Image

രാമക്ഷേത്രം തര്‍ക്കഭൂമിയില്‍ തന്നെ-രാഷ്ട്രീയ, നിയമ മതപാഠങ്ങള്‍. (പി.വി. തോമസ് : ഡല്‍ഹികത്ത് )

പി.വി. തോമസ് Published on 15 November, 2019
രാമക്ഷേത്രം തര്‍ക്കഭൂമിയില്‍ തന്നെ-രാഷ്ട്രീയ, നിയമ മതപാഠങ്ങള്‍. (പി.വി. തോമസ്  : ഡല്‍ഹികത്ത് )
നവംബര്‍ ഒമ്പതാം തീയതിയിലെ സുപ്രീം കോടതിയുടെ അയോദ്ധ്യ തര്‍ക്കഭൂമി സംബന്ധിച്ച വിധിക്ക് ദൂരവ്യാപകമായ രാഷ്ട്രീയ, നിയമ മതപാഠങ്ങള്‍ ഉണ്ട്. വിധിപരിപൂര്‍ണ്ണമായും ഹിന്ദു കക്ഷികള്‍ക്ക് അനുകൂലം ആയിരുന്നു. മുസ്ലീം കക്ഷികളുടെ അവകാശങ്ങള്‍ക്ക് വിരുദ്ധവും. തര്‍ക്കഭൂമി ആയ 2.77 ഏക്കര്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായും വിട്ടുകൊടുത്തു. ഔദാര്യമായി മുസ്ലീം കക്ഷികള്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലവും അനുയോജ്യമായ സ്ഥലത്ത് ഒരു പള്ളി പണിയുവാനായി കോടതി അനുവദിച്ചു. ഇങ്ങനെ ആണ് ഒരു നൂറ്റാണ്ടു കാലത്തെ പഴക്കമുള്ള രാം മന്ദിര്‍-ബാബരി മസ്ജിദ് തര്‍ക്കത്തിന് അവസാനമായി സുപ്രീം കോടതി വിരാമമിട്ടത്. ഇതിന്റെ രാഷ്ട്രീയ, നിയമ, മത, സാമൂഹ്യ പ്രത്യാഘാതങ്ങള്‍ തല്‍ക്കാലം ഇവിടെ നില്‍ക്കട്ടെ. ഇന്‍ഡ്യന്‍ ഭരണഘടനയിലും മതസൗഹാര്‍ദ്ദത്തിലും ദേശീയ ഐക്യത്തിലും വിശ്വസിക്കുന്ന, നിയമം അനുസരിക്കുന്ന, ഏതൊരു പൗരനും ഈ വിധിയെ അംഗീരിക്കും. കാരണം മുമ്പോട്ട് ചലിക്കുവാനുള്ള വഴി അതു മാത്രം ആണ്. കാരണം അധിനിവേശസംസ്‌കാരത്തിന്റെ ചരിത്രത്തിലും മതസ്പര്‍ദ്ധയിലും ഉടക്കി കിടന്നാല്‍ അത് ഇന്‍ഡ്യയുടെ പുരോഗതിയെ ബാധിക്കും.

എന്നിരുന്നാലും ചില കാര്യങ്ങള്‍ തുറന്നു പറയാതെ വയ്യ. കോടതി  അംഗീകരിച്ച 3 ദുരന്ത സത്യങ്ങള്‍ ഉണ്ട്. അവയാണ് ഇവ. ഒന്ന് 1944 ഡിസംബര്‍ 22-23 പാതിരാത്രിയില്‍ ഒരു സംഘം ഹിന്ദുക്കള്‍, ഏതാണ്ട് 50-ഓളം പേര്‍, മസ്ജിദ് ഭേദിച്ച്, രഹസ്യമായി അതിനുള്ളില്‍ കയറി രാമവിഗ്രഹങ്ങള്‍ ഗര്‍ഭഗൃഹത്തില്‍ പ്രതിഷ്ഠിച്ചത്. ഇതിന് കൂട്ടു നിന്നതാകട്ടെ ഫൈസാബാദ് കളക്ടറും. സന്ദര്‍ഭവശാല്‍ കെ.കെ.നായര്‍ എന്ന അദ്ദേഹം ഒരു മലയാളി ആയിരുന്നു പില്‍ക്കാലത്ത് അദ്ദേഹം സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ ചേരുകയും അതിന്റെ ഉന്നതശ്രേണിയില്‍ എത്തുകയും ചെയ്തു. പ്രധാനമന്ത്രി നെഹ്‌റുവിന്റെയും സംസ്ഥാന ഭരണാധികാരികളുടെയും ജില്ലാ പോലീസ് മേധാവിയുടെ കര്‍ക്കശ നിഷ്‌ക്കര്‍ഷ ഉണ്ടായിട്ടും അത് തടഞ്ഞില്ല. വിഗ്രഹങ്ങള്‍ രഹസ്യമായി മസ്ജിദിനുള്ളില്‍ പ്രതിഷ്ഠിച്ചു. ഇത് പിന്നീടുള്ള എല്ലാ അവകാശതര്‍ക്കങ്ങളുടെയും പ്രധാനവിഷയവും ആയിരുന്നു ഇരുക്കൂട്ടര്‍ക്കും ഇത് തികച്ചും നിയമവിരുദ്ധവും മതനിന്ദയും ആയിരുന്നുവെന്ന് കോടതി പ്രത്യേകം വിധിന്യായത്തില്‍ പരാമര്‍ശിച്ചിരുന്നു. ഒരു പരിധിവരെ ഈ നിയമലംഘനത്തില്‍ പടുത്തുയര്‍ത്തിയതാണ് അയോദ്ധ്യ തര്‍ക്കം.

രണ്ട് കോടതി 1992 ഡിസംബര്‍  ആറിലെ മസ്ജിദ് ഭേദനത്തെയും നിയമലംഘനം എന്ന് ആരോപിക്കുകയുണ്ടായി. സുപ്രീം കോടതിയുടെ പരാമര്‍ശവും പരമപ്രധാനം ആണ്. അയോദ്ധ്യ തര്‍ക്കത്തിന്റെയും രാമക്ഷേത്ര നിര്‍മ്മാണത്തിനായിട്ടുള്ള സംഘപരിവാറിന്റെ തത്രപ്പാടിന്റെയും മൂലഅപരാധങ്ങളില്‍ ഒന്നിലേക്കാണ് ഈ ഭരണഘടന ധ്വംസനത്തെ ഉയര്‍ത്തികാണിക്കുക വഴി സുപ്രീം കോടതി വിരല്‍ചൂണ്ടുന്നത്.

 മൂന്ന് സംഘപരിവാറിന്റെ ഒരു പ്രധാന ആരോപണവും അവകാശവും ആണ് ബാബരിമസ്ജിദ് നിന്നിടത്ത് ഒരു ഹൈന്ദവ സ്ഥലം നിലവിലുണ്ടായിരുന്നു എന്നത്-രാമജന്മസ്ഥാനത്തെ രാമമന്ദിരം. ഇത് തകര്‍ത്തിട്ടാണ് 1528 ല്‍ ബാബറിന്റെ ജനറല്‍ മിര്‍ബാക്കി മസ്ജിദ് പണിതത്. ഇതും സുപ്രീംകോടതി തള്ളികളഞ്ഞു. അതിനുള്ള യാതൊരു തെളിവും ഇല്ലെന്ന് കോടതി പറഞ്ഞു. പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ രേഖകള്‍ വിശ്വാസ്യയോഗ്യം അല്ലെന്നും കോടതി പറഞ്ഞു ഈ ഒറ്റകാരണം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ലാല്‍ കിഷന്‍ അദ്വാനി സോമനാഥ് മുതല്‍ അയോദ്ധ്യവരെ മസ്ജിദ് തകര്‍ക്കുവാനുള്ള രഥയാത്ര നടത്തിയതും അതിന്റെ പരിസമാപ്തിയില്‍ മസ്ജിദ് തകര്‍ത്തതും. ഇവിടെയും സംഘപരിവാറിന്റെ ഒരു നുണ കൂടെ തകര്‍ന്നു. മുസ്ലീം ഭരണാധികാരികളുടെ ആക്രമണത്തെ കുറിച്ചും വസ്തുവകകളുടെ നാശത്തെകുറിച്ചും കോടതിക്ക് ഒന്നും ചെയ്യുവാന്‍ ആകില്ലെന്ന് കോടതി പറഞ്ഞു. ചരിത്രപരമായ കൃത്യങ്ങള്‍ തിരുത്തുവാന്‍ കോടതിക്ക് ആകില്ലെന്നും അത് പറഞ്ഞു. അതും ശരി.

എങ്കില്‍ എന്തുകൊണ്ട് കോടതി മറ്റ് മൂന്ന് തെറ്റുകള്‍ തിരുത്താതെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയുവാന്‍ അനുവദിച്ചു? ഈ ചോദ്യത്തിന് ഉത്തരം തല്‍ക്കാലം കോടതി മുമ്പാകെ ഉള്ളത്. ഒരു വസ്തു തര്‍ക്കം ആണെന്നും ബാബരി മസ്ജിദ് ഭേദനം ഒരു ക്രിമിനല്‍ കേസ് ആണെന്നും വാദിക്കാമെങ്കിലും ആ വാദം തൃപ്തികരമല്ല. ഒരു പക്ഷേ,  ഈ പരാമര്‍ശം വിചാരണയില്‍ ഇരിക്കുന്ന മസ്ജിദ് തകര്‍ത്ത കേസിന്റെ വിധിയെ സ്വാധിനിച്ചേക്കാം. വലിയ കാര്യം ഇല്ല. ഈ കേസില്‍ അദ്വാനിയും, അശോക് സിങ്കാളും (മരിച്ചു), മുരളി മനോഹര്‍ ജോഷിയും ഉമാഭാരതിയും വിചാരണ നേരിടുകയാണ് പ്രധാന പ്രതികളായി. ഭേദനം കഴിഞ്ഞിട്ട് 27 വര്‍ഷം കഴിഞ്ഞിട്ടും വിചാരണം എങ്ങും എത്തിയിട്ടില്ല.

തര്‍ക്കഭൂമികേസിന്റെ വിധിക്ക് ദേശീയ രാഷ്ട്രീയത്തില്‍ വളരെ പ്രസക്തിയും പ്രാധാന്യവും ഉണ്ട്. ഇതനുസരിച്ച് തര്‍ക്കഭൂമിയില്‍ ഒരു രാമക്ഷേത്രം ഉയരും 2013-2024 അടുത്ത്. ഇത് ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും പിന്നീട് നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിലും പിന്നീട് നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി.യെ സഹായിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രാമക്ഷേത്രം ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊടി അടയാളം ആയിരിക്കും. വിധിയില്‍ പ്രധാനപ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ് പോലും മലക്കം മറിയുന്ന കാഴ്ചയാണ് കണ്ടത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ തര്‍ക്കസ്ഥലത്തുതന്നെ മസ്ജിദ് പുനഃസൃഷ്ടിക്കപ്പെടുമെന്ന് ആവര്‍ത്തിച്ച് ഘോഷിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ വിധിയെ സഹര്‍ഷം സ്വാഗതം ചെയ്തിരിക്കുകയാണ്.

കോണ്‍ഗ്രസിന് സംഘപരിവാറിന്റെയും ബി.ജെ.പി.യുടെയും രാഷ്ട്രീയവും രാഷ്ട്രീയ ലാക്കും അറിയാം. അത് ഇവയെ ഭയക്കുന്നു. മറ്റ് പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ വിധിയെ സ്വാഗതം ചെയ്തത് മനസിലാക്കാം. കാരണം അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനും നിലപാടുകള്‍ക്കും പരിമിതികള്‍ ഉണ്ട്.
മതപരമായി വിധിയും രാമക്ഷേത്ര നിര്‍മ്മാണവും ഭൂരിപക്ഷ മതധ്രുവീകരണത്തിന് ആക്കം കൂട്ടിയേക്കാം. അത് മജോറിറ്റേറിയനിസം എന്ന വന്‍വിപത്തിലേക്ക് വഴിതെളിച്ചേക്കാം. ഇന്‍ഡ്യപോലുള്ള ഒരു ബഹുമത-ഭാഷ- സാംസ്‌കാരിക സങ്കര പ്രതിഭാസത്തിന്റെ നിലനില്‍പ്പിനെ തന്നെ അത് ബാധിച്ചേക്കാം. സംഘപരിവാര്‍ ഇതുപോലുള്ള അവകാശ തര്‍ക്കങ്ങളുമായി കൂടുതല്‍ ശക്തിയോടെ രംഗത്ത് വന്നേക്കാം. തെരഞ്ഞെടുപ്പുകള്‍ ഇനിയും ഭാവിയിലേക്ക് ഉണ്ടല്ലോ. മസ്ജിദ് തകര്‍ത്തതിനു ശേഷം നരസിംഹറാവു ഗവണ്‍മെന്റ് നിലവില്‍ വരുത്തിയ ഒരു നിയപ്രകാരം. 1947-ന് മുമ്പുള്ള തര്‍ക്ക വിഷയങ്ങള്‍ ഉണ്ടായിക്കൂട. മഥുരയും കാശിയും സംഘപരിവാറിന്റെ അജണ്ടയില്‍ ഉണ്ട്. നിയമങ്ങള്‍ അവര്‍ക്ക് ബാധകം ആണോ? അയോദ്ധ്യയില്‍ ബാധകം ആയിരുന്നില്ല എന്ന് ഓര്‍മ്മിച്ചാല്‍ നല്ലത്. സാംസ്‌കാരിക ദേശീയതയും ഭ്രാന്തമായ ദേശഭക്തിയും ദേശീയതയും സംഘപരിവാറിന്റെ ആയുധപ്പുരയിലെ പ്രധാന ഉപകരണങ്ങള്‍ ആണ്. ഇവയൊക്കെ എപ്പോള്‍ വേണമെങ്കിലും സമയാസൃതം എടുത്ത് പ്രയോഗിക്കാവുന്നതേയുള്ളൂ. എങ്ങനെയാണ് തര്‍ക്കഭൂമികേസില്‍ ഹിന്ദുവിഭാഗം ജയിച്ചത് ? ഏകകണ്‌ഠേന വിധിപാസാക്കിയ സുപ്രീംകോടതി അതിന്റെ ആയിരത്തിലേറെ പേജ് വരുന്ന വിധിന്യായഉത്തരവിനെ ചുരുക്കിയത് ഇങ്ങനെയാണ്. ഹിന്ദുവിഭാഗം മുസ്ലീം വിഭാഗത്തെക്കാള്‍ ഭേദമായി തെളിവുകള്‍ ഹാജരാക്കി കോടതി മുമ്പാകെ. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ കോടതിയെ സമ്മര്‍ദ്ദപ്പെടുത്തിയിട്ടില്ലെന്ന് വേണം ഇപ്പോള്‍ അനുമാനിക്കുവാന്‍.

ഈ തര്‍ക്കകേസിലെ നിര്‍ണ്ണായകമായ വിധി പുതിയ ഇന്‍ഡ്യയുടെ ആരംഭത്തിന് തുടക്കം കുറിക്കുമോ? ഇവിടെ ആരും വിജയിച്ചിട്ടില്ല. തോറ്റിട്ടും ഇല്ല. വിജയിച്ചിട്ടുണ്ടെങ്കില്‍ അത് മതേതര ഭാരതം ആയിരിക്കണം. ബി.ജെ.പി. ഇന്നത്തെ ബി.ജെ.പി. ആക്കിയത്  അയോദ്ധ്യ-രാമക്ഷേത്ര
മൂവ്‌മെന്റ് ആണ്. 1984 ലെ കേവലം രണ്ട് സീറ്റുകളില്‍ നിന്നും 282(2014), 303(2019) സീറ്റുകളിലേക്കും അതിനെ എത്തിച്ചത് ഈ മുദ്രാവാക്യം ആണ് അത് നടപ്പിലാക്കുന്നതോടെ അതിന്റെ രാഷ്ട്രീയ ഉപയോഗം കഴിഞ്ഞുവെന്ന് തെറ്റിദ്ധരിക്കുന്ന ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥി അല്ല ലേഖകന്‍. ഇതെല്ലാം വരുവാനിരിക്കുന്ന കാലങ്ങളില്‍കണ്ടും അനുഭവിച്ചും അറിയാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക