Image

സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഉത്തരവ്; മനാഫ് വധക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി

Published on 04 December, 2019
സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഉത്തരവ്; മനാഫ് വധക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായിരുന്ന കോളിളക്കം സൃഷ്ടിച്ച ഒതായി മനാഫ് വധക്കേസില്‍ എം.എല്‍.എയുടെ അനന്തിരവന്‍മാരടക്കമുള്ള പ്രതികളുടെ വിചാരണക്ക് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനാവില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരനായ മനാഫിന്റെ സഹോദരന്‍
നിര്‍ദ്ദേശിക്കുന്ന അഭിഭാഷക പാനലില്‍ നിന്നും ഒരു മാസത്തിനകം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ജസ്റ്റിസ് അശോക് മേനോന്‍ ഉത്തരവിട്ടു. മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖിന് വേണ്ടി മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍, പി.കെ. സോയൂസ് എന്നിവര്‍ ഹാജരായി.


മനാഫ് വധക്കേസില്‍ പൊതുതാല്‍പര്യമില്ലെന്നും പ്രതികളെ വെറുതെവിട്ട കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് പൊതുമുതല്‍ ധൂര്‍ത്തടിക്കലാകുമെന്നുമുള്ള കേസിലെ ആദ്യത്തെ പ്രോസിക്യൂട്ടര്‍ കൂടിയായ നിലവിലെ ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷര്‍ സി. ശ്രീധരന്‍ നായരുടെ റിപ്പോര്‍ട്ട്‌ പ്രകാരമാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആവശ്യം സര്‍ക്കാര്‍ തള്ളിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്ന പി.വി അന്‍വര്‍ എം.എല്‍.എയടക്കം വെറുതെവിട്ട 21 പ്രതികള്‍ക്ക് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അപ്പീലും സഹോദരന്‍ അബ്ദുല്‍റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കോടതിനിരീക്ഷിച്ചു.


1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ 11 മണിയോടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പടുത്തിയത്. നിരവധി ദൃക്‌സാക്ഷികളുയിരുന്ന പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വര്‍ അടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതിയായ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്. നിലവിലെ ഡി.ജി.പി ( ഡയറക്ടര്‍ ജനറല്‍ ഓഫ്‌പ്രോസിക്യൂഷന്‍) സി. ശ്രീധരന്‍നായരായിരുന്നു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക