Image

മഹാരാഷ്ട്ര; മുഖ്യമന്ത്രി സ്ഥാനം ശിവസേനയും എന്‍സിപിയും പങ്കിടും, ഉപമുഖ്യമന്ത്രി പദവി കോണ്‍ഗ്രസിന്‌

Published on 13 November, 2019
മഹാരാഷ്ട്ര; മുഖ്യമന്ത്രി സ്ഥാനം ശിവസേനയും എന്‍സിപിയും പങ്കിടും, ഉപമുഖ്യമന്ത്രി പദവി കോണ്‍ഗ്രസിന്‌
മുംബൈ: വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ രാഷ്ട്രപതി ഭരണത്തിലേക്ക്‌ പോയെങ്കിലും മഹാരാഷ്ട്രയില്‍ ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തി. 

രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം ശിവസേനയും എന്‍സിപിയും പങ്കിടുക, ഉപമുഖ്യമന്ത്രിസ്ഥാനം അഞ്ച്‌ വര്‍ഷവും കോണ്‍ഗ്രസിന്‌ നല്‍കുക എന്നുള്ള പുതിയ ധാരണയാണ്‌ ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്‌.

പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്നതാണ്‌ പൊതുധാരണ. ബോര്‍ഡ്‌ കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ മൂന്ന്‌ പാര്‍ട്ടികള്‍ക്കുമായി തുല്യമായി പങ്കിടും. സ്‌പീക്കര്‍ സ്ഥാനം ഏത്‌ പാര്‍ട്ടിക്ക്‌ എന്നുള്ളതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടരുകയാണ്‌. ഇതില്‍ അന്തിമ തീരുമാനം അടുത്ത 10 ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും. 

സഖ്യസര്‍ക്കാര്‍ സംബന്ധിച്ച്‌ അഞ്ച്‌ ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ്‌ സൂചന. അഹമ്മദ്‌ പട്ടേലാണ്‌ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ ചര്‍ച്ചകള്‍ നടത്തുന്നത്‌. ചൊവ്വാഴ്‌ച രാത്രി മുംബൈയിലെത്തി പട്ടേല്‍ ഉദ്ധവ്‌ താക്കറേയുമായി ചര്‍ച്ചനടത്തി.

ശിവസേന-എന്‍സിപി സര്‍ക്കാരിനെ പുറത്തു നിന്ന്‌ പിന്തുണയ്‌ക്കുക എന്ന ചര്‍ച്ചകളാണ്‌ ആദ്യഘട്ടത്തില്‍ നടന്നത്‌. എന്നാല്‍, കോണ്‍ഗ്രസിന്റെ ഭാഗത്ത്‌ നിന്ന്‌ കൃത്യസമയത്ത്‌ ഉറപ്പ്‌ ലഭിക്കാതിരുന്നതോടെ ശിവസേനയുടെ നേതൃത്വത്തിലുള്ള നീക്കം പാളിയിരുന്നു. 

ഹൈക്കമാന്റിലെ ചില മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പാണ്‌ കൂടുതല്‍ ചര്‍ച്ച വേണമെന്ന്‌ സോണിയ പവാറിനെ അറിയിക്കാന്‍ കാരണം. എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷവും സര്‍ക്കാരിനെ പിന്തുണക്കണമെന്ന നിലപാടുകാരാണ്‌.

സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ബിജെപിയും സമാന്തരമായി നടത്തുന്നുണ്ട്‌. ശിവസേനയില്‍ നിന്ന്‌ കോണ്‍ഗ്രസിലെത്തി ഇപ്പോള്‍ ബിജെപി നേതൃനിരയിലുള്ള നാരായണ്‍ റാണെയാണ്‌ ഇപ്പോള്‍ ബിജെപി നിരയില്‍ ചര്‍ച്ചകള്‍ക്ക്‌ മുന്നിലുള്ളത്‌. ചൊവ്വാഴ്‌ച രാത്രി മുന്‍ മുഖ്യമന്ത്രി ഫഡ്‌നാവിസുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക