Image

സാന്ത്വനങ്ങള്‍ (കവിത : രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 25 November, 2019
സാന്ത്വനങ്ങള്‍ (കവിത : രാജന്‍ കിണറ്റിങ്കര)
ഊതി ഊതി
കുടിക്കുമ്പോള്‍
ചായ ചോദിച്ചു
എന്തിനാണീ സ്‌നേഹം?
നിന്നെ 
ഒരു പാട് പൊള്ളിച്ചില്ലേ?
അഴിച്ചിടുമ്പോള്‍
ചെരുപ്പ് ചോദിച്ചു
എന്താണ്
ഞാന്‍ പുറത്ത്?
ഒരുപാട് നടന്ന്
തളര്‍ന്നതല്ലേ നീ? 
ഉറങ്ങാന്‍ നേരം
കണ്ണുകള്‍ ചോദിച്ചു
എന്തിനാണെന്നെ
പൂട്ടുന്നത് ?
താഴില്ലാതെ പൂട്ടാന്‍
നിന്നെയല്ലേ പറ്റൂ.
കുളി കഴിഞ്ഞ്
മുടി ചോദിച്ചു
എന്തിനാണെന്നെ
തോര്‍ത്തിയുണക്കുന്നത് ?
തല മറന്ന്
എണ്ണ തേച്ച് പോയി ..
ഓര്‍മ്മകളില്‍ ഊളിയിടുമ്പോള്‍
മനസ്സ് ചോദിച്ചു
എന്തിനാണീ
നഷ്ടങ്ങള്‍ ചികയുന്നത് ?
അനുഭവിച്ച ലാഭങ്ങളുടെ
കണക്കെടുപ്പ്
നടത്തുകയല്ലേ ?
********

സാന്ത്വനങ്ങള്‍ (കവിത : രാജന്‍ കിണറ്റിങ്കര)
Join WhatsApp News
വിദ്യാധരൻ 2019-11-25 09:02:42
ഇല്ല പരാതികൾ 
ഇല്ല പരിഭവം 
വേണ്ട ഞങ്ങൾക്ക് 
സ്വാന്തന വാക്കുകൾ 
ചൂടുള്ള 'ചായ' നീ 
മോന്തി കുടിക്കുമ്പോൾ 
കാണുന്നു നിന്റെ 
കണ്ണിലൊരാനന്ദം
നിൻ പാദത്തിന് 
രക്ഷയായി മാറുമ്പോൾ 
'ചെരിപ്പിനും' ആനന്ദം
നിന്റെ തലക്ക് 
ചൂടടിക്കാതെ കാക്കുമ്പോൾ 
'തലമുടി'ക്കാനന്ദം
ഈ പ്രപഞ്ച സൗന്ദര്യം നീ 
കൊരിക്കുടിക്കുമ്പോൾ 
'കണ്ണിനും 'ആനന്ദം 
എന്നിട്ടും എന്തെ 
മനസ്സേ നീ ആസ്വസ്ത്ൻ ?
ആർക്കു നിന്നെ 
തൃപ്‌തനാക്കാൻ കഴിയും ?
സ്വാർത്ഥതകൊണ്ടു 
ചീർത്തതാണത് 
സ്വാന്തനവാക്കിനാൽ 
ഒതുക്കാൻ കഴിയില്ലതിനെ 
തേടുന്നതെന്തിനെയോ 
ഉറക്കം വെടിഞ്ഞു രാവിലും 

 
  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക