Image

സദാചാര പോലീസുകാര്‍ ജെ.എന്‍.യു. വിദ്യാര്‍ഥിനികളുടെ നേരേ വാളോങ്ങുമ്പോള്‍ (വെള്ളാശേരി ജോസഫ്)

Published on 22 November, 2019
സദാചാര പോലീസുകാര്‍ ജെ.എന്‍.യു. വിദ്യാര്‍ഥിനികളുടെ നേരേ വാളോങ്ങുമ്പോള്‍ (വെള്ളാശേരി ജോസഫ്)
സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസത്തില്‍ നിന്ന് പിന്മാറുന്നതിനെതിരേയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരം. ജെ.എന്‍.യു. പ്രക്ഷോഭത്തിന്‍റ്റെ പ്രധാന വിഷയം വിദ്യാഭ്യാസ ചെലവ് സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാന്‍ പറ്റുന്നില്ല എന്നതാണ്. അത് കാലിക പ്രസക്തി ഉള്ള കാര്യവുമാണ്. അത് കാണാതെ ജെ.എന്‍.യു. വിലെ പെണ്‍കുട്ടികളുടെ വസ്ത്രവും പെരുമാറ്റ രീതികളും ചൂണ്ടി കാട്ടിയാണ് ഇപ്പോള്‍ പലരും സോഷ്യല്‍ മീഡിയയില്‍ കൂടി പരിഹാസങ്ങള്‍ ഉയര്‍ത്തുന്നത്. ജെ.എന്‍.യു. ക്യാമ്പസിലെ പെണ്‍കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ള വേഷം ധരിക്കട്ട. അതില്‍ വേറെ ആരും അഭിപ്രായം പറയേണ്ട കാര്യം ഇല്ലാ. അവിടുത്തെ പെണ്‍കുട്ടികളെ ഫോട്ടോ കണ്ട് കേറി പിടിക്കാന്‍ അവര്‍ പൊതുമുതലൊന്നുമല്ല. കപട സദാചാരം സെക്‌സിസത്തിന്‍റ്റെ രൂപത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി പ്രവഹിക്കുകയാണ്. പെണ്ണിന്‍റ്റെ ഡ്രസ്സിങ്ങും അവളുടെ ആര്‍ത്തവവും അന്വേഷിച്ച് നടക്കലാണ് ഈ രാജ്യത്ത് ചിലരുടെ ജോലി. അവനവന്‍റ്റെ ഇഷ്ടത്തിന് അനുസരിച്ച് വേഷം ധരിക്കുവാനും, ജീവിക്കുവാനും ഈ ഇന്‍ഡ്യാ മഹാരാജ്യത്തില്‍ ആരും സമ്മതിക്കില്ലാ.

'പബ്ലിക്ക് മൊറാലിറ്റി' എന്നത് യാഥാസ്ഥിക ഇന്ത്യയില്‍ എന്നും വളരെ സെന്‍സിറ്റീവ് ആയ വിഷയമാണ്. അതുകൊണ്ടാണെന്ന് തോന്നുന്നു, ജെ.എന്‍.യു. ക്യാമ്പസിലെ ആവിഷ്കാര സ്വാതന്ത്ര്യത്തോട് യാഥാസ്ഥികരായ മഹാ ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും വിയോജിപ്പാണ്. സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസത്തില്‍ നിന്ന് പിന്മാറുന്നതിനെതിരേയുള്ള ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരത്തെ അധിക്ഷേപിക്കുന്ന പലരും അവിടുത്തെ പെണ്‍കുട്ടികളുടെ വസ്ത്രവും പെരുമാറ്റ രീതികളും ചൂണ്ടി കാട്ടിയാണ് പരിഹാസങ്ങള്‍ ഉയര്‍ത്തുന്നത്. ഇത്തരം പരിഹാസങ്ങളും അധിക്ഷേപങ്ങളും ഉന്നയിക്കുന്നവര്‍ ലിബറല്‍ ആയിട്ടുള്ള ഒരു സമൂഹത്തില്‍ മാത്രമേ ആശയങ്ങളും ക്രിയേറ്റിവിറ്റിയും ഉണ്ടാകൂ എന്ന വസ്തുത കാണുന്നില്ല. അമേരിക്ക തന്നെ ഒരു ഉദാഹരണം ആയി എടുത്ത് നോക്കിയാല്‍ മതി ഇക്കാര്യം മനസിലാക്കുവാന്‍. അമേരിക്കയിലേത് സ്വാതന്ത്ര്യത്തിനും സമത്വത്തിനും പ്രാമുഖ്യം കൊടുക്കുന്ന ഒരു ലിബറല്‍ കോസ്‌മോപൊളീറ്റന്‍ സമൂഹമാണ്. അമേരിക്കയില്‍ നടക്കുന്ന കണ്ടുപിടിത്തങ്ങളും നേട്ടങ്ങളും പോലെ വേറെ ഏതെങ്കിലും ഒരു രാജ്യത്ത് നടക്കുന്നുണ്ടോ? എല്ലാ വര്‍ഷവും അവര്‍ പേറ്റന്‍റ്റ് വിറ്റ് തന്നെ കാശ് ഒത്തിരി ഉണ്ടാക്കുന്നുണ്ട്. സ്‌പോര്‍ട്‌സിലും അവര്‍ മുന്നിലാണ്.

നമ്മളിവിടെ വാചകമടിക്കുന്നതല്ലാതെ നമുക്ക് നേട്ടങ്ങളൊന്നും കാണിക്കുവാനില്ലാ. യാഥാസ്ഥികത്വം ഇപ്പോഴും പിന്തുടരുന്ന ഇന്‍ഡ്യാക്കാര്‍ക്ക് ഒരു മെഡലും അത്‌ലറ്റിക്‌സ് മല്‍സരങ്ങളിലൊന്നും കിട്ടുന്നില്ല. 2019ല്‍ ഖത്തറിലെ ദോഹയില്‍ നടന്ന അത്‌ലറ്റിക്‌സ് ചമ്പ്യന്‍ഷിപ്പ് മല്‍സരത്തില്‍ ഇന്ത്യക്ക് മെഡലൊന്നും കിട്ടിയില്ല. ദോഹയിലെ ഖലീഫാ ഇന്‍റ്റെര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന അത്‌ലറ്റിക്‌സ് ചമ്പ്യന്‍ഷിപ്പ് മല്‍സരത്തില്‍ നിന്ന് ഇന്ത്യ വെറും കൈയോടെയാണ് മടങ്ങിയത്. 31 രാജ്യങ്ങളുടെ മെഡല്‍ പട്ടികയില്‍ ഇന്ത്യ ഇടം പിടിക്കുന്നതേ ഇല്ലാ. പെണ്‍കുട്ടികളുടെ സ്‌കേര്‍ട്ടിന്‍റ്റെ നീളം തെല്ലിത്തിരി കുറഞ്ഞാല്‍ സംഘ പരിവാറുകാര്‍ക്ക് കലിപ്പാണ്; ഇസ്‌ലാമിക തീവ്രവാദികള്‍ക്കും കലിപ്പാണ്. ആ കാര്യത്തില്‍ രണ്ടു കൂട്ടരും പൂര്‍ണ യോജിപ്പിലുമാണ്.

അത്!ലക്റ്റിക്‌സില്‍ പങ്കെടുക്കുന്നതിനോട് സംഘ പരിവാറുകാര്‍ക്ക് വിയോജിപ്പുണ്ടെന്ന് തോന്നുന്നില്ല; പക്ഷെ സാരിയുടുത്ത് കയ്യിറക്കമുള്ള ബ്ലൗസും ഇട്ടു വേണം മത്സരങ്ങളിലൊക്ക ഓടാനും ചാടാനും എന്നാണെന്ന് തോന്നുന്നു അവരുടെ അഭിപ്രായം!!! ഇസ്‌ലാമിക തീവ്രവാദികള്‍ക്ക് ചെവിയും, മൂക്കും, തലമുടിയും ഒന്നും പുറത്തു കാണിക്കാത്ത പര്‍ദ്ദയണിഞ്ഞു വേണം അത്തരം മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍!!! ഈ രണ്ടു കൂട്ടരും പ്രത്യക്ഷത്തില്‍ അകല്‍ച്ചയിലാണെങ്കിലും അവര്‍ക്കിടയില്‍ ഒരു അന്തര്‍ധാര സജീവമായി ഉണ്ടെന്നാണ് തോന്നുന്നത്. സംഘ പരിവാറുകാരാണെങ്കില്‍ സദാചാരത്തിന്‍റ്റെ കാര്യത്തില്‍ ഭാരതീയ സംസ്കാരം ആളുകളെ പഠിപ്പിക്കാന്‍ നോക്കും. ഇസ്‌ലാമിക തീവ്രവാദികള്‍ ദീനി ബോധം പഠിപ്പിക്കുന്നൂ എന്നേയുള്ളൂ സദാചാരത്തിന്‍റ്റെ കാര്യത്തില്‍ ഈ രണ്ടു കൂട്ടര്‍ക്കും ഇടയിലുള്ള ആകെ കൂടിയുള്ള വിത്യാസം.

ക്രിസ്ത്യാനികളും യാഥാസ്ഥികത്ത്വത്തിന്‍റ്റെ കാര്യത്തില്‍ ഒട്ടും മോശക്കാരല്ലാ. പെണ്‍കുട്ടികളെ സ്ട്രിക്റ്റ് ആയി വളര്‍ത്തണമെന്നുള്ളത് നമ്മുടെ ഒരു പൊതുബോധത്തിന്‍റ്റെ ഭാഗം തന്നെയാണ്. പണ്ട് ക്യാപറ്റന്‍ രാജു ഓര്‍മക്കുറിപ്പുകളില്‍ പറഞ്ഞത് പുള്ളിയുടെ സഹോദരിമാര്‍ ഇരിക്കുന്ന രീതി ശരിയല്ലെങ്കില്‍ "നേരേ ഇരിക്കടീ" എന്നാക്രോശിച്ച് 'അമ്മ അടി കൊടുക്കുമായിരുന്നൂ എന്നാണ്. അങ്ങേയറ്റത്തെ സദാചാര ബോധമുള്ള ഇന്‍ഡ്യാക്കാര്‍ ഇത്തരം പ്രസ്താവനകള്‍ക്കൊക്കെ കയ്യടിക്കും. "പെണ്ണ് നടക്കുമ്പോള്‍ ഭൂമി അറിയരുത് എന്നായിരുന്നല്ലോ മലയാളത്തിലെ ഒരു ചൊല്ല് തന്നെ. ഇങ്ങനെയൊക്കെയുള്ള ചൊല്ലുകള്‍ നെഞ്ചേറ്റുമ്പോള്‍ ഇന്‍ഡ്യന്‍ പെണ്‍കുട്ടികള്‍ക്ക് എങ്ങനെ ഓടാനും ചാടാനും പറ്റും? ഫലത്തില്‍ രാജ്യാന്തര മത്സരങ്ങളിലെ അത്‌ലറ്റിക്‌സ് ചമ്പ്യന്‍ഷിപ്പുകളില്‍ മെഡലിന്‍റ്റെ കാര്യത്തില്‍ ഇന്‍ഡ്യാക്കാര്‍ വട്ടപൂജ്യം. ലിബറല്‍ മനോഭാവം ആര്‍ജിക്കാത്തിടത്തോളം കാലം അതങ്ങനെ തന്നെ തുടരുമെന്നുമാണ് തോന്നുന്നത്. ഈ വട്ടപൂജ്യങ്ങളായ നേട്ടങ്ങളൊക്കെ ജെ.എന്‍.യു. ക്യാമ്പസിലെ ആവിഷ്കാര സ്വാതന്ത്ര്യത്തോട് പ്രതികരിക്കുമ്പോള്‍ വിവേകമുള്ളവര്‍ ഒന്ന് ഓര്‍മിക്കുന്നത് നല്ലതാണ്.

ചിലര്‍ നേരത്തേ ജെ.എന്‍.യു. ക്യാമ്പസില്‍ വിരലില്‍ എണ്ണാവുന്ന ചിലര്‍ പങ്കെടുത്ത വിവാദ സമ്മേളനത്തേയും, അത് സംഘടിപ്പിച്ച ഉമര്‍ ഖാലിദിനേയും പഴി പറഞ്ഞാണ് ജെ.എന്‍.യു. വിനെ അപഹസിക്കുന്നത്. ഉമര്‍ ഖാലിദ് അല്ല ജെ.എന്‍.യു. വിന്‍റ്റെ നയങ്ങള്‍ തീരുമാനിക്കുന്നത് എന്നത് ഇത്തരക്കാര്‍ കാണില്ല. അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉമര്‍ ഖാലിദിനോട് പ്രത്യേകിച്ച് ഒരടുപ്പവും കാണാന്‍ വഴിയില്ല.

ഇനി ജെ.എന്‍.യു.  വില്‍ നേരത്തേ നടന്ന വിവാദ സമ്മേളനത്തെയും, ദേശ വിരുദ്ധ മുദ്ര വാക്യങ്ങളെയും കുറിച്ച്: കാശ്മീരിനെ കുറിച്ച് സെമിനാറുകളും, ചര്‍ച്ചകളും, പ്രഭാഷണങ്ങളും നടക്കുമ്പോള്‍ ഡല്‍ഹിയിലുള്ള കുറെ കാശ്മീരികള്‍ യൂണിവേഴ്‌സിറ്റിയില്‍ വരുന്നത് സ്ഥിരം സംഭവമാണ് എന്നാണ് പല വിദ്യാര്‍ഥികളും ടി. വി. അഭിമുഖങ്ങളില്‍ പറഞ്ഞത്. അവരാണ് ദേശ വിരുദ്ധ മുദ്ര വാക്യങ്ങള്‍ മുഴക്കിയതും. ദേശ വിരുദ്ധ മുദ്ര വാക്യങ്ങള്‍ മുഴക്കിയത് തെറ്റ് തന്നെയാണ്. അത് കൊണ്ട് വിദ്യാര്‍ഥികള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയതു തടയാനും നോക്കി എന്നാണ് പല വിദ്യാര്‍ഥികളും അന്ന് ടി. വി. അഭിമുഖങ്ങളില്‍ പറഞ്ഞത്. പിന്നീടാണ് അര്‍നാബ് ഗോസ്വാമിയുടെയും, ടി. വി. ചാനലുകളുടേയും പ്രക്ഷേപണം ഉണ്ടായത്. 1500 ഏക്കറിലേറെ പരന്നു കിടക്കുന്ന ഒരു യൂണിവേഴ്‌സിറ്റിയുടെ ഒരു കോണില്‍ നടന്ന പരിപാടിയുടെ മുഴുവന്‍ ഉത്തരവാദിത്ത്വം എല്ലാ വിദ്യാര്‍ത്ഥികളുടെയും, അധ്യാപകരുടെയും തലയില്‍ കെട്ടി വെച്ചു. ജെ.എന്‍.യു.  വില്‍ മുദ്രാവാക്യം വിളിച്ച കാശ്മീരികളേ അറസ്റ്റ് ചെയ്താല്‍ കാശ്മീരില്‍ പ്രശ്‌നമുണ്ടാകും; ബി. ജെ. പി.  യും, പി. ഡി. പി.  യുമായുള്ള ബന്ധം അതോടെ തീരും . അത് കൊണ്ട് അന്യരെ ബലിയാടാക്കി. യൂണിവേഴ്‌സിറ്റിയില്‍ നിയന്ത്രണം ഏര്‍പെടുത്തുക ആയിരുന്നു അന്ന് പക്വമായ തീരുമാനം.

ഒരു യൂണിവേഴ്‌സിറ്റിയുടെ അധികാരികള്‍ നേരിടേണ്ട ഒരു പ്രശ്‌നത്തെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ദുരുപയോഗിച്ചു. അതിനു വേണ്ടി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രെസിഡന്‍റ്റായ കന്നയ്യ കുമാറിനെ അറസ്റ്റ് ചെയ്തു. കന്നയ്യ കുമാറിനെ അറസ്റ്റ് ചെയ്തത് വഴി വെറുതെ ഒരു വീര പുരുഷനെ സൃഷ്ടിച്ചു. അല്ലാതെ ആ സംഭവം കൊണ്ട് രാജ്യത്തിന് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായിട്ടില്ല.
വൈസ് ചാന്‍സിലര്‍ ഒരു നടപടിയും വിവാദ സമ്മേളനത്തിന്‍റ്റെ പേരില്‍ എടുത്തില്ലായിരുന്നുവെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാമായിരുന്നു. വൈസ് ചാന്‍സിലറെ മാറ്റുന്നതടക്കമുള്ള നടപടികളിലേക്കു കടക്കാമായിരുന്നു. പക്ഷെ ആരുടെയും സമ്മര്‍ദമില്ലാതിരുന്നിട്ടു കൂടി ജെ.എന്‍.യു. വൈസ് ചാന്‍സിലര്‍ ശക്തമായ നടപടി എടുത്തു. പിന്നെ എന്തിനായിരുന്നു പോലീസിനെ ഇറക്കിയുള്ള ശക്തി പ്രകടനവും കന്നയ്യ കുമാറിന്‍റ്റെ അറസ്റ്റും? രാഷ്ട്രീയക്കാരും, മാറി മാറി വരുന്ന സര്‍ക്കാരുകളും സ്ഥാപനങ്ങളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ദുരുപയോഗിക്കുമ്പോള്‍ ആ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും, മഹത്ത്വവും തന്നെയാണ് കെടുത്തി കളയുന്നത്. ഈ രാജ്യം പുരോഗമിക്കാത്തതിന് കാരണവും മറ്റൊന്നല്ല.

കഴിഞ്ഞ കുറെ വ!ര്‍ഷങ്ങളായി ജെ.എന്‍.യു.  വിനെ ദേശവിരുദ്ധ ശക്തികളുടെ താവളമെന്ന നിലയില്‍ അടയാളപ്പെടുത്താനാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. ശ്രമിക്കുന്നത്. ബി.ജെ.പി.യും, സംഘ പരിവാര്‍ സംഘടനകളും പറയുന്നത് പോലെ ജെ.എന്‍.യു.  വില്‍ ഇന്ത്യാ വിരുദ്ധത എന്ന് പറയുന്ന ഒന്നില്ല. വേണമെങ്കില്‍ വിപ്ലവം പറയുന്ന ആളുകള്‍ക്കിടയില്‍ കുറച്ചു അരാജകത്ത്വം ഉണ്ടെന്നു പറയാം. ജെ.എന്‍.യു.  വിനെ വിമര്‍ശിക്കുമ്പോള്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ജെ.എന്‍.യു.  വില്‍ വരുന്ന മഹാ ഭൂരിപക്ഷം വിദ്യാര്‍ഥികളും പഠിക്കാന്‍ വരുന്നവരാണ് എന്നതാണ് ആദ്യമായി മനസ്സിലാക്കേണ്ട കാര്യം. കേരളത്തില്‍ നിന്നും, ബംഗാളില്‍ നിന്നും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും രണ്ടും, മൂന്നും ദിവസം ട്രെയിനില്‍ യാത്ര ചെയ്തു വരുന്നത് പഠിക്കാനല്ലാതെ രാഷ്ട്രീയം കളിക്കാനാണോ? ദേശീയ തലത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷ, ഇന്‍റ്റെര്‍വ്യൂ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍ എന്നിവയില്‍ ലഭിക്കുന്ന മാര്‍ക്ക്, മുമ്പ് പഠിപ്പിച്ച രണ്ടു അധ്യാപകര്‍ നല്‍കുന്ന സാക്ഷ്യപത്രം (ടെസ്റ്റിമോണിയല്‍)  ഇതെല്ലാം പരിഗണിച്ചാണ് ജെ.എന്‍.യു.  വില്‍ പ്രവേശനം പോലും കിട്ടുന്നത്. അപ്പോള്‍ അവിടെ പഠിക്കാതിരിക്കാന്‍ പറ്റുമോ?

അവിടുത്തെ വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്കും രാഷ്ട്രീയം പോയിട്ട്, വിദ്യാര്‍ഥി യൂണിയന്‍റ്റെ പ്രവര്‍തനങ്ങളില്‍ പോലും യാതൊരു താല്‍പര്യവും ഇല്ലാത്തവരാണ്. മുന്‍ തലമുറയില പെട്ട വളരെ ചുരുക്കം ചില അധ്യാപകര്‍ മാത്രമാണ് ഇടതു പക്ഷ, നക്‌സല്‍ ആഭിമുഖ്യം ഉള്ളവരായിരുന്നിട്ടുള്ളത്. ഇന്നുള്ള ഭൂരിപക്ഷം അധ്യാപകരും മറ്റേതൊരു മികച്ച യൂണിവേഴ്‌സിറ്റിയിലെയും പോലെ തന്നെ ആണ്. അവര്‍ക്ക് പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ആഭിമുഖ്യം ഉള്ളവരും അല്ല. ചെറുപ്പത്തിന്‍റ്റെ ചോരത്തിളപ്പില്‍ വിദ്യാര്‍ഥികള്‍ക്ക് ചില റാഡിക്കല്‍ ആശയങ്ങളൊക്കെ വരുന്നത് സ്വോഭാവികം മാത്രം. 1500 ഏക്കറിലേറെ പരന്നു കിടക്കുന്ന ഒരു യൂണിവേഴ്‌സിറ്റി. സംരക്ഷിത വന മേഖല ഈ യൂണിവേഴ്‌സിറ്റിക്കുള്ളില്‍ തന്നെയുണ്ട്. ഇതൊന്നും മനസ്സിലാക്കാത്തവരാണ് ജെ.എന്‍.യു. അങ്ങനെയാണ്; ഇങ്ങനെയാണ് എന്നൊക്കെ പറയുന്നത്.

ചിലര്‍ ജെ.എന്‍.യു. ക്യാമ്പസില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ആണുങ്ങള്‍ പോകുന്നു എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിപ്പിക്കുന്നുണ്ട്. ആണുങ്ങള്‍ക്ക് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അവിടെ പ്രവേശനമൊന്നുമില്ല. വെറുപ്പും വിദ്വേഷവും ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഒരു പാര്‍ട്ടിയുടേതാണ് ഇപ്പോള്‍ കാണുന്ന സദാചാര പ്രസംഗം. ഈയടുത്ത് മധ്യപ്രദേശില്‍ നിന്ന് പുറത്തു വന്ന  4000 സെക്‌സ് വീഡിയോകളില്‍ ഈ പാര്‍ട്ടിയുടെ പല പ്രമുഖരും ഉണ്ടായിരുന്നൂ എന്നുള്ളതും കൂടി ഈ സദാചാര പ്രസംഗം നടത്തുമ്പോള്‍ കാണണം.

ബി.ജെ.പി. യും, സംഘ പരിവാര്‍ സംഘടനകളും ജെ.എന്‍.യു.  വിനെതിരെ ആശയ പ്രചാരണം നടത്തുമ്പോള്‍ മറുവശത്ത് ഉയരുന്ന വേറെ കുറെ ചോദ്യങ്ങളുണ്ട്. രാജ്യത്ത് ആസൂത്രിതവും, സംഘടിതവുമായി കലാപം സൃഷ്ടിക്കുന്നവര്‍ക്കും, പശുവിന്‍റ്റെ പേരില്‍ ആളുകളെ തല്ലി കൊല്ലുന്നവര്‍ക്കും എന്ത് രാജ്യ സ്‌നേഹമാണുള്ളത്? ബാബ്‌റി മസ്ജിദിന്‍റ്റെ കാര്യത്തിലും, ശബരിമലയുടെ കാര്യത്തിലും സുപ്രീം കോടതിയെ അനുസരിക്കാതിരുന്നവര്‍ക്ക് രാജ്യത്തെ നിയമ വ്യവസ്ഥയോട് എന്ത് ആദരവാണുള്ളത്? ജെ.എന്‍.യു.വിനെ ബി.ജെ.പി.ക്കും, സംഘ പരിവാര്‍ സംഘടനകള്‍ക്കും സ്ഥിരം തെറിയഭിഷേകം നടത്താം. പക്ഷെ ഇപ്പോഴത്തെ കേന്ദ്രമന്ത്രിസഭയിലെ രണ്ടു മുതിര്‍ന്ന അംഗങ്ങള്‍  ധന മന്ത്രിയും, വിദേശ മന്ത്രിയും 'ജെ.എന്‍.യു. പ്രൊഡക്റ്റുകള്‍' ആണെന്നുള്ള വസ്തുത സംഘ പരിവാറുകാര്‍ക്ക് നിഷേധിക്കാനാകുമോ? നിര്‍മല സീതാരാമന്‍ തന്നെ രൂപപ്പെടുത്തിയതില്‍ ജെ.എന്‍.യു.  വിന്‍റ്റെ പങ്ക് അനുസ്മരിച്ചിട്ടുമുണ്ട്.

ഇന്ന് രാജ്യത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളായ സുരക്ഷിതമായ കുടിവെള്ളം, പോഷകാഹാര കുറവ്, പാര്‍പ്പിട പ്രശ്‌നങ്ങള്‍, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രശ്‌നങ്ങള്‍, കര്‍ഷക ആത്മഹത്യാ  ഇവയൊക്കെ പരിഹരിക്കുവാന്‍ എന്തെങ്കിലും പദ്ധതി ഇന്നത്തെ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളൊന്നും മുന്നോട്ടു വെക്കുന്നില്ല. ജനങ്ങളെ ബാധിക്കുന്ന ഒരു കാര്യവും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഇപ്പോള്‍ തങ്ങളുടെ അജണ്ടകളില്‍ ഉള്‍ക്കൊള്ളുന്നില്ല. ബിജെ.പി. 500 വര്‍ഷം പഴക്കമുള്ള ഒരു മോസ്ക്കിന്‍റ്റെ പേരില്‍ രാജ്യവ്യാപകമായി പ്രചാരണം നടത്തി ജനത്തെ മതത്തിന്‍റ്റെ പേരില്‍ തമ്മില്‍ തല്ലിച്ചു. അതുകൊണ്ട് ആരോഗ്യമുള്ള ചെറുപ്പക്കാര്‍; വിദ്യാഭാസമുള്ള ചെറുപ്പക്കാര്‍  അവരൊക്കെ കല്ലും പൊക്കി പിടിച്ചു കൊണ്ട് നടക്കുന്ന കാഴ്ച മലയാളികള്‍ക്ക് പോലും കാണേണ്ടി വന്നു!!! വെറുപ്പും വിദ്വേഷവും ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആ പാര്‍ട്ടിയുടെ മറ്റൊരു വിദ്വേഷ പ്രചാരണമാണ് ജെ.എന്‍.യു. വിനെ കുറിച്ചും ഉള്ളത്. വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളില്‍ കൂടി ആ വിദ്വേഷ പ്രചാരണം പൊടി പൊടിക്കുന്നു. ജെ.എന്‍.യു. അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ ഈ രാജ്യത്തെ പൗരന്മാരാണ്. മറ്റെല്ലാ പൗരന്മാര്‍ക്കുമുള്ള എല്ലാ അവകാശങ്ങളും അധികാരങ്ങളും അവര്‍ക്കുമുണ്ട്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാരിന്‍റ്റെ മുതല്‍ മുടക്ക് കുറയുന്നതും, ഫീസ് വര്‍ധനക്ക് എതിരേയുമാണ് ഇപ്പോള്‍ കാണുന്ന സമരം. ഫീസ് കൊടുക്കാന്‍ ശേഷിയില്ലാത്തവര്‍ സമരം നടത്തുമ്പോള്‍ അതിനെ പരിഹസിക്കുന്നതും അപഹസിക്കുന്നതും ശരിയായ കാര്യമാണോ? പാവപ്പെട്ടവര്‍ക്ക് ശബ്ദം നഷ്ടപ്പെടുന്ന ഒന്നായി ഇന്‍ഡ്യാ മഹാരാജ്യം മാറികൊണ്ടിരിക്കുകയാണോ എന്ന് ജെ.എന്‍.യു.  വിനെതിരെയുള്ള പ്രചാരണങ്ങള്‍ കാണുമ്പോള്‍ ചിന്തിക്കേണ്ടതുണ്ട്.

ആസൂത്രിതവും സംഘടിതവുമായി ചാപ്പ അടിച്ച് ജെ.എന്‍.യു.  വിനെ മോശമാക്കി കാണിക്കാനുള്ള പരിശ്രമങ്ങളാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നത്. ജെ.എന്‍.യു.  വിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ സെക്‌സ് മാത്രമേ ഉള്ളൂ എന്ന ധ്വനി സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിപ്പിക്കുന്നതും ആ ചാപ്പ കുത്തലിന്‍റ്റെ ഭാഗം മാത്രം. ജെ.എന്‍.യു.  വില്‍ പരീക്ഷാ കാലയളവില്‍ ലൈബ്രറി മൊത്തം ഏതു സമയത്തും നിറഞ്ഞിരിക്കും. ലൈബ്രറി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ടത് ഒരു അന്താരാഷ്ട്ര നിലവാരമുള്ള യൂണിവേഴ്‌സിറ്റിക്ക് ആവശ്യമാണ്. അതൊക്കെ ഇപ്പോള്‍ കാണുന്നത് പോലെ സോഷ്യല്‍ മീഡിയയില്‍ കൂടി വിവാദമാക്കേണ്ട കാര്യങ്ങളല്ല. ജെ.എന്‍.യു  വിനെ സംബന്ധിച്ച് എന്തൊക്കെ വിവാദങ്ങളുണ്ടായാലും കൃത്യ സമയത്ത് അവിടെ പരീക്ഷകള്‍ നടത്തപ്പെടുന്നു; റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്നു. ഇന്‍ഡ്യാ മഹാരാജ്യത്ത് ഏറ്റവും കൂടുതല്‍ 'പബ്ലിഷ്ഡ് വര്‍ക്‌സ്' ഉണ്ടാകുന്നതും ജെ.എന്‍.യു.  വില്‍ നിന്ന് തന്നെ. ചിലര്‍ ജെ.എന്‍.യു. വില്‍ നിന്നുള്ള പ്രസിദ്ധീകരണങ്ങളുടെ നിലവാരമോര്‍ത്ത് നെടുവീര്‍പ്പിടുന്നു. ജെ.എന്‍.യു.  വില്‍ നിന്ന് പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളുടെ നിലവാരം അളക്കേണ്ടത് അക്കാഡമിക്ക് രംഗത്തെ വിദഗ്ദ്ധരാണ്; അല്ലാതെ വ്യാജ എം.എ. ബിരുദങ്ങളും ബി.എ. ബിരുദങ്ങളും ഉള്ളവരല്ലന്നുള്ളത് ഈ വിമര്‍ശകര്‍ മനസിലാക്കുന്നുമില്ല.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ്റിലെ അസിസ്റ്റന്‍റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക