Image

പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചാല്‍ രാജ്യദ്രോഹമായി മുദ്രകുത്തുന്നു: തരൂര്‍

Published on 13 November, 2019
പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചാല്‍ രാജ്യദ്രോഹമായി മുദ്രകുത്തുന്നു: തരൂര്‍
കല്‍പറ്റ: ഗാന്ധിജിയും നെഹ്‌റുവും അബുല്‍ കലാം ആസാദുമടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ പടുത്തുയര്‍ത്തിയ ഇന്ത്യ എന്ന ആശയത്തെ നശിപ്പിക്കാനാണു ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നു ശശി തരൂര്‍ എംപി. എല്ലാവരും ഒന്നാണെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുമ്പോള്‍ ബിജെപി ഒരു വിഭാഗത്തിനായി മാത്രം നിലകൊള്ളുന്നു. രാജ്യത്തെ എങ്ങനെ നയിക്കണമെന്നറിയാത്തവരാണു ബിജെപിയെന്നും ശശി തരൂര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധനവും ജിഎസ്ടിയും മൂലം രാജ്യത്തിന്റെ സാമ്പത്തികരംഗം പാടേ തകര്‍ന്നു. ഇന്ത്യയെക്കാള്‍ വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി ബംഗ്ലദേശ് മാറി. നോട്ട് നിരോധനം തെറ്റാണെന്നു തെളിഞ്ഞാല്‍ പച്ചയ്ക്കു കത്തിച്ചോളൂ എന്നാണു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ജനാധിപത്യരാജ്യത്ത് ആരും അദ്ദേഹത്തെ കത്തിക്കാന്‍ പോകുന്നില്ല. പക്ഷേ, നോട്ട് നിരോധനം തെറ്റായ നടപടിയായിരുന്നുവെന്നു സമ്മതിക്കാനുള്ള സത്യസന്ധത പ്രധാനമന്ത്രി കാണിക്കണം. പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചാല്‍ അത് രാജ്യദ്രോഹമായി മുദ്രകുത്തുകയാണ്. സിറ്റ് ഡൗണ്‍ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. എന്‍.ഡി.അപ്പച്ചന്‍, കെ.എല്‍.പൗലോസ്, കെ.സി.റോസക്കുട്ടി, പി.കെ.ജയലക്ഷ്മി, പി.പി.ആലി, കെ.കെ.ഏബ്രാഹം, വി.എ.മജീദ്, കെ.വി.പോക്കര്‍ ഹാജി, എ.പ്രഭാകരന്‍, എം.എ.ജോസഫ്, എന്‍.എം.വിജയന്‍, എം.ജി.ബിജു, ബിനു തോമസ്, നിസി അഹമ്മദ്, പി.കെ.അബ്ദുറഹിമാന്‍, ഡി.പി.രാജശേഖരന്‍, പി.എം.സുധാകരന്‍, ഒ.ആര്‍.രഘു, ആര്‍.പി.ശിവദാസ്, എക്കണ്ടി മൊയ്തൂട്ടി, എച്ച്.ബി.പ്രദീപ്, ഉലഹന്നാന്‍ നീറന്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക