Image

പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

Published on 04 December, 2019
പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

 പൗരത്വ (ഭേദഗതി) ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.  ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതായും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‌ പൗരത്വ ഭേദഗതി ബില്‍ ഈ ആഴ്‌ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്‌ എന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ബില്ലിനെതിരെ ശക്തമായ എതിര്‍പ്പ്‌ നേരിടുന്ന സാഹചര്യത്തിലാണ്‌ ഇത്‌. ഹിന്ദുക്കള്‍, ക്രിസ്‌ത്യാനികള്‍, സിഖുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ എന്നിങ്ങനെ ആറ്‌ സമുദായങ്ങള്‍ക്ക്‌ ഇന്ത്യന്‍ പൗരത്വം നല്‍കുകയാണ്‌ പൗരത്വ (ഭേദഗതി) ബില്‍ ലക്ഷ്യമിടുന്നത്‌. 

തിരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക്‌ ഇളവുകള്‍ നല്‍കുന്നതിന്‌ നിലവിലുള്ള നിയമങ്ങളില്‍ ബില്‍ ഭേദഗതി വരുത്തും. മുസ്ലിങ്ങളെ ഒഴിവാക്കുന്നതിനാല്‍ ഇന്ത്യയുടെ മതേതര തത്വങ്ങള്‍ക്ക്‌ ബില്‍ വിരുദ്ധമാണെന്ന്‌ പ്രതിപക്ഷം വിമര്‍ശിച്ചു.

ആഭ്യന്തരമന്ത്രി അമിത്‌ ഷാ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ പാര്‍ട്ടി എം.പിമാര്‍ വലിയ തോതില്‍ ഹാജരാകണമെന്ന്‌ മുതിര്‍ന്ന നേതാവ്‌ രാജ്‌നാഥ്‌ സിംഗ്‌ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്‌ലിം അഭയാര്‍ത്ഥികള്‍ക്ക്‌ മതപരമായ പീഡനം നേരിടേണ്ടി വന്നാല്‍ അവര്‍ക്ക്‌ പൗരത്വം നല്‍കാന്‍ ശ്രമിക്കുന്ന പൗരത്വ ബില്ലിനെതിരായ പ്രതിപക്ഷത്തിന്റെ വിമര്‍ശനം തള്ളിയ സിംഗ്‌, രാജ്യത്തെയും ജനങ്ങളെയും ഒന്നിപ്പിക്കാന്‍ ബിജെപി എല്ലായ്‌പ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്‌ വാദിച്ചു. 

മൂന്ന്‌ അയല്‍രാജ്യങ്ങളും അടിസ്ഥാനപരമായി ഇസ്ലാമിക രാഷ്ട്രങ്ങളാണെന്നും അതിനാല്‍ അമുസ്‌ലിംകളാണ്‌ മറിച്ച്‌ മുസ്ലിങ്ങളല്ല അവിടെ മതപരമായ പീഡനങ്ങള്‍ നേരിടേണ്ടി വരുന്നത്‌ എന്നും രാജ്‌നാഥ്‌ സിംഗ്‌ ഇന്നലെ പറഞ്ഞു. കോണ്‍ഗ്രസ്‌ എംപിമാരുടെ വാക്കൗട്ടിനിടയിലാണ്‌ എസ്‌പിജി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ലും ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക