം മാസികയുടെ കവറില്‍

ന്യൂയോര്‍ക്ക്: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ലോകപ്രശസ്തമായ ടൈം മാസികയുടെ കവറില്‍. ടൈമിന്റെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കും, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലേക്കുമായുള്ള പുതിയ പതിപ്പിലാണ് സചിന്‍ കവര്‍ ചിത്രമായത്. ക്രിക്കറ്റിലെ ദൈവം എന്നാണ് കവറില്‍ ടൈം സച്ചിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്തുകൊണ്ട് സച്ചിന്‍ ലോകത്തിലെ ഏറ്റവും വലിയ കായിക താരമാകുന്നുവെന്നും ടൈം കവറില്‍ ചോദിച്ചിട്ടുണ്ട്. ഇതിനുപുറമെ സച്ചിന്റെ വിശദമായ അഭിമുഖവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2010ല്‍ ടൈം പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ സച്ചിന്റെ പേരും ഉള്‍പ്പെട്ടിരുന്നു.

എച്ച്‌ഐവി പ്രതിരോധ ഗുളികയ്ക്ക് യുഎസ് വിദഗ്ധരുടെ അംഗീകരം

ന്യൂയോര്‍ക്ക്: എച്ച്‌ഐവി പ്രതിരോധ ഗുളികയ്ക്ക് യുഎസ് ആരോഗ്യവിദഗ്ധരുടെ അംഗീകാരം. ആരോഗ്യമുള്ള ആളുകളില്‍ എച്ച്‌ഐവി ബാധ തടയുന്നതിന് സഹായിക്കുന്ന ട്രുവാഡ(ഠൃൗ്മറമ) എന്ന ഗുളികയ്ക്കാണ് യുഎസ് ആരോഗ്യ വിദഗ്ധര്‍ അംഗീകാരം നല്‍കിയത്. വിദഗ്ധസമിതിയുടെ നിര്‍ദേശം യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിന്‌സ്‌ട്രേഷന്‍(എഫ്ഡിഎ) ഇതുവരെ അംഗീകരിച്ചിട്ടില്ലെങ്കിലും സാധാരണഗതിയില്‍ വിദഗ്ധ സമിതി നിര്‍ദേശം എഫ്ഡിഎ അംഗീകരിക്കാറുണ്ട്. ചില ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ഗുളികയ്‌ക്കെതിരെ നേരത്തെ രംഗത്തുവന്നിരുന്നു.

എച്ച്‌ഐവി പോസിറ്റീവായ ആളുകള്‍ക്ക് ട്രുവാഡ നല്‍കുന്നതിന് എഫ്ഡിഎ നേരത്തെ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യമുള്ള ആളുകളില്‍ പ്രതിരോധമരുന്നെന്ന നിലയില്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. 2010ല്‍ നടത്തിയ ഒരു പഠനം അനുസരിച്ച് ട്രുവാഡ ഉപയോഗിക്കുന്നത് ആരോഗ്യമുള്ള പുരഷന്‍മാരില്‍ എച്ച്‌ഐവി സാധ്യത 44 ശതമാനവും എച്ച്‌ഐവി പോസിറ്റീവായവരില്‍ 73 ശതമാനവും കുറയ്ക്കുമെന്ന് കണ്‌ടെത്തിയിരുന്നു.

സിഖ് വിരുദ്ധ കലാപം: യു.എസ്. കോടതിക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ്

ന്യൂയോര്‍ക്ക്: 1984ലെ സിഖ് വിരുദ്ധകലാപം സംബന്ധിച്ച കേസ് പരിഗണിക്കാന്‍ അമേരിക്കയിലെ കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഹര്‍ജി നല്‍കി. കലാപത്തിന് പ്രേരണയും സഹായവും നല്‍കിയത് കോണ്‍ഗ്രസ് ആണെന്നാരോപിച്ച് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ഫെഡറല്‍ കോടതിയുടെ അധികാരമാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്തിരിക്കുന്നത്.

കേസില്‍ അമേരിക്കന്‍ ഫെഡറല്‍ കോടതി ജഡ്ജി റോബര്‍ട്ട് സ്വീറ്റ് ആണ് വാദം കേള്‍ക്കുന്നത്. തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കുന്ന വാദമൊന്നും കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിട്ടില്ലെന്ന് സ്വീറ്റ് പറഞ്ഞു. സിഖുവിരുദ്ധകലാപം അന്വേഷിക്കാനുള്ള കോടതിയുടെ അധികാരത്തെയാണ് ചോദ്യം ചെയ്യുന്നത്. ജോണ്‍സ് ഡേ എന്ന നിയമസ്ഥാപനത്തിലെ അഭിഭാഷകരാണ് കോണ്‍ഗ്രസ്സിന് വേണ്ടി ഹാജരാകുന്നത്. രാഷ്ട്രീയപ്പാര്‍ട്ടിയെന്നനിലയില്‍ തങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ അധികാരമില്ലെന്ന് കോണ്‍ഗ്രസ് വാദിച്ചാല്‍ യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിയടക്കമുള്ള ദേശീയനേതൃത്വത്തെ പ്രതിസ്ഥാനത്ത് ചേര്‍ത്ത് പരാതി ഭേദഗതി ചെയ്യുമെന്ന് സിഖ് സംഘടന അറിയിച്ചു. സമന്‍സിനോട് പ്രതികരിക്കാത്ത കോണ്‍ഗ്രസ് നിലപാടിനെയും സംഘടന ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ സമന്‍സ് പാര്‍ട്ടിയുടെ ഡല്‍ഹിയിലെ ആസ്ഥാനത്ത് ലഭിച്ചില്ലെന്നാണ് കോണ്‍ഗ്രസ്സിന്റെ അഭിഭാഷകര്‍ വാദിക്കുന്നത്.

യുഎസ് പുതിയ പ്രതിരോധ മിസൈല്‍ പരീക്ഷിച്ചു

ഹോനോലുലു: ഏറ്റവും പുതിയ പ്രതിരോധ മിസൈല്‍ യുഎസ് സൈന്യം വിജയകരമായി പരീക്ഷിച്ചു. ഹവായിലായിരുന്നു പരീക്ഷണം. ഹ്രസ്വദൂര മിസൈലിനെ പ്രതിരോധ മിസൈല്‍ വിജയകരമായി തകര്‍ത്തുവെന്നു സൈനിക വക്താവ് പറഞ്ഞു. അത്യാധുനിക സംവിധാനം ഉപയോഗിച്ചാണു മിസൈല്‍ പ്രവര്‍ത്തിക്കുന്നത്. യുഎസ്എസ് ലേക്ക് എറി എന്ന കപ്പലില്‍ നിന്നുമായിരുന്നു പ്രതിരോധ മിസൈല്‍ വിക്ഷേപിച്ചത്. കപ്പലില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കുന്ന ഏജിസ് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഇരുപത്തിരണ്ടാമതു പരീക്ഷണമായിരുന്നു ഇത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക