Image

അതേ നോട്ടം; ഭൂമിയെ രക്ഷിക്കാന്‍ നൂറ്റാണ്ടും കടന്ന് ഗ്രെറ്റ വന്നു (ശ്രീനി)

ശ്രീനി Published on 22 November, 2019
 അതേ നോട്ടം; ഭൂമിയെ രക്ഷിക്കാന്‍ നൂറ്റാണ്ടും കടന്ന് ഗ്രെറ്റ വന്നു (ശ്രീനി)
അപൂര്‍വവും ധീരവുമായ തന്റെ പ്രകൃതി സ്‌നേഹ നിലപാടുകള്‍ ലോകത്തിനുമുന്നില്‍ തുറന്നുകാട്ടുന്ന ഗ്രെറ്റ ത്യുന്‍ബേ ഒരു 'സമയ സഞ്ചാരി' ആണെന്നാണ് ഇപ്പോള്‍ ലോകം ചര്‍ച്ചചെയ്യുന്നത്. ഗ്രെറ്റ പുനര്‍ ജനിച്ചിരിക്കുന്നുവോ..? 1898ല്‍ കാനഡയിലെ ഒരു സ്വര്‍ണ ഖനിയില്‍ നിന്ന്  എടുത്ത ഫോട്ടോ ആണ് ഇതിന് തെളിവായി നിരത്തപ്പെടുന്നത്. ഖനിയിലെ കിണറില്‍ നിന്ന് വെള്ളം ശേഖരിക്കുന്ന മൂന്നു കുട്ടികളില്‍ ഒരാളുടെ ചിത്രം കണ്ടവരെയെല്ലാം അമ്പരപ്പിച്ചത് അതിലെ ഒരു പെണ്‍കുട്ടിക്ക് ഗ്രെറ്റയോടുള്ള സാമ്യമാണ്. ആ പെണ്‍കുട്ടിയുടെ കണ്ണുകളും നോട്ടവും മുടിപ്പിന്നല്‍ പോലും ഗ്രെറ്റയുടേതുപോലെയാണ്. പ്രായവും ഗ്രെറ്റയുടേതുതന്നെയെന്നാണ് തോന്നുന്നത്. ചിത്രം ചര്‍ച്ചയായതോടെ, നൂറ്റാണ്ടിനപ്പുറത്തുനിന്ന് ഭാവിലോകത്തെ രക്ഷിക്കാനെത്തിയതാണ് ഗ്രെറ്റയെന്ന് വിശ്വസിക്കുന്നവരുമുണ്ട്. 2019 സെപ്റ്റംബറിലെ യു.എന്‍ കാലാവസ്ഥാ ഉച്ചകോടി സമയത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തുറിച്ചുനോക്കിയ ഗ്രെറ്റയുടെ അതേ നോട്ടമാണ് ചിത്രത്തിലെ പെണ്‍കുട്ടിക്കും...

ഭൂമി മനുഷ്യന്റെ തീരാത്ത അത്ഭുതങ്ങളിലൊന്നാണ്. കോടി, കോടി ജീവജാലങ്ങള്‍, കൂറ്റന്‍ പര്‍വതങ്ങള്‍, താഴ്‌വരകള്‍, പുല്‍മേടുകള്‍, എണ്ണമറ്റ പുഴകള്‍, കരകാണാ കടലുകള്‍, ഇരുണ്ട വനങ്ങള്‍, മേഘങ്ങളും മഴയും ഇടിമിന്നലും നക്ഷത്രങ്ങളും നിലാവും...അങ്ങനെ എല്ലാമെല്ലാം ഭൂമിയുടെ മാത്രം സ്വന്തം. എന്നാല്‍ കാലാവസ്ഥയിയുണ്ടാവുന്ന പ്രകടമായ മാറ്റങ്ങള്‍ കടുത്ത ആശങ്ക ഉളവാക്കുന്നു. കാലാവസ്ഥയില്‍ ഉണ്ടാകുന്ന കാര്യമായതും പതിറ്റാണ്ടുകളോ ദശലക്ഷക്കണക്കിനോ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതുമായ മാറ്റം ജീവലോകത്തിന് ഭീഷണിയാണ്. സമുദ്ര പ്രതിഭാസങ്ങളിലെ മാറ്റങ്ങള്‍, ജൈവ ജന്യമായ പ്രക്രിയകള്‍, സൂര്യ പ്രകാശത്തിലെ മാറ്റങ്ങള്‍, പ്ലേറ്റ് ടെക്‌റ്റോണിക്‌സ്, അഗ്‌നിപര്‍വ്വത സ്‌ഫോടനം, പ്രകൃതിയിലെ മനുഷ്യജന്യമായ മാറ്റങ്ങള്‍ എന്നിവ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായേക്കാം. നിലവില്‍ ആഗോള താപനത്തിനും, കാലാവസ്ഥാ വ്യതിയാനത്തിനുമുള്ള പ്രധാന കാരണങ്ങള്‍ മനുഷ്യരുടെ ഇടപെടലുകളാണ്. ഇക്കര്യത്തിലുള്ള ബോധവല്‍ക്കരണം തന്റെ ജീവിത ദൗത്യമാക്കിയിരിക്കുകയാണ് ഗ്രെറ്റ ത്യുന്‍ബര്‍ഗ് എന്ന പതിനാറുകാരി.

സെപ്റ്റംബര്‍ 23ന് ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ ക്ലൈമറ്റ് ആക്ഷന്‍ കൗണ്‍സിസില്‍ ഗ്രെറ്റ പങ്കെടുത്തിരുന്നു. ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെയുള്ള ഗ്രെറ്റയുടെ യാത്രയും ലോകത്തെ ആകര്‍ഷിച്ചു. പരിസ്ഥിതി മലിനീകരണം തടയാന്‍ സോളാര്‍ പാനലില്‍ പ്രവര്‍ത്തിക്കുന്ന റേസിങ് നൗകയായ പ്ലിമത്തില്‍ 15 ദിവസംകൊണ്ടാണ് ഗ്രെറ്റ ന്യൂയോര്‍ക്കിലെത്തിയത്. കാര്‍ബണ്‍ പുറത്തുവിടാത്ത വഞ്ചിയായിരുന്നു പ്ലിമത്ത്. 2019 ഓഗസ്റ്റ് 14ന് യു.കെയില്‍ നിന്ന് പുറപ്പെട്ട് 28ന് ന്യൂയോര്‍ക്കിലെത്തി. വരുന്ന ഡിസംബറില്‍ സ്‌പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഗ്രെറ്റ ത്യുന്‍ബേയെത്തുന്നത് കട്ടമരത്തിലാണ്. അറ്റ്‌ലാന്റിക് സമുദ്രം താണ്ടിവേണം സ്‌പെയിനിലെത്താന്‍. അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ പുറന്തള്ളാത്ത ഗതാഗതമാര്‍ഗം തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് വിമാനയാത്ര ഒഴിവാക്കി കട്ടമരം തിരഞ്ഞെടുക്കുന്നത്. 48 അടി നീളമുള്ള 'ലാ വഗാബോണ്ടെ' എന്നുപേരുള്ള കട്ടമരത്തില്‍ നവംബര്‍ 21ന് ഗ്രെറ്റ വെര്‍ജീനിയയില്‍നിന്ന് സ്‌പെയിനിലേക്കുള്ള യാത്ര തുടങ്ങി. 

ആരാണ്...എന്താണ് ഗ്രെറ്റ ത്യൂന്‍ബര്‍ഗ്..? ഗ്രെറ്റ എര്‍മാന്‍ ത്യുന്‍ബര്‍ഗ് 2003 ജനുവരി മൂന്നാം തീയതിയാണ് ജനനനിച്ചത്. അമ്മ സ്വീഡിഷ് ഓപ്പറ ഗായിക മാലേന ഏര്‍മാന്‍ ആണ്. അച്ഛന്‍ നടന്‍ സ്വാന്‍ത ത്യൂന്‍ബര്‍ഗും. മുത്തച്ഛന്‍ നടനും സംവിധായകനുമായ ഒലോഫ് ത്യൂന്‍ബര്‍ഗാണ്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും തടയാന്‍ ശ്രമിക്കുന്ന അസാമാന്യ ധൈര്യമുള്ള സ്വീഡിഷ് രാഷ്ട്രീയ പ്രവര്‍ത്തകയാണ് ഗ്രെറ്റ. 2018 ആഗസ്റ്റില്‍ സ്വീഡിഷ് പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്ത് കാലാവസ്ഥയ്ക്കായുള്ള സ്‌കൂള്‍ പണിമുടക്ക് ആരംഭിച്ചു. 2018 നവംബറില്‍ സ്റ്റോക്ക്‌ഹോമില്‍ സംസാരിച്ചു. ഡിസംബറില്‍ യുനൈറ്റഡ് നേഷന്‍സ് ക്ലൈമറ്റ് ചേഞ്ച് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്തു. 2019 ജനുവരിയില്‍ ദാവോസിലെ വേള്‍ഡ് എക്കണോമിക്ക് ഫോറത്തില്‍ സംസാരിക്കാന്‍ അവള്‍ ക്ഷണിക്കപ്പെട്ടു.

'അസ്‌പെഗര്‍ സിന്‍ഡ്രോം, ഒബ്‌സെസീവ്കംപള്‍സിവ് ഡിസോര്‍ഡര്‍ (ഒ.സി.ഡി), സെലക്ടീവ് മ്യൂട്ടിസം എന്നീ രോഗങ്ങള്‍ തനിക്ക് ഉള്ളതായി 2018 ഡിസംബറില്‍ ത്യൂന്‍ബര്‍ഗ് വെളിപ്പെടുത്തി. തന്റെ കുടുംബത്തിന്റെ കാര്‍ബണ്‍ ഫുട്ട്പ്രിന്റ് കുറക്കാന്‍, അവര്‍ സസ്യഭുക്കാവണമെന്നും വിമാനയാത്ര ഉപേക്ഷിക്കണമെന്നും നിബന്ധന വെച്ചു. 2018 ആഗസ്റ്റ് 20ന് ഒന്‍പതാം ഗ്രേഡില്‍ പഠിക്കുകയായിരുന്ന ത്യൂന്‍ബര്‍ഗ്, ഉഷ്ണതരംഗവും കാട്ടുതീയും കഴിഞ്ഞ സമയത്ത് സെപ്റ്റംബര്‍ ഒന്‍പതിന് സ്വീഡന്റെ പൊതുതിരഞ്ഞെടുപ്പിനുശേഷം മാത്രമേ സ്‌കൂളില്‍ പോവുകയുള്ളൂ എന്ന് തീരുമാനിച്ചു. 

പാരീസ് എഗ്രിമെന്റ് അനുസരിച്ച് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീഡിഷ് സര്‍ക്കാര്‍ എടുക്കണമെന്നായിരുന്നു അവളുടെ ആവശ്യം. സ്വീഡനില്‍ 2018ല്‍ വന്‍ ഉഷ്ണതരംഗവും കാട്ടുതീകളും ഉണ്ടായി. ഇതിനെതിരെ പ്രതികരിക്കാനായി ത്യൂന്‍ബര്‍ഗ് തെരഞ്ഞെടുത്ത വഴി സ്‌കൂളില്‍ പോകാതെ പ്രതിഷേധിക്കുക എന്നതായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് 'കാലാവസ്ഥയ്ക്ക് വേണ്ടി സ്‌കൂള്‍ പണിമുടക്ക്' എന്ന ബോര്‍ഡ് പിടിച്ചുകൊണ്ട് എല്ലാ ദിവസവും സ്‌കൂള്‍ സമയത്ത് ഗ്രെറ്റ കുത്തിയിരിപ്പ് സമരം നടത്തി.

പൊതുതിരഞ്ഞെടുപ്പിനുശേഷം, വെള്ളിയാഴ്ചകളില്‍ മാത്രം സമരം തുടര്‍ന്നു. ത്യൂന്‍ബര്‍ഗിന്റെ സമരം ലോകവ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റി. ലോകമെമ്പാടുമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കത് പ്രചോദനമായി. 2018 ഡിസംബറില്‍, 270ല്‍ അധികം നഗരങ്ങളില്‍ 20,000 വിദ്യാര്‍ത്ഥികളാണ് സമരം നടത്തിയത്.  ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡ് സ്‌കൂളിലെ കൗമാരക്കാരായ പ്രവര്‍ത്തകരുടെ 'മാര്‍ച്ച് ഫോര്‍ അവര്‍ ലൈവ്‌സ്' ആണ് തന്റെ സമരങ്ങള്‍ക്ക് പ്രചോദനം എന്ന ത്യൂന്‍ബര്‍ഗ് പറഞ്ഞിട്ടുണ്ട്. കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്‌കൂള്‍ സമരത്തിന്റെ നേതാവാണ് ഗ്രെറ്റ ത്യൂന്‍ബര്‍ഗ്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ സര്‍ക്കാരുകള്‍ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 'ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂചര്‍' എന്ന സംഘടനയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികള്‍ നടത്തുന്ന സമരമാണ് 'കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്‌കൂള്‍ സമരം'.

ബ്രസല്‍സിലെ യൂറോപ്യന്‍ പാര്‍ലമെന്റിനു പുറത്തുള്ള റൈസ് ഫോര്‍ ക്ലൈമറ്റ് പ്രതിഷേധത്തില്‍ ഗ്രെറ്റ ത്യൂന്‍ബര്‍ഗ് പങ്കെടുത്തു. 2018 ഒക്ടോബറില്‍ പാര്‍ലമെന്റിനു മുന്‍പില്‍ പ്രക്ഷോഭ പ്രഖ്യാപനത്തെ അഭിസംബോധന ചെയ്യുന്നതിനായി ത്യൂന്‍ബര്‍ഗും അവളുടെ കുടുംബവും ലണ്ടനിലേക്ക് ഒരു ഇലക്ട്രിക് കാര്‍ ഓടിച്ചു. കാലാവസ്ഥാ വ്യതിയാനം നിലനില്‍ക്കുന്നു എന്ന് എട്ടുവയസ്സുള്ളപ്പോള്‍ അവള്‍ തിരിച്ചറിഞ്ഞു എന്നും ഒരു ലോകയുദ്ധം നടക്കുന്നതിനു സമാനമായി എന്തുകൊണ്ട് ഒരു ചാനലിലും പ്രധാനവാര്‍ത്തയായി വരുന്നില്ല എന്ന് അല്‍ഭുതം തോന്നുന്നു എന്നും അവള്‍ പറഞ്ഞു. ശാസ്ത്രത്തിന്റെ കഥ കഴിഞ്ഞുവെന്നും നിഷേധം, അജ്ഞത, നിഷ്‌ക്രിയത്വം എന്നിവയാണ് അവശേഷിക്കുന്നതെന്നും അതുകൊണ്ട് കാലാവസ്ഥാ ശാസ്ത്രജ്ഞയാകാനല്ല താന്‍ സ്‌കൂളില്‍ പോകുന്നതെന്ന് അവര്‍ പറഞ്ഞു. 2018ല്‍ നടപടികളെടുക്കാന്‍ സമയമുണ്ടായിരുന്നപ്പോള്‍ എന്തുകൊണ്ട് ഒന്നും ചെയ്തില്ല എന്ന് അവരുടെ കുട്ടികളും കൊച്ചുമക്കളും ചോദിക്കുമെന്ന് ഗ്രെറ്റ പറഞ്ഞു. നിയമങ്ങള്‍ മാറേണ്ടവയായതുകൊണ്ട് നിയമങ്ങള്‍ക്കനുസരിച്ച് കളിച്ചുകൊണ്ട് ലോകത്ത് മാറ്റമുണ്ടാക്കാന്‍ കഴിയില്ലെന്ന് ഗ്രെറ്റ ചൂണ്ടിക്കാട്ടി. 2018 ഡിസംബര്‍ നാലിന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയില്‍ തന്‍ബര്‍ഗ് സംസാരിച്ചു. കൂടാതെ 12 ഡിസംബര്‍ 2018ന് പ്ലീനറി സഭയുടെ മുമ്പിലും സംസാരിച്ചു.

ഇതിനിടെ ഗ്രെറ്റ ത്യൂന്‍ബര്‍ഗ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശിക്കപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തിന് എതിരെയുള്ള യുവതയുടെ പോരാട്ടത്തിന് നേതൃത്വം നല്‍കിയതിനാണ് ഗ്രെറ്റയ്ക്ക് നാമനിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചത്. നോര്‍വെയില്‍ നിന്നുള്ള മൂന്ന് നിയമ നിര്‍മ്മാണസഭയിലെ അംഗങ്ങളാണ് ഗ്രെറ്റുയുടെ പേര് നിര്‍ദേശിച്ചത്. യുദ്ധവും സംഘര്‍ഷങ്ങളും ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്ന് കാലാവസ്ഥ വ്യതിയാനമാണ്. അതുകൊണ്ടാണ് ഗ്രെറ്റയെ നാമനിര്‍ദേശം ചെയ്തത് എന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. ഗ്രെറ്റ തുടങ്ങിയ ഈ വലിയ പദ്ധതി സമാധാനം പരിരക്ഷിക്കുന്നതിന് വളരെ പ്രധാനമാണ്. ടൈം മാസിക 2018ല്‍, ലോകത്തെ ഏറ്റവും സ്വാധീനമുള്ള കൗമാരക്കാരുടെ പട്ടികയില്‍ ഗ്രെറ്റയെ ഉള്‍പ്പെടുത്തി. കഴിഞ്ഞ ഡിസംബറില്‍ പോളണ്ടില്‍ നടന്ന യു.എന്‍ ക്ലൈമറ്റ് ചേഞ്ച് കോണ്‍ഫറന്‍സില്‍ തണ്‍ബര്‍ഗ് സംസാരിച്ചിരുന്നു. ഗ്രെറ്റക്ക് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ അംബാസഡര്‍ ഫോര്‍ കണ്‍സൈന്‍സ് പുരസ്‌കാരവും ലഭിക്കുകയുണ്ടായി.


മണ്‍മറഞ്ഞ ഒ.എന്‍.വി കുറുപ്പിന്റെ കാവ്യ ശകലങ്ങള്‍ ഇവിടെ പ്രസക്തമാവുന്നു...

'ഇനിയും മരിക്കാത്ത ഭൂമി..! നിന്നാസന്ന
മൃതിയില്‍ നിനക്കാത്മശാന്തി..!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം...'

 അതേ നോട്ടം; ഭൂമിയെ രക്ഷിക്കാന്‍ നൂറ്റാണ്ടും കടന്ന് ഗ്രെറ്റ വന്നു (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക