Image

രാജ്യത്ത് പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ വന്‍തോതില്‍ കൂടി

Published on 19 November, 2019
രാജ്യത്ത് പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ വന്‍തോതില്‍ കൂടി
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊലപാതക നിരക്ക് കുറഞ്ഞുവരികയാണെന്ന ആശ്വാസ വാര്‍ത്തയുമായി നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി). 2001 മുതല്‍ 2017 വരെയുള്ള റിപ്പോര്‍ട്ടുകള്‍ താരതമ്യപ്പെടുത്തുമ്പോഴാണു കൊലപാതകങ്ങളുടെ എണ്ണത്തില്‍ വലിയതോതില്‍ കുറവുണ്ടായത്. പ്രണയപ്പകയാണു രാജ്യത്തെ കൊലകളുടെ പ്രധാന കാരണങ്ങളിലൊന്ന് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2001ല്‍ 36,302 കൊലകളാണു എന്‍സിആര്‍ബി റജിസ്റ്റര്‍ ചെയ്തത്. 2017ല്‍ ഇത് 28,653 ആയി; കുറവ് 21%. വ്യക്തി വൈരാഗ്യം, സ്വത്തുതര്‍ക്കം, പ്രണയം എന്നിവയാണു കൊലപാതകങ്ങളുടെ മൂന്നു പ്രധാന കാരണങ്ങള്‍. 2001–2017 കാലയളവില്‍ വ്യക്തിവൈരാഗ്യ കൊലകളുടെ എണ്ണം 67,774. കുറവ് 4.3%. ഇക്കാലയളവില്‍ സ്വത്തുതര്‍ക്ക കൊലകളുടെ എണ്ണം 51,554. കുറവ് 12%.

എന്നാല്‍ പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ വന്‍തോതില്‍ കൂടി– 28%. 2001–2017 കാലയളവില്‍ നടന്നത് 44,412 കൊലപാതകങ്ങള്‍. ആന്ധ്രപ്രദേശ് (വാര്‍ഷിക ശരാശരി 384), മഹാരാഷ്ട്ര (277), ഗുജറാത്ത് (156), പഞ്ചാബ് (98) എന്നീ നാലു സംസ്ഥാനങ്ങളില്‍ പ്രണയം ആണു 'കൊലപാതകികളിലെ ഒന്നാമന്‍'. കാരണങ്ങളുടെ പട്ടികയില്‍ രണ്ടാമതാണെങ്കിലും പ്രണയകൊലപാതക നിരക്കില്‍ ഉത്തര്‍പ്രദേശാണു മുന്നില്‍.

പ്രതിവര്‍ഷം ശരാശരി 395 പേരാണു പ്രണയപ്പകയുടെ പേരില്‍ യുപിയില്‍ കൊല്ലപ്പെടുന്നത്. രാജ്യത്തെതന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി സംസ്ഥാനങ്ങളിലും പ്രണയപ്പക കൊലപാതക കാരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. മറ്റു സംസ്ഥാനങ്ങളില്‍ മൂന്നോ നാലോ സ്ഥാനത്തും പ്രണയപ്പകയാണു കൊലയ്ക്കു കാരണമാകുന്നത്.

ഈ കണക്കുകളില്‍ കേരളവും ബംഗാളും വേറിട്ടുനില്‍ക്കുന്നു. പ്രണയനൈരാശ്യമോ പ്രണയപ്പകയോ മൂലമുള്ള കൊലകള്‍ രണ്ടിടത്തും താരതമ്യേന വളരെ കുറവാണ്. 2001–2017 കാലയളവി!ല്‍ പ്രതിവര്‍ഷം ശരാശരി 29 കൊലപാതകങ്ങളാണു ബംഗാളില്‍ നടന്നിട്ടുള്ളത്. കേരളത്തിലാകട്ടെ ആറെണ്ണം വീതവും. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശരാശരി 10 പേര്‍ക്കാണു ഓരോ വര്‍ഷവും ജീവന്‍ നഷ്ടപ്പെട്ടത്.

ത്രികോണ പ്രണയമോ അവിഹിത ബന്ധമോ ആണു പലപ്പോഴും പ്രണയക്കൊലകളുടെ മുഖ്യകാരണങ്ങളെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങളുടെ ശരാശരി എടുത്താല്‍ രാജ്യത്തു മൂന്നാം സ്ഥാനമാണു കൊലപാതക കാരണങ്ങളില്‍ പ്രണയപ്പകയ്ക്കുള്ളത്. ദുരഭിമാന കൊലകളിലും വര്‍ധനയുണ്ട്. 2016ല്‍ 71 പേര്‍ക്കും 2017ല്‍ 92 പേര്‍ക്കും ദുരഭിമാനത്തിന്റെ പേരില്‍ രാജ്യത്തു ജീവന്‍ നഷ്ടപ്പെട്ടു.

എന്‍സിആര്‍ബി റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ തലസ്ഥാനമായ ന്യൂഡല്‍ഹിയാണു മുന്നില്‍. ഒരു ലക്ഷം ജനസംഖ്യക്ക് 1,050 കുറ്റകൃത്യങ്ങള്‍. കേരളമാണു രണ്ടാമത്; ഒരു ലക്ഷം ജനസംഖ്യക്ക് 656 ക്രൈം കേസ്. തമിഴ്‌നാട്ടില്‍ 256, ജാര്‍ഖണ്ഡില്‍ 130 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങളിലെ കുറ്റകൃത്യ നിരക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക