Image

ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചു

Published on 07 December, 2019
ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചു
കൊച്ചി: ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷയ്ക്കായി നിയോഗിച്ച ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിന്‍വലിച്ചു. ഐ.എസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷയാണ് പിന്‍വലിച്ചത്. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ പിന്‍വലിച്ചതെന്ന് കെമാല്‍ പാഷ ആരോപിച്ചു. ഇതുകൊണ്ടൊന്നും തന്റെ നാവടക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം  പറഞ്ഞു.

ഐ.എസ് ഭീഷണിയുള്ളതിനാല്‍ രണ്ടു വര്‍ഷത്തോളമായി തനിക്ക് സായുധരായ ഉദ്യോഗസ്ഥരുടെ സുരക്ഷയുണ്ടായിരുന്നു. ഇപ്പോള്‍ സുരക്ഷാ പരിശോധന കമ്മറ്റി ഇക്കാര്യം പരിശോധിച്ചപ്പോള്‍ തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന് തീരുമാനിച്ചതായാണ് തന്നോട് പറഞ്ഞത്. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് തനിക്കറിയില്ല.

കനകമല കേസിലെ പ്രതികള്‍ യഥാര്‍ഥത്തില്‍ തന്നെ കൊല്ലാന്‍ വന്നരാണെന്നാണ് കണ്ടെത്തിയിരുന്നത്. വേറെയും ഭീഷണികള്‍ തനിക്കുണ്ടായിരുന്നു. പോലീസ് അസോസിയേഷന് തനിക്ക് സുരക്ഷ നല്‍കുന്നതില്‍ എതിര്‍പ്പുണ്ട്. വാളയാര്‍, അട്ടപ്പാടി സംഭവങ്ങളിലെ വിഷയങ്ങളില്‍ താന്‍ ശരിയായി പ്രതികരിച്ചിരുന്നു. ഇതാവാം എതിര്‍പ്പിന് കാരണം. ഇനിയും താന്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തും.

ഇവര്‍ കരുതുന്നത് തന്റെ സുരക്ഷ പിന്‍വലിച്ചാല്‍ താന്‍ ഇവരുടെ കാല് പിടിക്കും എന്നാണ്. എന്റെ വായ ഇങ്ങനെയൊന്നും അടയ്ക്കാന്‍ കഴിയില്ല. ഇനിയും തന്റെ നാവ് ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടി ശബ്ദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക