Image

സ്പീക്കറുടെ നടപടിക്ക് പിന്നില്‍ ഒ രാജഗോപാല്‍, എംഎല്‍എമാര്‍ക്ക് എതിരായ നടപടി ഏകപക്ഷീയം; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

Published on 21 November, 2019
സ്പീക്കറുടെ നടപടിക്ക് പിന്നില്‍ ഒ രാജഗോപാല്‍, എംഎല്‍എമാര്‍ക്ക് എതിരായ നടപടി ഏകപക്ഷീയം; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തന്റെ ഡയസില്‍ കയറി പ്രതിഷേധിച്ച നാല് എംഎല്‍എമാര്‍ക്കെതിരെ നടപടി ഏകപക്ഷീയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടാതെ സ്പീക്കറിന്റെ നടപടി സഭയിലെ ബിജെപി അംഗമായ ഒ രാജഗോപാലിന്റെ ഉപദേശം കേട്ടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കൂടിയാലോചിച്ച ശേഷമേ നടപടിയെടുക്കൂ എന്ന് പറഞ്ഞ ശേഷം ഏകപക്ഷീയമായാണ് സ്പീക്കര്‍ നടപടിയെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


കൂടിയാലോചിക്കാമെന്ന് പറഞ്ഞിട്ട്, പ്രതിപക്ഷവുമായി ആലോചിക്കാതെ നടപടിയെടുത്തതിലാണ് പ്രതിഷേധമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഷാഫി പറമ്ബില്‍ എംഎല്‍എയ്ക്ക് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സര്‍ക്കാര്‍ നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും ചെന്നിത്തല ആരോപിച്ചു. ഇന്നലെ സ്പീക്കര്‍ വിളിച്ചുചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗത്തില്‍ എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്ന് ഒ രാജഗോപാല്‍ ആവശ്യപ്പെട്ടിരുന്നു.


ഇതാണ് രമേശ് ചെന്നിത്തലയുടെ ആരോപണം ഒ രാജഗോപാലിലേയ്ക്ക് നീണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാവരുമായും കൂടിയാലോചിച്ച ശേഷം നടപടിയെടുക്കാമെന്നാണ് സ്പീക്കര്‍ പറഞ്ഞത്. 'സ്പീക്കര്‍ കഴിഞ്ഞ കാല സംഭവങ്ങള്‍ മറക്കരുത്' എന്ന് പറഞ്ഞ ചെന്നിത്തല, ശ്രീരാമകൃഷ്ണന്‍ തന്നെ നടപടിയെടുത്തത് കാവ്യനീതിയാണെന്നും പരിഹസിച്ചു.


കഴിഞ്ഞ ദിവസം തന്റെ ഡയസില്‍ കയറി പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നടപടിയെടുത്തത്. എംഎല്‍എമാരെ സ്പീക്കര്‍ താക്കീത് ചെയ്തു. റോജി എം ജോണ്‍, ഐ സി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത് എന്നിവര്‍ക്കെതിരെയാണ് സ്പീക്കറുടെ ശാസന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക