Image

പാമ്പ് കടിയേറ്റ്‌ വിദ്യാര്‍ഥിനിയുടെ മരണം: അധ്യാപകന്‌ സസ്‌പെന്‍ഷന്‍

Published on 21 November, 2019
പാമ്പ്  കടിയേറ്റ്‌ വിദ്യാര്‍ഥിനിയുടെ മരണം: അധ്യാപകന്‌ സസ്‌പെന്‍ഷന്‍
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിനി ക്ലാസ്‌ മുറിയില്‍ പാമ്‌ബുകടിയേറ്റു മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ ഷാജിലിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. 

ആശുപത്രിയിലെത്തിക്കാന്‍ വൈകിയതില്‍ വിശദീകരണം ആവശ്യപ്പെട്ട്‌ മറ്റ്‌ അധ്യാപകര്‍ക്ക്‌ മെമ്മോ നല്‍കിയിട്ടുണ്ട്‌. വിദ്യാഭ്യാസ മന്ത്രി ഡി പി ഐയോട്‌ റിപ്പോര്‍ട്ട്‌ തേടുകയും അന്വേഷണത്തിന്‌ ജില്ലാ കലക്ടര്‍ ഉത്തരവിടുകയും ചെയ്‌തു. 

വിവരങ്ങളറിയാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല അന്വേഷണ സംഘത്തെ സ്‌കൂളിലേക്ക്‌ അയച്ചിട്ടുണ്ടെന്ന്‌ കലക്ടര്‍ അദീല അബ്ദുല്ല വ്യക്തമാക്കി. സംഭവത്തില്‍ റിപ്പോര്‍ട്ട്‌ കിട്ടിയ ശേഷം നടപടി സ്വീകരിക്കും.

പുത്തന്‍കുന്ന്‌ ചിറ്റൂരിലെ അഭിഭാഷക ദമ്‌ബതികളായ അബ്ദുല്‍ അസീസ്‌-സജ്‌ന ദമ്‌ബതികളുടെ മകളും സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ ഷഹല ഷെറിന്‍ (10) ആണ്‌ ബുധനാഴ്‌ച പാമ്‌ബുകടിയേറ്റു മരിച്ചത്‌. 

സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്‌. സ്‌കൂളിലെ മോശം സാഹചര്യങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികളും ആരോപണം ഉന്നയിച്ചിട്ടുണ്ട്‌. കുട്ടിയുടെ കാലിലുണ്ടായ മുറിവില്‍ നിന്ന്‌ ചോരയൊലിച്ചിട്ടും ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകര്‍ തയാറായില്ലെന്ന്‌ വിദ്യാര്‍ഥികള്‍ പറഞ്ഞു.

ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ്‌ കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ്‌ ആരോപണം. സ്‌കൂള്‍ കെട്ടിടത്തില്‍ പലയിടത്തും മാളങ്ങളുണ്ട്‌. ക്ലാസ്‌ മുറികളും ശൗചാലയവും വൃത്തിഹീനമാണ്‌. വെള്ളം പോലും ലഭിക്കാത്ത സ്ഥിതിയുണ്ട്‌. 

ക്ലാസില്‍ ചെരിപ്പിടാന്‍ അധ്യാപകര്‍ സമ്മതിച്ചിരുന്നില്ല. ക്ലാസ്സില്‍ പാമ്‌ബുണ്ടെന്ന്‌ പറഞ്ഞിട്ടും അവഗണിച്ചു. കുട്ടിയുടെ കാലില്‍ പാമ്‌ബ്‌ കൊത്തിയതാണെന്ന്‌ പറഞ്ഞിട്ടും അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചില്ലെന്ന്‌ ഷഹലയുടെ സഹപാഠി പറഞ്ഞു.


എന്നാല്‍, ആരോപണങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. പാമ്‌ബു കടിച്ചതാണെന്ന്‌ അറിഞ്ഞിരുന്നില്ലെന്ന്‌ അവര്‍ പറഞ്ഞു. 

കുട്ടിയുടെ കാലില്‍ മുറിവേറ്റതായി പിതാവിനെ വിവരമറിയിച്ചപ്പോള്‍ താന്‍ ബത്തേരിയില്‍ തന്നെയുണ്ടെന്നും സ്‌കൂളില്‍ വന്ന ശേഷം ആശുപത്രിയില്‍ കൊണ്ടുപോയാല്‍ മതിയെന്നുമാണ്‌ പറഞ്ഞത്‌. ഇതേ തുടര്‍ന്ന്‌ പിതാവ്‌ എത്തിയ ശേഷമാണ്‌ ബത്തേരിയിലെ ആശുപത്രിയില്‍ കൊണ്ടുപോയത്‌.

ഇവിടുത്തെ ഡോക്ടര്‍ക്കും പാമ്‌ബ്‌ കടിച്ചതാണെന്ന്‌ ആദ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട്‌ കുട്ടി ഛര്‍ദിച്ചതോടെയാണ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചതെന്നും അധികൃതര്‍ പറയുന്നു.

മൂന്നരയോടെ പാമ്‌ബുകടിയേറ്റ കുട്ടിയെ മൂന്നേമുക്കാലോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയെന്നാണ്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നത്‌. നാലു മണി കഴിഞ്ഞതോടു കൂടി താലൂക്കാശുപത്രിയില്‍ കൊണ്ടുപോയി. അവിടെ അഞ്ച്‌ മണി വരെ കാത്തുനിന്ന ശേഷമാണ്‌ ഡോക്ടര്‍ പരിശോധിച്ചത്‌. 

രക്ത പരിശോധന കഴിഞ്ഞ്‌ ഫലം കിട്ടാന്‍ കാത്തു നില്‍ക്കാതെ കോഴിക്കോട്‌ മെഡിക്കല്‍ കോളജിലേക്ക്‌ കൊണ്ടുപോയെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ക്ലാസ്‌ മുറികളില്‍ പലയിടത്തും മാളങ്ങള്‍ നിറഞ്ഞിട്ടുണ്ട്‌. ഇരുമ്‌ബു ബഞ്ചിന്റെയും ഡസ്‌കിന്റെയും കാലുകള്‍ തട്ടിയാണ്‌ ഇവയുണ്ടായതെന്നാണ്‌ അധ്യാപകര്‍ പറയുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക