Image

അനീഷ് ചാക്കോയുടെ 'ജെസ്സി'- (ഡോ.നന്ദകുമാര്‍ ചാണയില്‍)

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 18 November, 2019
അനീഷ് ചാക്കോയുടെ 'ജെസ്സി'- (ഡോ.നന്ദകുമാര്‍ ചാണയില്‍)
ജെസ്സി നാട്ടിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടും, അവര്‍ക്ക് വയനാട്ടില്‍ വെച്ചുണ്ടായ പ്രണയാനുഭവവും, സാന്റ ഫെയിലെ റിസോര്‍ട്ടില്‍ വെച്ചുണ്ടായ സംഭവവുമാണ് ഈ കഥയിലെ പ്രധാന വിവരങ്ങള്‍. പ്രണയ സാഫല്യത്തിനായി ഉഴലുന്ന ജെസ്സിയുടെ തന്ത്രപ്പാടുകളുടെ ഒരു ആഖ്യായികയാണ് മൊത്തത്തില്‍ ഈ കഥ.

നീണ്ടപോയ വര്‍ണ്ണനകള്‍ക്കിടയില്‍ എന്നെ ആകര്‍ഷിച്ച ചില വരികള്‍ കാണാനിടയായി. ഉദാഹരണമായി 'മനസ്സില്‍ ഉരുകിയൊലിക്കുന്നത് കാലങ്ങള്‍ക്ക് അണക്കാനാവാത്ത മെഴുകുതിരി'  എന്ന പ്രയോഗം ജെസ്സിയുടെ പ്രണയയാത്രയുടെ പ്രതീകമായിത്തോന്നാം. 'മഴ നോക്കിനോക്കി താനും ഒരു മഴത്തുള്ളിയായി മാറുമോ' എന്ന ഉല്‍ക്കണ്ഠ പരിതപ്തമായ ജെസ്സിയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നില്ലേ? അതുപോലെ, ചില മഴത്തുള്ളികള്‍ തിരിച്ചൊഴുകാറുണ്ടോ?' പിരിഞ്ഞുപോയ പുഴയെത്തേടി യാത്രയാവാറുണ്ടോ? എന്നീ ചോദ്യങ്ങള്‍ വാസ്തവത്തില്‍ കൗമാരപ്രായത്തില്‍ പ്രണയിച്ച് കൈവെടിയേണ്ടിവന്ന കാമുകനെ തേടിയുള്ള വയനാടന്‍ യാത്രയ്ക്ക് ബിംബോദ്യോതുകമായി വര്‍ത്തിക്കുന്നു.

എളുപ്പം വായിച്ചു മനസ്സിലാക്കാവുന്ന ഒരു കഥയല്ല ഇത്. ചില സംഭവങ്ങള്‍ തമ്മില്‍ തുടര്‍ച്ചാനുബന്ധമില്ലാതെ ഒന്ന് മറ്റൊന്നിലേക്ക് ചാടിപ്പോകകൊണ്ട് പലയിടത്തും വായനക്കാരന് ക്ലിഷ്ടത അനുഭവപ്പെടുന്നുണ്ട്. നീണ്ടുപോയ വിവരണത്തിന്റെ മേദസ്സ് നല്ലപോലെ ഒന്ന് ഒതുക്കി പാകപ്പെടുത്തിയിരുന്നെങ്കില്‍ എന്നു തോന്നി.

ഇളയ സഹോദരിയുടെ കുഞ്ഞിക്കണ്ണുകള്‍ ഓര്‍ത്തെടുത്ത്ാണ് ഞാന്‍ എന്റെ ദിവസങ്ങളോടും ജീവിതത്തോടും ഒരിക്കല്‍പോലും തളരാതെ പടപൊരുതിക്കൊണ്ടിരുന്നത് ' എന്നു പറയുന്നു ഒരിടത്ത്. അത്ര സ്‌നേഹമുള്ള അനിയത്തിയുടെ കല്യാണത്തിന് 20 കൊല്ലം കഴിഞ്ഞു ചെല്ലുന്ന ജെസ്സി, പുറത്തു കാത്തുനില്‍ക്കുന്ന ചിറ്റപ്പനോട് വിശദീകരണമൊന്നുമില്ലാതെ 'ഞാന്‍ വിട്ടീലേയ്ക്കു വരുന്നില്ല, വയനാട്ടിലേയ്ക്കാണ്.' എന്നും പറഞ്ഞ് ടാക്‌സി പിടിച്ചുപോകുന്നത് വായനക്കാരന് ചിന്താകുഴപ്പമുണ്ടാക്കുന്നു.

'മനോഹരമായ ഒരു മഴവില്‍പോലെ ജിവിതത്തില്‍ നിന്നും മാഞ്ഞുപോയ മൂന്നു ദിവസങ്ങള്‍' എന്ന് കഥാകൃത്ത് പറയുന്നുണ്ട് മഴവില്‍ മാഞ്ഞുപോകും, പക്ഷെ ഒരു പുരുഷനുമായി ചിലവഴിച്ച ഓര്‍മ്മകള്‍ എങ്ങിനെ നശിച്ചുപോകും! അതേപോലെ മറ്റൊരിടത്ത് 'ഭൂതകാലത്തിലെന്നോ നിലച്ചുപോയ ഘടികാരം പോലെയായി മനസ്സ് ,' നിലച്ചുപോയ നിമിഷങ്ങളിലേക്കുള്ള തീര്‍ത്ഥയാത്ര' എന്നുമുള്ള വിവരണം. നിലച്ചുപോയ അചേതനുമായ ഘടികാരം പോലെയല്ലല്ലോ സചേതനമായ മനസ്സിന്റെ വ്യാപാരങ്ങള്‍! ഇതെല്ലാം എന്റെ സംശയം മാത്രം.

എന്തായാലും കഥാകൃത്തിന്റെ കഥയെഴുതാനുള്ള ഉദ്യമനത്തിന് എന്റെ അഭിനന്ദനങ്ങള്‍. നല്ല കഥകള്‍ എഴുതിത്തെളിയാനുള്ള സൗഭാഗ്യം അനീഷിന് വരട്ടെ.

(ഡാളസ്സില്‍ നടന്ന 11-ാം 'ലാന' സമ്മേളനത്തിലെ ചെറുകഥാ ചര്‍ച്ചയില്‍ നിന്ന് )

അനീഷ് ചാക്കോയുടെ 'ജെസ്സി'- (ഡോ.നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
Anish Chacko 2019-11-20 18:49:23
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഡോ. നന്ദകുമാർ ചാണയിൽ സാറിന് അകമഴിഞ്ഞ നന്ദി 🙏🙏 ബഹുമാനം ജെസ്സിക്ക് ഒരു ആമുഖം ആസ്ടെക്ക് -മായൻ സംസ്കാരങ്ങൾ റെഡ് ഇൻഡ്യൻ സംസ്ക്കാരങ്ങളാണ് ... ആർഷ ഭാരതത്തോളം അതി പ്രാചീനം അല്ലെങ്കിലും പ്രാചീനമായ ഒരു സംസ്ക്കാരം പിരമിഡുകളുടെ മുകളിൽ നിന്നും ദൈവങ്ങളോട് മന്ത്രങ്ങൾ ഉരുവിട്ടുരുന്ന സംസ്ക്കാരം .. ആ സംസ്ക്കാരം തുടർന്നില്ല സ്പാനിഷ്- ഇംഗ്ലീഷ് ആക്രമങ്ങളിൽ മലിനമാക്കപ്പെട്ടു സങ്കരിക്കപ്പെട്ടു .. ചില ലാറ്റിൻ അമേരിക്കൻ സംഗീതങ്ങൾക്ക് ഒരു റെഡ് ഇന്ത്യൻ താളമുണ്ട് . .. (മന്ത്രങ്ങൾ സംഗീതങ്ങളായി പരിണമിച്ചത് എന്ന സങ്കലപ്പം) അധിനിവേശം ഉണ്ടായെങ്കിലും ഇന്ത്യൻ സംസ്കാരം സങ്കരിക്കപ്പെട്ട് പരിണമിച്ചില്ല നമ്മൾ ഒക്കെ ആ സംസ്ക്കാരത്തിന്റെ തുടർച്ചയാണ് .. അതാണ് അലക്സ് ജെസിയോട് പറയുന്നത് ഞാനും ഒരു സംസ്കാരത്തിന്റെ തുടർച്ചയാണ് എന്ന് .. കഥ നടക്കുന്ന അമേരിക്കയാവട്ടെ പുതിയ രാജ്യമാണ് ..400 വർഷങ്ങൾ മാത്രം പഴക്കമുള്ളത് . അവിടെ ഒരു common ground കണ്ടു പിടിക്കയാണ് കഥാപാത്രങ്ങൾ (ഇതാണ് സാന്റെഫെ റിസോർട്ട് ബാക്ക് ഗ്രൗണ്ടിൽ പറയാൻ ശ്രമിച്ചത് ) ഈ നൂറ്റാണ്ടിന്റെ കൃതിയെന്ന് വിശേഷിപ്പിക്കാവുന്ന ഖസാക്കിന്റെ ഇതിഹാസത്തിനൊട് ആശയപരമായി താരതമ്യം നടത്താൻ ശ്രമിച്ചിട്ടുണ്ട് .. കൂമൻ കാവിലെക്കുള്ള രവിയുടെ തീർത്ഥാടനം .. സ്വന്തം ജീവിതത്തിലേക്ക് തന്നെയുള്ള ജെസ്സിയുടെ തീർത്ഥാടനം .. ജൻമാന്തരങ്ങളുടെ തുമ്പികൾ - മരിച്ചു പോയവർ തുമ്പികളായി അലയുന്ന ഖസാക്ക്... സംസ്ക്കാരങ്ങളുടെ തുടർച്ച .. മൈമുനയുടെ നീല ഞരമ്പുകൾ .. പൂർത്തിയാക്കാനാവാത്ത തുമ്പി സ്കെച്ചുകൾ .. ആക്സിമികമായി ലഭിച്ച ഒരു പുസ്തകം ജെസ്സിയുടെ ജീവതത്തെ പിടിച്ചുലക്കുന്നുണ്ട് .. ഒരു വഞ്ചനയുടെ വേദനയിൽ ഇരുപതു വർഷത്തോളം വീട്ടുകാർക്ക് വേണ്ടിയാണ് ജീവിച്ചത് അവസാനത്തെ അനുജത്തിയുടെ കല്യാണം വരെ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു .. ഒരു ദിവസം അവൾ തനിക്ക് വേണ്ടി ജീവിക്കയാണ് അതാണ് വന്ന മാത്രയിൽ വയനാട്ടിലേക്ക് യാത്രയായത് ഒരു പൂർവ്വ കാമുകനെ തേടിയുള്ള ഒരു സങ്കുചതത്തിലേക്കല്ല വയനാട്ടിലേക്ക് ജെസ്സി പൊവുന്നത് മനസ്സ് കഴുകിയെടുക്കാനാണ് എന്ന് അവസാനം പറയുന്നുണ്ട് .. മഴവില്ല് പോലെ മാഞ്ഞു പോയ മൂന്നു ദിവസം ... മനോഹരമായ മഴവില്ല് എത്ര നൈമിഷികം ആണ് . നിലച്ചു പോയ ഘടികാരം - ഇരുപതു വർഷങ്ങൾ മുൻപ് നിലച്ചു പോയ സന്ദർഭമാണ് .. കാലം ഉണക്കാനിട്ട മുറിവുകൾ കണ്ണിരു കൊണ്ട് ഇനി നനക്കില്ല എന്ന് ഇരുപതു വർഷം മുൻപ് തീരുമാനിച്ചപ്പോൾ ... ഇരുപതു വർഷങ്ങൾക്ക് ശേഷം അന്നു നിലച്ചു പോയ ആ നിമിഷങ്ങലേക്ക് മനസ്സ് വീണ്ടും എത്തി ചേർന്നത് വിവരിക്കാനാണ് ശ്രമിച്ചത് ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോൾ മാത്രമല്ല സ്ത്രി ലൈംഗികത കാലങ്ങൾക്ക് മായക്കാനാവാത്ത ഒരു മുറിപ്പാടായ് മാറുന്നത് ... സുഖകരമായ അവസ്ഥയിൽ വഞ്ചിക്കപ്പെടുമ്പോഴും അതൊരു മുറിവായി മനസ്സിൽ തങ്ങി നിൽക്കുന്നു ഒരോ വരികളിലും ഒരോന്ന് ഒതുക്കി വെയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. ജെസ്സിയുടെ കഥാ പാത്രത്തിന്റെ സ്വഭാവങ്ങൾ ശക്തമായി പകർത്താൻ ശ്രമിച്ചിട്ടുണ്ട്.. ദൈർഘ്യം കൂടി പോയത് കുറവു തന്നെയാണ് .. ഇനിയുള്ള രചനകളിൽ ഒത്തിരി പ്രചോദനമാവും താങ്ക്വു സർ
വീണ്ടും വീണ്ടും 2019-11-20 20:45:28
എന്താണ് എഴുതാൻ ശ്രമിച്ചതെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ട്. എഴുതുക, വീണ്ടും വീണ്ടും തിരുത്തി എഴുതുക. ചിലപ്പോൾ ശരിയായി വന്നെന്നിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക