Image

നിറം വെളുത്തതാണെങ്കില്‍ ജാതി അത്ര പ്രശ്‌നമല്ല: ക്രിസ്ത്യാനിയുടെയും നായരുടെയും മിഥ്യാബോധങ്ങള്‍ (വെള്ളാശേരി ജോസഫ്)

Published on 27 November, 2019
നിറം വെളുത്തതാണെങ്കില്‍ ജാതി അത്ര പ്രശ്‌നമല്ല: ക്രിസ്ത്യാനിയുടെയും നായരുടെയും മിഥ്യാബോധങ്ങള്‍ (വെള്ളാശേരി ജോസഫ്)
കേരളത്തില്‍ ജാതീയത ഏറ്റവും കൂടുതല്‍ ഉള്ളത് നായന്മാരിലും, ക്രിസ്ത്യാനികളിലും ആണെന്നാണ് ഇതെഴുതുന്ന ആള്‍ക്ക് തോന്നിയിട്ടുള്ളത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ പൊതുവെ പാരമ്പര്യ വാദികളാണ്. ചരിത്രപരമായി നോക്കിയാല്‍ ചെറുകിട കര്‍ഷകരും ഇടത്തരം വ്യാപാരികളുമായിരുന്ന മിക്ക സുറിയാനി ക്രിസ്ത്യാനികള്‍ക്കും വലിയ കുടുംബ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാ. നായന്മാരും അങ്ങെനെയൊക്കെ തന്നെ ആയിരുന്നു.

ഈ രണ്ടു വിഭാഗങ്ങളേയും പൊതുവെ കേരളത്തിന്റ്റെ മധ്യ വര്‍ഗമായി കരുതാം. മധ്യ വര്‍ഗത്തിന് സാമൂഹ്യമായും, സാമ്പത്തികമായും ഉന്നതി പ്രാപിക്കുമ്പോള്‍ ജാതി, സാമൂഹ്യ യാഥാര്‍ഥ്യമായിട്ടുള്ള ഒരു സമൂഹത്തില്‍ ജാതി മേല്‍ക്കോയ്മ സ്ഥാപിക്കാനുള്ള ആഗ്രഹം വരും. ഇതാണ് കേരളത്തിലെ സുറിയാനി, പരമ്പരാഗത ക്രിസ്ത്യാനികളുടെ കാര്യത്തില്‍ സംഭവിച്ചത്. സാമ്പത്തികമായും, സാമൂഹ്യമായും അഭിവൃദ്ധി പ്രാപിച്ചപ്പോള്‍ അവര്‍ ജാതി മേല്‍ക്കോയ്മയും ഉണ്ടാക്കാന്‍ നോക്കി. അത് കൊണ്ടാണ് അവര്‍ ഇല്ലാത്ത 'നമ്പൂതിരി ബന്ധത്തിന്റ്റെ' അല്ലെങ്കില്‍ 'ബ്രാഹ്മണിക്കല്‍ ജീനിന്റ്റെ' കഥ പറയുന്നത്.

നായന്മാരും ഇത്തരത്തില്‍ ജാതി മേല്‍ക്കോയ്മയില്‍ അധിഷ്ഠിതമായ ഭള്ളു പറയുന്നതിലും, കാണിക്കുന്നതിലും ഒട്ടും മോശക്കാരല്ല. പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിയുടെ (ആറാം തമ്പുരാന്‍) ഒരു പണിക്കാരന്‍ തന്റ്റെ മകന് കലാമണ്ഡലത്തില്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് പരാതി പറയാന്‍ ചെന്നപ്പോള്‍ നമ്പൂതിരി ചോദിക്കുന്നുണ്ട് 'നമ്പൂതിരിക്കില്ലാത്ത അയിത്തം നായര്‍ക്കോ' എന്ന്.

ആറാം തമ്പുരാനെ കുറിച്ചുള്ള ശ്രീരാമന്റ്റെ പുസ്തകത്തില്‍ ഇത് കൃത്യമായി പറയുന്നുമുണ്ട്. ഉത്തരേന്ത്യയിലും ഇതാണ് സ്ഥിതി. ബ്രാഹ്മണന്‍ ഒരു പക്ഷെ ദളിതനുമായി കൂട്ട് കൂടും. പക്ഷെ ഠാക്കൂറും, യാദവനും കൂട്ട് കൂടില്ല. ഉത്തര്‍ പ്രദേശില്‍ ബി.എസ.പി. ബ്രാഹ്മണരുമായി പല തവണ കൂട്ട് കൂടിയതാണല്ലോ. ഇപ്പോഴും കൂട്ടുണ്ട്.

പക്ഷെ മറ്റു സമുദായങ്ങള്‍ക്ക് ഇത് അഭിമാനത്തിന്റ്റെ പ്രശ്‌നമാണ്. ആ മിഥ്യാഭിമാനം ഉത്തരേന്ത്യയിലെ പോലെ കേരളത്തിലും വളരെ അധികം കാണാം. സ്ഥിരം നാലുകെട്ടുകളും, കൊട്ടാരങ്ങളും, കോവിലകങ്ങളും കാണിക്കുന്ന നമ്മുടെ മലയാള സിനിമകള്‍ മൂലമാണ് ആ പഴയ ഫ്യുഡല്‍ സംസ്‌കാരത്തിന്റ്റെ ചിഹ്നങ്ങള്‍ മലയാളിയിലേക്ക് വീണ്ടും എത്തിയത് എന്നാണ് തോന്നുന്നത്. സിനിമയുടെ മായാജാലത്തില്‍ വീണ ചില മലയാളികളെങ്കിലും മിഥ്യാഭിമാനത്തില്‍ അഹങ്കരിക്കുന്നു.

പഴയ ഫ്യുഡല്‍ സംസ്‌കാരത്തിന്റ്റെ ചിഹ്നങ്ങളിലൊന്നായ മുറ്റത്തു പനമ്പട്ട തിന്നുകൊണ്ടിരിക്കുന്ന ആനയെ നമ്മുടെ സിനിമകളില്‍ പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട് വൈക്കം മുഹമ്മദ് ബഷീറിന്റ്റെ നോവലിലെ പോലെ 'ന്റ്റുപ്പാപ്പെക്കൊരാനയുണ്ടാര്‍ന്നു' എന്ന രീതിയില്‍ പലരും അഹങ്കരിക്കുന്നു. പക്ഷെ ഇങ്ങനെ മിഥ്യാഭിമാനത്തില്‍ അഭിരമിക്കുന്ന ചിലരുടെ യഥാര്‍ത്ഥ കുടുംബ ചരിത്രം തേടി പോയാല്‍ ചിലപ്പോള്‍ അവസാനം ആ ആന കുഴിയാന ആയി തീരാന്‍ സാധ്യതയുണ്ട്.

വെളുത്ത നിറം ആണ് പരമ്പരാഗത ക്രിസ്ത്യാനികള്‍ അവരുടെ ആഢ്യത്വം കാണിക്കാനായി ഉപയോഗിക്കുന്നത്. ഇന്ത്യയിലെ മിക്ക ഉന്നത ജാതിക്കാരിലും ഈ നിറത്തില്‍ അധിഷ്ഠിതമായ 'സുപ്പീരിയോരിറ്റി കോമ്പ്‌ലെക്‌സ്' ഉണ്ട്. കേരളത്തിലെ പരമ്പരാഗത കൃസ്ത്യാനികളില്‍ ജാതിബോധം പരിശോധിക്കപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ ആയ ഒരു വിഷയം തന്നെയാണ്. പക്ഷെ ജാതി മാത്രമാണോ ഇന്ത്യയിലെ സാമൂഹ്യ വ്യവസ്ഥിതിതിയിലുള്ള രൂഢമൂലമായ പ്രശ്‌നം? അല്ലെന്നു വേണം പറയാന്‍. ജാതിയേക്കാളേറെ നിറമാണ് ഇന്ത്യയുടെ സാമൂഹ്യ വ്യവസ്ഥിതിതിയിലുള്ള പ്രശ്നം.

സ്റ്റാര്‍ട്ടപ്പ് സംരംഭത്തിലൂടെ കോടീശ്വരനായി മാറിയ വരുണ്‍ ചന്ദ്രന്‍ 'ഒറക്കിള്‍' കമ്പനിയില്‍ താന്‍ നേരിട്ട വര്‍ണ വിവേചനം 'പന്തുകളിക്കാരന്‍' എന്ന പുസ്തകത്തില്‍ അനുസ്മരിക്കുന്നുണ്ട്. 'കറുത്തവന്‍' എന്ന് വരുണ്‍ ചന്ദ്രനെ അധിക്ഷേപിച്ച കൂടെ ജോലി ചെയ്യുന്ന ആളെ പരസ്യമായി തല്ലാന്‍ വരുണ്‍ ചന്ദ്രന്‍ മടിച്ചില്ല. പിന്നീട് HR ഡിപ്പാര്‍ട്ട്‌മെന്റ്റിന്റ്റെ ഇടപെടലില്‍ അത് വലിയ വിഷയം ആയെങ്കിലും കമ്പനിക്കെതിരേ വര്‍ണവിവേചനം എന്ന ആരോപണം വരുമെന്ന് കണ്ടപ്പോള്‍ കമ്പനി അധികൃതരും അയഞ്ഞു.

ഈ സംഭവം 'പന്തുകളിക്കാരന്‍' എന്ന പുസ്തകത്തിലൂടെ വിവരിക്കുമ്പോള്‍ വരുണ്‍ ചന്ദ്രന്‍ പറയുന്ന ഒരു കാര്യമുണ്ട്: അയിത്തമൊക്കെ കാലക്രമത്തില്‍ മാഞ്ഞുപോകും; പക്ഷെ ഇന്ത്യയില്‍ നിറത്തെ ചൊല്ലി വളരെയധികം പ്രശ്‌നങ്ങള്‍ നിലനില്‍ക്കും എന്നാണ് വരുണ്‍ ചന്ദ്രന്‍ സ്വന്തം അനുഭവത്തിലൂടെ തന്നെ വ്യക്തമാക്കുന്നത്. ഈ നിറത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ കേരളത്തിലോ, ബാന്ഗ്ലൂരിലോ മാത്രമല്ലാ; ലോകം മുഴുവന്‍ ഉണ്ട്.

ഇന്ത്യയിലെ പല നഗരങ്ങളിലും അത് വളരെ രൂക്ഷവുമാണ്. ആഫ്രിക്കക്കാര്‍ ഇന്ത്യയിലെ പല നഗരങ്ങളിലും തല്ല് വാങ്ങിക്കുന്നത് അത് കൊണ്ടാണ്; ആഫ്രിക്കക്കാര്‍ക്കെതിരെ പല സംഘടിതമായ ആക്രമണങ്ങളും ഇന്ത്യന്‍ നഗരങ്ങളില്‍ നടന്നിട്ടുണ്ട്. എല്ലാ ആഫ്രിക്കക്കാരും മയക്കുമരുന്ന് വില്‍പ്പനക്കാരും, കള്ളുകുടിയന്മാരും, സാമൂഹ്യ വിരുദ്ധരും ഒക്കെയായി ചിത്രീകരിക്കപ്പെടുന്നതും നിറത്തെ ചൊല്ലിയുള്ള രൂഢമൂലമായ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ സമൂഹങ്ങളില്‍ നിലനില്‍ക്കുന്നത് കൊണ്ടാണ്.

ഇന്ത്യയില്‍ 'ഹോമോജെനസ്' ആയിട്ടുള്ള ഒരു കമ്യുണിറ്റി പോലും ഇല്ലാ എന്നാണ് നരവംശ ശാസ്ത്രജ്ഞന്മാര്‍ ഒന്നടക്കം പറയുന്നത്. ഒരു ഗ്രാമത്തില്‍ തന്നെയുള്ള പലരും പോലും പല നിറക്കാരും, പല ശാരീരിക 'ഫീച്ചേഴ്‌സും' ഉള്ളവരുമാണ്. പക്ഷെ നിറം ഇന്ത്യയില്‍ എന്നും വളരെ 'സെന്‍സിറ്റിവ്' ആയ വിഷയം ആണ്. ചരിത്രപരമായി യവനരുടെ വരവോടു കൂടിയും, പിന്നീട് മുഗളനും, താര്‍ത്താരിയും, അഫ്ഗാനിയും, പേര്‍ഷ്യരും എല്ലാം ചേര്‍ന്നാണ് ഇന്‍ഡ്യാക്കാര്‍ക്ക് ഈ നിറത്തെ ചൊല്ലിയുള്ള സങ്കല്‍പ്പങ്ങള്‍ സമ്മാനിച്ചത്.

200-300 വര്‍ഷം നമ്മെ ഭരിച്ച ബ്രട്ടീഷുകാരാണ് ശരിക്കും ഈ നിറത്തെ ചൊല്ലിയുള്ള 'സുപ്പീരിയോരിറ്റി കോമ്പ്‌ലെക്‌സ്' ഇന്‍ഡ്യാക്കാരില്‍ രൂഢമൂലമാക്കിയത്. ബ്രട്ടീഷുകാര്‍ ഇന്ത്യ വിട്ടതിന് ശേഷം നമ്മുടെ പട്ടാള ഓഫീസര്‍മാര്‍ക്കും, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ പ്രഭുക്കള്‍ക്കും കീഴുദ്യോഗസ്ഥരുടെ വിധേയത്വം നേടാന്‍ വലിയ പ്രയാസമായിരുന്നു. അത്രയും ശക്തമായിരുന്നു ബ്രട്ടീഷുകാര്‍ നിറത്തെ ചൊല്ലി ഉണ്ടാക്കിയെടുത്ത സുപ്പീരിയോരിറ്റി കോമ്പ്‌ലെക്‌സ്!

ചിലര്‍ നിറത്തെ ജാതിയുമായി ബന്ധപ്പെടുത്തുന്നു. അപ്പോഴും ചില വസ്തുതകള്‍ ഓര്‍ക്കണം. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ജാതി ഉണ്ട്. 'മംഗളോയിഡ് ഫീച്ചേഴ്‌സ്' അല്ലെങ്കില്‍ മുഖലക്ഷണമുള്ള അവരുടെ ഇടയില്‍ എങ്ങനെയാണ് ജാതി വന്നത്? ഇതിനൊന്നിനും കൃത്യമായ ഉത്തരങ്ങള്‍ ഇല്ലാ.

നിറത്തെ ചൊല്ലിയുള്ള പ്രശ്‌നം ചരിത്രപരമായി ആര്യന്‍ ആക്രമണത്തോട് കൂടിയാണെന്ന് ചിലര്‍ പറയും. പക്ഷെ ആ വാദത്തിലും കണ്ടമാനം പ്രശ്‌നങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ ഏറ്റവും അധികം ദളിത് പ്രാതിനിധ്യം ഉള്ളത് പഞ്ചാബിലാണ് - 2011-ലെ സെന്‍സസ് പ്രകാരം 31.94 ശതമാനം. 'ആര്യന്‍ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അത് പഞ്ചാബിലൂടെ അല്ലാതാകാന്‍ ഒരു വഴിയും ഇല്ലല്ലോ. 'ദ്രവീഡിയരായ കറുത്ത നിറക്കാരായ ദളിതരെ മുഴുവന്‍ തല്ലിയോടിച്ചു' - എന്ന് പറയുമ്പോള്‍ പഞ്ചാബിലെ ഈ 31.94 ശതമാനം ദളിത് പ്രാതിനിധ്യത്തിന് ആര്‍ക്കെങ്കിലും മറുപടി ഉണ്ടോ? അത് മാത്രമല്ല; പഞ്ചാബിലെ ദളിതരില്‍ ഭൂരിപക്ഷവും നല്ല വെളുത്തിട്ടാണ്. സംശയമുണ്ടെങ്കില്‍ ആര്‍ക്കും പഞ്ചാബില്‍ പോയി നോക്കാം.

ജാതി വാദികള്‍ അംഗീകരിക്കില്ലെങ്കിലും ഇന്ത്യയില്‍ ജാതിയേക്കാളേറെ സാമൂഹ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് നിറത്തെ ചൊല്ലിയാണ്. ഹിന്ദുയിസത്തില്‍ ശ്രീകൃഷ്ണന്‍ കാര്‍വര്‍ണനാണ്; പരമ ശിവനാകട്ടെ നീലകണ്ഠനും. പക്ഷെ നിറത്തെ ചൊല്ലിയുള്ള സങ്കല്‍പ്പങ്ങള്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള നമ്മുടെ സമൂഹത്തില്‍ കാര്‍വര്‍ണനെ ആരാധിക്കുന്ന സ്ത്രീകളും, നീലകണ്ഠനായ പരമ ശിവനെ ആരാധിക്കുന്നവരും വെളുപ്പില്‍ അഴകില്ല എന്ന് പറഞ്ഞാല്‍ പെട്ടെന്നൊന്നും അംഗീകരിച്ചു തരില്ല.

പെണ്‍കുട്ടികള്‍ വെളുത്തിരിക്കണം എന്നതാണ് നമ്മുടെ സൗന്ദര്യ സങ്കല്‍പ്പം. അതുകൊണ്ടാണ് പാര്‍വതി, ലക്ഷ്മി, സരസ്വതി - ഈ ദേവതമാരെല്ലാം വെളുത്തു തുടുത്തു പട്ടു സാരിയില്‍ പൊതിഞ്ഞിരിക്കുന്നത്. നാഷണല്‍ മ്യുസിയത്തിലോ, മറ്റേതെങ്കിലും ചരിത്ര മ്യുസിയത്തിലോ പോയാല്‍ പണ്ടുണ്ടായിരുന്ന ദേവതാ സങ്കല്‍പ്പങ്ങളില്‍ ഇങ്ങനത്തെ വെളുത്തു തുടുത്തിട്ടുള്ളതും, പട്ടു സാരിയില്‍ പൊതിഞ്ഞിരിക്കുന്നതും ആയിരിക്കുന്ന ഒരു ദേവതകളേയും കാണാന്‍ സാധിക്കില്ല എന്നുള്ളത് പരമ സത്യമാണ്. പക്ഷെ അതൊന്നും ഇന്നത്തെ മനുഷ്യരോട് പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ല.

ആര്യന്‍ ആക്രമണ സിദ്ധാന്തം ഇത്ര പൊലിപ്പാക്കാനുള്ള കാരണമെന്താണ്? യഥാര്‍ഥത്തില്‍ ഈ 'ആര്യന്‍ ആക്രമണ സിദ്ധാന്തത്തിന്' പിന്നിലുള്ള യഥാര്‍ഥ വസ്തുത കറുപ്പിനെ ചൊല്ലിയുള്ള അപകര്‍ഷതാ ബോധം മാത്രമാണ്.

കല്യാണങ്ങളില്‍ 'പെണ്ണിന് നിറം കുറഞ്ഞു പോയി' എന്നുള്ളത് സ്ഥിരം കേള്‍ക്കുന്ന ഒരു പരിദേവനമാണല്ലോ. അതുകൊണ്ടാണല്ലോ കോടി കണക്കിന് രൂപയുടെ വെളുക്കാനുള്ള ക്രീമായ 'ഫെയര്‍ ആന്‍ഡ് ലവ്‌ലി' വിറ്റു പോയത്; ഇന്നും വില്‍ക്കപ്പെടുന്നത്.

സിന്ധൂ നദീ തടത്തില്‍ നിന്ന് ദ്രവീഡിയവരായ കറുത്ത നിറക്കാരെ ആര്യന്മാര്‍ തല്ലിയൊടിച്ചു എന്നാണല്ലോ നമ്മളില്‍ പലരും പഠിച്ചിട്ടുള്ളത്. ദളിതരെല്ലാം കറുത്തവരാണെന്ന് അനുമാനിക്കുന്നതാണ് യഥാര്‍ത്ഥത്തിലുള്ള പ്രശ്‌നം. കറുത്തു മെലിഞ്ഞ ഒരു സ്ത്രീയെ എന്തുകൊണ്ടാണ് സംഘ പരിവാറുകാര്‍ 'ഭാരത മാതാവായി' പ്രദര്‍ശിപ്പിക്കാത്തത്? 'ഭാരത മാതാവ്' എന്തുകൊണ്ടാണ് വെളുത്തു തുടുത്തു പട്ടു സാരിയില്‍ പൊതിഞ്ഞിരിക്കുന്നത്? ഇന്ത്യയിലെ സ്ത്രീകളെല്ലാം അങ്ങനെ വെളുത്തു തുടുത്തു പട്ടു സാരിയില്‍ പൊതിഞ്ഞിരിക്കുന്നവരാണോ? ഇന്ത്യന്‍ സ്ത്രീത്ത്വത്തിന്റ്റെ പ്രതീകമായി സംഘ പരിവാറുകാര്‍ 'ഭാരത മാതാവിനെ' പ്രദര്‍ശിപ്പിക്കുമ്പോള്‍ യാഥാര്‍ഥ്യ ബോധം എന്നൊന്ന് വേണ്ടേ?

ഇന്ത്യയില്‍ ഈ നിറത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലേക്കും പടര്‍ന്ന കാരണം കൊണ്ട് തന്നെയാണ് ആര്യന്‍ ആക്രമണ സിദ്ധാന്തം ഉണ്ടായത്. ആര്യന്‍ ആക്രമണ സിദ്ധാന്തത്തെ കുറിച്ച് പോരു കോഴികളെ പോലെ പലരും പല ഫോറങ്ങളിലും പോരടിക്കുന്നതിന്റ്റെ പിന്നിലുള്ള ചേതോവികാരം കാണാന്‍ ഒട്ടും വിഷമമില്ല. അതുകൊണ്ടു തന്നെ ഈ ആര്യന്‍ ആക്രമണ സിദ്ധാന്തം തെറ്റാണെന്നു പറഞ്ഞാല്‍ കറുപ്പ് നിറക്കാരൊന്നും പെട്ടെന്ന് സമ്മതിച്ചു തരികയുമില്ല. ആര്യന്‍ ആക്രമണ സിദ്ധാന്തത്തില്‍ മാത്രമല്ലാ; ഇന്ത്യയിലെ മിക്ക സാമൂഹ്യ പ്രശ്‌നങ്ങളിലും ഈ നിറത്തെ ചൊല്ലി ഒത്തിരി കുഴപ്പങ്ങള്‍ വരുന്നുണ്ട്. കേരളത്തിലെ പരമ്പരാഗത കൃസ്ത്യാനികളുടേയും, ഉന്നത ജാതിക്കാരെന്ന് അഭിമാനിക്കുന്നവരുടേയും ഇടയില്‍ ആ നിറത്തെ ചൊല്ലിയുള്ള മിഥ്യാഭിമാനം തന്നെയാണ് നിഴലിച്ചു നില്‍ക്കുന്നത്.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)
Join WhatsApp News
Indian American 2019-11-27 17:23:10
എത്ര കൃത്യമായ നിരീക്ഷണം. നിറത്തോടുള്ള ഇന്ത്യാക്കാരുടെ ഈ താല്പര്യം ഖേദകരം 
amerikkan mollakka 2019-11-27 19:22:30
ഞമ്മള് ബെളുത്തു ചുമന്നാണിരിക്കുന്നത് .ബെളുത്തവർ ഉയർന്ന ജാതിയാണെന്നൊരു വിശ്വാസമുണ്ട്.  അതായത് നമ്പൂതിരി മാർക്കം കൂടിയത് 
ഞമ്മടെ ജാതി മുസ്ലീമിങ്ങൾ പൂർവികർ നമ്പൂതിരിമാരാണെന്നു 
പറയുന്നില്ല. ബെള്പ്പ് കൊണ്ട് മാത്രം 
കാര്യമില്ല.പേര് ചോദിക്കുമ്പോൾ  ഇസ്‌ലാമാണെന്നു 
അറിഞ്ഞാൽ പോയി.അതേപോലെ ഹിന്ദുക്കൾ 
പേരിന്റെ പുറകിലെ വാലിൽ തൂങ്ങുന്നു.
അതില്ലാത്തവൻ മനുജനല്ല. സാധാരണ 
മൃഗങ്ങൾക്കാണ് ബാൽ. എല്ലാ അല്ലാഹുവിന്റെ 
പരീക്ഷണങ്ങൾ.വെള്ളാശേരി സാഹിബ് നല്ല ലേഖനം. മുബാറക്ക്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക