Image

സ്വിസ് മലയാളി കൂട്ടുകെട്ടില്‍ പുതിയ ക്രിസ്മസ് ആല്‍ബം ദിവ്യതാരകം റിലീസിംഗിനൊരുങ്ങുന്നു

Published on 13 November, 2019
സ്വിസ് മലയാളി കൂട്ടുകെട്ടില്‍ പുതിയ ക്രിസ്മസ് ആല്‍ബം ദിവ്യതാരകം റിലീസിംഗിനൊരുങ്ങുന്നു


ബാസല്‍: ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന ഭക്തി സാന്ദ്രമായ ഈണങ്ങളുമായി സ്വിസ് മലയാളി ഹൃദയങ്ങളില്‍ കുടിയേറിയ സംഗീത സംവിധായകന്‍ സ്വിസ് ബാബുവും സ്വിസിലെ അക്ഷരങ്ങളുടെ തോഴന്‍, സാഹിത്യകാരന്‍, നാടക രചയിതാവ്, സംവിധായകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്ന പ്രശസ്തനായ ടോം കുളങ്ങരയും ആദ്യമായി ഒരുമിച്ച ക്രിസ്മസ് ആല്‍ബം ദിവ്യതാരകം അണിയറയില്‍ ഒരുങ്ങുന്നു.

സ്വരമായും, ഈണമായും ഇരട്ടിമധുരമായി കാല്‍നൂറ്റാണ്ടിലേറെയായി സ്വിറ്റ്‌സര്‍ലണ്ട് മലയാളി കലാസമൂഹത്തിലെ നിറസാന്നിദ്ധ്യമാണ് സ്വിസ് ബാബു എന്നറിയപ്പെടുന്ന ബാബു പുല്ലേലി. കാലത്തിനപ്പുറം കാതില്‍ മൂളുന്ന നിരവധി ഈണങ്ങള്‍ ഇതിനകം മലയാളികള്‍ക്കായി ബാബു സമ്മാനിച്ചിട്ടുണ്ട്. ഈ ആല്‍ബത്തിലെ ഗാനത്തിന് വരികള്‍ എഴുതുവാന്‍ അവസരം ലഭിച്ചത് യാദൃശ്ചികമായിട്ടാണെന്നും, സ്വിസ്സ് ബാബു, അഭിജിത്ത് കൊല്ലം എന്നീ പ്രതിഭകളോടൊത്ത് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത് ഒരുഭാഗ്യമായി കരുതുന്നുവെന്നും ടോം കുളങ്ങര പറഞ്ഞു. ഗായകനും പാട്ടുകളുടെ തോഴനുമായ ജോണി അറയ്ക്കലാണ് ഈ ആല്‍ബത്തിന് ദൃശ്യചാരുതയേകുന്നത്. യൂറോപ്പ് ടൂര്‍ ആന്റ് ട്രാവല്‍സാണ് ആല്‍ബത്തിന്റെ സ്‌പോണ്‍സര്‍.

ക്രിസ്മസ് നാളിന്റെ ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന വരികള്‍ക്ക് ഭംഗിയേകാന്‍ ഉതകുന്ന വിധത്തില്‍ ആല്‍ബത്തിന്റെ ഷൂട്ടിംഗ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍ പുരോഗമിക്കുന്നു. ഡിസംബര്‍ ആദ്യവാരം ഈ ആല്‍ബം യുട്യൂബിലൂടെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക