Image

നിരന്തരം ശകാരവും ആക്ഷേപവും ചൊരിയുന്നതിനെതിരെ അഭിഭാഷകരുടെ പരാതി ; മാപ്പ് പറഞ്ഞ് ജസ്റ്റിസ് അരുണ്‍ മിശ്ര

Published on 05 December, 2019
നിരന്തരം ശകാരവും ആക്ഷേപവും ചൊരിയുന്നതിനെതിരെ അഭിഭാഷകരുടെ പരാതി ; മാപ്പ് പറഞ്ഞ് ജസ്റ്റിസ് അരുണ്‍ മിശ്ര

ഡല്‍ഹി : സുപ്രിംകോടതി അഭിഭാഷകരോട് മാപ്പ് പറഞ്ഞ് ജസ്റ്റിസ് അരുണ്‍ മിശ്ര. നിരന്തരം ശകാരവും ആക്ഷേപവും ചൊരിയുന്നതിനെതിരെ അഭിഭാഷകര്‍ പ്രതിഷേധിച്ചപ്പോഴാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അഭിഭാഷകരോട് മാപ്പ് പറഞ്ഞത്. ജസ്റ്റിസ് അരുണ്‍ മിശ്ര മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനെ ശകാരിക്കുകയും കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.


രാവിലെ കോടതി സിറ്റിങ് തുടങ്ങിയ ഉടന്‍ സുപ്രിംകോടതി അഭിഭാഷകര്‍ പ്രതിഷേധ സ്വരം ഉയര്‍ത്തുകയായിരുന്നു. പരസ്പര സഹകരണം ആവശ്യമാണെന്നും അക്ഷമനാകുന്ന സ്വഭാവത്തില്‍ മാറ്റമുണ്ടാകണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ജസ്റ്റിസ് അരുണ്‍ മിശ്രയോട് ആവശ്യപ്പെട്ടു. കോടതിയും അഭിഭാഷകരുമായുള്ള ബന്ധം മികച്ച രീതിയില്‍ പോകണമെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ അഭ്യര്‍ത്ഥിച്ചു.

ജൂനിയര്‍ അഭിഭാഷകര്‍ക്ക് അരുണ്‍ മിശ്രയുടെ കോടതിയില്‍ ഹാജരാകാന്‍ ഭയമാണെന്ന് മുകുള്‍ റോത്തഗി വ്യക്തമാക്കി. തെറ്റുകള്‍ തങ്ങള്‍ക്കും സംഭവിക്കാറുണ്ടെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പ്രതികരിച്ചു. പക്ഷെ ചില സമയങ്ങളില്‍ അഭിഭാഷകരും കുറ്റക്കാരാണ്. ക്ഷമയെ ബലഹീനതയായി കാണരുത്.


ചൊവ്വാഴ്ച മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനെ ശകാരിച്ചതിന് കാരണമുണ്ടായിരുന്നു. ചില ആള്‍ക്കാരും മാധ്യമങ്ങളും തന്നെ ലക്ഷ്യമിടുന്നുണ്ട്. സമ്മര്‍ദ്ദത്തിന്റെ ഫലമായി എന്തെങ്കിലും പറഞ്ഞുപോയിട്ടുണ്ടാകാം. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നൂറ് വട്ടം മാപ്പെന്നും അരുണ്‍ മിശ്ര പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക