Image

ക്രൈസ്‌തവ സഭകള്‍ തമ്മിലടിച്ച്‌ വന്‍ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും: ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Published on 18 November, 2019
ക്രൈസ്‌തവ സഭകള്‍ തമ്മിലടിച്ച്‌ വന്‍ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും: ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: വിശ്വാസത്തിന്റെ മറവില്‍ സമ്പത്തിനും സ്ഥാപനങ്ങള്‍ക്കുമായി വിവിധ ക്രൈസ്‌തവ വിഭാഗങ്ങള്‍ തമ്മില്‍ നടത്തുന്ന തെരുവ്‌ യുദ്ധങ്ങള്‍ക്കും സമരങ്ങള്‍ക്കും സ്വയം പരിഹാരം അടിയന്തരമായി കാണുന്നില്ലെങ്കില്‍ ഭാവിയില്‍ സഭാസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാകുന്ന വന്‍ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന്‌ സിബിസിഐ ലെയ്‌റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

മൃതദേഹങ്ങളെപ്പോലും അപമാനിക്കുന്ന വിലപേശലുകളും പരസ്‌പരം പോരടിക്കുന്ന രീതികളും ക്രൈസ്‌തവികതയല്ല. ക്ഷമിക്കാനും പരസ്‌പരം സ്‌നേഹിക്കുവാനും പഠിപ്പിച്ച ക്രിസ്‌തുവിന്റെ മാതൃകകളാകേണ്ട സഭാനേതൃത്വങ്ങള്‍ വിശ്വാസികളെ തെരുവിലേയ്‌ക്ക്‌ തള്ളിവിടുന്നത്‌ തെറ്റാണ്‌. സഭകളിലും സംവിധാനങ്ങളിലും പ്രശ്‌നങ്ങളുണ്ടാകുക സ്വാഭാവികമാണ്‌. പക്ഷെ അനുരഞ്‌ജനത്തിന്റെയും ഐക്യത്തിന്റെയും വഴികണ്ടെത്തുവാനാവാതെ ക്രൈസ്‌തവ വിശ്വാസസത്യങ്ങളെ അപമാനിക്കുന്നത്‌ ശരിയല്ല. 

പരസ്‌പരസ്‌നേഹത്തെക്കുറിച്ച്‌ വിശ്വാസിസമൂഹത്തോട്‌ പ്രഘോഷണങ്ങള്‍ നടത്തുന്നവര്‍ തെരുവിലിറങ്ങി പരസ്‌പരം ആക്രോശിക്കുമ്പോള്‍ സ്വയം അവഹേളനം ഏറ്റുവാങ്ങുക മാത്രമല്ല, സഭാസംവിധാനങ്ങളില്‍ നിന്ന്‌ വിശ്വാസികള്‍ വിട്ടുപോകുന്ന സാഹചര്യവുമുണ്ടാകും. സഭകള്‍ക്കുള്ളിലേയ്‌ക്ക്‌ വിരുദ്ധശക്തികള്‍ നുഴഞ്ഞുകയറുന്നതും വിശ്വാസികളുടെ പുത്തന്‍തലമുറയില്‍ ഇടര്‍ച്ചയും അകല്‍ച്ചയും സംഭവിച്ചിരിക്കുന്നതും കാണാതെപോകരുത്‌. 

പൂര്‍വ്വികരുടെ കഷ്‌ടപ്പാടിന്റെയും നഷ്‌ടപ്പെടലിന്റെയും ബാക്കിപത്രമായി നേടിയെടുത്തതും ഇന്നും നിലനില്‍ക്കുന്നതുമായ പള്ളികളും സ്ഥാപനങ്ങളും കോടതിവ്യവഹാരങ്ങളിലൂടെ സര്‍ക്കാര്‍ നിയന്ത്രണത്തിലേയ്‌ക്ക്‌ വഴിമാറിപ്പോകുന്ന സാഹചര്യം ക്ഷണിച്ചുവരുത്തുമ്പോള്‍, ഇപ്പോള്‍ സജീവ പരിഗണനയിലിരിക്കുന്ന ചര്‍ച്ച്‌ ആക്‌ട്‌ പോലുള്ള നിയമനിര്‍മ്മാണങ്ങള്‍ എല്ലാ ക്രൈസ്‌തവ വിഭാഗങ്ങളെയും വരുംനാളുകളില്‍ പ്രതിസന്ധിയിലാക്കും. സമസ്‌ത മേഖലകളിലും ക്രൈസ്‌തവര്‍ അപമാനിതരായി പിന്തള്ളപ്പെടുന്നത്‌ വിശ്വാസിസമൂഹം തിരിച്ചറിയണം. 

ക്രൈസ്‌തവരിലെ അനൈക്യംമൂലം ക്രൈസ്‌തവര്‍ക്ക്‌ അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ പോലും നേടിയെടുക്കാനാവുന്നില്ല. സഭകള്‍ക്കുള്ളിലും സഭകള്‍ തമ്മിലും വിട്ടുവീഴ്‌ചകള്‍ക്കു തയ്യാറായി കൂടുതല്‍ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കണമെന്നും എല്ലാം നഷ്‌ടപ്പെട്ടിട്ട്‌ പിന്നീട്‌ വിലപിച്ചിട്ടുകാര്യമില്ലെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.



Join WhatsApp News
josecheripuram 2019-11-18 15:21:31
We, so called  christian do anything what Christ taught us?
Ponmelil Abraham 2019-11-18 17:24:00
This is a very accurate and timely prediction of the unhealthy and unchristian behavior and attitude of the leadership of various Christian denominations in Kerala. A serious and immediate action on our part will result in far reaching  ill effect on us. Therefore we need to stand together and find amicable solution to the crisis.
തമ്മിലടിക്കട്ടെ തലതല്ലി കീറട്ടെ 2019-11-18 22:48:05
ആരാണീ സെബാസ്റ്റിയൻ 
ആരായാൽ നമ്മൾക്കെന്തു കുന്തം?
തമ്മിലടിക്കട്ടെ തലതല്ലി കീറട്ടെ 
തലമുഴുവൻ പഴുത്തോരീയടിമവർഗ്ഗം.
മതമെന്ന ചതിയുടെ വലവിരിച്ചതിനടിയിൽ 
അരിവിതറി നില്ക്കും വേടനെപ്പോൽ , 
നിൽക്കുന്നു മെത്രാന്മാർ  ചതിക്കുഴിതീർത്തിട്ട്
പ്രതിയോഗിയെ അതിൽ വീഴ്ത്തിടുവാൻ.
ഇടയ്ക്കിടെ ഇറക്കുന്നു ഇടയലേഖനമൊന്നു 
അതുകേട്ടു ജനത്തിന് ഹാലിളകും 
മുഴുഭ്രാന്ത് കേറുമ്പോൾ മെത്രാന്മാർ  ഓതുന്നു
ചെവിയിൽപോയി ചെകുത്താന്റെ വേദമങ്ങ് 
അതുകേട്ടു പൊതുജനം പാരകുറുവടി വാളുമായി 
ഓടുന്നു ശത്രുവിൻ തലമണ്ട പൊളിച്ചിടുവാൻ  
അതുകണ്ടു  കാൽവറീൽ തൂങ്ങി കിടക്കുന്നു 
ശത്രുവേ സ്നേഹിച്ച യേശു ദേവൻ നിർന്നിമേഷനായി 
ആ കണ്ണീന്ന് ഒഴുകുമാ കണ്ണീർ തുടയ്ക്കുവാൻ 
കണ്ടില്ല ഞാൻ ഒരു ഭക്തരേയും 
കേൾക്കുന്നകലെയായി തമ്പേറടി ഉച്ചത്തിൽ 
കൈകൊട്ടി ജനം യേശുവിൻ നാമം സ്തുതിച്ചീടുന്നു.
ഈലോകം ശരിയല്ല ഇവിടൊക്കെ പൊതുജനം 
മുഴുഭ്രാന്തു കേറി അലഞ്ഞിടുന്നു . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക