Image

ഫോമാ മെഡിക്കല്‍ ക്യാമ്പ്‌ മലയോര മേഖലയ്‌ക്ക്‌ പുത്തുന്‍ ഉണര്‍വ്‌ നല്‍കുന്നു: രാജു ഏബ്രഹാം എംഎല്‍എ

അനില്‍ പെണ്ണുക്കര Published on 11 May, 2012
ഫോമാ മെഡിക്കല്‍ ക്യാമ്പ്‌ മലയോര മേഖലയ്‌ക്ക്‌ പുത്തുന്‍ ഉണര്‍വ്‌ നല്‍കുന്നു: രാജു ഏബ്രഹാം എംഎല്‍എ
ചിറ്റാര്‍: ഫോമാ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പുത്തന്‍ മാതൃക മലയോര മേഖലയ്‌ക്ക്‌ കാട്ടിക്കൊടുക്കുകവഴി അവഗണിക്കുന്നപ്പെടുന്ന ഒരു വിഭാഗത്തിന്‌ പുതിയ പ്രതീക്ഷകളാണ്‌ നല്‍കുന്നതെന്ന്‌ റാന്നി എംഎല്‍എ രാജു ഏബ്രഹാം പറഞ്ഞു.

ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കാസ്‌ (ഫോമ), പത്തനംതിട്ട മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന്‌ മലയോര പ്രദേശമായ ചിറ്റാറില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസി മലയാളികള്‍ പലപ്പോഴും മലയോര പ്രദേശങ്ങള്‍ തെരഞ്ഞെടുക്കപ്പെടാറില്ല. പക്ഷെ ഫോമ മറ്റ്‌ സംഘടനകള്‍ക്ക്‌ മാതൃകയായിക്കഴിഞ്ഞുവെന്നും തുടര്‍ന്നും കേരളത്തിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും ഉറവ വറ്റാത്ത കാരുണ്യത്തിന്റെ സ്‌പര്‍ശവുമായി കടന്നുചെല്ലണം. ഗവണ്‍മെന്റ്‌ തലത്തില്‍ എല്ലാ സഹായവും ലഭ്യമാക്കാന്‍ വേണ്ടത്‌ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോമയുടെ ലക്ഷ്യംതന്നെ സാധാരണ ജനവിഭാഗത്തിന്റെ ഉയര്‍ച്ചയിലാണെന്നും ചികിത്സ ലഭിക്കാതെ, മരുന്ന്‌ ലഭിക്കാതെ ഒരു രോഗിപോലും കേരളത്തില്‍ ഉണ്ടാവരുത്‌ എന്ന മഹത്തായ ലക്ഷ്യമാണ്‌ ഫോമയ്‌ക്കുള്ളതെന്നും ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ പറഞ്ഞു. മെഡിക്കല്‍ ക്യാമ്പ്‌ ഉദ്‌ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷതവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂര്‍ണ്ണമായും വനമേഖലയും, മലയോര മേഖലയുമായ ചിറ്റാറിലെ ജനങ്ങള്‍ക്ക്‌ ക്യാമ്പ്‌ വളരെ പ്രയോജനകരമാവും എന്നതില്‍ സംശയമല്ല. തുടര്‍ന്നും ഫോമ ഇത്തരം മേഖലകള്‍ക്ക്‌ പ്രാധാന്യം നല്‍കും. കൂടുതല്‍ അംഗ സംഘടനകളേയും മലയാളി സംഘടനകളേയും ഈ രംഗത്തേക്ക്‌ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കേരളത്തിലെ ജനങ്ങള്‍ക്ക്‌ പുതിയ പ്രതീക്ഷ നല്‍കിയെന്നും, കഴിഞ്ഞവര്‍ഷങ്ങളിലെ മെഡിക്കല്‍ ക്യാമ്പിന്റെ തുടര്‍ച്ചയായി മലയോര മേഖല തന്നെ തെരഞ്ഞെടുത്തത്‌ മെഡിക്കല്‍ സഹായം സാധാരണക്കാരില്‍ എത്തണമെന്ന ആഗ്രഹം കൊണ്ടാണ്‌ ചിറ്റാറില്‍ ക്യാമ്പ്‌ സംഘടിപ്പിച്ചതെന്നും ഫോമാ വൈസ്‌ പ്രസിഡന്റ്‌ സ്റ്റാന്‍ലി കളരിക്കമുറി ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സജീവമായി തുടക്കംകുറിച്ചത്‌ ഫോമയുടെ രണ്ടാം സമ്മേളനത്തില്‍, തിരുവല്ലയില്‍ വെച്ചാണെന്നും, അത്‌ നാളിതുവരെ ഫോമയുടെ കമ്മിറ്റികള്‍ മികച്ചതായി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഫോമാ മുന്‍ വൈസ്‌ പ്രസിഡന്റ്‌ യോഹന്നാന്‍ ശങ്കരത്തില്‍ ആശംസാ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

ഫോമാ ഫിനാന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ്പ്‌ ചാമത്തില്‍, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീധരന്‍, ഡോ. പി.ഐ മോഹനന്‍ (മെഡിക്കല്‍ സൂപ്രണ്ട്‌, മുത്തൂറ്റ്‌ ഹോസ്‌പിറ്റല്‍), പഞ്ചായത്ത്‌ വാര്‍ഡ്‌ മെമ്പര്‍ വത്സല സുരേന്ദ്രന്‍, റവ. റോജി ജോര്‍ജ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ചിറ്റാര്‍ സെന്റ്‌ പോള്‍സ്‌ മാര്‍ത്തോമാ പാരീഷ്‌ ഹാളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ അഞ്ഞൂറിലധികം രോഗികള്‍ പങ്കെടുത്തു.

ഫോമാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സജി ഏബ്രഹാം നന്ദി പറഞ്ഞു. മെയ്‌ 11-ന്‌ രാവിലെ 9 മണി മുതല്‍ ഉച്ചയ്‌ക്ക്‌ 1.30 വരെയായിരുന്നു ക്യാമ്പ്‌.
ഫോമാ മെഡിക്കല്‍ ക്യാമ്പ്‌ മലയോര മേഖലയ്‌ക്ക്‌ പുത്തുന്‍ ഉണര്‍വ്‌ നല്‍കുന്നു: രാജു ഏബ്രഹാം എംഎല്‍എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക