Emalayalee.com - റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അറിയാത്ത വിശേഷങ്ങളുമായി നിക്കോളോവോസ് തിരുമേനി (അഭിമുഖം-ജോര്‍ജ് തുമ്പയില്‍)
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അറിയാത്ത വിശേഷങ്ങളുമായി നിക്കോളോവോസ് തിരുമേനി (അഭിമുഖം-ജോര്‍ജ് തുമ്പയില്‍)

EMALAYALEE SPECIAL 14-Nov-2019 അഭിമുഖം-ജോര്‍ജ് തുമ്പയില്‍
EMALAYALEE SPECIAL 14-Nov-2019
അഭിമുഖം-ജോര്‍ജ് തുമ്പയില്‍
Share
മലങ്കര ഓര്‍ത്തഡോക്‌സ് സഭയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും തമ്മില്‍ പതിറ്റാണ്ടുകളുടെ സൗഹൃദബന്ധമുണ്ട്, ആത്മീയമായ അടുപ്പമുണ്ട്. 1930കള്‍ മുതല്‍ തുടങ്ങുന്നു ശ്രേഷ്ഠവും ഊഷ്മളവുമായ ആ ബന്ധം. റഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധികളില്‍ ഇടയ്‌ക്കൊന്ന് തണുത്തുപോയ സൗഹൃദം ഇപ്പോള്‍ പൂര്‍വാധികം ബലപ്പെട്ടിരിക്കുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അടുത്തയിടെ റഷ്യന്‍ പാത്രിയര്‍ക്കീസ് പരി. കിറില്‍ ഒന്നാമനെ സന്ദര്‍ശിക്കുകയുണ്ടായി. പരി. ബാവയോടൊപ്പം നിരവധി വൈദിക ശ്രേഷ്ഠരും അല്‍മായ പ്രമുഖരും അനുഗമിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത്ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അദ്ധ്യക്ഷനും സഭയുടെ എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുമായ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത, പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത, സഭയുടെ എക്‌സ്‌റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് സെക്രട്ടറി ഫാ. എബ്രഹാം തോമസ്, മലങ്കര മെത്രാപ്പോലീത്തയുടെ പ്രോട്ടോകോള്‍ സര്‍വീസ് മേധാവി ഫാ. അശ്വിന്‍ സെഫ്രിന്‍ ഫെര്‍ണാണ്ടസ്, സഭാ മാനേജിങ് കമ്മിറ്റി അംഗം ജേക്കബ് മാത്യു, സഭാ എക്‌സ്‌റ്റേണല്‍ റിലേഷന്‍സ് കമ്യൂണിക്കേഷന്‍സ് സര്‍വീസ് മേധാവി കെവിന്‍ ജോര്‍ജ് കോശി, റഷ്യയിലെ മലങ്കര ഓര്‍ത്തഡോക്‌സ് ഡയസ്‌പോറ പ്രതിനിധി ഡോ. ഈപ്പന്‍ ചെറിയാന്‍, പരി. ബാവയുടെ സെക്രട്ടറി ഫാ. ജിസ് ജോണ്‍സണ്‍ എന്നിവര്‍ ബാവയോടൊപ്പമുള്ള ഡെലിഗേഷന്‍ അംഗങ്ങളായിരുന്നു.

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലേയ്ക്കുള്ള ആത്മീയ സന്ദര്‍ശനത്തിന്റെ വിശേഷങ്ങള്‍ സഖറിയ മാര്‍ നിക്കോളോവോസ് തിരുമേനി ന്യൂയോര്‍ക്കിലെ ഭദ്രാസന ആസ്ഥാനത്ത് വച്ച് വായനക്കാര്‍ക്കായി പങ്കുവച്ചു. ആ സൗഹൃദ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍...

? എന്തായിരുന്നു ഇപ്രാവശ്യത്തെ ഈ റഷ്യന്‍ സന്ദര്‍ശനത്തിന്റെ പരമമായ ഉദ്ദേശ്യം...റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ബന്ധമെങ്ങനെ...

* റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് ദീര്‍ഘകാലത്തെ ബന്ധമുണ്ട്. 1931ല്‍ ഒരു റഷ്യന്‍ സന്യാസി പട്ടാഴിയില്‍ എത്തി, പത്തനാപുരം ദയറായുമായി ബന്ധപ്പെട്ട് 18 കൊല്ലത്തോളം താമസിച്ചിരുന്നു. പത്തനാപുരം കോളേജിലും പത്തനംതിട്ട കോളേജിലും ഒരു റഷ്യന്‍ പ്രൊഫസര്‍ പഠിപ്പിക്കാന്‍ വന്നിരുന്നു. ഇത്തരത്തില്‍ ചില ഒറ്റപ്പെട്ട ബന്ധങ്ങള്‍ റഷ്യന്‍ സഭയുമായി നമുക്കുണ്ടായിരുന്നു. അത് ഔദ്യോഗികമാകുന്നത് 1961-62 കാലത്താണ്.

? ബന്ധം കൂടുതല്‍ ബലപ്പെട്ടുവന്നതിനെപ്പറ്റി...

* പറയാം. അന്ന് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ (ഡബ്‌ളിയു.സി.സി) ഒരു ജനറല്‍ അസംബ്ലി ഡല്‍ഹിയില്‍ വച്ച് നടന്നു. റഷ്യന്‍ സഭയുടെ മെത്രാപ്പോലീത്തയായിരുന്ന ആര്‍ച്ച് ബിഷപ്പ് നിക്കോഡിം ഈ പരിപാടിയില്‍ സംബന്ധിച്ചിരുന്നു. അദ്ദേഹം നമ്മുടെ ആളുകളെ പരിചയപ്പെടുകയും കോട്ടയം സെമിനാരി സന്ദര്‍ശിക്കുകയും ചെയ്തു. അന്നുതൊട്ട് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായി നമുക്ക് നല്ല ബന്ധമായിരുന്നു. സങ്കടകരമായ ഒരു കാര്യമെന്താണെന്നുവച്ചാല്‍, ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം കഴിഞ്ഞ് അദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വത്തിക്കാനില്‍വച്ച് ആര്‍ച്ച് ബിഷപ്പ് നിക്കോഡിം പെട്ടെന്ന് ഹൃദയസ്തംഭനം മൂലം മരിക്കുകയായിരുന്നു. പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയും ആര്‍ച്ച് ബിഷപ്പ് നിക്കോഡിമ്മുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇത് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായുള്ള അടുപ്പത്തിന് കാരണമായി.

? അതിന് മുമ്പുള്ള അവസ്ഥയൊന്ന് വിശദീകരിക്കാമോ...

* തീര്‍ച്ചയായും. 1952ലാണെന്ന് തോന്നുന്നു, ഒരു തിയോളജിക്കല്‍ കമ്മീഷന്‍, ഇരുസഭകളെയും അതിന്റെ ഐക്യത്തെയും ദൈവശാസ്ത്രത്തെയുമൊക്കപ്പറ്റിയുള്ള ഒരു ഹ്രസ്വ രേഖ പുറത്തിറക്കുകയുണ്ടായി. പിന്നെ ആര്‍ച്ച് ബിഷപ്പ് നിക്കോഡിമ്മിന്റെ കാലംതൊട്ട് ഇരു സഭകളും പരസ്പരം സന്ദര്‍ശിച്ചുപോന്നു. 1976ല്‍ പരി. മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവ റഷ്യ സന്ദര്‍ശിച്ചു. ആദ്യമായിട്ടൊരു ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ റഷ്യ സന്ദര്‍ശിക്കുന്നത് അന്നാണ്. 1977ല്‍ റഷ്യന്‍ പാത്രിയര്‍ക്കീസ് പിമെന്‍ പ്രഥമന്‍ ഇന്ത്യയിലെത്തി. അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് നല്‍കപ്പെട്ടത്. ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് കിറിള്‍ ഒന്നാമന്‍ മെത്രാപ്പോലിത്തയായിരിക്കെ നമ്മുടെ നാട്ടിലെത്തിയിട്ടുണ്ട്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ മെത്രാപ്പോലീത്തയായിരിക്കെ റഷ്യന്‍ സഭയുടെ സഹസ്രാബ്ദ ആഘോഷത്തില്‍ പങ്കെടുക്കാന്‍ റഷ്യയില്‍ പോയിട്ടുണ്ട്.

? പിന്നീട് കാര്യമായ ഫോളോ അപ്പ് ഉണ്ടായില്ല എന്ന് പറഞ്ഞാല്‍...

* ശരിയാണ്. അത് പക്ഷേ മനപ്പൂര്‍വമല്ല. പെരിസ്‌ട്രോയിക്കയും മറ്റുമായി റഷ്യയിലെ സാഹചര്യവും നമ്മുടെ സാഹചര്യങ്ങളും മാറി. ഞാന്‍ എക്യുമെനിക്കല്‍ അഫയേഴ്‌സിന്റെ തലവനായപ്പോള്‍ മുതല്‍ തണുത്തുപോയ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായുള്ള പഴയബന്ധങ്ങള്‍ കൂടുതല്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നമ്മുടെ ആധുനിക സഭാ ചരിത്രം പരിശോധിക്കേണ്ടതുണ്ട്. 1917 മുതല്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു സഭ സ്വാതന്ത്ര്യം പ്രാപിച്ച് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് അതിന്റെ പഴയ മഹത്വത്തിലേക്ക് വരുന്ന ഒരനുഭവപാഠം നല്‍കുന്നതാണ്. റഷ്യയിലെ പ്രതികൂല സാഹചര്യത്തില്‍ നിന്ന് ഓര്‍ത്തഡോക്‌സ് സഭ മോചിതരായിക്കഴിഞ്ഞ് അവരുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നമുക്ക് രണ്ടുവര്‍ഷത്തോളം വേണ്ടിവന്നു. തീര്‍ത്തും അനൗപചാരികമായ ഒരു എക്യുമെനിക്കല്‍ ചടങ്ങില്‍ വച്ച് നമ്മുടെ ഇപ്പോഴത്തെ എക്യുമെനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി എബ്രഹാം തോമസ് അച്ചന്റെയും അവരുടെ സെക്രട്ടറി ഫാ. സ്റ്റെഫാന്‍ ഗൂമിനോയുടെയും ശ്രമഫലമായി ഇരു ഓര്‍ത്തഡോക്‌സ് സഭകളും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കുകയുണ്ടായി. വളരെ സൂക്ഷ്മതയോടെ ഞാനും ഇക്കാര്യങ്ങള്‍ പ്ലാന്‍ ചെയ്തു. ഇതിനിടെ ഫാ. സ്റ്റെഫാന്‍ ഇന്ത്യയിലെത്തി. നമ്മുടേതിനേക്കാള്‍ വലിയ സഭ എന്ന നിലയില്‍ അവര്‍ക്ക് നല്ല കെട്ടുറപ്പുണ്ട്. അതുപോലെ തന്നെ പ്രോട്ടോക്കോള്‍ അണുവിട പോലും മാറ്റുകയുമില്ല. നമ്മുടെ ബാവയെയും മറ്റും അവര്‍ സ്വീകരിക്കുന്നത് തികഞ്ഞ ആദരവോടെയും ആതിഥ്യമര്യാദയോടെയും ഊഷ്മളതയോടെയുമാണ്. എല്ലാറ്റിനും ഒരു ഔദ്യോഗിക പരിവേഷവും അവര്‍ നല്‍കാറുണ്ട്.

? യഥാര്‍ത്ഥത്തില്‍ ഇതുകൊണ്ട് ഒക്കെ ഉദ്ദേശിക്കുന്നത് എന്താണ്...

* ഇതൊരു വലിയ സഭയും സമൃദ്ധമായ സഭയുമാണ്. അതിനാല്‍ തന്നെ സാംസ്‌കാരികമായ വിനിമയത്തിനും അവര്‍ പ്രാധാന്യം നല്‍കുന്നു. ചരിത്രപരമായി നോക്കുമ്പോള്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ അന്ത്യോക്യന്‍ പാത്രിയര്‍ക്കീസുമായി ബന്ധപ്പെട്ടു എന്നല്ലാതെ പൊതുവേ ഒറ്റപ്പെട്ടു നില്‍ക്കുന്ന സഭയാണ് നമ്മുടേത്. ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ കേരളം എന്നു പറയുന്നത് മറ്റ് ക്രിസ്ത്യന്‍ മേഖലകളില്‍ നിന്നെല്ലാം മാറിനില്‍ക്കുന്ന സ്ഥലമാണ്. അതുകൊണ്ടു തന്നെ നമുക്കൊരു ഒറ്റപ്പെടല്‍ ഉണ്ട്. ദൈവശാസ്ത്രപരമായി നമുക്ക് ചുറ്റുമുള്ള പ്രസ്ഥാനങ്ങള്‍ എന്നു പറയുന്നത് പ്രൊട്ടസ്റ്റന്റ്, കാത്തലിക് ഗ്രൂപ്പുകള്‍ ആണ്. ആ ഒരു കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായുള്ള ബന്ധം ഒരേ സമയം മതപരമായ വിദ്യാഭ്യാസത്തിനും ആത്മീയ തീര്‍ത്ഥാടനത്തിനും കരുത്തു പകരുന്നതാണ്. മറ്റൊരു കാര്യം സാഹിത്യമാണ്. ഓര്‍ത്തഡോക്‌സ് സാഹിത്യ സൃഷ്ടികള്‍ എന്നു പറയുന്നത് വളരെ പരിമിതമാണ്. എന്നാല്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഗ്രന്ഥസഞ്ചയം വാസ്തവത്തില്‍ കടലുതന്നെയാണ്. അതൊക്കെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുവാനുള്ള അവസരവും ഉണ്ട്. നമ്മുടെ സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ പോയി പഠിക്കാം. നമ്മുടെ പല തിരുമേനിമാരും റഷ്യയില്‍ പോയി പഠിച്ചിട്ടുള്ളവരാണ്. പില്‍ക്കാലത്ത് രാഷ്ട്രീയ മാറ്റത്തിന്റെയും ഫണ്ടിങ്ങിന്റെ അഭാവം മൂലവും ഇതൊക്കെ നിന്നുപോയി.

? ആത്മീയ വിനിമയത്തിനുള്ള സാധ്യത...

* നമ്മുടെ സഭയെപ്പറ്റി റഷ്യന്‍ സഭയ്ക്കും ആഴത്തില്‍ അറിയണമെന്ന ആഗ്രഹം അവര്‍ പ്രകടിപ്പിക്കുന്നു. കാരണം പാശ്ചാത്യ മിഷണറിമാരുടെ ഉത്പന്നമല്ലാത്ത ഒരു സഭയാണല്ലോ കേരളത്തില്‍ ഉള്ളത്. ആധുനിക കാലഘട്ടത്തില്‍ നയതന്ത്ര ബന്ധങ്ങള്‍ ശക്തിയാര്‍ജിക്കേണ്ടിയിരിക്കുന്നു.

? റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയെപ്പറ്റി കൂടുതലായി തിരുമേനിക്ക് പറയാനുണ്ടാവുമല്ലോ...

* ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് സഭ അല്ലെങ്കില്‍ ബൈസന്റെയിന്‍ സഭകള്‍ എന്ന വിഭാഗത്തില്‍ പെട്ടതാണ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ. കോണ്‍സ്റ്റാന്റിനോപ്പിള്‍, പാത്രിയര്‍ക്കീസിന്റെ കീഴിലായിരുന്ന ഒരു കാലത്തെ കുറിച്ച് അറിയാമല്ലോ. ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് സഭകളെല്ലാം തന്നെ എക്യുമെനിക്കല്‍ പ്രേട്രിയാക് എന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍ പേട്രിയാക്കിന്റെ ഒരു നോമിനല്‍ അതോറിറ്റിയില്‍ ഉള്ളതാണെന്നാണ് വയ്പ്. എന്നാല്‍ ഉക്രെയിന്‍-റഷ്യന്‍ അഭിപ്രായ സംഘട്ടനത്തെ തുടര്‍ന്ന് ഉക്രെയിന്‍ ശാഖയിലെ ഒരു ഗ്രൂപ്പിനെ എക്യുമെനിക്കല്‍ പേട്രിയാക് പാത്രിയര്‍ക്കീസായി അംഗീകരിച്ച് സ്വയം ശീര്‍ഷകത്വം കൊടുത്തു. റഷ്യയും കോണ്‍സ്റ്റാന്റിനോപ്പിളുമായുള്ള ബന്ധങ്ങള്‍ വിഛേദിക്കുന്ന അവസ്ഥയിലാണിപ്പോള്‍. ദൈവശാസ്ത്രപരമായിട്ടും ആ നിലയിലാണ്. റഷ്യന്‍ സഭ എന്നു പറയുന്ന ഇന്ത്യന്‍ സഭയെപ്പോലെയോ അല്ലെങ്കില്‍ ഇതര സഭകള്‍ പോലെയോ ദീര്‍ഘമായൊരു അപ്പസ്‌തോലിക ഉത്ഭവമുള്ള സഭയല്ല. എന്നാല്‍ അപ്പസ്‌തോലിക വിശ്വാസമുണ്ട്. വിശുദ്ധരുടെ കാര്യത്തില്‍ സമ്പന്നമാണ് ഈ സഭ. കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ വിശ്വാസത്തിനു വേണ്ടി മരിച്ചുപോയവരാണ് അല്ലെങ്കില്‍ കൊല്ലപ്പെട്ടവരാണ് ഈ ആധുനിക കാലത്തെ വിശുദ്ധര്‍.

? സ്റ്റാലിന്റെയും ലെനിന്റെയും കാലഘട്ടത്തില്‍ സഭകള്‍ അടിച്ചമര്‍ത്തപ്പെട്ടതിനെപ്പറ്റി...

* മൊണാസ്ട്രികള്‍ അടച്ചുപൂട്ടപ്പെട്ടപ്പോള്‍ വൃദ്ധരായ കന്യാസ്ത്രീകള്‍ മുഴുവന്‍ അവിടെ മരിച്ചുകിടന്നിരുന്നു. ചെറുപ്പക്കാരായവര്‍ എവിടെപ്പോയെന്നറിയില്ല. ചെറുപ്പക്കാരികളായ കന്യാസ്ത്രീകളെ പട്ടാളക്കാര്‍ ശാരീരകമായി ദുരുപയോഗം ചെയ്ത ശേഷം കൊന്നു കളഞ്ഞു എന്നാണ് പറയപ്പെടുന്നത്. പല പള്ളികളും ഫാക്ടറികളാക്കി മാറ്റപ്പെട്ടു. പരിമിതമായ ചില പള്ളികളില്‍ മാത്രം കുര്‍ബാന തുടര്‍ന്നു പോയി. പക്ഷേ, ചെറിയ സംശയം മതി പട്ടാളം പിടിച്ചുകൊണ്ടുപോകുമെന്നതായിരുന്നു അന്നത്തെ പേടിപ്പെടുത്തുന്ന അവസ്ഥ.

? ആരാധനയുമായി ബന്ധപ്പെട്ട് ഒരു കാര്യം. മലങ്കര സഭയുമായി കുര്‍ബാന സംസര്‍ഗം പറ്റുമോ...

* ഇല്ല. ഇപ്പോള്‍ ആയിട്ടില്ല. ഞാന്‍ നേരത്തെ സൂചിപ്പിച്ച ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ്-ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സംഘട്ടനത്തിന് ശേഷം ആര്‍ക്കും ഇത് ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റില്ല.

? കത്തോലിക്കാ പള്ളി ഇല്ലാത്ത ഒരു സ്ഥലത്ത് അവര്‍ക്ക് നമ്മുടെ അടുത്തു വന്ന് കുര്‍ബാന അനുഭവിക്കുന്നതിനും നമുക്ക് നേരെ തിരിച്ചും ചെയ്യാനുള്ള സ്വാതന്ത്ര്യം...

* അതിപ്പോള്‍ അനൗദ്യോഗികമായി നടന്നുപോകുന്നുണ്ട്. സാങ്കേതികമായി അവരുടെ നിയമം അതനുവദിക്കുന്നില്ലെങ്കിലും കുര്‍ബാന ആവശ്യമാണെങ്കില്‍ അത് കൊടുക്കുന്നതിനുള്ള സാഹചര്യം പലയിടത്തുമുണ്ട്. ഇരു കൂട്ടരുടെയും മനസ്സില്‍ വിഷമം ഉണ്ട്. പക്ഷേ, ഒന്നാണ് എന്ന ബോധ്യത്തിലാണ് സഭകളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും സഹകരിക്കുന്നത്. ചില കടുംപിടുത്തക്കാരൊക്കെ ഉണ്ടെങ്കിലും പൊതുവേ സഹകരണത്തില്‍ പോകണം എന്നാഗ്രഹിക്കുന്നവരാണ് ഏറിയപങ്കും.

? ഭാവിയിലേക്ക് നോക്കിയാല്‍ ഈ സന്ദര്‍ശനത്തില്‍ സൗഹൃദത്തിനുമപ്പുറം എന്തെങ്കിലുമുണ്ടോ...

* സൗഹൃദം പുതുക്കുക എന്നതു തന്നെയാണ് പരമമായ കാര്യം. യോജിപ്പിന് ശക്തിപകരേണ്ടതുണ്ട്. എഴുപതുകള്‍ക്കു ശേഷം മറ്റ് സഭകളുമായുള്ള നമ്മുടെ ബന്ധങ്ങളിലൊക്കെ പാളിച്ചയും തകര്‍ച്ചയുമല്ല, ഒരു തണുപ്പന്‍ മട്ടായിരുന്നു. നമ്മുടെ എക്യുമെനിക്കല്‍ ഡിപ്പാര്‍ട്ടുമെന്റുമായി താരതമ്യം ചെയ്യുമ്പോള്‍ അവരുടേത് വിപുലമായ ഒന്നാണ്. നമ്മള്‍ ഇപ്പോള്‍ മെയിന്റനന്‍സ് മോഡില്‍ നിന്ന് മിഷന്‍ മോഡിലേക്ക് മാറിയിരിക്കുന്നു. അതായത് ബന്ധങ്ങള്‍ പുനരുജ്ജീവിപ്പിക്കുക എന്നത് നമ്മള്‍ ഒരു മിഷനായി തന്നെ എടുത്തു. അതിനാല്‍ നമ്മള്‍ തുടങ്ങിവച്ച സംവാദത്തിന് നല്ല ഭാവിയുണ്ട്. ഇപ്പോഴത്തെ ഈ സഹകരണം തന്നെ വലിയ വിജയമാണ്.

? റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വലിപ്പത്തെയും ഹയറാര്‍ക്കിയെയും പറ്റി...

* ഏറ്റവും വലിയ ഓര്‍ത്തഡോക്‌സ് സഭയാണ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ. 115 മില്യണിലധികം ജനങ്ങളും 30,000 ഇടവകകളും 1000 ഓളം ആശ്രമങ്ങളും 50,000 വൈദികരും 360 ഓളം ബിഷപ്പുമാരുമുണ്ട്. പാത്രിയര്‍ക്കീസ,് മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ്പ്, ബിഷപ്പ് എന്നിങ്ങനെയാണ് ഹയറാര്‍ക്കി. പിന്നെ അച്ചന്മാര്‍, ശെമ്മാശന്മാര്‍ എന്നിവരും വൈദികരല്ലാത്ത സന്യസ്തരുമുണ്ട്.

? മലങ്കര സഭയുമായി താരതമ്യം ചെയ്താല്‍ കുര്‍ബാന ക്രമം എങ്ങനെ...

* ഘടന ഏതാണ്ടൊരുപോലെ തന്നെയാണെന്നു പറയാം. പക്ഷേ, ദീര്‍ഘമാണ്. മറ്റു ചില വ്യത്യാസങ്ങളും ഉണ്ട്. ഉപകരണങ്ങള്‍ ഉള്ള ഗായക സംഘം ഇല്ല. വോക്കല്‍ മാത്രമേയുള്ളു. പള്ളിയില്‍ ഒരു മൈക്കും ഇല്ല. പിന്നെ പല പള്ളികളും ഒരു ടൂറിസ്റ്റ് ആകര്‍ഷണം കൂടിയാണ്.

? നമുക്ക് റഷ്യയില്‍ കോണ്‍ഗ്രിഗേഷനുള്ള സാധ്യയുണ്ടോ...

* ഇല്ല. അതിനുള്ള ആള്‍ബലം അവിടെയില്ല. അത്തരത്തിലൊരു ഡയസ്‌ഫോറയും രൂപപ്പെട്ടിട്ടില്ല.

? ഗോര്‍ബച്ചേവിന്റെ ഗ്ലാസ്‌നോസ്തിനും, പെരിസ്‌ട്രോയിക്കക്കും ശേഷം...

* ഇരുമ്പുമറയ്ക്കുള്ളിലെ അടിച്ചമര്‍ത്തലിനു ശേഷമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നു വിശേഷിപ്പിക്കാം. രാഷ്ട്രത്തിന്റെ സഹായം കൊണ്ട് സഭ വളര്‍ന്നുവെന്ന് പറയുന്നതിനേക്കാള്‍ സഭ വളരാന്‍ കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം രാഷ്ട്രം കൊടുത്തു എന്നതാണ് യാഥാര്‍ത്ഥ്യം. കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് രൂപപ്പെട്ട ശൂന്യത നികത്താന്‍ സഭയെക്കൊണ്ട് സാധിച്ചു. ദൈവവിശ്വാസമാണ് മനുഷ്യന്റെ അടിസ്ഥാന മൂല്യം എന്ന തിരിച്ചറിവ് അവിടെ ഉണ്ടായിരിക്കുന്നു.

? റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയോടുള്ള സ്‌നേഹവും ബഹുമാനവും പ്രകടമായി കാണുവാനും അനുഭവിക്കുവാനും തിരുമേനിക്ക് സാധിച്ചുവെന്ന് വിശ്വസിക്കട്ടെ...

* തീര്‍ച്ചയായും. വളരെ ഊഷ്മളമായ ആതിഥേയത്വമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്, മോസ്‌കോ, ക്രെംലിന്‍, അവിടുത്തെ പ്രധാന പള്ളികള്‍ എല്ലാം സന്ദര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ മരിച്ച സെന്റ് മെട്രോമ എന്ന വിശുദ്ധയുടെ കബര്‍ സ്ഥിതിചെയ്യുന്നതിനടുത്താണ് ഞങ്ങള്‍ താമസിച്ചത്.

? പള്ളികളെ പറ്റി...

* രസകരമായ ഒരു കാര്യം എല്ലാ പള്ളികളിലും ഒരു കട ഉണ്ടെന്നുള്ളതാണ്. കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ സഭയ്ക്ക് പണമൊന്നുമുണ്ടായിരുന്നില്ലല്ലോ. സഭയുടെ പുസ്തകം വില്‍ക്കാനോ പണം പിരിക്കാനോ പാടില്ലായിരുന്നു. പക്ഷേ, ഒരു കാര്യത്തിനനുവാദമുണ്ടായിരുന്നു. മെഴുകുതിരി വില്‍ക്കാനുള്ള അനുവാദം. അങ്ങനെ എല്ലാ പള്ളികളിലും മെഴുകുതിരി കച്ചവടവും തുടങ്ങി. ഇപ്പോള്‍ തീര്‍ത്ഥാടകര്‍ എന്ന പോലെ വിനോദസഞ്ചാരികളും ധാരാളമായി റഷ്യയില്‍ എത്തുന്നു. നഗരമൊക്കെ പൊതുവേ സുരക്ഷിതമാണെന്ന് കാണാം. വഴിയരികിലൊക്കെ പ്രായമേറിയ ഭിക്ഷക്കാരെ കണ്ടു. ജീവിതച്ചെലവ് വളരെ കുറവാണെന്നുള്ളതാണ് റഷ്യയുടെ പ്രത്യേകത.

? ഈ പ്രതിനിധി സംഘത്തോടുള്ള സമീപനം...

* പാത്രിയര്‍ക്കീസ് ബാവയുടെ മോസ്‌കോയിലുള്ള ഉയര്‍ന്ന പദവിയിലുള്ള ഒരു ബിഷപ്പാണ് ഞങ്ങളെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. ഊഷ്മളമായ ഒരു സ്വീകരണമായിരുന്നു അത്. മീറ്റിംഗ് നടക്കുന്ന ഹാളിലേക്കുള്ള എലിവേറ്ററിന്റെ അടുത്തു വന്നാണ് അവരുടെ പാത്രിയര്‍ക്കീസ് നമ്മുടെ ബാവയെയും മറ്റും സ്വീകരിച്ചത്. അതുപോലെ ഞങ്ങളെ യാത്രയയ്ക്കാന്‍ അദ്ദേഹം ബാവയുടെ കാറിന്റെ അരികില്‍ വരെയെത്തി. നമ്മുടേത് ഒരു ഗൗരവപ്പെട്ട സഭയാണെന്ന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കുന്നതിന്റെ തെളിവായിരുന്നു അവരുടെ ആതിഥ്യം.

? റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഡബ്‌ളിയൂ.സി.സിയിലുള്ള സാന്നിധ്യം...

* അവര്‍ മെമ്പര്‍ ചര്‍ച്ചാണ് എന്നാല്‍ വലിയൊരു സഭയെന്ന നിലയിലുള്ള ഒരു പങ്കാളിത്ത സമീപനം എടുക്കുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.

? ഈ സഭയ്ക്ക് അമേരിക്കയില്‍ നല്ല സ്വാധീനമുണ്ട്. മറ്റ് ഭൂഖണ്ഡങ്ങളിലോ...

* കുറവാണ്. ഓര്‍ത്തഡോക്‌സ് സഭയുടെ ഘടന തന്നെ അതാതു രാജ്യത്തിന്റെ സഭയെന്നാണല്ലോ. ചിലയിടങ്ങളില്‍ ഒരു മൂപ്പ് സ്ഥാനം ഉണ്ടെന്നു പറയാം.

? ശ്രദ്ധേയമായ ഈ സന്ദര്‍ശനത്തില്‍ തിരുമേനിയുടെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന കാര്യങ്ങള്‍...

* ചരിത്രപരമായ ഗൗരവത്തില്‍ തന്നെയാണ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ നമ്മളെ കാണുന്നത്. എന്നാല്‍ നമ്മള്‍ അത് വേണ്ടത്ര പ്രൊജക്ട് ചെയ്യുന്നില്ല എന്നാണ് തോന്നുന്നത്. പിന്നെ നമ്മുടെ ഓര്‍ത്തഡോക്‌സ് സഭയെ അവര്‍ കാണുന്നത് ഒരു മിഡില്‍ ഈസ്റ്റേണ്‍ പശ്ചാത്തലത്തിലാണ്. അതിനപ്പുറത്തേക്ക് നമ്മുടെ പ്രാധാന്യം വിപുലപ്പെടുത്തണം. ദുഖകരമായ ഒരു യാഥാര്‍ത്ഥ്യം പതിറ്റാണ്ടുകളായി തുടരുന്ന കക്ഷിവഴക്കാണ്. വ്യക്തിജീവിതത്തിലായാലും കുടുംബജീവിതത്തിലായാലും പ്രശ്‌നങ്ങള്‍ ഉണ്ടാവും. ആ പ്രശ്‌നത്തില്‍ ചുറ്റിത്തിരിഞ്ഞ് നമ്മള്‍ നമ്മുടെ ആയുസ്സ് കളയേണ്ട കാര്യമില്ല. പ്രശ്‌നത്തില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടിരുന്നാല്‍ നമുക്ക് എവിടെയും എത്താനാവില്ല. കക്ഷി വഴക്ക് യാഥാര്‍ത്ഥ്യമാണെങ്കില്‍ പോലും സഭാ ജീവിതത്തില്‍ അതു മാത്രമല്ലല്ലോ ഉള്ളത്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ട്. പക്ഷേ, അവര്‍ അതുമാത്രം വിചാരിച്ചു നടക്കുന്നില്ല. റഷ്യയിലേക്കുള്ള ഈ യാത്ര ഒരു നാഴികക്കല്ലാണ്. എക്യുമെനിക്കല്‍ ബന്ധത്തില്‍ തണുത്തു കിടന്ന ബന്ധങ്ങളെ ജീവസ്സുറ്റതാക്കി മാറ്റുവാനുള്ള മറ്റൊരു കാല്‍വയ്പ്പ്. എക്യുമെനിക്കല്‍ ലോകത്ത് ഒരിക്കല്‍ നാം നിര്‍ണായക സാന്നിദ്ധ്യമായിരുന്നു. പിന്നീടതൊരു മിനിമം പരിപാടിയിലേക്ക് പോയി. ആ പഴയ സജീവ സാന്നിദ്ധ്യം തിരിച്ചെടുക്കേണ്ടതുണ്ട്.
***
പരി. ബാവയുടെ നേതൃത്വത്തിലുള്ള ഡെലിഗേഷന്റെ സന്ദര്‍ശന വിവരങ്ങള്‍ ഇങ്ങനെ...പരി. ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയും റഷ്യന്‍ പാത്രിയര്‍ക്കീസ് കിറില്‍ ഒന്നാമനും മോസ്‌ക്കോയിലെ ഡാനിലോവ് സെമിനാരിയില്‍ സെപ്തംബര്‍ മൂന്നിനാണ് കൂടിക്കാഴ്ച നടത്തിയത്. കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയായ പരി. കാതോലിക്കാ ബാവയുടെ, കാതോലിക്കാ ആയതിന് ശേഷമുള്ള പ്രഥമ റഷ്യന്‍ സന്ദര്‍ശനമായിരുന്നു ഇത്. നാലു ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഒരു കാതോലിക്ക ബാവ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ സന്ദര്‍ശനം നടത്തുന്നത്.

പരി. കാതോലിക്ക ബാവയെ പരി. പാത്രിയര്‍ക്കീസ് കിറില്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. റഷ്യന്‍ സഭയ്ക്കു ലഭിച്ച ഭാഗ്യമാണ് പരി. ബാവയുടെ ഇപ്പോഴത്തെ സന്ദര്‍ശനമെന്ന് അദ്ദേഹത്തിനു സ്വാഗതമോതിക്കൊണ്ട് പരി. കിറില്‍ ഒന്നാമന്‍ പറഞ്ഞു. റഷ്യയിലെ സഭാ സ്ഥാപനത്തിന്റെ സഹസ്രാബ്ദി ആഘോഷങ്ങള്‍ക്കു വേണ്ടി 1988ല്‍ അന്നു മലങ്കര സഭയിലെ മെത്രാപ്പോലീത്തയായിരുന്ന പരി. ബാവ എത്തിയ കാര്യം പരി. കിറില്‍ ബാവ അനുസ്മരിച്ചു. അതൊരു ചരിത്രപരമായ ആഘോഷമായിരുന്നുവെന്നു പറയാം. കാരണം, സോവിയറ്റ് പരമാധികാരത്തിന്റെ അവസാനത്തിനാണ് അതു നിമിത്തമായത്. തുടര്‍ന്ന്, യേശുക്രിസ്തുവിന്റെ അപദാനങ്ങളെ വാഴ്ത്തുവാനും അതു സോവിയറ്റ് മണ്ണിലേക്ക് പടര്‍ത്താനും ജനങ്ങളിലേക്ക് എത്തിക്കുവാനും തങ്ങള്‍ക്കു കഴിഞ്ഞുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഏകദേശം മുപ്പതിനായിരത്തോളം ദേവാലയങ്ങള്‍ സോവിയറ്റ് യൂണിയനില്‍ പുനസൃഷ്ടിക്കാന്‍ കഴിഞ്ഞു. സോവിയറ്റ് പരമാധികാര പ്രദേശങ്ങളായ റഷ്യ, ഉക്രെയ്ന്‍, കസാഖിസ്ഥാന്‍, മൊള്‍ഡോവ, അസര്‍ബെയ്ജാന്‍, മധ്യേഷ്യയിലെയും ബാല്‍ട്ടിക്കിലെയും റിപ്പബ്ലിക്കിലും ഇതു സാധിച്ചുവെന്നത് വലിയൊരു വിജയമാണ്.

ഇന്ത്യയിലുള്ളവരോട് റഷ്യക്കാര്‍ക്ക് ഒരു പ്രത്യേക താത്പര്യമായിരുന്നു. കാല്‍നടയായി പൂര്‍വ്വികന്മാര്‍ ഇന്ത്യയിലെത്തുകയും അവിടുത്തെ നാടോടികഥകള്‍ തിരിച്ച് ഇവിടെ വന്നു പറയുകയും ചെയ്തിട്ടുണ്ട്. അപ്പോസ്‌തോലന്മാരുടെ കാലം മുതല്‍ക്കേ ഇന്ത്യയില്‍ ക്രിസ്തീയത നില നിന്നിരുന്നു. ആ പാരമ്പര്യത്തെ പടിഞ്ഞാറന്‍ സ്വാധീനം തളര്‍ത്തിയില്ല. അതു ശക്തമായി നിലകൊണ്ടു. സെന്റ് തോമസ് അപ്പോസ്‌തോലന്‍ സ്ഥാപിച്ച സഭയാണത്. അതിന്റേതായ മഹത്വവും വിശുദ്ധിയും അതിനുണ്ട്. അതു കൊണ്ടു തന്നെ അതിനോടു ചേര്‍ന്നു നില്‍ക്കാനും കൂടുതല്‍ താത്പര്യത്തോടെ പരസ്പരം സഹകരിക്കാനും റഷ്യക്കാര്‍ താത്പര്യപ്പെടുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1851 മുതല്‍ക്കേ റഷ്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളുമായി ബന്ധപ്പെടാന്‍ ഇന്ത്യയില്‍ നിന്നുള്ള െ്രെകസ്തവസഭകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തുടരെ തുടരെയുണ്ടായ യുദ്ധങ്ങള്‍ അതിനു വിഘാതമായി. 1931ല്‍ ഹീറോമോങ്ക് ആന്‍ഡ്രോനിക്ക് ബാവ കേരളത്തില്‍ വരികയും അദ്ദേഹം ഇന്ത്യയില്‍ തുടര്‍ച്ചയായി പതിനെട്ടു വര്‍ഷത്തോളം ചെലവഴിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടില്‍ മലങ്കര സഭയും റഷ്യന്‍ പാത്രിയര്‍ക്കീസുമായി ബന്ധം സ്ഥാപിക്കാന്‍ ഇതു കാരണമായി. അദ്ദേഹം നിരവധി ചാപ്പലുകളും അവിടെ സ്ഥാപിച്ചിരുന്നു. 1961ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന മൂന്നാം വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ അസംബ്ലയില്‍ പങ്കെടുക്കാനായി ലെനിന്‍ഗ്രാഡിലെ ആര്‍ച്ച് ബിഷപ്പ് നിക്കോഡിം എത്തിയിരുന്നു. മലങ്കരസഭയ്ക്ക് വേണ്ടി വിദ്യാഭ്യാസ പരിശീലന സഹായങ്ങള്‍ നല്‍കാന്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ ഒരുക്കമാണെന്നും അദ്ദേഹം അന്ന് അറിയിച്ചിരുന്നു. കോട്ടയം സെമിനാരിയുടെ 150-ാം ആഘോഷങ്ങള്‍ക്ക് വേണ്ടി എസ്‌റ്റോണിയയിലെയും താലിനിലെയും ആര്‍ച്ച് ബിഷപ്പ് ആയിരുന്ന അലക്‌സി ദ്വീതിയന്‍ മെത്രാപ്പോലീത്തയുടെ കേരള സന്ദര്‍ശനവും അദ്ദേഹം അനുസ്മരിച്ചു.

1976ല്‍ പരി. ബസേലിയോസ് മാര്‍ത്തോമ മാത്യുസ് പ്രഥമന്‍ ബാവ ലെനിന്‍ഗ്രാഡ് തിയോളജിക്കല്‍ അക്കാദമി സന്ദര്‍ശിച്ച കാര്യം പരി. കിറില്‍ ബാവ എടുത്തു പറഞ്ഞു. താന്‍ അന്ന് ലെനിന്‍ഗ്രാഡ് തിയോളജിക്കല്‍ അക്കാദമിയിലെ റെക്ടര്‍ ആയിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നുള്ള ആദ്യ സന്ദര്‍ശനമായിരുന്നു അത്. തൊട്ടടുത്ത വര്‍ഷം തന്റെ മുന്‍ഗാമിയായിരുന്ന പരി. പീമെന്‍ പാത്രിയര്‍ക്കീസ് ബാവ ഇന്ത്യ സന്ദര്‍ശിച്ചതും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയേയും പ്രസിഡന്റ് ഫക്രുദീന്‍ അലി അഹമ്മദിനെയും സന്ദര്‍ശിക്കുകയും ചെയ്തു. 2006ല്‍ താന്‍ ഡല്‍ഹിയും ചെന്നൈയും കേരളവും സന്ദര്‍ശിച്ചതും അദ്ദേഹം അനുസ്മരിച്ചു.

മോസ്‌ക്കോയിലെ മലങ്കരസഭ പ്രതിനിധി ഡോ. ചെറിയാന്‍ ഈപ്പന്റെ സേവനത്തെയും അദ്ദേഹം പുകഴ്ത്തി. റഷ്യന്‍ ഭാഷയും മലയാളവും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള ഡോ. ചെറിയാന്‍ ഈപ്പന്റെ ശ്രമങ്ങളെ അദ്ദേഹം ഉയര്‍ത്തി കാട്ടി. ഇരുരാജ്യങ്ങളും തമ്മിലുള്ള മതപരമായ സഹകരണം കൂടുതല്‍ ഉദാത്തമാക്കണമെന്നും അതിനുള്ള പ്രായോഗിക ശ്രമങ്ങളെ കൂടുതല്‍ മികവുറ്റതാക്കണമെന്നും മറുപടി പ്രസംഗത്തില്‍ പരി. കാതോലിക്ക ബാവ പറഞ്ഞു. റഷ്യന്‍ വൈദികര്‍ക്ക് ഇന്ത്യയിലെ സഭകളുമായി യോജിച്ചു പ്രവര്‍ത്തിച്ച് കൂടുതല്‍ വൈദിക മികവിനു ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സെപ്തംബര്‍ ഒന്നിന്, മോസ്‌ക്കോ പാത്രിയര്‍ക്കാ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എക്‌സ്‌കേര്‍ണല്‍ ചര്‍ച്ച് റിലേഷന്‍സ് മേധാവി ഹിലേറിയന്‍ ഓഫ് വൊളോക്കോല്‍മാസ്‌ക്ക് മെത്രാപ്പോലീത്തായെയും ഡെലിഗേഷന്‍ സന്ദര്‍ശിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ പ്രമുഖരായ നേതാക്കളെല്ലാം സംബന്ധിച്ച വിരുന്നു സത്ക്കാരത്തിലും പരി. ബസേലിയോസ് മാര്‍ത്തോമ പൗലൂസ് ദ്വിതീയന്‍ ബാവ, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളോടും സഭാ നേതൃത്വത്തോടും നന്ദി പ്രകാശിപ്പിച്ചു. മലങ്കര സഭയുടെ ആത്മീയ പുസ്തക ശ്രേണിക്ക് വേണ്ടി ഡോ. ചെറിയാന്‍ ഈപ്പന്‍ റഷ്യന്‍ ഭാഷയില്‍ നിന്ന് മലയാള ഭാഷയിലേക്ക് പരിഭാഷ ചെയ്ത 'ലവിംഗ് കൈന്‍ഡ്‌നെസ്' എന്ന പുസ്തകത്തെപ്പറ്റിയും പരി. ബാവ പരാമര്‍ശിച്ചു.

രണ്ട് സഭകള്‍ തമ്മിലുള്ള ഐക്യത്തെപ്പറ്റി ശ്ലാഘിച്ച സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത സെയിന്റ്‌സ് സിറിള്‍ ആന്റ് മെതോഡിയസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് തിയോളജിക്കല്‍ സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ പറ്റിയതിലുള്ള ചാരിതാര്‍ത്ഥ്യവും അറിയിച്ചു. ചരിത്രത്തിലെ പീഡനങ്ങളേറ്റു വാങ്ങിയ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ ഇരുപതാം നൂറ്റാണ്ടില്‍ എല്ലാ വെല്ലുവിളികളെയും പ്രയാസങ്ങളെയും നേരിട്ട് പുരോഗതിയുടെ പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതില്‍ മാര്‍ നിക്കോളോവോസ് സംതൃപ്തി രേഖപ്പെടുത്തി.

പരി. ബാവയുടെ റഷ്യന്‍ ശ്ലൈഹിക സന്ദര്‍ശനത്തിന് മുന്നോടിയായി സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ എത്തിയ ഡെലിഗേഷനെ ഇന്റര്‍ചര്‍ച്ച് റിലേഷന്‍സ് സെക്രട്ടറി ഹിറോമോങ്ക് സ്റ്റീഫന്‍ ഇഗുംനോവ്, മോസ്‌ക്കോ പാട്രിയര്‍ക്കേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എക്‌സ്‌റ്റേര്‍ണല്‍ ചര്‍ച്ച് റിലേഷന്‍സ് പ്രതിനിധി പി. അക്താംഖോനോവ് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള നിരവധി പള്ളികളും സന്യാസ ആശ്രമങ്ങളും ഡെലിഗേഷന്‍ സന്ദര്‍ശിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ മുന്‍പെങ്ങുമില്ലാതിരുന്ന ഉത്സാഹത്തോടെയും ആത്മീയാന്തരീക്ഷം നിറഞ്ഞു തുളുമ്പിയ ആഹ്ലാദാരവങ്ങളോടെയുമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവനെയും ഡെലിഗേഷനെയും എതിരേറ്റത്.

***

ആത്മീയതയുടെ പ്രഭാവവും വിശ്വാസത്തിന്റെ ദീപ്തിയും പെരുമാറ്റത്തിന്റെ ഊഷ്മളതയും മുഖമുദ്രയാക്കിയ, മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത്ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യം വലിയ അനുഗ്രഹമായിട്ടാണ് അനുഭവപ്പെടുന്നത്. മലങ്കര സഭയ്ക്ക് മാത്രമല്ല ഇതര സഭകള്‍ക്കും അമേരിക്കന്‍ മലയാളി സമൂഹത്തിന് മൊത്തത്തിലും നിക്കോളോവോസ് തിരുമേനി എറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയുമാണ്. തിരുമേനിയുടെ ഹൃദ്യവും ഹ്രസ്വവുമായ പ്രബോധനങ്ങള്‍ ആത്മീയഹര്‍ഷം ഉളവാക്കുന്നതാണ്. അമേരിക്കയിലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ക്ക് പ്രത്യാശയുടെ വചനമാണ് തിരുമേനി.

തിരുമേനിയുടെ സമര്‍പ്പിത ജീവിതത്തെ ഒന്നടുത്തറിയാം. പത്തനംതിട്ട ജില്ലയിയില്‍ തിരുവല്ല താലൂക്കിലുള്ള മേപ്രാലിലെ പുതിയോട്ട് കുടുംബത്തില്‍ 1959 ഓഗസ്റ്റ് 13-ാം തീയതിയാണ് നിക്കോളോവോസ് തിരുമേനി ജനിച്ചത്.തിരുമേനിയുടെ കുട്ടിക്കാലത്തെ പേര് ചെറിയാച്ചന്‍ എന്നായിരുന്നു. മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും ഉള്ള ചെറിയാച്ചന്‍ കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ 10-ാം ക്ലാസ് വരെ പഠിച്ചു. കോളേജ് വിദ്യാഭ്യാസത്തിന്റെ ആദ്യ രണ്ടു വര്‍ഷം മലബാര്‍ ക്രിസ്ത്യന്‍ കോളേജിലായിരുന്നു. തുടര്‍ന്ന് കോഴിക്കോട് സര്‍വകലാശാലയുടെ കീഴിലുള്ള ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്തു. ബാംഗ്ലൂരിലെ യുണൈറ്റഡ് തിയോളജിക്കല്‍ കോളേജില്‍ നിന്ന് ബാച്ചിലര്‍ ഓഫ് ഡിവിനിറ്റിയും തിയോളജിയില്‍ മാസ്റ്റര്‍ ബിരുദവും സമ്പാദിച്ചു.

ആദരണീയനായ കുര്യാക്കോസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത 1986 ജനുവരി നാലിന് ശെമ്മാശ പട്ടം കൊടുക്കുകയും 1990 മെയ് 16ന് സ്വന്തം ഇടവകയായ മേപ്രാലിലെ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. അഭിവന്ദ്യ മാര്‍ ബസേലിയോസ് പൗലോസ് രണ്ടാമന്‍ 1993 ഓഗസ്റ്റ് 5ന് മൂവാറ്റുപുഴയില്‍ വൈദികനായി നിയമിച്ചു. അന്ത്യോക്യ പാത്രിയര്‍ക്കീസ് മോറാന്‍ മാര്‍ ഇഗ്നേഷ്യസ് സഖാ പ്രഥമന്‍ 1993 ഓഗസ്റ്റ് 15-ാം തീയതി മെത്രാപ്പോലീത്തയായി വാഴിച്ചു.

മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ എക്യുമെനിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച നിക്കോളോവോസ് തിരുമേനി മുളന്തുരുത്തിയിലെ മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സെമിനാരിയില്‍ പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തന്റെ നിസ്തുലവും നിര്‍മ്മലവുമായ എക്യുമെനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ മാര്‍ നിക്കോളോവോസിനെ 'സിറിയന്‍ ഓര്‍ത്തഡോക്‌സ്-റോമന്‍ കാത്തലിക് ഡയലോഗ് കമ്മീഷന്‍' അംഗത്വത്തിലെത്തിച്ചു. എക്യുമെനിക്കല്‍, മതാന്തര പ്രസ്ഥാനങ്ങളില്‍ സജീവമായ നിക്കോളോവോസ് തിരുമേനി 2002ല്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ അസിസ്റ്റന്റ് മെത്രാപ്പോലീത്തയായി നിയമിതനായി.

നിലവില്‍ തിരുമേനി വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സെന്‍ട്രല്‍ കമ്മറ്റിയിലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും അംഗമാണ്. ന്യൂയോര്‍ക്ക് സെന്റ് വ്‌ളാഡിമേഴ്‌സ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയുടെ ട്രസ്റ്റിമാരില്‍ ഒരാളായും സേവനം ചെയ്യുന്നു. നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ (എന്‍.സി.സി) ഗവേണിങ് ബോര്‍ഡ് അംഗവും കൂടാതെ, ചര്‍ച്ച് വേള്‍ഡ് സര്‍വീസിന്റെ (സി.ഡബ്‌ളിയു.എസ്) ബോര്‍ഡ് അംഗവുമാണ്. അഭിവന്ദ്യ മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ ബര്‍ണബാസ് 2011 ഫെബ്രുവരി 26ന് വിരമിച്ചതിനെ തുടര്‍ന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് രണ്ടാമന്‍, നിക്കോളോവോസ് തിരുമേനിയെ നോര്‍ത്ത്ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ അധ്യക്ഷനായി നിയമിച്ചു.
Facebook Comments
Share
Comments.
ചാണ്ടി , ആലുവാ
2019-11-15 15:48:26
ഞാൻ നാട്ടിലെ സഭകളുടെ യുദ്ധത്തിൽപെട്ട് ആകെ ഇനി എന്ത് ചെയ്യണം എന്ന് വിഷമിച്ചിരിക്കുമ്പോളാണ് , ഈ റഷ്യൻ ഓർത്ത്ഡോക്സ് സഭയുടെ പേരും , ലേഖനവും കണ്ടത് . വായിച്ചു നോക്കിയിട്ട് എനിക്ക് ഒരു പിടിയും കിട്ടിയില്ല നിങ്ങൾ എന്താണ് പറഞ്ഞെതെന്ന് .  നിങ്ങൾ യാത്രാവിവരണം എഴുതിയത് വായിച്ചിട്ടുള്ളത്കൊണ്ട് ഞാൻ വിചാരിച്ചു , വായിച്ചാൽ എളുപ്പം മനസ്സിലായേക്കുമെന്ന് ; പക്ഷെ ഒന്നും മനസിലായില്ല ; വായിച്ചുകഴിഞ്ഞപ്പോൾ തോന്നി യാത്രാ വിവരണവും ഇതും എഴുതിയത് ഒരാളാണോ എന്ന് . എന്തായാലും അഭിപ്രായമെഴുതിയവരെങ്കിലും അവർക്ക് മനസ്സിലായത് ശരിക്ക് എഴുതുമെന്ന് . പക്ഷെ ഒരാൾ എഴുതിയിരിക്കുന്നത് ഇതിൽ അഭിപ്രായം എഴുതിയ ഒരു വ്യക്തി , റഷ്യ എന്ന് കേട്ടാൽ ഉടനെ 'ഗ്രേറ്റ് ' എന്ന് പറയുമെന്ന് . അത് ബേബി എന്ന ആൾ എഴുതിയതിനെക്കുറിച്ചായിരിക്കും ?  എന്നാൽ തോമസ് എന്ന് പറയുന്ന ആൾ എന്തെങ്കിലും അഭിപ്രായം പറയുമെന്ന് വിചാരിച്ചപ്പോൾ , അയാൾ എഴുതിയിരിക്കുന്നു , ബാബി പറഞ്ഞതുപോലെ നിങ്ങളുടെ ലേഖനം  ഗ്രേറ്റ് ആണെന്ന് .  ഞാൻ റഷ്യക്ക് വരാൻ തയാറാണ് . ഇവിടെ നാട്ടിൽ ഒരു രക്ഷയുമില്ല .  രണ്ടുകൂട്ടരും , അച്ചന്മാരും തിരുമേനിമാരും അടക്കം പരസ്പരം കുത്തി കൊല്ലാൻ നടക്കുകയാണ് . റഷ്യക്ക് പോയാൽ രക്ഷപ്പെടാൻ സാധ്യത വളരെ കാണുന്നുണ്ട് . ഇപ്പഴേ പോയി കഴിഞ്ഞാൽ ട്രംപ് അങ്ങ് വരുമ്പേഴേക്കും നമ്മൾക്ക് കൂടാരങ്ങൾ തീർക്കാം . നമ്മൾക്ക് പിന്നെ എല്ലാവർക്കും കൂടി ഉള്ളത് അനത്തി കുടിച്ചു കിടക്കാം . ബാബി , തോമസ്സു . പിന്നെ ബാബിയുടെ കൂട്ടുകാരും ഒക്കെ ആയി അവിടെ സുഖമായി കഴിയാം .  നിങ്ങൾ അങ്ങ് എത്തുമ്പോഴേക്കും ഞാൻ , നാട്ടിൽ നിന്ന് അങ്ങ്  എത്തിയേക്കാം 

Trump is next
2019-11-15 13:04:43
Trump national security adviser: pleads guilty Trump campaign chairman: guilty Trump deputy campaign chairman: pleads guilty Trump personal attorney (Cohen): pleads guilty Trump camp foreign policy adviser: pleads guilty Trump long-time friend and associate (Stone): guilty
trump is next- get redy bobykuttan
ഞാൻ പറയാനുള്ളത് പറഞ്ഞു
2019-11-15 11:34:18
നിങ്ങൾ കൂടെ കൂടെ തിരുമേനിമാരുടെ ബുദ്ധിമുട്ടുള്ള പേരുകൾ (സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത, പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത) ഉപയോഗിക്കുന്നതുകൊണ്ട് വായിക്കുന്നതൊന്നും തലയിൽ നിൽക്കുന്നില്ല .  അത് കേൾക്കുമ്പോൾ 'ക്വുഡ് പ്രൊ കോ ' എന്ന് പറയുന്നപോലെ ഉണ്ട് . അതുകൊണ്ട് അത്തരം വാക്കുകളെ 'ബ്രൈബറി കൈക്കൂലി' എന്നതുപോലെ  ലളിതമായി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നേനെ. 'പരി' എന്ന് എഴുതിയപ്പോൾ അത് 'പരി'യാണോ എന്ന സംശയം ഉണ്ടായി 

മറ്റൊരു കാര്യം , ഈ ലേഖനം എഴുതാൻ പറ്റിയ സമയമല്ല ഇത് . കാരണം ട്രംപിനെതിരെ നടക്കുന്ന ഇമ്പീച്ചുമെന്റ് അന്വേഷണത്തിൽ , റഷ്യക്കും പൂറ്റിനുമുള്ള ബന്ധത്തെ കുറിച്ച് വളരെ കാര്യങ്ങൾ പൊന്തി വരുന്നുണ്ട് . അതിലുപരി അമേരിക്കയിലെ നല്ല ഒരു ശതമാനം ഓർത്ത്ഡോക്സ് ക്രിസ്ത്യൻസ് ട്രംപിന് വോട്ടു ചെയ്തതുമാണ് .  അപ്പോൾ ഇതുപോലൊരു ലേഖനം വെറുതെ അന്വേഷണത്തെ  റഷ്യൻ ഓർത്ത് ഡോക്സ് സഭയുമായുള്ള ബന്ധത്തിലേക്ക് വലിച്ചിഴക്കാൻ സാധ്യത ഉണ്ട് . അതുപോലെ ട്രംപിന്റെ ചാവേറു പടയിൽ പെട്ടവർ ഇതിന്റ അടിയിൽ കടന്നു കൂടിയിട്ടുണ്ട് . അത് ട്രംപിന്റെ എതിരാളികളെ ഇതിന്റെ കീഴിലേക്ക് വിളിച്ചു വരുത്തി , വെറുതെ സംഘര്ഷമുണ്ടാക്കാൻ വഴിയൊരുക്കും . ഇപ്പോൾ തന്നെ ഒരു ബഹളം നടക്കുന്നുണ്ട് അതിന്റെ കൂടെ മറ്റൊന്ന് കൂടി വേണോ ?  ഞാൻ പറയാനുള്ളത് പറഞ്ഞു . അത്രമാത്രം  
Thomas Varghese
2019-11-15 10:52:41
As Boby mentioned, informative and excellently featured.
Boby Varghese
2019-11-15 07:19:46
Great article. Very informative. Thanks.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ചാരിത്ര്യത്തിനു വിലമതിയ്ക്കാത്ത മാതൃത്വം !! (എഴുതാപ്പുറങ്ങള്‍- 49: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
നിര്‍ഭയസഞ്ചാരത്തിനുള്ള ദിശകള്‍ (സുധീര്‍ പണിക്കവീട്ടില്‍)
മാമാങ്കത്തിലെ ഉണ്ണിമായയ്ക്കൊപ്പം പ്രാചി ടെഹ്ലന്‍
ബലാല്‍സംഗത്തിന്റെ സംഹാരതാണ്ഡവം (ജി. പുത്തന്‍കുരിശ്)
തിരുവിതാംകൂര്‍ രാജവാഴ്ചയും നിവര്‍ത്തന പ്രക്ഷോഭണങ്ങളും (ജോസഫ് പടന്നമാക്കല്‍)
അന്നു മുപ്പത് വെള്ളിക്കാശ്, ഇന്ന് ലക്ഷങ്ങള്‍, പണി ഒന്നുതന്നെ 'ഒറ്റിക്കൊടുക്കല്‍' (ഷോളി കുമ്പിളുവേലി)
സാജന്‍ സമായ എന്ന സാജന്‍ കുര്യന്‍ (മാലിനി)
മഞ്ജു ഉണ്ണികൃഷ്ണന്‍: വസ്ത്ര വിപണിയിലെ എഴുത്തിന്റെ സാന്നിധ്യം (മാനസി പി.കെ.)
ലൂസി സെലിബ്രിറ്റി, സഭയിലെ അടിമത്തത്തിനെതിരെ ആഞ്ഞടിക്കുന്നു (കുര്യന്‍ പാമ്പാടി)
നീതിയുടെ പ്രഭാവലയത്തില്‍ നിറഞ്ഞു നിന്ന മാര്‍ ബര്‍ണബാസ് മെത്രാപോലിത്ത (വാല്‍ക്കണ്ണാടി: കോരസണ്‍)
തറവാടിത്ത ഘോഷണത്തിലും, കുടുംബ മാഹാത്മ്യത്തിന്‍റ്റെ വീമ്പിളക്കലിലും വസ്തുതകളുണ്ടോ? (വെള്ളാശേരി ജോസഫ്)
സന്യാസ ജീവിതത്തെ പുച്ഛിക്കുന്ന അരാജക വാദികള്‍ അറിയാൻ (വെള്ളാശേരി ജോസഫ്)
വെജിറ്റേറിയനിസം താണ ജാതിക്കാര്‍ക്ക് എതിരായ ഗൂഡാലോചന (ത്രിശങ്കു- 3)
തിരുവിതാംകൂര്‍ രാജവാഴ്ചക്കാലത്തെ ചരിത്ര രൂപരേഖ (ജോസഫ് പടന്നമാക്കല്‍)
കന്യാസ്ത്രീ മഠങ്ങള്‍ക്കുള്ളിലെ പ്രശ്‌നങ്ങള്‍ (വെള്ളാശേരി ജോസഫ്)
പുരുഷനിവര്‍ കളിക്കോപ്പുകളോ? (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ- എഴുതാപ്പുറങ്ങള്‍ 48)
മൃഗബലി കൂടുതല്‍ നേപ്പാളില്‍; ക്രൂരതക്കെതിരെ മൃഗസ്‌നേഹികള്‍ (മൊയ്തീന്‍ പുത്തന്‍ചിറ)
കേരളത്തില്‍ ഉയരുന്ന ആഡംബര പള്ളികള്‍ എന്ന അശ്ലീല ദൃശ്യം (ത്രിശങ്കു- 2)
നേപ്പാളിന്റെ ആത്മാവ് തേടി ഒരു യാത്ര (മിനി വിശ്വനാഥന്‍)
കേരളത്തിലെ പട്ടികള്‍ (ത്രിശങ്കു)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM