Image

കുവൈറ്റില്‍ ജോലിക്ക് അക്രഡിറ്റേഷന്‍ കര്‍ശനമാക്കുന്നു; ഇന്ത്യക്കാര്‍ ആശങ്കയില്‍

Published on 07 December, 2019
കുവൈറ്റില്‍ ജോലിക്ക് അക്രഡിറ്റേഷന്‍ കര്‍ശനമാക്കുന്നു; ഇന്ത്യക്കാര്‍ ആശങ്കയില്‍
കുവൈറ്റ്: പൊതുമേഖലാ ജീവനക്കാര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കാന്‍ തീരുമാനം. ഒരുവര്‍ഷത്തിനകം അത്തരം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും തീരുമാനമുണ്ട്. ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം, നീതിന്യായം, ഔഖാഫ് മന്ത്രാലയങ്ങളിലാണു ആദ്യഘട്ടത്തില്‍ നിയമം കര്‍ശനമാക്കുന്നത്. തീരുമാനം അടുത്ത മാസം പ്രഖ്യാപിക്കും.

ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റ് കുവൈത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചതായിരിക്കണം എന്നാണ് വ്യവസ്ഥ. തൊഴിലിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനു കൈക്കൊണ്ടതാ!ണു തീരുമാനം. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ ഉള്‍പ്പെടെയുള്ള ചിലരുടെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച സംശയമാണു പുതിയ നീക്കത്തിനു കാരണം. സംശയാസ്പദമായ ചില സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും പിന്നീട് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മുഴുവന്‍ ആളുകളുടെയും സര്‍ട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പുവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.

സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ കര്‍ശനമാക്കുന്നതു വഴി ഒട്ടേറെ ഇന്ത്യക്കാര്‍ പ്രതിസന്ധിയിലാകും. കുവൈത്തില്‍ നിന്ന് പരിശോധനയ്ക്കായി ഇന്ത്യയിലേക്ക് അയയ്ക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന പൂര്‍ത്തിയാക്കി തിരിച്ചെത്താന്‍ ദീര്‍ഘകാലം എടുക്കുന്നു എന്നതാണു കാരണം. കുവൈത്ത് അധികൃതര്‍ നിര്‍ണയിക്കുന്ന ഒരുവര്‍ഷത്തിനുള്ളില്‍ പോലും സര്‍ട്ടിഫിക്കറ്റ് തിരിച്ചെത്തണമെന്നില്ല. അറ്റസ്‌റ്റേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കുവൈത്തില്‍നിന്ന് പുറപ്പെട്ട് കുവൈത്തില്‍ തിരിച്ചെത്തുന്നത് വരെയുള്ള സഞ്ചാരവഴി കണ്ടെത്താന്‍ ട്രാക്കിങ് സംവിധാനം പോലും ഇല്ല എന്നതാണു വസ്തുത. അതുകൊണ്ട് തന്നെ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാലും അറിയാത്ത സാഹചര്യമുണ്ടെന്നും ചിലര്‍ പരിഭവപ്പെടുന്നു. സ്വകാര്യമേഖലയിലും മെച്ചപ്പെട്ട തൊഴിലിനു സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ നിര്‍ബന്ധമാക്കി വരുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക