Image

അബുദാബിയില്‍ നിര്‍മിക്കുന്ന സിഎസ്‌ഐ പള്ളിയുടെ ശിലാസ്ഥാപനം ശനിയാഴ്ച

Published on 07 December, 2019
അബുദാബിയില്‍ നിര്‍മിക്കുന്ന സിഎസ്‌ഐ പള്ളിയുടെ ശിലാസ്ഥാപനം ശനിയാഴ്ച
അബുദാബി: യുഎഇയിലെ സിഎസ്‌ഐ സഭാ വിശ്വാസികളുടെ സ്വന്തം ആരാധനാലയമെന്ന നാലു പതിറ്റാണ്ടുകാലത്തെ മോഹം പൂവണിയുന്നു. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷിന് അബുദാബി സര്‍ക്കാര്‍ നല്‍കിയ 4.37 ഏക്കര്‍ ഭൂമിയില്‍ നിര്‍മിക്കുന്ന ആരാധനാലയത്തിന്റെ ശിലാസ്ഥാപനം ശനിയാഴ്ച രാവിലെ 8.30ന് നടക്കും. സിഎസ്‌ഐ സഭാ പരമാധ്യക്ഷന്‍ മോഡറേറ്റര്‍ റവ. തോമസ് കെ. ഉമ്മന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. അബൂമുറൈഖയില്‍ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിനു സമീപത്തായാണ് സിഎസ്‌ഐ ആരാധനാലയം സജ്ജമാകുക.

90 ലക്ഷം ദിര്‍ഹം ചെലവില്‍ 1200 ചതുരശ്ര മീറ്റര്‍ (12,000 ചതുരശ്ര അടി) സ്ഥലത്താണ് ആരാധനാലയം നിര്‍മിക്കുന്നത്. 750 പേര്‍ക്ക് പ്രാര്‍ഥനാ സൗകര്യമുണ്ടാകും.

ശിലാസ്ഥാപനത്തിനു മുന്നോടിയായുള്ള സ്‌റ്റോണ്‍ ബ്ലസിംഗ്് ചടങ്ങ് ശനിയാഴ്ച വൈകിട്ട് 6ന് സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചില്‍ നടക്കും. മോഡറേറ്റര്‍ മോസ്റ്റ് റവ. തോമസ് കെ ഉമ്മന്‍ നേതൃത്വം പ്രാര്‍ഥനയ്ക്കു നല്‍കും. ചടങ്ങില്‍ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മബാറക് അല്‍ നഹ്യാന്‍ വിശിഷ്ടാതിഥിയായിരിക്കും. സാമൂഹിക വികസന വകുപ്പ്, അബുദാബി ഇസ്ലാമിക് അഫയേഴ്‌സ് പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സഭക്ക് ലോകമെന്പാടും 40 ലക്ഷത്തിലേറെ അംഗങ്ങളുണ്ടെന്നും വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ക്ക് ആരാധിക്കാന്‍ ഇവിടെ സൗകര്യങ്ങളുണ്ടാകുമെന്നും റവ. തോമസ് കെ ഉമ്മന്‍ പറഞ്ഞു. സ്ഥലം അനുവദിച്ച അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇതര വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി. ഇതോടനുബന്ധിച്ച് 40 വര്‍ഷം പൂര്‍ത്തിയാക്കിയ സഭാവിശ്വാസികളായ 5 പേരെ ആദരിക്കുമെന്നും പറഞ്ഞു.

നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സഭാവിശ്വാസികളില്‍നിന്നാണ് തുക കണ്ടെത്തുകയെന്നും സിഎസ്‌ഐ പാരിഷ് വികാരി റവ. സോജി വര്‍ഗീസ് ജോണ്‍ പറഞ്ഞു. ഇതോടനുബന്ധിച്ച് കമ്മ്യൂണിറ്റി ഹാള്‍, ലൈബ്രറി, പാര്‍സനേജ് എന്നിവയും പിന്നീട് നിര്‍മിക്കും. റവ. ജോണ്‍ ഐസക്ക് (ക്ലര്‍ജി സെക്രട്ടറി, മധ്യകേരള മഹാ ഇടവക), ജോര്‍ജ് മാത്യു(വൈസ് പ്രസിഡന്റ്), ചെറിയാന്‍ വര്‍ഗീസ് (ജനറല്‍ കോഓര്‍ഡിനേറ്റര്‍), ബിജു ജോണ്‍ (മീഡിയ കോഓര്‍ഡിനേറ്റര്‍) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക