Image

വന്യമൃഗശല്യം മൂലം ജീവന്‍ രക്ഷിക്കാന്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യം: വി.സി.സെബാസ്റ്റ്യന്‍

ഫാ.ആന്റണി കൊഴുവനാല്‍ Published on 05 December, 2019
വന്യമൃഗശല്യം മൂലം ജീവന്‍ രക്ഷിക്കാന്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യം: വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: വനത്തില്‍ നിന്ന്‌ ജനവാസകേന്ദ്രങ്ങളിലേയ്‌ക്ക്‌ ഇറങ്ങിവന്നുള്ള വന്യമൃഗങ്ങളുടെ ആക്രമണം മൂലം മരണപ്പെടുന്നവരുടെ എണ്ണം പെരുകുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം തുടരുന്നത്‌ അവസാനിപ്പിക്കണമെന്നും സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമാണ്‌ കേരളത്തിലുള്ളതെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

മനുഷ്യനെ മൃഗങ്ങള്‍ക്ക്‌ എറിഞ്ഞുകൊടുത്തിട്ട്‌ വന്യമൃഗങ്ങളെ സംരക്ഷിക്കുവാന്‍ നിയമം സൃഷ്‌ടിച്ച്‌ നടപ്പിലാക്കുന്ന സര്‍ക്കാരും ജനപ്രതിനിധികളും രാഷ്‌ട്രീയ നേതൃത്വങ്ങളും സാക്ഷരസമൂഹത്തിനും ജനാധിപത്യസംവിധാനത്തിനും വലിയ അപമാനമാണ്‌. നൂറില്‍പരം ജനങ്ങളാണ്‌ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ആനയുടെ ചവിട്ടേറ്റ്‌ കൃഷിയിടങ്ങളില്‍ മരിച്ചുവീണത്‌. 

കാട്ടുപന്നികളുടെ കുത്തേറ്റു മരിച്ചവരും പരിക്കേറ്റവരും അതിലേറെ. എന്നിട്ടും പരിസ്ഥിതി സംരക്ഷകരുടെ വക്താക്കളായി കിരാതവും കാലഹരണപ്പെട്ടതുമായ നിയമങ്ങളാണ്‌ ജനാധിപത്യസര്‍ക്കാര്‍ കര്‍ഷകരുള്‍പ്പെടെ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത്‌. കര്‍ഷകര്‍ ഭൂനികുതിയടച്ച്‌ സംരക്ഷിക്കുന്ന കൃഷിഭൂമിയില്‍ അനധികൃതമായി കടന്നുവന്ന്‌ ജീവിക്കുന്ന മൃഗങ്ങളെ വന്യമൃഗങ്ങളായി കാണാനാവില്ല. 

വന്യമൃഗങ്ങള്‍ വളരേണ്ടതും ജീവിക്കേണ്ടതും വനത്തിനുള്ളിലാണെന്നിരിക്കെ കര്‍ഷകരുടെ ഭൂമിയിലെത്തുന്ന മൃഗങ്ങളെ മനുഷ്യജീവന്റെയും കൃഷിയുടെയും സംരക്ഷണത്തിനായി എന്തു ചെയ്യണമെന്നു നിശ്‌ചയിക്കുവാന്‍ ജനങ്ങള്‍ക്ക്‌ അനുവാദം നല്‍കുന്ന നിയമഭേദഗതികള്‍ വരുത്തുവാന്‍ ജനപ്രതിനിധികളും സര്‍ക്കാരും തയ്യാറാകണം.

വിദേശരാജ്യങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഫണ്ട്‌ കൈവശപ്പെടുത്തുവാനും വനവിസ്‌തൃതി കൂട്ടുവാനും കര്‍ഷകരെ കൃഷിഭൂമിയില്‍ നിന്ന്‌ പട്ടാളത്തെയും പോലീസിനെയുമിറക്കി മുന്‍കാലങ്ങളില്‍ കുടിയിറക്കിയ അവസ്ഥയില്‍ നിന്ന്‌ വന്യമൃഗങ്ങളെ കൃഷിഭൂമിയിലേയ്‌ക്ക്‌ ഇറക്കിവിട്ട്‌ കര്‍ഷകരെ കൊന്നൊടുക്കിയും കൃഷിനശിപ്പിച്ചും കുടിയിറക്കുവാനുള്ള ഭീകരവും അതിക്രൂരവുമായ രീതി അവലംബിക്കുന്നത്‌ സംഘടിതമായി എതിര്‍ക്കാതെ നിവൃത്തിയില്ല. 

വന്യമൃഗങ്ങള്‍ പെരുകി ജനവാസകേന്ദ്രങ്ങളിലേയ്‌ക്കിറങ്ങുമ്പോള്‍ പെര്‍മിറ്റഡ്‌ ഹണ്ടിംഗ്‌ അഥവാ അനുവദിച്ചുള്ള വേട്ട എല്ലാരാജ്യത്തും നിയമമായിട്ടുള്ളപ്പോള്‍ സാക്ഷരകേരളം കര്‍ഷകരെ കുരുതികൊടുക്കുന്നത്‌ ദുഃഖകരവും കൊടും പാപവുമാണ്‌. വന്യമൃഗ അക്രമങ്ങളും കൃഷിനാശവും കൂടാതെ കടക്കെണിയും ഉദ്യോഗസ്ഥപീഢനവും മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത്‌ ഒമ്പതാം സ്ഥാനത്ത്‌ നില്‍ക്കുന്ന കേരളം ഈ രീതിയില്‍ പോയാല്‍ ഒന്നാം സ്ഥാനത്തേയ്‌ക്കുയരും

 ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകുമെന്ന്‌ ഉറപ്പുനല്‍കുന്ന ഭരണഘടനാവാഗ്‌ദാനം നിറവേറ്റുവാന്‍ സര്‍ക്കാര്‍ വീഴ്‌ചവരുത്തിയാല്‍ ജീവന്റെ സംരക്ഷണത്തിനായി ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യം സൃഷ്‌ടിക്കപ്പെടുമെന്നും അതൊഴിവാക്കാന്‍ വന്യജീവിസംരക്ഷണ വനനിയമങ്ങളില്‍ അടിയന്തരഭേദഗതികള്‍ വരുത്തണമെന്നും വനാതിര്‍ത്തികളില്‍ സംരക്ഷണഭിത്തികള്‍ കെട്ടി വന്യമൃഗങ്ങളെ വനത്തില്‍ സംരക്ഷിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക