Image

വിഎസിനെതിരായ ഭൂമിദാനക്കേസ്: അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് സ്റ്റേ

Published on 11 May, 2012
വിഎസിനെതിരായ ഭൂമിദാനക്കേസ്: അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക്  സ്റ്റേ
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രതിയായ ഭൂമിദാനക്കേസില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഭൂമി പതിച്ചു കിട്ടിയ വി.എസിന്റെ ബന്ധു ടി.കെ.സോമന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

കുറ്റപത്രം സമര്‍പ്പിക്കുന്നതിനോ അന്വേഷണവുമായി മുന്നോട്ടു പോകുന്നതിനോ തടസമില്ലെന്നും എന്നാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള പ്രതികാര നടപടികള്‍ സ്വീകരിക്കരുതെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കാനും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ മൂന്ന് ദിവസത്തിനകം വിജിലന്‍സ് കുറ്റുത്രം സമര്‍പ്പിക്കാനിരിക്കെയാണ് സുപ്രീംകോടതി ഉത്തരവ്.

ഭൂമിദാനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി.കെ.സോമനും വി.എസിന്റെ പിഎ ആയ സുരേഷും സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ബന്ധുവിന് കാസര്‍ഗോഡ് ജില്ലയില്‍ അനധികൃതമായി ഭൂമി പതിച്ചു നല്‍കാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്‍ അമിത താല്‍പര്യം എടുത്തുവെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചരുന്നു.

കേസില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചാല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമെന്ന് വി.എസ്. നേരത്തെ വ്യക്തമാക്കിയിരുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വി.എസിനെതിരെ കുറ്റപ്പത്രം സമര്‍പ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കെയാണ് സുപ്രീംകോടതി ഉത്തരവെന്നതും ശ്രദ്ധേയമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക