Image

മരടിലെ ഫ്‌ളാറ്റുകള്‍ നിലംപൊത്താന്‍ ഇനി കൃത്യം രണ്ടു മാസം (ശ്രീനി)

പി പി ചെറിയാന്‍ Published on 12 November, 2019
മരടിലെ ഫ്‌ളാറ്റുകള്‍ നിലംപൊത്താന്‍ ഇനി കൃത്യം രണ്ടു മാസം (ശ്രീനി)
തീരപരിപാലന നിയമം (സി.ആര്‍.സെഡ്) ലംഘിച്ച് നിര്‍മിച്ച മരടിലെ നാല് ഫ്‌ളാറ്റുകളുടെ അഞ്ച് ടവറുകള്‍ കല്ലിന്‍മേല്‍ കല്ലുശേഷിക്കാതെ മണ്ണോടു മണ്ണുചേരാന്‍ ഇനി കൃത്യം രണ്ടുമാസം മാത്രം. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് കരാര്‍ കമ്പനികളെ അന്തിമമായി തീരുമാനിച്ചു. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഡിഫൈസ്, ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിജയ് സ്റ്റീല്‍സ് എന്നീ കമ്പനികള്‍ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. മൂന്ന് കമ്പനികളാണ് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ അപകട ഭീതി വേണ്ടെന്ന് സ്‌നേഹില്‍ കുമാര്‍ വ്യക്തമാക്കി.

ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഇന്‍ഡോറില്‍നിന്നും എത്തിയ സ്‌ഫോടകവിദഗ്ധന്‍ ശരത്ത് ബി സര്‍വാതെ പരിശോധന നടത്തി. സബ് കളക്ടര്‍ക്കും സാങ്കേതിക വിദഗ്ദര്‍ക്കും ഒപ്പമായിരുന്നു പരിശോധന. പൊളിക്കുന്ന കെട്ടിടത്തിന്റെ പ്രായം പ്രധാനമാണെന്നും ചെരിച്ച് പൊളിക്കുന്നതാകും നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ ആശങ്ക പരിഹരിക്കണം എന്നാവശ്യപ്പെട്ട് പരിസരവാസികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിട്ടുണ്ട്. ജനുവരി 11,12 തീയതികളിലാണ് ഫളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുക. 

ഫ്‌ളാറ്റുകള്‍ നിമിഷ നേരം കൊണ്ട് തകര്‍ക്കാന്‍ വേണ്ടത് 1600 കിലോ സ്‌ഫോടക വസ്തുക്കളാണ്. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിക്കുക. ഒറ്റദിവസം സ്‌ഫോടനം നടത്തി നാല് ഫ്‌ളാറ്റുകളും തകര്‍ക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതിയുടെ യോഗത്തില്‍ അഭിപ്രായമുര്‍ന്നത്. ഇതു സാഹസമാണെന്നും മൂന്നു ദിവസമായി നടത്തണമെന്നും പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലൊസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) നിലപാടെടുത്തു. ശരത് ബി സര്‍വാതെയ്ക്കും ഇതേ നിലപാടായിരുന്നു. തുടര്‍ന്ന് സമവായം എന്ന നിലയില്‍ രണ്ടു ദിവസമാക്കുകയായിരുന്നു. ജനുവരി 11 ശനി, 12 ഞായര്‍ ദിവസങ്ങളായതിനാല്‍ അതാണ് കൂടുതല്‍ സൗകര്യമെന്ന് ഉറപ്പിക്കുകയായിരുന്നു.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി പരിധിയിലുളള ആള്‍ക്കാരെ ആ ദിവസങ്ങളില്‍ മാറ്റി താമസിപ്പിക്കും. ജനുവരി 11-ാം തീയതി ആല്‍ഫ വെഞ്ചേഴ്‌സിന്റെ രണ്ട് ഫഌറ്റ് സമുച്ചയവും 19 നിലയുളള എച്ച്.ടു.ഒ ഹോളി ഫെയ്ത്ത് എന്ന ഫഌറ്റുമാണ് പൊളിക്കുക. ജനുവരി 12-ാം തിയതി ജെയ്ന്‍ കോറല്‍ കോവും, ഗോള്‍ഡന്‍ കായലോരവും പൊളിച്ചുനീക്കും. എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാകും നടപടിയെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപവാസികള്‍ക്കായി 100 കോടിയുടെ ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തും. 

എങ്ങനെയാണ് ഈ കൂറ്റന്‍ കെട്ടിടങ്ങള്‍ പെളിക്കുന്നതെന്ന് 'തകര്‍ക്കല്‍ വിദഗ്ധര്‍' പറയുന്നത് പരിശോധിക്കാം *ഗ്രൗണ്ട്, ഒന്ന്, അഞ്ച്, ഒമ്പത്, 12 നിലകളിലെ എല്ലാ തൂണുകളിലും ദ്വാരങ്ങളുണ്ടാക്കും *അതുനുള്ളില്‍ സ്‌ഫോടക വസ്തുവും സ്‌ഫോടനത്തിനുള്ള വയറുകളും (ഡിറ്റണേറ്റിങ് ഫ്യൂസ്) നിറയ്ക്കും *ദ്വാരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും *എല്ലാ സര്‍ക്യൂട്ടുകളും രണ്ട് ഇലക്ട്രിക് ഡിറ്റണേറ്ററുമായി യോജിപ്പിക്കും. ഒന്ന് പരാജയപ്പെട്ടാല്‍ മറ്റൊന്നിനു വേണ്ടിയാണിത് *സര്‍ക്യൂട്ടുകളെ വൈദ്യുതി പ്രവഹിപ്പിക്കുന്ന എക്‌സ്പ്‌ളോഡറുമായി (കുറഞ്ഞത് നൂറു മീറ്റര്‍ അകലെ) ബന്ധിപ്പിക്കുകയാണ് അവസാന ജോലി *തുടര്‍ന്ന് സ്വിച്ചില്‍ ഒറ്റവിരല്‍ അമര്‍ത്തിയാല്‍ സ്‌ഫോടനം. 

സ്‌ഫോടനത്തിനു തുടക്കം കുറിക്കാന്‍ ആറു സെക്കന്‍ഡ് വേണം. പൊട്ടിത്തുടങ്ങിയാല്‍ ആറു സെക്കന്‍ഡില്‍ കെട്ടിടം പൂര്‍ണമായും നിലം പൊത്തും. വെറും 12 സെക്കന്‍ഡില്‍ എല്ലാം ക്ലീന്‍. മില്ലി സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാകും ഓരോ സ്‌ഫോടനവും. അവശിഷ്ടങ്ങള്‍ ഒരുമിച്ചു താഴേക്കു പതിക്കാതിരിക്കാനാണിത്. രണ്ട് ഫ്‌ളാറ്റുകളിലെ സ്‌ഫോടനങ്ങള്‍ തമ്മില്‍ മൂന്നു മണിക്കൂറെങ്കിലും വ്യത്യാസമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഓരോ ഫാളാറ്റിനും ആവശ്യമായ സ്‌ഫോടക വസ്തുവിന്റെ അളവിങ്ങനെ...*ജെയിന്‍ കോറല്‍കോവ്-700 കിലോ (ഏകദേശം 2732 ദ്വാരം) *ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ-400 കിലോ (1414 ദ്വാരം) *ഗോള്‍ഡന്‍ കായലോരം-200 കിലോ (ഡിസൈന്‍ സമര്‍പ്പിക്കാത്തതിനാല്‍ എണ്ണം കണക്കാക്കിയിട്ടില്ല) *ആല്‍ഫ സെറീന്‍- 300 കിലോ (4500 ദ്വാരം).

സ്‌ഫോടനത്തിന് മുമ്പ് 200 മീറ്റര്‍ ചുറ്റളവിലുള്ളവരെയാണ് ഒഴിപ്പിക്കുന്നത്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 9522 കെട്ടിടങ്ങളുണ്ടെന്നു നേരത്തേ സര്‍ക്കാര്‍ കണക്കാക്കിയിരുന്നു. 200 മീറ്ററില്‍ ഒഴിപ്പിക്കേണ്ടവരുടെ എണ്ണം കിട്ടിയിട്ടില്ല. സ്‌ഫോടനസമയത്ത് ദേശീയ പാതയിലെയും കുണ്ടന്നൂര്‍-തേവര റോഡ് എന്നിവിടങ്ങളില്‍ ഗതാഗതം തടയും. സ്‌ഫോടക വസ്തുക്കള്‍ കൊച്ചിയില്‍ നിന്നു വാങ്ങമെന്ന് നിര്‍ദേശമുണ്ട്. പക്ഷേ പ്രത്യേക വാഹനങ്ങളില്‍ വേണം സ്ഥലത്തെത്തിക്കാന്‍. തുടക്കം മുതല്‍ ഒടുക്കം വരെയുള്ള എല്ലാവരും ലൈസന്‍സ് ഉള്ളവരാകും. കമ്പനികള്‍ ആദ്യം കളക്ടറുടെ എന്‍.ഒ.സി വാങ്ങണം. തുടര്‍ന്ന് സ്‌ഫോടനത്തിന് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലൊസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കും.
***
മരട് നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി കായല്‍ തീരത്ത് ഒരേക്കറിലേറെ സ്ഥലത്ത് ഒരുലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിട്ടുള്ള അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ച് നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത് 2019 മെയ് എട്ടാം തീയതിയാണ്. ഫഌറ്റുകള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഈ ഉത്തരവ്. എന്നാല്‍ കോടതി വിധി നടപ്പാക്കിയില്ല. മാനുഷിക പരിഗണന കാട്ടണമെന്നും കേസില്‍ യാതൊരു വിധത്തിലും പങ്കാളികളല്ലാത്ത തങ്ങളെ കേള്‍ക്കാന്‍ കോടതി തയ്യാറാവണമെന്നും അപേക്ഷിച്ച് ഫഌറ്റ് ഉടമകള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജികളെല്ലാം ജൂലൈ 11ന് കോടതി തള്ളി. ഇതിനിടെ അവധിക്കാല ബഞ്ചിനെ സമീപിച്ച് ഉടമകള്‍ ഇടക്കാല സ്‌റ്റേ വാങ്ങി. എന്നാല്‍ ഒരു മാസത്തിനകം നടപ്പാക്കണമെന്ന ഉത്തരവ് പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ മുന്‍വിധി പരിഗണിക്കുകയായിരുന്നു. കോടതി വിധി നടപ്പാക്കാത്ത കേരള സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് സെപ്റ്റംബര്‍ 20നകം എല്ലാ ഫഌറ്റുകളും പൊളിച്ചു നീക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി അന്ത്യശാസനം നല്‍കുകയായിരുന്നു.

തീരദേശ മേഖലാ ചട്ടം ലംഘിച്ചാണ് ഫ്‌ളാറ്റ് നിര്‍മ്മിച്ചതെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് കോടതി വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സി.ആര്‍.ഇസെഡ്-3 കാറ്റഗറിയിലുള്ളയിടത്ത് എന്ത് തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ അനുമതി വേണമെന്നാണ് ചട്ടം. എന്നാല്‍ 2006-2007 കാലഘട്ടത്തില്‍ നഗരസഭയായി മാറുന്നതിന് മുമ്പ് മരട് പഞ്ചായത്ത്, അതോരിറ്റിയെ അറിയിക്കാതെ നിര്‍മ്മാണ അനുമതി നല്‍കുകയായിരുന്നു. ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് കോടിക്കണത്തിന് രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ളവര്‍ക്കെതിരെ നടപടിയുണ്ടായി.

കൊച്ചി ചമ്പക്കര കനാല്‍ റോഡില്‍ കായലിനോട് ചേര്‍ന്നുള്ള അറുപത് സെന്റിലുള്ള ഗോള്‍ഡന്‍ കായലോരമാണ് മരടില്‍ ആദ്യം നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ചയം. 2006ല്‍ 40-50 ലക്ഷം രൂപയായിരുന്നു അന്ന് ഒരു ഫ്‌ളാറ്റിന്റെ വില. പത്ത് നിലകളില്‍ മൂന്ന് മുറികളോട് കൂടിയ 40 ഫ്‌ളാറ്റുകളില്‍ 37 എണ്ണത്തില്‍ ഇപ്പോള്‍ താമസക്കാരുണ്ട്. ഹോളി ഫെയ്ത്തും നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സും ജയിന്‍ കോറല്‍ കോവും ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളാണ്. കുണ്ടന്നൂര്‍ കായല്‍ തീരത്താണ് ഹോളി ഫെയ്ത്ത്. ഒരേക്കര്‍ സ്ഥലത്ത് 60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്‌ളാറ്റ് സമുച്ചയത്തില്‍ നൂറിലേറെ കുടുംബങ്ങള്‍ താമസമുണ്ട്. 

കായല്‍ തീരത്ത് നിന്ന് പത്ത് മീറ്റര്‍ ദൂരത്തില്‍ മാത്രമാണ് ഫ്‌ളാറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. നെട്ടൂരില്‍ കടത്തുകടവിന് സമീപം ഒരേക്കര്‍ സ്ഥലത്ത് 10 നിലകളുള്ള രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് ആല്‍ഫ വെഞ്ചേഴ്‌സ്. ഇതിനും കായല്‍ തീരത്ത് നിന്ന് പത്ത് മീറ്റര്‍ ദൂരമേയുള്ളൂ. നെട്ടൂര്‍ ഐ.എന്‍.ടി.യു.സി ജംഗ്ഷന് സമീപത്താണ് ജെയിന്‍ കോറല്‍ കോവ്. ഇവിടുത്തെ ഒട്ടുമിക്ക ഫ്‌ളാറ്റുകളും വിറ്റുപോയെങ്കിലും മുന്നൂറ് മീറ്റര്‍ ദൂരത്തിലുള്ള നഗരസഭാ ശ്മശാനത്തില്‍ നിന്നുള്ള പുകയേല്‍ക്കുന്നതിനാല്‍ പലരും അവിടെ താമസിക്കാറില്ല. നെട്ടൂര്‍ കായലില്‍ നിന്ന് മൂന്ന് മീറ്റര്‍ വ്യത്യാസം മാത്രമാണ് ഈ ഫ്‌ളാറ്റ് സമുച്ചയത്തിനുള്ളത്. 
***
ഇതിനിടെ ഫ്‌ളാറ്റുകള്‍ പണിയാന്‍ അനുമതിക്കായി സമര്‍പ്പിച്ച രൂപരേഖയില്‍ കായല്‍ അതിര്‍ത്തി പങ്കിടുന്നതായി രേഖപ്പെടുത്തിയിട്ടില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഫ്‌ളാറ്റ് നിര്‍മാണത്തട്ടിപ്പ് കേസ് പ്രതി ആര്‍കിടെക്ട് കെ.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ക്രൈം ബ്രാഞ്ച് നല്‍കിയ ഹര്‍ജിയുടെ ഭാഗമായാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജി ഈ മാസം 18-ന് വീണ്ടും പരിഗണിക്കും. കെട്ടിട നിര്‍മാണ അനുമതി തേടാന്‍ തയ്യാറാക്കുന്ന രൂപരേഖയില്‍ വസ്തുവിന്റെ നാല് അതിര്‍ത്തിയും വ്യക്തമായി രേഖപ്പെടുത്തണം. മരടിലെ ഫ്‌ളാറ്റിന്റെ കാര്യത്തില്‍ ഇതുണ്ടായില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

ഫ്‌ളാറ്റ് നിര്‍മാണത്തില്‍ കെ.സി ജോര്‍ജ് 2005 ഏപ്രിലില്‍ മരട് പഞ്ചായത്തില്‍ നല്‍കിയ രൂപരേഖയില്‍ മൂന്ന് അതിര്‍ത്തികള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. വേമ്പനാട് കായല്‍ അതിര്‍ത്തി പങ്കിടുന്ന വശത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ജോര്‍ജിന് എറണാകുളം സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. മരട് ഫ്‌ളാറ്റ് നിര്‍മാതാക്കളായ ആല്‍ഫ വെഞ്ച്വേഴ്‌സ് ഡയറക്ടറും ഒന്നാം പ്രതിയുമായ പോള്‍രാജിനൊപ്പം ഗൂഡാലോചന നടത്തയെന്നാണ് കെ.സി ജോര്‍ജിനെതിരേ കേസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക