Image

ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കില്ലന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published on 15 November, 2019
ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കില്ലന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം:  ശബരിമലയില്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ സ്‌ത്രീകളെ കയറ്റില്ലെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്‌ത്രീകളെ മലകയറ്റാന്‍ പണ്ടും ശ്രമിച്ചിട്ടില്ല, ഇനിയും ശ്രമിക്കില്ല. ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും ആക്ടിവിസ്റ്റുകള്‍ക്ക്‌ സംരക്ഷണം നല്‍കേണ്ടി വന്നത്‌ പഴയ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

മലകയറുമെന്ന്‌ പ്രഖ്യാപിക്കുന്നവര്‍ പ്രചാരണം ലക്ഷ്യമിട്ടാണ്‌ അത്‌ ചെയ്യുന്നത്‌. തൃപ്‌തി ദേശായിക്ക്‌ പൊലീസ്‌ സംരക്ഷണം നല്‍കില്ല. സ്റ്റേയില്ലെന്ന കാരണത്താല്‍ ആരെങ്കിലും വന്നാല്‍ അവര്‍ കോടതിയില്‍ പോയി ഉത്തരവ്‌ തേടേണ്ടിവരുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സുപ്രീം കോടതി വിധിയില്‍ കോടതി തന്നെ വ്യക്തത വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി വിധിയെ ഏതുസന്ദര്‍ഭത്തിലും അംഗീകരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്‌. സുപ്രീം കോടതി വിധിയെ രണ്ട്‌ കൈയും നീട്ടി ഗവണ്‍മെന്റ്‌ സ്വീകരിക്കുകയാണ്‌. 

വിധിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച്‌ പരിശോധിക്കപ്പെടേണ്ടതാണ്‌. പ്രതിപക്ഷം ഈ സന്ദര്‍ഭത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന്‌ ശ്രമിക്കരുതെന്നും കടകംപള്ളി പറഞ്ഞിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക