Image

ഇതര സംസ്ഥാന തൊഴിലാളി ക്ഷേമ പദ്ധതികള്‍ ദേശീയശ്രദ്ധ നേടി; മന്ത്രി ടി പി രാമകൃഷ്ണന്‍

Published on 19 November, 2019
ഇതര സംസ്ഥാന തൊഴിലാളി ക്ഷേമ പദ്ധതികള്‍ ദേശീയശ്രദ്ധ നേടി; മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട് : നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച ക്ഷേമ പദ്ധതികള്‍ രാജ്യത്തിന്റെയാകെ ശ്രദ്ധ നേടിയിരിക്കുകയാണെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് തൊഴിലെടുക്കുന്ന 'അതിഥി' തൊഴിലാളികള്‍ക്കുള്ള സൗജന്യ സഹായകേന്ദ്രമായ 'ശ്രമിക് ബന്ധു' കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


തിരുവനന്തപുരത്തും എറണാകുളത്തും സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ജില്ലയിലും സഹായകേന്ദ്രം ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡില്‍ സമോറിന്‍സ് സ്‌ക്വറിലാണ് സഹായകേന്ദ്രം ആരംഭിച്ചത്. രാവിലെ എട്ട് മണി മുതല്‍ രാത്രി ഏഴ് വരെയാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. സര്‍ക്കാര്‍ ഇവരെ അതിഥികളായി പരിഗണിക്കുക മാത്രമല്ല, സംസ്ഥാനത്തെ തൊഴില്‍ മേഖലയില്‍ നിലവിലുളള എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുകയും ചെയ്തു.


അതിഥി തൊഴിലാളികള്‍ക്കായി ആവിഷ്‌കരിച്ച ആവാസ് സൗജന്യ ഇന്‍ഷൂറന്‍സ് പദ്ധതി രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആവാസ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയാണെന്നും മന്ത്രി അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത തൊഴിലാളിക്ക് 15,000 രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിക്കുന്നത്. ഇത് 25,000 രൂപയായാണ് വര്‍ധിപ്പിച്ചത്. അപകടത്തെ തുടര്‍ന്നുണ്ടാകുന്ന അംഗവൈകല്യത്തിന് ഒരു ലക്ഷം വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. അപകട മരണത്തിന് ആവാസ് പദ്ധതിയില്‍ രണ്ടു ലക്ഷത്തിന്റെ പരിരക്ഷ നിലവിലുണ്ടെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക