Image

മാര്‍ക്ക് ദാനം: ഗവര്‍ണര്‍ തന്നെ കുറ്റപ്പെടുത്തിയിട്ടില്ല; നുണ ആയിരംവട്ടം ആവര്‍ത്തിച്ചാല്‍ സത്യമാവില്ലെന്ന് മന്ത്രി ജലീല്‍

Published on 04 December, 2019
മാര്‍ക്ക് ദാനം: ഗവര്‍ണര്‍ തന്നെ കുറ്റപ്പെടുത്തിയിട്ടില്ല; നുണ ആയിരംവട്ടം ആവര്‍ത്തിച്ചാല്‍ സത്യമാവില്ലെന്ന് മന്ത്രി ജലീല്‍

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസരംഗത്തെ വീഴ്ചകളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍ രംഗത്ത്. എംജി സര്‍വകലാശാല മാര്‍ക്കുദാനവിവാദത്തില്‍ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ തനിക്കെതിരേ വിമര്‍ശനമുന്നയിച്ചിട്ടില്ലെന്ന് മന്ത്രി കെ ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. മാര്‍ക്ക് ദാനത്തില്‍ അനധികൃതമായ ഒരു ഇടപെടലും താന്‍ നടത്തിയിട്ടില്ല. ഒരു നുണ ആയിരംവട്ടം ആവര്‍ത്തിച്ചാല്‍ സത്യമാവില്ല. ഇതില്‍ തനിക്കൊരു ഭയപ്പാടുമില്ല. കുറ്റംചെയ്‌തെങ്കിലല്ലേ പ്രതിയാണെന്ന് പറയാന്‍ പറ്റൂ.


ആര്‍ക്കെങ്കിലും വീഴ്ചപറ്റിയിട്ടുണ്ടെങ്കില്‍ അത് അവരുടെ കാര്യം. അത് തന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ടതില്ല. ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടില്ല. വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കും. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ല. ഡെപ്യൂട്ടി സെക്രട്ടറിയുടെ ഒരു കുറിപ്പിന് പ്രതികരിക്കേണ്ടതില്ല.

എല്ലാ വിവരാവകാശ രേഖകള്‍ക്കും മറുപടി നല്‍കേണ്ടതില്ല. തനിക്കൊരു പങ്കുമില്ലെന്ന് ഗവര്‍ണര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ദുഷ്പ്രചരണം നടത്തുന്ന പ്രതിപക്ഷം അടക്കമുള്ളവരാണ് സര്‍വകലാശാലയുടെ സല്‍പേര് നശിപ്പിക്കുന്നത്. മന്ത്രിക്കോ മന്ത്രിയുടെ ഓഫിസിനോ ഒരു പങ്കും ഒന്നിനുമില്ല. ഗവര്‍ണറുടെ പരാമര്‍ശം ഗൗരവത്തോടെ പരിശോധിക്കുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക