Image

ഭൂമിയിലെ മാലാഖമാര്‍ -മീനു എലിസബത്ത്‌

മീനു എലിസബത്ത്‌ Published on 10 May, 2012
ഭൂമിയിലെ മാലാഖമാര്‍ -മീനു എലിസബത്ത്‌
ഏകദേശം പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ഗ്രെയ്‌സി ചേച്ചിയെ വീണ്ടും കാണുന്നത്. എനിക്കവരെ കണ്ടപ്പോളുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുമായിരുന്നില്ല.

ഈ പതിനെട്ടു വര്‍ഷങ്ങളില്‍ പലപ്പോഴും ചേച്ചിയുടെ ചിരി നിറഞ്ഞ മുഖം എന്റെ മനസിലേക്ക് കടന്നു വന്നിരുന്നെങ്കിലും ഞങ്ങള്‍ ടെക്‌സാസില്‍ നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറ്റിയതിനാല്‍ പിന്നീട് ഒരിക്കലും തമ്മില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.

നന്ദി നിറഞ്ഞ ഹൃദയത്തോടെയെ എനിക്കവരെ ഓര്‍ക്കാന്‍ കഴിയൂ. ചെറുപ്രായത്തിലെ വിവാഹജീവിതത്തിലേക്ക് കടക്കേണ്ടി വന്ന എനിക്ക്, കന്നിഗര്‍ഭം പേറുന്ന ഏതൊരു സ്ത്രീയെ പോലെയും ഉള്‍പ്പേടികള്‍ ഉണ്ടായിരുന്നു.

എന്റെ ആദ്യപ്രസവത്തില്‍ ഡ്യൂട്ടി നേഴ്‌സായിരുന്നു അവര്‍. രണ്ടു മൂന്നു ദിവസം ഒരമ്മയെ പോലെ അവര്‍ എന്നെ ശുശ്രൂഷിച്ചു. പന്ത്രണ്ടു മണിക്കൂര്‍ ആയിരുന്നു ചേച്ചിയുടെ സമയം. ആ മൂന്നു പകലുകളും, അവര്‍ ഇടതടവില്ലാതെ ഞങ്ങളുടെ മുറിയിലേക്ക് വന്നു.

കുഞ്ഞിനെ ശരിയായ രീതിയില്‍ പാലൂട്ടാനും ഡയപ്പാര്‍ കെട്ടാനും, തണുപ്പടിക്കാതെ പൊതിഞ്ഞു കെട്ടാനും എന്നെ പഠിപ്പിച്ചത് ഗ്രെയ്‌സി ചേച്ചിയാണ്. സ്വന്തം സഹോദരിമാര്‍ പോലും ചെയ്യാന്‍ അറയ്ക്കുന്ന പലതും മടികൂടാതെ എനിക്ക് വേണ്ടി ചെയ്തു.

എന്റെ അമ്മ കൂടെ ഉണ്ടായിരുന്നിട്ടു പോലും ചേച്ചി തന്നെ എന്നെ കുളിക്കാനും നടക്കാനും സഹായിച്ചു. അമേരിക്കയിലെ ഒരാശുപത്രിയില്‍ ഞാന്‍ ആദ്യമായിട്ടായിരുന്നു അഡ്മിറ്റ് ആവുന്നത്.. അവരെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുമ്പോള്‍ പലപ്പോഴും എനിക്ക് വിഷമം തോന്നിയിരുന്നു. പക്ഷെ ചേച്ചി തന്റെ ഡ്യൂട്ടി ഒരു മടിയും കൂടാതെ നിര്‍വ്വഹിച്ചു പോന്നു.

സ്വന്തം ജോലി പരിധിയില്‍ പെടുന്ന കാര്യമല്ലെങ്കില്‍ കൂടെ ചേച്ചി എന്റെ അമ്മയുടെ ഷുഗര്‍ നോക്കുകയും, ഇടയ്ക്ക് കഴിക്കാന്‍ സ്‌നാക്കുകള്‍ കൊടുക്കുകയും ചെയ്തു.

ഒരു ജോലിയില്‍ നിന്നും മറ്റൊരു ജോലിയിലേക്ക് അവര്‍ എന്നും ഓട്ടം ആയിരുന്നു. രണ്ടു ജോലി ചെയ്യുന്ന ഒരാളുടെ ക്ഷീണമൊന്നും ഗ്രെയ്‌സിചേച്ചിക്കുണ്ടായിരുന്നില്ല.

ാവിലെ വരുന്ന ഉടന്‍ ഞങ്ങളുടെ മുറിയിലേക്ക് വരുകയും വിശേഷങ്ങളും വീട്ടുകാര്യങ്ങളും പങ്കു വെയ്ക്കുകയും ചെയ്യും. ഒരു കോട്ടയംകാരിക്ക് മറ്റൊരു കോട്ടയംകാരിയോട് തോന്നുന്ന ഒരു പ്രത്യേക സ്‌നേഹം.

കോളേജില്‍ പഠിക്കുന്ന തന്റെ മക്കളെക്കുറിച്ചും ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചു പോയ ഭര്‍ത്താവിനെക്കുറിച്ചും ചേച്ചി പറയുന്നത് ഞാന്‍ ഓര്‍മിക്കുന്നു.

നാട്ടിലുള്ള പ്രായമായ മാതാപിതാക്കളും കല്യാണപ്രായമായ അനിയത്തിമാരുടെ പഠനചെലവും. ആങ്ങളമാരുടെ വിസാ കാര്യങ്ങളും സംഭാഷത്തില്‍ ഇടയ്ക്കിടെ പൊന്തി വരും.

ഞങ്ങളുടെ മകന്‍ ഉണ്ടായത് ഒരു പെസഹാ വ്യാഴാഴ്ച്ച ആയിരുന്നു. പിറ്റേന്ന് വന്നപ്പോള്‍ ചേച്ചി എനിക്ക് പെസഹാ അപ്പം പൊതിഞ്ഞു കൊണ്ട് വന്നിരുന്നു. ചേച്ചിയുടെ ഷിഫ്റ്റ് കഴിഞ്ഞ് പിന്നീട് വരുന്ന എല്ലാ നേഴ്‌സുമാരും( അമേരിക്കകാരും നാട്ടുകാരും) ചേച്ചിയെ പോലെ സ്‌നേഹമയികള്‍ ആയിരുന്നു.

നാട്ടിലെ പ്രവസവാര്‍ഡിലെ നേഴ്‌സുമാരെക്കുറിച്ചുള്ള പൊടുപ്പും തൊങ്ങലും വെച്ച ഭീകരകഥകള്‍ കേട്ടരുന്ന ഞാന്‍ ഒന്നമ്പരക്കുക തന്നെ ചെയ്തു.

അന്നാണ് ആദ്യമായി എനിക്ക് നേഴ്‌സുമാരുടെ കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും കഥ കൂടുതല്‍ മനസിലാവുന്നത്. അവരുടെ ശാരീരികവും മാനസികവുമായ അധ്വാനം ഓര്‍ക്കുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന ശമ്പളം തീരെയും പോരാ എന്ന് തന്നെ ഞാന്‍ പറയും.

ഭൂമിയിലെ മാലാഖമാരുടെ വിശുദ്ധ കൈകളാണ് നേഴ്‌സുമാര്‍. എന്നാല്‍ നമ്മില്‍ പലരും അവരെ അങ്ങനെ കാണുന്നില്ല. വാസ്തവത്തില്‍ എത്ര വലിയ ത്യാഗമാണ് അവര്‍ ചെയ്യുന്നത്. ഇതൊരു ഗ്രെയ്‌സി ചേച്ചിയുടെ കാര്യം. ഇത് പോലെ എത്രെയെത്ര ഗ്രെയ്‌സി ചേച്ചിമാര്‍ ലോകം മുഴുവനുണ്ട്.

ഇങ്ങനെ ഒരു ചിന്ത ആഴത്തില്‍ സഞ്ചരിക്കവേയാണ് ഫ്‌ളോറന്‍സ് നയിറ്റിംഗേലിനെ കുറിച്ച് ഞാന്‍ ഓര്‍ക്കുന്നത്. തന്റെ കഠിന പ്രയത്‌നം കൊണ്ട് ആതുര സേവനരംഗത്തിന്റെ മുഖമുദ്ര മാറ്റി മറിച്ച, ശ്രീമതി ഫ്‌ളോറന്‍സ് നയിറ്റിംഗേലിന്റെ ജന്മദിനമായ മെയ് പന്ത്രണ്ടാണ് അന്താരാഷ്ട്ര നേഴ്‌സസ് ദിനമായി ലോകം മുഴുവന്‍ കൊണ്ടാടപ്പെടുന്നത്.

ലണ്ടനിലെ ധനികരായ സ്വന്തം കുടുംബത്തിന്റെ എതിര്‍പ്പ് വകവെയ്ക്കാതെ, പതിനാറാം വയസില്‍ ജര്‍മനിയില്‍ നേഴ്‌സിംഗ് പഠിക്കുവാന്‍ പോയ പെണ്‍കുട്ടി പഠനശേഷം കുറച്ചുനാള്‍ ലണ്ടനിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുകയും അതിനു ശേഷം വെടിയുണ്ടകള്‍ ചീറിപ്പായുന്ന യുദ്ധക്കളത്തില്‍ മുറിവേറ്റു വീഴുന്ന പട്ടാളക്കാരെ ശുശ്രൂഷിക്കുവാന്‍ ജീവിതം മാറ്റി വെയ്ക്കുകയും ചെയ്തു.

കത്തിച്ചുവെച്ച ചെറുവിളക്കുമായി രാത്രികാലങ്ങളില്‍ പട്ടാള ബാരക്കുകളില്‍ കയറിയിറങ്ങി, വേദനയില്‍ പിടയുന്ന പട്ടാളക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന പെണ്‍കുട്ടി പിന്നീട് അറിയപ്പെട്ടത്, വിളക്കേന്തിയ പെണ്‍കുട്ടി എന്നാണ്. ആ മാലാഖയാണ് ഇന്ന് നമ്മള്‍ കാണുന്ന നേഴ്‌സിംഗ് രംഗത്തിനു ലോകത്തിനും മുന്‍പില്‍ മാന്യമായ ഒരു ഇരിപ്പിടം നല്‍കിയത്.

വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു തൊഴില്‍ മേഖലയായിരുന്നു ഒരു കാലത്ത് നേഴ്‌സിംഗ്. അറുപതുകളിലും എഴുപതുകളിലും നേഴ്‌സിങ്ങിനു പോയ പലര്‍ക്കും അങ്ങനെ ഒരു പ്രശ്‌നം സമൂഹത്തില്‍ നിന്നും ചില കുടുംബങ്ങളില്‍ നിന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.

മധ്യവര്‍ത്തി/നിര്‍ധന കുടുംബങ്ങളിലെ പഠിക്കാന്‍ മിടുക്കികളായിരുന്ന ആയിരങ്ങള്‍ അക്കാലത്ത് പത്താം ക്ലാസ്സ് വിദ്യാഭ്യാസം കഴിയുന്ന ഉടനെ, കേരളം വിട്ടു ബോംബയിലെയോ മണിപ്പോലിലെയോ നേഴ്‌സിംഗ് കോളേജുകളിലേക്കാണ് പോയത്. സമപ്രായക്കാരായ കൂട്ടുകാരികള്‍ പൂമ്പാറ്റകളെ പോലെ കോളേജുകളില്‍ പാറിപ്പറന്നു നടന്നു കൗമാരം ആഘോഷിക്കുമ്പോള്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ വെള്ളക്കുപ്പായവും തൊപ്പിയുമായി ഡല്‍ഹിയിലെ ചൂടിലോ, ബോംബെയിലെ ചേരി പ്രദേശങ്ങളിലെയോ ആശുപത്രികളില്‍ കഷ്ടപ്പെടുന്ന രോഗികളുമായി മല്ലിട്ടു.

അത്യാവശ്യങ്ങള്‍ക്ക് പോലും തികഞ്ഞു പറ്റാത്ത നൂറോ നൂറ്റമ്പതോ രൂപ സ്റ്റെഫന്റ് പണത്തിന്റെ പകുതിയും കേരളത്തിലെ അവരുടെ വീടുകളില്‍ അയച്ചു കൊടുത്തു. സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ചിരുന്ന പല കുടുംബക്കാര്‍ക്കും അന്നത്തെ ആ തുക വലിയ ആശ്വാസമായിരുന്നു.

പിന്നീടവര്‍ സ്വന്തം ജീവിത സ്വപ്നങ്ങളെ ഉള്ളിലൊതുക്കി പിടിച്ച്, നേഴ്‌സിംഗ് ജോലിയുമായി ഗള്‍ഫിലേക്കും അമേരിക്കയിലും യുറോപ്പിലേക്കും ജോലിക്കായി ചേക്കേറി. അറിയാത്ത ഭാഷകള്‍, വ്യത്യസ്ത നിറങ്ങളായ മനുഷ്യര്‍, ഒട്ടും പരിചിതമല്ലാത്ത ജീവിതപരിസരങ്ങള്‍, അവിടെ അവര്‍ സ്‌നേഹം പുരട്ടിയ മരുന്നുകള്‍ കൈമാറി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്ത് ഓരോ ജീവനെയും സംരക്ഷിച്ചു.

ഇതിനിടയില്‍ തന്റെ കഠനാധ്വാനത്തിന്റെ നല്ല ഒരു വിഹിതം വീടുകളിലേക്ക് മുടങ്ങാതെ എത്തിച്ചു കൊടുത്തു. സഹോദരി സഹോദരങ്ങള്‍ക്ക് നല്ല ജീവിതം സമ്മാനിച്ചു. മാതാപിതാക്കള്‍ക്ക് പുതിയ വീടുകള്‍ പണിതു.

സ്വന്തം കുടുംബം ആയതിനു ശേഷവും ഭര്‍തൃവീട്ടുകാരെയും സ്വന്തം വീട്ടുകാരെയും പോറ്റിപ്പുലര്‍ത്തേണ്ട കടമ തങ്ങളുടെതാണ് എന്ന് അവര്‍ വിശ്വസിച്ചു. മൂന്ന് വീടുകളിലെ ചെലവ് നടത്താനായി അവര്‍ ശമ്പളം കൂടുതല്‍ കിട്ടുന്ന രാത്രി ജോലികളും, ഓവര്‍ടൈം ജോലികളും ചെയ്യാന്‍ നിര്‍ബന്ധിതരായി.

മക്കളെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ വര്‍ഷങ്ങളോളം രാത്രി ജോലി ചെയ്തിരുന്നവരാണ് ഒട്ടുമിക്ക നേഴ്‌സുമാരും. അവര്‍ സ്വന്തം കുടുംബത്തിന്റെ കൂടെ പോലും ചിലവഴിക്കാന്‍ കിട്ടുന്ന സമയം തുഛം ആയിരുന്നു.

ആശുപത്രികളില്‍ നിന്നും ആശുപത്രികളിലേക്കുള്ള ഓട്ടത്തിനിടയില്‍ അവര്‍ ഭര്‍ത്താക്കന്മാരെ പാര്‍കിംഗ് ലോട്ടുകളില്‍ വെച്ചു കണ്ടു, കാറുകള്‍ കൈമാറി. കുട്ടികളുമായി വരുന്ന കാര്‍ ഭാര്യയെ ഏല്‍പ്പിച്ച് പകല്‍ ജോലിക്ക് പോകുന്ന ഭര്‍ത്താവ്. ഉറക്കം പുളിപ്പിച്ച കണ്ണുകളുമായി കുട്ടികളെ പ്ലേ പെന്നിലും, ടിവിയുടെ മുന്‍പിലും ഇരുത്തി അവര്‍ ഉറങ്ങി, ഉറങ്ങിയില്ല എന്ന് വരുത്തി പകലുകള്‍ കഴിച്ചു.

ഒരു ഭാര്യയുടെ കടമകള്‍ പലതും പറ്റുന്നതുപോലെ ചെയ്തു. ചിലതെല്ലാം പാടെ മറന്നു. മറക്കേണ്ടി വന്നു എന്നതാവും ശരി. ഒരു ദിവസത്തിന് ഇരുപത്തിനാല് മണിക്കൂര്‍ അല്ലെ അന്നും ഉള്ളൂ? അവരുടെ കഴിവിന്റെ പരമാവധി അവര്‍ ചെയ്യാന്‍ ശ്രമിച്ചു കാണും. എല്ലാ കടമകളും ചെയ്തു, ജീവിക്കാന്‍ മറന്നുപോയ എത്രയോ നേഴ്‌സുമാര്‍ നമുക്ക് ചുറ്റും ഉണ്ട്.

ഇതിനെല്ലാം ഉപരിയായി ഒരു മടിയും കൂടാതെ കൈയില്‍ നിന്നും പണം മുടക്കി, കൂടപ്പിറപ്പുകള്‍ക്കും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും ഫയല്‍ ചെയ്തു, ടിക്കറ്റ് വരെ എടുത്തു നമ്മില്‍ പലരെയും അവര്‍ തങ്ങളുടെ സൗഭാഗ്യ നാടുകളിലേക്കു കൊണ്ടു വന്നു.

അതുകൊണ്ട് തീര്‍ന്നില്ല പങ്കപ്പാടുകള്‍. നമ്മെ അവരുടെ കൂടെ താമസിപ്പിച്ചു. നമ്മള്‍ സ്വന്തം കാലിലാവുന്നിടം വരെ സംരക്ഷിച്ചു. മിക്കാവാറുംപേര്‍ സഹോദരങ്ങള്‍ക്ക് ആദ്യവാഹങ്ങള്‍ വാങ്ങിക്കൊടുക്കുകയും താമസസൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.

ഇത്രയും വിശുദ്ധമായ ത്യാഗങ്ങള്‍ എല്ലാം ചെയ്തിട്ടും ഇന്നും നമ്മുടെ പാവം നേഴ്‌സുമാര്‍ക്ക് കിടക്കപ്പൊറുതി ഇല്ല. എല്ലാവര്‍ക്കും കുതിരകയറാന്‍ ഇന്നും നേഴ്‌സുമാര്‍ തന്നെ.

എല്ലാ തുറയിലുമുള്ളതു പോലെ, സ്വന്തം വീട്ടുകാരെയും ഭര്‍തൃവീട്ടുകാരെയും തിരിഞ്ഞു നോക്കാത്തവര്‍ അവരുടെ ഇടയിലും കണ്ടെന്നിരിക്കും. ഭര്‍ത്താവിനെ വകവെയ്ക്കാത്തവരും ഉണ്ടാകാം. താന്‍ ഭര്‍ത്താവിനെക്കാള്‍ കൂടുതല്‍ ശമ്പളം പറ്റുന്നവള്‍ ആണെന്ന അഹങ്കാരമുള്ളവരും ഏതു മേഖലയിലും കാണുമായിരിക്കും. അവരോടാരോടും പ്രകടിപ്പിക്കാത്ത ഒരു മനോഭാവം ചിലരെങ്കിലും പാവം നേഴ്‌സുമാരോട് കാണിക്കുന്നു.

എന്നാല്‍ ഒരു കാര്യം സമ്മതിച്ചേ പറ്റൂ നമ്മില്‍ ഒട്ടു മുക്കാല്‍ പേരും അമേരിക്കയിലും യൂറോപ്പിലും ഇന്നു കുടിയേറിയിരിക്കുന്നത് ഈ നേഴ്‌സിന്റെ വിശാലമനസ് കൊണ്ട് മാത്രമാണ്. അവരുടെ മാത്രമല്ല അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച നല്ലവരായ ഭര്‍ത്താക്കന്മാരോടും നമുക്ക് നന്ദി ഉണ്ടാവണം. ഇവര്‍ ഇല്ലായിരുന്നെങ്കില്‍ നാം ഇന്ന് എവിടെ എങ്ങനെ ആയിരുന്നിരിക്കും എന്ന് സ്വയം ചിന്തിച്ചാല്‍ മതിയാവും.

കഴിഞ്ഞ പത്തു പന്ത്രണ്ടു വര്‍ഷം മുന്‍പ് വന്ന കമ്പ്യൂട്ടര്‍ മേഖലക്കാര്‍ക്കും മറ്റു മാര്‍ഗങ്ങളില്‍ അമേരിക്കയില്‍ വന്നവര്‍ക്കും ഒരു പക്ഷെ ചിന്തിക്കാവുന്നതിലും ഉപരിയായാണ് അന്നത്തെ നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍.

വിളക്കേന്തിയ പെണ്‍കുട്ടി എന്ന് പേര് കേട്ട ഫ്‌ളോറന്‍സ് നൈറ്റിങ്ങെലെന്ന മാലാഖയുടെ പാത പിന്തുടര്‍ന്ന്, സ്വന്തം നാടിനും വീടിനും പ്രകാശം പരത്തി, ഒരു ജനതയെ, ഒരു സംസ്ഥാനത്തെ തന്നെ നന്മയിലേക്കും സാമ്പത്തിക ക്ഷേമത്തിലേക്കും നയിച്ച ലോകമെമ്പാടുമുള്ള എല്ലാ മലയാളി നേഴ്‌സുമാര്‍ക്കും ആ അഖില ലോക നേഴ്‌സിംഗ് ദിനത്തില്‍ എല്ലാ ഭാവുകങ്ങളും.

പ്രിയ മാലാഖമാരെ, നിങ്ങള്‍ അനുഭവിക്കുന്ന ഏറ്റവും വേദന നിറഞ്ഞ നിമിഷങ്ങളേയും നിങ്ങള്‍ ചെയ്യുന്ന മഹത്തായ സേവനത്തെയും കുറിച്ച് ഇങ്ങനെ ഒന്നു എഴുതിയാല്‍ മതിയാവില്ല എന്നെനിക്കറിയാം. പക്ഷെ ഭൂമിയെ ഏറ്റവും വിശുദ്ധവികാരമായ സ്‌നേഹത്തില്‍ കൊരുത്തെടുത്ത ഹൃദയപുഷ്പഹാരം ഈ ചെറുകുറിപ്പിലൂടെ നിങ്ങളെ അണിയിക്കട്ടെ ഗ്രെയ്‌സി ചേച്ചീ നിങ്ങളെയും!! എന്തെന്നാല്‍ നിങ്ങള്‍ ദൈവത്തിന്റെ കരങ്ങളാണ്. ഭൂമിയിലെ സാന്നിധ്യവും ആശ്വാസവുമാണ്. നിങ്ങളെ മാലാഖമാര്‍ എന്നല്ലാതെ മറ്റെന്തു വിളിക്കും? എന്നും നിങ്ങളുടെ ജീവിതത്തിനും ഞങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടാകും.

(മലയാളപത്രം മെയ്‌ 9th  2012 ലക്കത്തില്‍ പ്രസിധികരിച്ചത്  )

ഭൂമിയിലെ മാലാഖമാര്‍ -മീനു എലിസബത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക