Image

മദ്രാസ് ഐ.ഐ.ടി ഉയര്‍ന്ന ജാതിക്കാര്‍ക്കു മാത്രമെന്ന് മുന്‍ പ്രൊഫസര്‍

Published on 18 November, 2019
മദ്രാസ് ഐ.ഐ.ടി ഉയര്‍ന്ന ജാതിക്കാര്‍ക്കു മാത്രമെന്ന് മുന്‍ പ്രൊഫസര്‍
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ ഫാത്തിമ ലത്തീഫിന്റെ മരണം ആത്മഹത്യയല്ലെന്നും ഇന്‍സ്റ്റിറ്റിയൂഷനല്‍ കൊലപാതകമാണെന്നും മുന്‍ മദ്രാസ് ഐ.ഐ.ടി പ്രഫ. ഡബ്ല്യു.ബി. വസന്ത കന്തസാമി. 'നക്കീരന്‍' ടി.വിക്കു നല്‍കിയ അഭിമുഖത്തിലാണ് ഐ.ഐ.ടിയില്‍ നടക്കുന്ന ജാതിമതവിവേചനത്തെക്കുറിച്ച് അവര്‍ തുറന്നടിച്ചത്. ഉയര്‍ന്ന ജാതിക്കാര്‍ക്കു മാത്രമേ അവിടെ പഠനം സുഗമമായി തുടരാനാവൂ.

28 വര്‍ഷം നീണ്ട സര്‍വിസിനിടെ മുസ്‌ലിം വിദ്യാര്‍ഥികളെ വളരെ വിരളമായി മാത്രമേ കണ്ടിട്ടുള്ളൂ. എം.എസ്‌സിയില്‍ ഇതേവരെ 10 മുസ്‌ലിം വിദ്യാര്‍ഥികള്‍ മാത്രമേ കോഴ്‌സ് പൂര്‍ത്തിയാക്കിക്കാണൂവെന്നും അവര്‍ പറഞ്ഞു. ഇന്‍േറണല്‍ മാര്‍ക്ക് നല്‍കുന്നതില്‍ അധ്യാപകര്‍ വിവേചനം പുലര്‍ത്താറുണ്ട്. ഉന്നതകുലജാതര്‍ക്ക് മാത്രമാണിവിടെ പ്രാമുഖ്യം.
സ്വയംഭരണാധികാരത്തിന്റെ പേരില്‍ ഐ.ഐ.ടി മാനേജ്മന്റെ് ആരെയും വകവെക്കുകയോ ഭരണകൂടങ്ങളെ മാനിക്കുകയോ ചെയ്യാറില്ല. സംവരണ തത്ത്വങ്ങള്‍ ഐ.ഐ.ടിയില്‍ നടപ്പാക്കാറില്ല. ചോദിച്ചാല്‍ യോഗ്യതയില്ലെന്നായിരിക്കും മറുപടി. മുസ്‌ലിം ദലിത് വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ പഠിച്ച് പുറത്തേക്ക് പോകാനാവില്ല. ന്യൂനപക്ഷമാണെന്ന് രേഖകളില്‍ കണ്ടാല്‍ പിന്നീട് ആ വിദ്യാര്‍ഥിയുടെ പഠനകാലം ദുരിതപൂര്‍ണമായിരിക്കും.

കറുത്തനിറക്കാരായ വിദ്യാര്‍ഥികളോടുപോലും കടുത്ത വിവേചനമാണ് നിലനില്‍ക്കുന്നത്. അത്ര ശക്തമാണ് ജാതിക്കോട്ട. മുന്‍കാലങ്ങളില്‍ പ്രവേശനപരീക്ഷയൊന്നും ഉണ്ടായിരുന്നില്ല. അധ്യാപകര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് പ്രവേശനം നല്‍കും. സ്വയംഭരണത്തിന്റെ മറവിലാണ് അനീതികള്‍ അരങ്ങേറുന്നത്. സ്വയംഭരണം നടത്തുന്നവര്‍ സര്‍ക്കാറില്‍നിന്ന് കോടികള്‍ വാങ്ങുന്നത് എന്തിനാണെന്നും വസന്ത ചോദിക്കുന്നു.

തൊട്ടുകൂടായ്മയും തീണ്ടായ്മയും കാരണം ദലിത് വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലുകളില്‍ താമസസൗകര്യം നിഷേധിക്കപ്പെടുന്നു. ദലിത് അധ്യാപകര്‍ക്ക് പ്രഫസര്‍ഷിപ് എളുപ്പം കിട്ടാറില്ല. മനു സംസ്‌കാരമാണ് ഐ.ഐ.ടിയില്‍.സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വിദ്യാഭ്യാസം ആവശ്യമില്ലെന്ന മനോനിലയാണിവര്‍ക്ക്. 'ഗണിതം' ബ്രാഹ്മണരുടെ വിഷയമായാണ് കരുതുന്നത്. െഎ.ഐ.ടിയിലെ നിയമനങ്ങളില്‍ സംവരണ തത്ത്വങ്ങള്‍ പാലിക്കപ്പെടുന്നതോടൊപ്പം സുതാര്യമാക്കുകയും വേണം.

കുറ്റാരോപിതരായ മൂന്ന് അധ്യാപകരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാതെ ഇവരെ വിശ്വസിച്ച് മകളെ ഏല്‍പിച്ചുപോയ ഫാത്തിമയുടെ പിതാവിനെയാണ് പൊലീസ് മണിക്കൂറുകളോളം വിചാരണ നടത്തുന്നത്. ഇത്തരത്തില്‍ വീട്ടുകാരെ പീഡിപ്പിച്ച് മനംമടുപ്പിക്കുകയാണ് ഇവരുടെ തന്ത്രമെന്നും വസന്ത കന്തസാമി പറഞ്ഞു. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക